തെരഞ്ഞെടുപ്പു രംഗത്തെ പെടാപ്പാടുകൾ
സുധീര്‍ നാഥ്
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ രാജ്യമാകെ ചൂടുപിടിച്ചു വരികയാണ്. ഒട്ടേറെ രസകരമായ സംഭവങ്ങളാണ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി രാജ്യമൊട്ടുക്കും നടക്കുന്നത്. തെരഞ്ഞെടുപ്പു രംഗം ചൂട് പിടിക്കുമ്പോള്‍ ഓരോ മുന്നണികളില്‍ നിന്നും എതിര്‍ മുന്നണികളിലേക്കു ചാടുന്ന നേതാക്കളുടെ രസകരമായ കാഴ്ച്ചയ്ക്കാണല്ലോ നമ്മള്‍ സാക്ഷിയാകുന്നത്.
സ്ഥാനം ലഭിച്ചില്ല, സ്ഥാനാർഥിത്വം ലഭിച്ചില്ല, പരിഗണന ലഭിച്ചില്ല തുടങ്ങി എത്ര എത്ര പരിഭവങ്ങളാണ് കാരണമായി ഓരോരുത്തരും പറയുന്നത്. ചെറിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുന്നണി വിടുന്നവരും വ്യാപകമാണ്. അടുത്ത കാലത്ത് പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികള്‍ മാധ്യമങ്ങളെ ഓരോ പത്രസമ്മേളനങ്ങളിലും ക്ഷണിക്കുന്നത് ഒരു പ്രമുഖ വ്യക്തി ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരുന്നു എന്നുള്ള ആമുഖത്തോടു കൂടിയാണ്. ഇത്തരത്തില്‍ ദേശീയതലത്തിലെ പ്രമുഖരായ എല്ലാ പാര്‍ട്ടികളും ദിവസവും മാധ്യമങ്ങള്‍ക്ക് അറിയിപ്പ് കൊടുക്കുന്നതും സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്. എല്ലാ ദിവസവും എതിര്‍ പാര്‍ട്ടിയിലെ ഒരാളെ സ്വന്തം പാര്‍ട്ടിയിലേക്ക് കൊണ്ടുവരിക എന്നുള്ള ഒരു രാഷ്‌ട്രീയ പാര്‍ട്ടികളുടെ ചടങ്ങ് തെരഞ്ഞെടുപ്പ് കാലത്ത് വ്യാപകമാണ് എന്ന് കാണാവുന്നതാണ്.
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുക എന്നത് നിസാരമായി കാണരുതെന്നാണ് ചിലര്‍ പറയുന്നത്. 25,000 രൂപയും 10 പേരുടെ പിന്തുണയും ഉണ്ടെങ്കില്‍ ആര്‍ക്കും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലേക്ക് സ്വതന്ത്രനായി മത്സരിക്കാം. ദേശീയ പാര്‍ട്ടിയുടെ പ്രതിനിധിയാണെങ്കില്‍ രണ്ടുപേരുടെ പിന്തുണ മാത്രം മതി. ദേശീയ പാര്‍ട്ടിയായി അംഗീകരിക്കാത്ത ചെറുകിട പാര്‍ട്ടികള്‍ക്കും സ്വതന്ത്രന്മാര്‍ക്കും ആണ് 10 പേരുടെ പിന്തുണ ആവശ്യം. ഇങ്ങനെ പാര്‍ലമെന്‍റ് സ്ഥാനാർഥിയായാല്‍ ഉണ്ടാകുന്ന മെച്ചത്തെക്കുറിച്ച് സ്വതന്ത്രനായി മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥി പറഞ്ഞത് 25,000 രൂപ കൊടുത്താല്‍ പാര്‍ലമെന്‍റിലെ എല്ലാ ബൂത്തുകളിലും ഇവിഎം മെഷീനിലും തന്‍റെ പടം വരും, തന്‍റെ പേര് വരും എന്നാണ്. അതുമാത്രമല്ല, സ്വതന്ത്രനായി മത്സരിക്കുന്നു എന്നുള്ള കാര്യം ആ മണ്ഡലത്തില്‍ പുറത്തിറങ്ങുന്ന എല്ലാ പത്രങ്ങളിലും അച്ചടിച്ചു വരും. അങ്ങനെ പബ്ലിസിറ്റി ലഭിക്കും. സ്വന്തം പേര് വലിയ രീതിയില്‍ പരസ്യപ്പെടുത്തുക എന്ന കുറുക്കുവഴിയായി താന്‍ പാര്‍ലമെന്‍റ് സ്ഥാനാർഥിത്വം കാണുന്നതായി പറയുന്നു. നിയമസഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ചാല്‍ ഇത്രയും പരസ്യം ലഭിക്കില്ല എന്നുള്ള ഒരു നിരീക്ഷണം കൂടി അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.
ഇനി മൈക്കിന്‍റെയും സ്പീക്കറിന്‍റേയും കോളാമ്പിയുടേയും കാര്യം നോക്കാം. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും നമ്മുടെ നാട്ടില്‍ പൊതുസമ്മേളനങ്ങള്‍ എല്ലാ ദിവസവും കാണും. സ്ഥാനാർഥിയുടെ പേരും ചിഹ്നവും ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് നാടുനീളെ വാഹനത്തില്‍ വിളിച്ചുപറഞ്ഞു പോകുന്ന കാഴ്ചയും തെരഞ്ഞെടുപ്പ് കാലത്ത് സര്‍വസാധാരണമാണല്ലോ. ഈ സമയത്താണ് നമ്മുടെ മൈക്കും സ്പീക്കറും കോളാമ്പിയും ഒക്കെ കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്. എന്തുമാത്രം പീഡനമാണ് അവര്‍ ഈ കാലത്ത് അനുഭവിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? സംസാരിക്കുന്ന വ്യക്തി മൈക്കിനെ ചുംബിച്ചു കൊണ്ടാണ് സംസാരിക്കുന്നത്. ശബ്ദ ക്രമീകരണം നടത്തുന്നതിന് അവര്‍ നടത്തുന്ന പല വേലകളും മൈക്ക് അനുഭവിക്കണം. സമാനമായ ബുദ്ധിമുട്ട് തന്നെയാണ് കോളാമ്പികളും സ്പീക്കറും വഹിക്കുന്നത്. ശബ്ദം ഏറ്റിയും കുറച്ചുമുള്ള പ്രഖ്യാപനങ്ങളും മറ്റും സ്പീക്കറും കോളാമ്പിയും ആണല്ലോ സമൂഹത്തിലേക്ക് നല്‍കുന്നത്. നല്ലതും ചീത്തയുമായ എന്തെല്ലാം കാര്യങ്ങളാണ് പരസ്യമായി സ്പീക്കറിലൂടെയും കോളാമ്പിയിലൂടെയും പുറത്തു വരിക. വിമര്‍ശനങ്ങളും പരാതികളും പരിഭവങ്ങളും ആക്ഷേപങ്ങളും ഒക്കെ തന്നെ ഇത്തരത്തില്‍ സമൂഹത്തിലേക്ക് പകരുവാന്‍ വിധിക്കപ്പെട്ടവരാണല്ലോ സ്പീക്കറും കോളാമ്പിയും.
തെരഞ്ഞെടുപ്പ് അടുത്തു വരികയാണ്. പ്രമുഖ മുന്നണികളുടെ സ്ഥാനാർഥികളുടെ പേരിനോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് ഈ കാലയളവില്‍ വലിയ ഡിമാന്‍ഡാണുള്ളത്. ഒരു പ്രമുഖ മുന്നണിയുടെ സ്ഥാനാർഥിയുടെ പേരിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരാള്‍ ഉണ്ടെങ്കില്‍ അയാള്‍ക്ക് എതിര്‍ പാര്‍ട്ടിയുടെ പിന്തുണയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാം. അപരന്മാര്‍ എന്നാണ് രാഷ്‌ട്രീയ ലോകം ഇവരെ വിളിക്കുന്നത്. മത്സരിക്കാനുള്ള സമ്മതം കൊടുത്താല്‍ ഒരുപാട് പ്രതിഫലവും അപരന് ലഭിക്കും. ഇലക്ഷന്‍ കഴിയും വരെ ഒളിവ് ജീവിതം നയിക്കേണ്ടതായും വരും. തെരഞ്ഞെടുപ്പ് രംഗത്ത് ജനങ്ങളുടെ വോട്ടുകള്‍ ഭിന്നിപ്പിക്കുവാനായി ഇത്തരം അപരന്മാര്‍ക്ക് സാധിക്കുന്നു എന്നുള്ളത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. പക്ഷെ എല്ലാ മുന്നണികളും ഇത്തരം അധാര്‍മിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാറുണ്ട്. പകല്‍ വെട്ടത്ത് അപരന്‍മാര്‍ക്കെതിരെ പറയുമെങ്കിലും രാത്രിയില്‍ അപരന്‍റെ ചങ്ങാതിയാകും.
കള്ള വോട്ടുകള്‍ മുന്‍പ് വ്യാപകമായിരുന്നു. ഇപ്പോഴും അത്തരത്തില്‍ കള്ളവോട്ടുകള്‍ ചെയ്യുവാനുള്ള ശ്രമങ്ങള്‍ പലമണ്ഡലങ്ങളിലും നടക്കുന്നു എന്നത് യാഥാർഥ്യമാണ്. എങ്ങനെ ഇത് സാധിക്കുന്നു എന്നുള്ളതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഒരു പാര്‍ട്ടിക്ക് വേണ്ടിയുള്ള വോട്ടുകള്‍ ചെയ്യിപ്പിക്കാതിരിക്കുന്നതിന് എതിര്‍ പാര്‍ട്ടികള്‍ നടത്തുന്ന ഒട്ടേറെ ശ്രമങ്ങളും തെരഞ്ഞെടുപ്പ് കാലത്ത് കാണാവുന്നതാണ്. ചിലരുടെ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കില്ല എന്ന് കണ്ടാല്‍ ആ വോട്ട് ചെയ്യിപ്പിക്കാതിരിക്കുന്നതിനുള്ള പല തന്ത്രങ്ങളും പല ഭാഗങ്ങളിലും ഉണ്ടാകാറുണ്ട്. ഭീഷണിപ്പെടുത്തിയും മറ്റും വോട്ടെടുപ്പില്‍ നിന്ന് വ്യക്തികളെ അകറ്റി നിര്‍ത്തുന്നത് വലിയ തെറ്റാണ്. ഈ തെറ്റുകള്‍ നമ്മുടെ നാട്ടില്‍ വ്യാപകമാണ്.
തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിക്കുമ്പോള്‍ അണികളേക്കാള്‍ തളരുക സ്ഥാനാർഥികളാണ്. ശീതീകരിച്ച മുറിയില്‍ നിന്ന് ശീതീകരിച്ച വാഹനങ്ങളില്‍ കയറി പതിവുള്ള പല നേതാക്കളും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഇവര്‍ ശീതീകരിക്കാത്ത നമ്മുടെ പൊതു റോഡുകളിലൂടെ തുറന്ന വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അവരുടെ ശാരീരികമായും മാനസികമായുമുള്ള അവസ്ഥ നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ. പാവപ്പെട്ടവനും പണക്കാരും ആരും ആയിക്കോട്ടെ എത്ര വൃത്തിഹീനമായ അന്തരീക്ഷത്തിലുള്ള വോട്ടര്‍മാരാണ് മുന്നില്‍ കണ്ടാല്‍ അവര്‍ക്ക് മുന്നില്‍ കൈകൂപ്പി അവരെ ചേര്‍ത്തുനിര്‍ത്തി വോട്ട് ചോദിച്ച് മടങ്ങുന്ന സ്ഥാനാർഥികളെ സ്ഥിരം കാണാം. എപ്പോഴും കൈകള്‍ ഡെറ്റോള്‍ ഉപയോഗിച്ച് കഴുകുന്ന ഒരു നേതാവിനെ ഒരു സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത് ഓര്‍ത്തുപോകുന്നത് ഈ ഒരു സന്ദര്‍ഭത്തിലാണ്.
ഏഴ് ഘട്ടങ്ങളായിട്ടാണ് ഇത്തവണ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യഘട്ടങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭാഗമാകുന്ന സ്ഥാനാർഥികള്‍, മുന്നണികള്‍ വോട്ടര്‍മാര്‍ തുടങ്ങിയവര്‍ക്ക് കാത്തിരിപ്പിന്‍റെ കാലം ഉണ്ട്. ഏതാണ്ട് ഒന്നരമാസത്തോളമാണ് ആദ്യഘട്ടത്തിലുള്ള തെരഞ്ഞെടുപ്പിലെ പങ്കാളികള്‍ കാത്തിരിക്കേണ്ടത്. പിന്നീടുള്ള ഓരോ ഘട്ടത്തിലുള്ളവരുടെ കാത്തിരിപ്പിന്‍റെ ദിനങ്ങള്‍ കുറയുന്നു എന്നത് മാത്രമാണ് മെച്ചം. ഏപ്രില്‍ 26ന് കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ 40 ദിവസം കഴിഞ്ഞാണ് ഫലം വരുന്നത്. കാത്തിരിപ്പിന്‍റെ വേദന ഒരു കാമുകനെ പോലെ ഒരു കാമുകിയെ പോലെ രാഷ്‌ട്രീയ പ്രവര്‍ത്തകരും നേതാക്കളും സ്ഥാനാർഥികളും ഒരേപോലെ അനുഭവിക്കുന്ന ഒരു കാലഘട്ടമാണ് തെരഞ്ഞെടുപ്പ് എന്ന് ഒരു വിരുതന്‍ പറയുന്നതും കേട്ടു.
പാര്‍ലമെന്‍റിലേക്കുള്ള 543 സ്ഥാനങ്ങളിലേക്ക് 7 ഘട്ടങ്ങളായി ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ രാജ്യം വരും ദിവസങ്ങളില്‍ രാഷ്‌ട്രീയം മാത്രമായിരിക്കും ചര്‍ച്ച ചെയ്യുക. ആദ്യഘട്ടം ഏപ്രില്‍ 19ന് 21 സംസ്ഥാനങ്ങളിലായി 102 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 45 ദിവസമാണ് ഇവര്‍ ഫലത്തിനായി കാത്തിരിക്കേണ്ടത്. രണ്ടാംഘട്ടം ഏപ്രില്‍ 26ന് നടക്കുമ്പോള്‍ 13 സംസ്ഥാനങ്ങളാണ് അതില്‍ ഉള്‍പ്പെടുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളടക്കം 89 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത് മെയ് 7നാണ്. 12 സംസ്ഥാനങ്ങളിലെ 94 പാര്‍ലമെന്‍റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പാണ് അന്ന് നടക്കുക. നാലാം ഘട്ടം മെയ് 13 ന് തെരഞ്ഞെടുപ്പ് നടക്കുന്നത് 10 സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലാണ്. അഞ്ചാം ഘട്ടം മെയ് 20ന് നടക്കുന്നത് 8 സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളിലാണ്. മെയ് 25 ന് ആറാമത്തെ ഘട്ടത്തില്‍ 57 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും അന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അവസാന ഏഴാമത്തെ ഘട്ടത്തില്‍ 57 മണ്ഡലങ്ങളില്‍ നടക്കുന്ന ജൂണ്‍ ഒന്നിലെ തെരഞ്ഞെടുപ്പ് 8 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.
ജൂണ്‍ ഒന്നിന് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എക്‌സിറ്റ് പോളുകളുടെ പ്രളയമാകും. ഫലം വരും വരെ എല്ലാവര്‍ക്കും സ്വപ്നം കാണാന്‍ മൂന്ന് രാത്രികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്നു. ഒടുവില്‍ ജൂണ്‍ 4ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.