വമ്പൻ നേട്ടവുമായി ഡിജിറ്റൽ വാഴ്സിറ്റി | അതീതം

മാവേലിക്കു പുറമെ പുലിക്കളി ഉൾപ്പെടെ ചിരപരിചിതമായ കാര്യങ്ങൾ ഗെയിമുകളായും മറ്റും കുട്ടികൾക്ക് മുന്നിലെത്തുകയാണ്.
വമ്പൻ നേട്ടവുമായി ഡിജിറ്റൽ വാഴ്സിറ്റി | അതീതം

മാവേലിക്ക് ഓണത്തിന് പാതാളത്തിൽ നിന്ന് മലയാളക്കരയിലേക്ക് എത്തിയേ മതിയാവൂ. വഴി മറന്നുപോയാൽ എന്തു ചെയ്യും? മാവേലിക്ക് വഴി കാട്ടിക്കൊടുക്കാൻ നമ്മുടെ കുട്ടികളെ ചുമതലപ്പെടുത്തിയാലോ? കുട്ടികൾ ആവേശത്തോടെ ഏറ്റെടുക്കുന്ന പുതിയ എഐ ഗെയിമാണിത്. നമ്മുടെ കുട്ടികൾക്കു മുന്നിലുള്ള കളിപ്പാട്ടങ്ങളിലും ഗെയിമുകളിലൊന്നും കേരളത്തിന്‍റെയോ ഇന്ത്യയുടെയോ പശ്ചാത്തലത്തിലുള്ള പ്രമുഖ കഥകൾ കാര്യമായി പ്രത്യക്ഷപ്പെടാത്തതിന്‍റെ കുറവ് നികത്തുകയാണ് സംസ്ഥാനത്തെ ഡിജിറ്റൽ സർവകലാശാല. കുട്ടികൾ മൊബൈൽ ഫോണുകൾക്ക് അടിമയാവുന്നു എന്ന പരാതിക്ക് പരിഹാരം കാണാനാണ് സർവകലാശാലയുടെ ശ്രമം. ഗെയിം ബോർഡുകൾ പുറത്തിറങ്ങിക്കഴിഞ്ഞു. 200 രൂപയേയുള്ളൂ. ഇതിന്‍റെ കളിപ്പാട്ടം 6 മാസത്തിനുള്ളിൽ വിപണിയിലെത്തും. നിലവിൽ അതിന്‍റെ വില 1,000 രൂപയിലേറെ വരുന്നു. അത് കുറയ്ക്കാനുള്ള ഗവേഷണങ്ങൾ തുടരുകയാണ്.

മാവേലിക്കു പുറമെ പുലിക്കളി ഉൾപ്പെടെ ചിരപരിചിതമായ കാര്യങ്ങൾ ഗെയിമുകളായും മറ്റും കുട്ടികൾക്ക് മുന്നിലെത്തുകയാണ്. അമിത മൊബൈൽ ഫോൺ ഉപയോഗത്തിലൂടെ കുട്ടികളുടെ ഭാഷയും വികാസവും നഷ്ടപ്പെടുന്നു എന്ന പരാതിക്കപ്പുറം മലയാളത്തെ മധുരമായി കുട്ടികൾ മനസിലാക്കാൻ സാധിക്കുന്ന തരത്തിലാണ് രൂപകല്പന. ഏണിയും പാമ്പും കളിയും കുട്ടികളെ ആവേശഭരിതമാക്കി കണക്ക് എളുപ്പത്തിൽ മനസിലാക്കത്തക്ക വിധത്തിൽ ചെയ്യാൻ സാധിക്കുന്നു. കുട്ടികൾക്കു മലയാളത്തിന്‍റെ കളികളിലൂടെ ഭാഷയും കണക്കുമൊക്കെ അറിഞ്ഞു വളരാൻ അവസരമൊരുങ്ങുകയാണ്.

എന്നാൽ, ഡിജിറ്റൽ സർവകലാശാല അടുത്ത കാലത്ത് സ്വന്തമാക്കിയ വലിയ നേട്ടം ഇതല്ല. കേരളത്തിലെ നിലവിലെ അവസ്ഥ അനുസരിച്ച് എന്തെങ്കിലും വിവാദം കത്തിച്ചുവിടുകയും അത് ഒന്നുമാകാതെ കതിന പൊട്ടുംപോലെ പൊട്ടിയമരുകയും ചെയ്യുന്നതോടെ അടുത്ത വിവാദം തേടി ഉത്സാഹക്കമ്മിറ്റിക്കാർ സ്ഥലം വിടുന്നതാണ് രീതി. അത്തരം വിവാദങ്ങൾക്കൊന്നും അവസരമുണ്ടാകാത്തതിനാലാണ് ഈ സർവകലാശാല വാർത്തകളിൽ നിറയാത്തത്.

"കൈരളി' എന്ന പേരിൽ നിർമിതബുദ്ധി അധിഷ്ഠിത ആപ്ലിക്കേഷനുകൾക്കായി എഐ പ്രോസസർ വികസിപ്പിച്ചതിലൂടെയാണ് കേരള ഡിജിറ്റൽ സർവകലാശാല ചിന്തിക്കുന്ന മനുഷ്യർക്കിടയിൽ ചർച്ചയായത്. മദ്രാസ് ഐഐടി, സി-ഡാക് തുടങ്ങിയ സ്ഥാപനങ്ങൾ ഇത്തരം പ്രോസസറുകൾ വികസിപ്പിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർവകലാശാലയിൽ എഐ പ്രോസസർ വികസിപ്പിക്കുന്നത്. വൻകിട പ്രൊസസർ നിർമാണ കമ്പനികൾ തന്നെ ഇത്തരം ഉത്പന്ന നിർമാണത്തിൽ കാര്യമായി കടക്കാൻ തുടങ്ങിയിട്ടില്ലാത്ത കാലത്താണ് കേരളത്തിലെ ഒരു സർവകലാശാലയിൽ നിന്ന് ഇത്തരമൊരു നേട്ടമെന്നത് എടുത്തു പറഞ്ഞേ മതിയാവൂ. വിവരച്ചോർച്ച തടയാൻ പ്രത്യേക സുരക്ഷാ സംവിധാനങ്ങളും പ്രോസസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കാർഷികം, വ്യോമയാനം, മൊബൈൽ സാങ്കേതികത, ആരോഗ്യം, ഡ്രോണുകൾ, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിലൊക്കെയുള്ള പല ആപ്ലിക്കേഷനുകളിലും ഇത് നേരിട്ട് ഉപയോഗിക്കാനാകും. കുറച്ചു സ്ഥലത്ത് കൂടുതൽ കൃഷി സാധ്യമാകുന്ന പ്രിസിഷൻ ഫാമിങ് ഉൾപ്പെടെയുള്ളവ പ്രോസസർ വഴി സംസ്ഥാനത്തും സാധ്യമാകും. കൃഷിയിടങ്ങളിൽ "കൈരളി' ചിപ് സ്ഥാപിച്ച് വിത്തുകൾക്കു വേണ്ട വെള്ളവും വളവും കൃത്യമായ അളവിൽ യന്ത്രസഹായത്തോടെ വിതരണം ചെയ്യാനാകും. എഡ്ജ് എഐ സംവിധാനം ഉപയോഗിച്ചാകും പ്രോസസറുകൾ പ്രവർത്തിക്കുക.

പുതുതായി വികസിപ്പിച്ചെടുത്ത ചിപ്പ് വേഗത, പവർ കാര്യക്ഷമത, സ്കേലബിളിറ്റി എന്നിവ പോലുള്ള കഴിവുകൾ നൽകുന്നതിന് അതുല്യമായ സവിശേഷതകൾ പ്രയോജനപ്പെടുത്തുന്നു. സെൻസറി സർക്യൂട്ടുകളിൽ നിന്നുള്ള വിവരങ്ങളുടെ പൂർണമായ സംഭരണവും പ്രോസസിങ്ങും അനുവദിക്കുന്നതിനാൽ ഈ ചിപ്പ് എഡ്ജ് ഇന്‍റലിജൻസ് സുഗമമാക്കുന്നതായാണ് അനുഭവം. കൈരളി പ്രോസസർ അടുത്തമാസം മുഖ്യമന്ത്രി ഔദ്യോഗികമായി പുറത്തിറക്കും.

ഡിജിറ്റൽ സർവകലാശാല അക്കാഡമിക് വിഭാഗം ഡീൻ ഡോ. അലക്സ് ജെയിംസിന്‍റെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് പ്രോസസർ വികസിപ്പിച്ചത്. ഗ്രാഫീൻ ഇന്ത്യ ഇന്നൊവേഷൻ സെന്‍റർ, ഇന്ത്യ ഗ്രാഫീൻ എൻജിനീയറിങ് ആൻഡ് ഇന്നൊവേഷൻ സെന്‍റർ, വിപണിയിലേക്ക് പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കുന്നഎഐചിപ്പ് സെന്‍റർ എന്നിവയുടെ ചീഫ് ഇൻവെസ്റ്റിഗേറ്ററുമാണ് ഇദ്ദേഹം.

ആരോഗ്യമേഖലയിൽ ഈ പ്രോസസർ സൃഷ്ടിക്കുന്ന മാറ്റങ്ങൾ വലിയ നേട്ടങ്ങൾക്ക് കാരണമാവുമെന്ന് ഡോ. അലക്സ് ജെയിംസ് പറഞ്ഞു. എംആർഐ, ഇസിജി പോലുള്ളവയ്ക്ക് വിധേയമാവുമ്പോൾ അത് ഒരു സെർവറിലെത്തി അവിടെ സേവ് ചെയ്യപ്പെടുന്നു. അത് നമുക്ക് ആവശ്യമുള്ളപ്പോൾ റിസൾട്ട് ലഭിക്കുന്നു. രോഗിയുടെ സ്വകാര്യത എന്നൊന്ന് അതോടെ ഇല്ലാതാവുകയാണ്. ഏതെങ്കിലും ലബോറട്ടറിയിൽ പ്രമേഹ പരിശോധനയ്ക്ക് രക്തം നൽകി അതിന്‍റെ ഫലം വരും മുമ്പ് വിവിധ കമ്പനികളുടെ പ്രതിനിധികൾ വിളിച്ച് ഇൻസുലിൻ പെൻ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ പ്രചാരണം നടത്തുന്നതിന് കാരണം ഇത്തരം ചികിത്സാരേഖകളുടെ സ്വകാര്യതയില്ലായ്മയാണ്. എന്നാൽ, പുതിയ പ്രോസസർ വരുന്നതോടെ അത് ഒഴിവാകുമെന്നു മാത്രമല്ല വേഗത്തിൽ ചികിത്സ ലഭിക്കുന്നതിനും വഴിയൊരുങ്ങും. പല ആപ്ലിക്കേഷനുകളിലും ഇത് നേരിട്ട് ഉപയോഗിക്കാനാകും എന്നതിനാലാണിത്. ഒരു ക്യാമറയിൽ നിന്നുള്ള ഫീഡ് ക്ലൗഡിൽപ്പോയി അതിലെ ഡേറ്റയെ സോഫ്റ്റ്‌വേർ വിശകലനം ചെയ്യുകയാണ് ഇപ്പോൾ സംഭവിക്കുന്നത്. എന്നാൽ, കൈരളി പ്രോസസർ ഉപയോഗിച്ചാൽ എഡ്ജ് കംപ്യൂട്ടിങ്ങിൽ ഇത് വളരെ വേഗത്തിൽ നടക്കുന്ന പ്രക്രിയയായി മാറുകയാണ്.

കൈരളി പ്രൊസസർ നിർമിച്ചത് അമെരിക്കയിലാണ്. ഇത് നിർമിക്കുന്നതിന് ഇന്ത്യയിൽ നിലവിൽ ഒരു കമ്പനി മാത്രമേയുള്ളൂ. അവിടെ പഴയ സാങ്കേതിക വിദ്യയാണ് പ്രയോജനപ്പെടുത്തുന്നത്. കൈരളിക്ക് അത് മതിയാവാതെ വരും എന്നതിനാലാണ് അമെരിക്ക തെരഞ്ഞെടുത്തത്. വൻ മുടക്കുമുതൽ വേണ്ടിവരുമെന്നതിനാൽ വമ്പൻ കമ്പനികൾക്കോ സർക്കാരുകൾക്കോ മാത്രമേ ഇതിനായി മുതൽ മുടക്കാൻ കഴിയൂ.

സംസ്ഥാനത്ത് ഒരു സർവകലാശാല, അതുതന്നെ തീർത്തും ബാല്യദശയിലുള്ള കേരളത്തിലെ ഡിജിറ്റൽ സർവകലാശാല ഇത്തരമൊരു നേട്ടം സ്വന്തമാക്കുമ്പോൾ അത് ആഘോഷിക്കേണ്ടതല്ലേ? സർവകലാശാലകളിലെ രാഷ്‌ട്രീയ ഇടപെടലുകളും അതിന്‍റെ പേരിലുള്ള വാഗ്വാദങ്ങളും വമ്പൻ വാർത്തകളും വിവാദങ്ങളുമാകുമ്പോഴാണ് ഒരു പക്ഷെ, ഭാവിയിൽ കേരളത്തിന് മുന്നോട്ട് കുതിയ്ക്കാൻ ഇന്ധനമാവുന്ന വലിയൊരു നേട്ടം വാർത്ത പോലും ആവാതെ പോവുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയിൽ മികവ് പുലർത്താനുള്ള കേരളത്തിന്‍റെ യാത്രയെ ത്വരിതപ്പെടുത്താൻ സഹായിക്കുമെന്ന് തീർച്ചയായും പ്രതീക്ഷിക്കാം.

ഇത്തരം നേട്ടങ്ങൾ വാർത്തയും ചർച്ചയുമാകാവാതെ പോകുന്നതിന്‍റെ നഷ്ടം ആർക്കാണ്. കേരളത്തിൽ ഒന്നും നടക്കുന്നില്ലെന്ന കുറ്റാരോപിതർക്കു മുന്നിൽ ഇതാ വലിയൊരു നേട്ടം എന്നു പറയാൻ ഓരോ മലയാളിക്കും സാധിക്കേണ്ടതല്ലേ?

Trending

No stories found.

Latest News

No stories found.