റായ്ബറേലിയും അമേഠിയും...

കോണ്‍ഗ്രസിന്‍റെ കോട്ടകളില്‍ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട് എന്ന് ചുരുക്കം.
റായ്ബറേലിയും അമേഠിയും...

സുധീര്‍ നാഥ്

രാജ്യത്തു പ്രശസ്തമായ രാഷ്‌ട്രീയ കേന്ദ്രങ്ങളാണ് ഉത്തർപ്രദേശിലെ റായ്ബറേലിയും അമേഠിയും. കോണ്‍ഗ്രസിന്‍റെ ശക്തമായ അണികളുണ്ടായിരുന്ന പ്രദേശമായിരുന്നു രണ്ടിടവും. അവിടെ നിന്നാണ് ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവര്‍ സ്ഥിരമായി പാര്‍ലമെന്‍റിലേക്കു വിജയിച്ചിരുന്നത്. രണ്ടിടത്തും ഗാന്ധി കുടുംബങ്ങളിലുള്ളവര്‍ക്ക് തോല്‍വിയും നേരിടേണ്ടി വന്നിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലങ്ങളെന്ന പേര് രണ്ട് മണ്ഡലത്തിനും ഉണ്ടായിരുന്നു. എന്നാല്‍ അതിന് പല അവസരത്തിലും പിഴവും സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ കോട്ടകളില്‍ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട് എന്ന് ചുരുക്കം.

റായ്ബറേലി പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്ന് 2019ല്‍ സോണിയ ഗാന്ധിയാണ് ജയിച്ചത്. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ സോണിയ ഇത്തവണ മത്സരിക്കുന്നില്ല. അവരിപ്പോള്‍ രാജസ്ഥാനില്‍ നിന്ന് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞിരിക്കുന്നു. 2004 മുതല്‍ 2019 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ സോണിയ ഗാന്ധിയായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രതിനിധിയായി റായ്ബറേലിയില്‍ നിന്ന് ജയിച്ചത്. ഇപ്പോഴിതാ സോണിയയുടെ പുത്രന്‍ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്നും ജനവിധി തേടുകയാണ്. കേരളത്തിലെ വയനാട്ടിലും അദ്ദേഹം മത്സരിച്ചുകഴിഞ്ഞു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷമാണ് പ്രധാനമന്ത്രിയായ നെഹ്‌റുവിന്‍റെ മകളായ ഇന്ദിരയും ഫിറോസും പ്രണയവിവാഹിതരാകുന്നത്. ദാമ്പത്യത്തിന്‍റെ തുടക്കത്തില്‍ ഇരുവരും അലഹബാദില്‍ തന്നെയാണ് താമസിച്ചത്. പ്രധാനമന്ത്രിയായ പിതാവിനെ സഹായിക്കാന്‍ എന്ന പേരില്‍ ഇന്ദിര ഡല്‍ഹിയിലേക്ക് താമസം മാറ്റി. മക്കളായ രാജീവ് ഗാന്ധിയേയും സഞ്ജയ് ഗാന്ധിയേയും ഒപ്പം കൂട്ടിയിരുന്നു. ഇതോടെ ഇന്ദിരയും ഫിറോസ് ഗാന്ധിയും തമ്മിലുള്ള ബന്ധത്തില്‍ അകല്‍ച്ച ആരംഭിച്ചു. ഫിറോസിന്‍റെ വഴിവിട്ട ബന്ധങ്ങളും ഇന്ദിരയുമായുള്ള അകല്‍ച്ചയ്ക്കു കാരണമായിരുന്നു.

ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ റായ്ബറേലില്‍ നിന്ന് ഫിറോസ് ഗാന്ധി മത്സരിച്ചത് കോണ്‍ഗ്രസിന്‍റെ ടിക്കറ്റിലായിരുന്നു. തന്‍റെ സ്ഥാനാർഥിത്വത്തെ കുറിച്ച് ഫിറോസ് ഗാന്ധി ഭാര്യ ഇന്ദിരയോടോ ഭാര്യാ പിതാവായ നെഹ്‌റുവിനോടോ സൂചിപ്പിച്ചിരുന്നില്ല. പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫിറോസ് ഡല്‍ഹിയിലെത്തി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കോണ്‍ഗ്രസ് പ്രതിനിധിയായ ഫിറോസ് ഗാന്ധി നെഹ്‌റുവിന്‍റെ ക്യാബിനറ്റ് മന്ത്രിക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ചതും ഏറെ പ്രശസ്തമാണ്.

റായ്ബറേലിയില്‍ 1952ലും 1957ലും കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍റിലെ പ്രതിനിധിയായിരുന്നത് ഫിറോസ് ഗാന്ധിയായിരുന്നു. 1960ല്‍ ഫിറോസിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിനിധി ആര്‍.പി. സിങ്ങാണ് ജയിച്ചത്. 1962ല്‍ ബൈജ്‌നാഥ് കുരീലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു വേണ്ടി റായ്ബറേലിയില്‍ വിജയിച്ചിട്ടുണ്ട്.

പിന്നീട് ഇന്ദിര ഗാന്ധിയുടെ കാലമായിരുന്നു. 1966ൽ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രയുടെ മരണത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് 1967 ല്‍ ഇന്ദിര ആദ്യമായി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 1971ലും ഇന്ദിര റായ്ബറേലിയില്‍ നിന്ന് വന്‍ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇന്ദിര രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ രാഷ്‌ട്രീയ കാലാവസ്ഥയില്‍ വലിയ മാറ്റം ഉണ്ടായി. ജയപ്രകാശ് നാരായണന്‍റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ പൊതുതെരഞ്ഞെടുപ്പു നടത്താന്‍ ഇന്ദിര നിര്‍ബന്ധിതയായി. 1977ല്‍ അടിയന്തരാവസ്ഥ നീക്കം ചെയ്ത് തെരഞ്ഞെടുപ്പിനെ നേരിട്ട ഇന്ദിരയും കോണ്‍ഗ്രസ് പാര്‍ട്ടിയും വന്‍ തോല്‍വിയാണ് നേരിടേണ്ടി വന്നത്. ഇന്ദിര റായ്ബറേലി മണ്ഡലത്തില്‍ ജനതാ പര്‍ട്ടി സ്ഥാനാർഥിയായ രാജ്‌നാരായണനോട് പരാജയപ്പെട്ടു. ജനതാ പാര്‍ട്ടിയിലെ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി.

അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ തോറ്റ ഇന്ദിരയെ വിജയിപ്പിക്കാൻ കര്‍ണാടകയിലെ സുരക്ഷിത മണ്ഡലം കോണ്‍ഗ്രസിന് ഒരുക്കേണ്ടി വന്നു എന്നത് ഇന്ത്യന്‍ രാഷ്‌ട്രീയ ചരിത്രത്തില്‍ എഴുതപ്പെട്ട ഒരു അധ്യായം തന്നെയാണ്. അന്ന് കര്‍ണാടകം ഒരു കോണ്‍ഗ്രസ് കോട്ടയായിരുന്നു. അടിയന്തരാവസ്ഥക്കെതിരായ രാഷ്‌ട്രീയ കൊടുങ്കാറ്റിനെ തടഞ്ഞുനിര്‍ത്തിയ സംസ്ഥാനം. ഇന്ദിരയെ എങ്ങനെയും പാര്‍ലമെന്‍റില്‍ എത്തിക്കണമെന്ന് പാര്‍ട്ടിയില്‍ ചര്‍ച്ച വന്നപ്പോള്‍ മുഖ്യമന്ത്രി ദേവരാജ് അരശ് അവരെ കര്‍ണാടകത്തിലേക്ക് ക്ഷണിച്ചു. ചിക്കമംഗളൂരുവില്‍ നിന്നുള്ള ലോക്സഭാംഗം സി.ബി. ചന്ദ്രഗൗഡയെ രാജിവയ്പ്പിച്ച് ഒരു ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കി. ചിക്കംമഗളൂരുവില്‍ ഇന്ദിര ജയിച്ചു.

1980ലും കോണ്‍ഗ്രസിന്‍റെ സ്ഥിതി വളരെ മോശമായിരുന്നു. അതുകൊണ്ടു തന്നെ ഇന്ദിര സ്വന്തം മണ്ഡലമായ റായ്ബറേലിക്ക് പുറമേ ആന്ധ്ര പ്രദേശിലെ മേഡക്കില്‍ നിന്നും ജനവിധി തേടിയിരുന്നു. രണ്ടിടത്തും ജയിച്ചതോടെ കോണ്‍ഗ്രസിന്‍റെ സ്വന്തം തട്ടകമായ റായ്ബറേലിയില്‍ നിന്ന് ഇന്ദിര രാജിവയ്ക്കുകയുണ്ടായി. 1980ല്‍ റായ്ബറേലിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് അരുണ്‍ നെഹ്‌റു ആയിരുന്നു. സുരക്ഷിത മണ്ഡലം തേടിയായിരുന്നു ഇന്ദിരയുടെ ആന്ധ്രയിലേക്കുള്ള പോക്ക്. ഇപ്പോള്‍ ചെറുമകന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലും റായ്ബറേലിയിലും മത്സരിക്കുന്നത് ഇന്ദിരയുടെ 1980ലെ തെരഞ്ഞെടുപ്പിനെ ഓര്‍മിപ്പിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.

1984 ലും അരുണ്‍ നെഹ്‌റു തന്നെയാണ് കോണ്‍ഗ്രസിന് വേണ്ടി റായ്ബറേലി പാര്‍ലമെന്‍റ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചത്. തുടര്‍ന്ന് 1989, 1991 കാലയളവില്‍ ഷീല കൗള്‍ കോണ്‍ഗ്രസിന് വേണ്ടി മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്‍റില്‍ ഉണ്ടായിരുന്നു. എന്നാല്‍ 1996ലും 98ലും ഭാരതീയ ജനതാ പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ കോട്ടയായ റായ്ബറേലി പിടിച്ചടക്കി. അശോക് സിങ് അവിടെ നിന്ന് ബിജെപിയുടെ പ്രതിനിധിയായി പാര്‍ലമെന്‍റില്‍ പോവുകയും ചെയ്തു. 1999ലാണ് സതീഷ് ശര്‍മയെ മത്സരിപ്പിച്ച് കോണ്‍ഗ്രസ് കോട്ടയായ റായ്ബറേലി കോണ്‍ഗ്രസ് തിരിച്ച് പിടിക്കുന്നത്. പിന്നീട് സോണിയ തുടര്‍ച്ചയായി ജയിച്ചിടത്താണ് മകന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തിയിരിക്കുന്നത്.

റായ്ബറേലി പോലെ കോണ്‍ഗ്രസിന്‍റെ കോട്ടയായി ചിത്രീകരിക്കപ്പെട്ട ഒരു മണ്ഡലം തന്നെയാണ് അമേഠി. റായ്ബറേലിയിലെ പോലെ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ ഇവിടേയും ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. അതില്‍ എടുത്തു പറയേണ്ടത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ രണ്ടു തവണത്തെ വിജയമാണ്. 1998ലും 2019ലും ബിജെപി അമേഠിയില്‍ കാവിക്കൊടി പാറിച്ചു. കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിന് വലിയ തിരിച്ചടിയായിരുന്നു ബിജെപി നേതാവ് സ്മൃതി ഇറാനി 2019ല്‍ രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ തോല്‍പ്പിച്ചത്. ജനതാ പാര്‍ട്ടിയാണ് അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 1977ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇന്ദിരയുടെ മകനായ സഞ്ജയ് ഗാന്ധിയാണ് അന്ന് അവിടെ തോറ്റത്.

അമേഠിയില്‍ സഞ്ജയ് ഗാന്ധി 1980 വീണ്ടും മത്സരിക്കുകയും അമേഠിയില്‍ വിജയിക്കുകയും ചെയ്തു. സഞ്ജയ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി അമേഠിയുടെ പ്രതിനിധിയായി പാര്‍ലമെന്‍റിലെത്തി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം രാജീവ് ഗാന്ധി അമേഠി തന്‍റെ സ്വന്തം പാര്‍ലമെന്‍റ് മണ്ഡലമായി കണക്കാക്കി. രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം സതീഷ് ശര്‍മയായിരുന്നു അവിടെ മത്സരിച്ച് ജയിച്ചത്. 91ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും 96 പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിലും വിജയിച്ച സതീഷ് ശര്‍മയെ 1998ല്‍ ബിജെപിയുടെ പ്രതിനിധി സഞ്ജയ് സിങ് തോല്‍പ്പിക്കുകയായിരുന്നു. 1999ല്‍ നടന്ന പാര്‍ലമെന്‍റ്തിരഞ്ഞെടുപ്പില്‍ സോണിയ അമേഠി മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി മൂന്ന് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് ജയിക്കുകയും ചെയ്തു. 2019ൽ നടന്ന തെരഞ്ഞെടുപ്പില്‍ 55,120 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ബിജെപിയുടെ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ചു. ഇത്തവണ കോണ്‍ഗ്രസിനു വേണ്ടി അവിടെ മത്സരിക്കുന്നത് ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്ഥനായ കിഷോരി ലാല്‍ ശര്‍മയാണ്.

2024ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ രാജ്യം ഉറ്റു നോക്കുന്ന മണ്ഡലങ്ങളില്‍ റായ്ബറേലിയും അമേഠിയും ഉണ്ട്. വയനാട് അടക്കം രണ്ടിടത്ത് മത്സരിക്കുന്ന രാഹുലിന് രണ്ടിടത്തും വിജയിക്കാന്‍ സാധിച്ചാല്‍ ഏത് മണ്ഡലം ഉപേക്ഷിക്കും എന്ന ചര്‍ച്ചയും തുടങ്ങിയിട്ടുണ്ട്. രണ്ടിടത്തെ വിജയവും തോല്‍വിയും രാഷ്‌ട്രീയ ചരിത്രത്തിന്‍റെ ഭാഗമാകുമെന്നുറപ്പ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com