കൃഷ്ണമേനോനെ ഓർമയുണ്ടോ?

കേരളത്തിന്‍റെ ആദ്യ വിശ്വപൗരന്‍റെ 50ാം ചരമ വാർഷികം
special story on krishna menon
കൃഷ്ണമേനോനെ ഓർമയുണ്ടോ?
Updated on

സുധീര്‍നാഥ്

വി.കെ. കൃഷ്ണമേനോന്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞനാണ്. നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്നു വെങ്ങാലില്‍ കൃഷ്ണന്‍ കൃഷ്ണമേനോന്‍ എന്ന വി.കെ. കൃഷ്ണമേനോന്‍. അവിവാഹിതനായിരുന്ന മേനോന്‍ 78ാം വയസില്‍ 1974 ഒക്റ്റോബര്‍ 6നു ഡൽഹിയില്‍ മരണമടഞ്ഞു. അദ്ദേഹത്തിന്‍റെ 50ാം ചരമ വാഷികമാണ് ഇന്ന്. ഡല്‍ഹിയിലെ ലൂട്ട്യന്‍സ് തെരുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒട്ടേറെ പ്രതിമകളുണ്ട്. എന്നാല്‍ അവിടെ മലയാളിയുടേതായി വി.കെ. കൃഷ്ണമേനോന്‍റെ പ്രതിമ മാത്രമേ കാണൂ. അത്രമാത്രം പ്രാധാന്യം അദ്ദേഹത്തിന് ഇന്ത്യന്‍ രാഷ്‌ട്രീയം നല്‍കിയിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്‌ട്ര രംഗത്തെ ഇടപെടലുകള്‍ പ്രധാനമായും കൃഷ്ണമേനോനിലൂടെ ആയിരുന്നു.

1930കളില്‍ ജവഹർലാൽ നെഹ്റുവുമൊത്ത് കൃഷ്ണമേനോന്‍ ജനറല്‍ ഫ്രാങ്കോയുടെ യുദ്ധം കാണാൻ സ്‌പെയിനിലേക്കു പോയി. അപകടകരമായ ഈ യാത്ര ഇരുവരെയും തമ്മില്‍ അടുപ്പിച്ചു. നെഹ്റുവിന്‍റെ മരണം വരെ ഇരുവരും അന്യോന്യം തികഞ്ഞ വിശ്വസ്തതയും സൗഹൃദവും പുലര്‍ത്തി. നെഹ്റുവിന്‍റെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നതിനാൽ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ദ്വിതീയന്‍ എന്ന് അദ്ദേഹത്തെ ടൈം മാസിക പോലും വിശേഷിപ്പിച്ചിട്ടുണ്ട്. നെഹ്‌റുവിന്‍റെ സുഹൃത്തും സെന്‍റ് പാന്‍ക്രാസിലെ ലേബര്‍ കൗണ്‍സിലറും ലണ്ടനിലെ ഇന്ത്യന്‍ ലീഗിന്‍റെ നേതാവുമായിരുന്ന ഇന്ത്യന്‍ അഭിഭാഷകനായിരുന്നു കൃഷ്ണമേനോന്‍.

നയതന്ത്ര പ്രതിനിധി, രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി എഴുത്തുകാരന്‍ കൂടിയായിരുന്നു കൃഷ്ണമേനോന്‍. 1930കളില്‍ അല്ലെന്‍ ലേനുമായി ചേര്‍ന്ന് അദ്ദേഹം പെന്‍ഗ്വിന്‍, പെലിക്കണ്‍ എന്നീ പ്രശസ്തമായ പുസ്തക പ്രസാധക കമ്പനികള്‍ സ്ഥാപിച്ചു. ബോള്‍ഡ്‌ലി ഹെഡ്, പെന്‍ഗ്വിന്‍ ബുക്‌സ്, പെലിക്കണ്‍ ബുക്‌സ്, "ട്വല്‍ത് സെഞ്ചുറി ലൈബ്രറി' എന്നിവയില്‍ ലേഖകനായി പ്രവര്‍ത്തിച്ചു. പെന്‍ഗ്വിന്‍ ബുക്‌സിന്‍റെ ആദ്യകാല എഡിറ്റര്‍മാരിലൊരാള്‍ കൂടിയാണ് അദ്ദേഹം.

കോഴിക്കോട് ജില്ലയിലെ പന്നിയങ്കര ഗ്രാമത്തിലെ സമ്പന്ന കുടുംബമായ വെങ്ങാലില്‍ കുടുബത്തിലാണ് കൃഷ്ണമേനോന്‍ ജനിച്ചത്. അച്ഛന്‍ കോമത്ത് കൃഷ്ണക്കുറുപ്പ് കോഴിക്കോട് കോടതിയിലെ വക്കീലായിരുന്നു. 1815 മുതല്‍ 1817 വരെ തിരുവിതാംകൂര്‍ ദിവാനായിരുന്ന രാമന്‍ മേനോന്‍റെ പൗത്രി ആയിരുന്നു മാതാവ്. പ്രാഥമിക വിദ്യാഭ്യാസം തലശേരിയിലയിരുന്നു. കോഴിക്കോട് സാമൂതിരി കോളെജില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ചേര്‍ന്നു. പിന്നീട് അദ്ദേഹം മദ്രാസ് പ്രസിഡന്‍സി കോളെജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോളെജില്‍ വച്ച് അദ്ദേഹം ദേശിയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനാവുകയും ആനി ബസന്‍റ് ആരംഭിച്ച ഹോംറൂള്‍ പ്രസ്ഥാനത്തില്‍ ചേരുകയും ചെയ്തു. ആനി ബസന്‍റ് തുടക്കം കുറിച്ച ബ്രദേഴ്‌സ് ഓഫ് സര്‍വീസ് എന്ന സംഘടനയുടെ നേതൃത്വം കൃഷ്ണമേനോനായിരുന്നു. ആനി ബസന്‍റാണ് കൃഷ്ണമേനോനെ ഇംഗ്ലണ്ടിലേക്ക് ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യം ചെയ്ത് കൊടുത്തത്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് വിദേശരാജ്യങ്ങളില്‍ നിന്നുള്ള പിന്തുണ ലഭിക്കാന്‍ കൃഷ്ണമേനോന്‍ വഹിച്ച പങ്ക് വലുതാണ്. ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ലീഗ് ആരംഭിക്കുകയും, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി പരമാവധി പിന്തുണ അവിടെ നിന്നും നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തത് പ്രശസ്തമാണ്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യയുടെ ബ്രിട്ടനിലെ സ്ഥാനപതിയായി 1947 മുതല്‍ 1952 വരെ കൃഷ്ണമേനോന്‍ നിയമിക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണത്തിനെതിരേയുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കാരണം ബ്രിട്ടന്‍റെ രഹസ്യാന്വേഷണ ഏജന്‍സിയായ എം15 ന്‍റെ നോട്ടപ്പുള്ളിയായി. ബ്രിട്ടനില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുന്ന വ്യക്തി എന്ന റിപ്പോര്‍ട്ട് ഏജന്‍സി കൃഷ്ണമേനോനെക്കുറിച്ച് നല്‍കി. കമ്മ്യൂണിസ്റ്റ് ആശയങ്ങളേിട് അടുപ്പം കാണിച്ചതിനാല്‍ കൃഷ്ണമേനോനെതിരെ തുടര്‍ച്ചയായി ഇവര്‍ ചാരപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

1952 മുതല്‍ 1962 വരെ ഐക്യരാഷ്‌ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു കൃഷ്ണമേനോന്‍. മേനോന്‍ അമെരിക്കന്‍ നയങ്ങളെ എതിര്‍ക്കുകയും ചൈനയെ പല അവസരങ്ങളിലും പിന്താങ്ങുകയും ചെയ്തു. കൃഷ്ണമേനോന്‍റെ പ്രസംഗ വൈഭവം പ്രസിദ്ധമാണ്. കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് നീണ്ട 8 മണിക്കൂറാണ് അദ്ദേഹം ഐക്യരാഷ്‌ട്ര സഭയില്‍ പ്രസംഗിച്ചത്. കശ്മീര്‍ വിഷയത്തില്‍ അദ്ദേഹം നടത്തിയത് ചരിത്ര പ്രസിദ്ധമായ പ്രസംഗമായിരുന്നു. ഇതുവരെ തിരുത്തപ്പെടാത്ത ഒരു ഗിന്നസ് റെക്കോഡാണ് ആ സുദീര്‍ഘ പ്രസംഗം. ലോകശ്രദ്ധയില്‍ വന്ന അദ്ദേഹത്തെ അന്ന് വിശേഷിപ്പിച്ചത് ഹീറോ ഓഫ് കശ്മീര്‍ എന്നായിരുന്നു. 1957 ജനുവരി 23ന് ഇന്ത്യയുടെ കശ്മീര്‍ പ്രശ്‌നത്തിലെ ചേരിചേരാ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അഴിമതി ആരോപണം കൃഷ്ണമേനോന്‍റെ പേരിലായിരുന്നു. ലണ്ടനിലെ ഹൈക്കമ്മിഷണറായിരിക്കെ 1948ല്‍ ഇന്ത്യന്‍ സൈന്യത്തിനായി വാങ്ങിയ ജീപ്പ് ഇറക്കുമതിയില്‍ ജാഗ്രതക്കുറവുണ്ടായി എന്നായിരുന്നു ആരോപണം. മുണ്ഡര ജീപ്പ് കുംഭകോണം എന്നായിരുന്നു ഈ ആരോപണം അറിയപ്പെട്ടത്.

ഇംഗ്ലണ്ടിലെ 27 വര്‍ഷത്തെ താമസത്തിന് ശേഷം 1952ല്‍ കൃഷ്ണമേനോന്‍ ഇന്ത്യയിലേക്ക് മടങ്ങി. സജീവ രാഷ്‌ട്രീയത്തിലേക്കിറങ്ങുകയും ലോകസഭയിലേക്കും രാജ്യസഭയിലേക്കും നിരവധി തവണ വിവിധ മണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1953ല്‍ പാര്‍ലമെന്‍റ് അംഗവും 1956ല്‍ പോര്‍ട്ട്‌ഫോളിയോ ഇല്ലാത്ത മന്ത്രിയും 1957ല്‍ പ്രതിരോധ മന്ത്രിയും ആയി. സൈനിക സ്‌കൂളുകള്‍, പാര്‍ലമെന്‍ററി കമ്മിറ്റി ഓണ്‍ പബ്ലിക് അണ്ടര്‍ ടേക്കിങ്സ് എന്നിവ ഇദ്ദേഹത്തിന്‍റെ ആശയങ്ങളാണ്. പ്രതിരോധ മന്ത്രിയെന്ന നിലയില്‍, അദ്ദേഹം തന്‍റെ ഓഫിസില്‍ പുതിയ ഊര്‍ജം കൊണ്ടുവരികയും ദൂരവ്യാപകമായ നിരവധി മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്‍റെ നയങ്ങളും രീതികളും കനത്ത വിമര്‍ശനത്തിന് വിധേയമായി. 1962 ഒക്റ്റോബറില്‍ ഇന്ത്യ- ചൈനാ യുദ്ധത്തിലെ പരാജയത്തെയും ഇന്ത്യന്‍ സൈന്യത്തിന്‍റെ തയാറെടുപ്പില്ലായ്മയെയും കാരണം അദ്ദേഹത്തിന് പ്രതിരോധ മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. 1967ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 1969ല്‍ തിരുവനന്തപുരത്ത് നിന്ന് സ്വതന്ത്രനായി ഇടതുപക്ഷ പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടു.

1967 നവംബര്‍ 9ന് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിന്‍റെ പേരിലാണ് അര നൂറ്റാണ്ടു മുമ്പ് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെതിരേ കോടതിയലക്ഷ്യ കേസുണ്ടായത്. ""കോടതി മര്‍ദ്ദനോപകരണമാണ്. ജഡ്ജിമാര്‍ വര്‍ഗവിദ്വേഷത്താലും വര്‍ഗ താല്‍പ്പര്യത്താലും വര്‍ഗ മുന്‍വിധികളാലും നയിക്കപ്പെടുന്നവരാണ്. നന്നായി വസ്ത്രം ധരിച്ച കുടവയറനായ പണക്കാരനും കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച നിരക്ഷരനായ വ്യക്തിക്കും തെളിവുകള്‍ ഒരുപോലെ ബാധകമാണെങ്കില്‍ കോടതി സഹജമായും പണക്കാരന് അനുകൂലമായി നില്‍ക്കും. ഇത് നിഷ്പക്ഷമായ നീതി നിര്‍വഹണത്തിന് തടസമാകുന്നു. ജഡ്ജിമാരെ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുന്ന രീതി വരണം...'' പത്രങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തു. അന്ന് ഇന്ത്യന്‍ എക്‌സ്പ്രസിലെ വാര്‍ത്ത കോടതി അലക്ഷ്യമായി കേരള ഹൈക്കോടതിയുടെ മുന്നിലെത്തി. അന്ന് ഇഎംഎസിന് വേണ്ടി ഹാജരായത് കൃഷ്ണമേനോന്‍ ആയിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന് വേണ്ടി മാത്രമേ അദ്ദേഹം കോടതിയില്‍ ഹാജരായിട്ടുള്ളൂ എന്നതും പ്രത്യേകതയാണ്.

ഗ്രീക്ക് തത്വചിന്തയും, ഏംഗല്‍സ്, മാര്‍ക്‌സ് തുടങ്ങിയവരെയും ഉദ്ധരിച്ചായിരുന്നു കൃഷ്ണമേനോന്‍റെ വാദം. ഇഎംഎസ് വിശ്വസിക്കുന്ന തത്ത്വശാസ്ത്രത്തെ അടിസ്ഥാനമാക്കി നടത്തിയ പരാമര്‍ശം ഒരിക്കലും കോടതി അലക്ഷ്യമാകില്ലെന്ന് കൃഷ്ണമേനോന്‍ വാദിച്ചു. താന്‍ നടത്തിയ പരാമര്‍ശം തന്നെയാണ് റിപ്പോട്ടിലുള്ളതെന്നും, വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് മുഴുവനും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചില്ലെന്നും കോടതിയില്‍ ഇഎംഎസ് അറിയിച്ചു.

മുഖ്യമന്ത്രിയെ പോലുള്ള ഒരാളുടെ ഇത്തരം പ്രസ്ഥാവന സമൂഹത്തില്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയ്ക്ക് ഭരണഘടനയെ തൊട്ട് സത്യം ചെയ്യും മുന്‍പ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പ്രതിജ്ഞ ചെയ്ത വ്യക്തിയാണ് ഇഎംഎസ് എന്ന് ക്യഷ്ണമേനോന്‍ വാദിച്ചു. കമ്മ്യൂണിസ്റ്റ് ആചാര്യനായ ഇഎംഎസ് നടത്തിയ പരാമര്‍ശത്തില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന പി.ടി. രാമന്‍ നായര്‍ കോടതി അലക്ഷ്യത്തിന് 1,000 രൂപ പിഴയോ മൂന്ന് മാസം തടവോ എന്ന ശിക്ഷ വിധിച്ചു. ഈ വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് എം. ഹിദായുത്തുള്ള അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. 1970ല്‍ പിഴ 50 രൂപയോ ഒരു മാസം വെറും തടവോ ആയി കുറയ്ക്കുകയാണ് സുപ്രീം കോടതി ചെയ്തത്. ഇഎംഎസിനു വേണ്ടി സുപ്രീം കോടതിയിലും ക‌ൃഷ്ണമേനോനായിരുന്നു പ്രതിനിധീകരിച്ചത്.

നെഹ്‌റുവിന്‍റെ മരണശേഷം മകള്‍ ഇന്ദിര ഗാന്ധിയുടെ ഭരണമായിരുന്നു. കൃഷ്ണമേനോന് മുന്‍പ് ലഭിച്ചിരുന്ന ആദരവോ അംഗീകാരമോ ലഭിക്കാതെ വന്നപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നു തന്നെ രാജിവയ്ക്കേണ്ടിവന്നു. ഇടതുപക്ഷ അനുഭാവിയായിരുന്ന കൃഷ്ണമേനോന്‍ അങ്ങനെയാണ് കേരളത്തില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലേക്ക് സ്വതന്ത്രനായി മത്സരിക്കാനെത്തുന്നത്. മേനോനെ കേരളത്തില്‍ നിന്നു പാര്‍ലമെന്‍റംഗമാക്കാന്‍ ഇഎംഎസിന്‍റെ രാഷ്‌ട്രീയ പിന്തുണയുണ്ടായിരുന്നു. കേരളത്തിലെ ഏത് മണ്ഡലവും വിട്ടുകൊടുക്കാന്‍ ഇടത്പക്ഷം തയാറായിരുന്നു. ജന്മദേശമായ പന്ന്യങ്കര ഉള്‍പ്പെട്ട കോഴിക്കോട് മണ്ഡലമാണ് അദ്ദഹം തെരഞ്ഞെടുത്തത്. പ്രിയ ശിഷ്യനായ വയലാര്‍ രവി അന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു. കോഴിക്കോട് സുരക്ഷിത മണ്ഡലമല്ലെന്നും തിരുവനന്തപുരമാണ് സുരക്ഷിതമെന്നും ബോധ്യപ്പെടുത്തി മണ്ഡലം മാറ്റിയത് വയലാര്‍ രവിയാണ്. വയലാര്‍ രവി മേഴ്‌സി രവിയെ വിവാഹം ചെയ്തപ്പോള്‍ ഡെക്കാൺ ഹെറാള്‍ഡിന്‍റെ എറണാകുളം മാധ്യമ പ്രതിനിധിയായി ജോലി വാങ്ങി നല്‍കിയത് കൃഷ്ണമേനോനായിരുന്നു. ജീവിതമാര്‍ഗമായി അവിടെ നിന്ന് ലഭിച്ച ശമ്പളമായിരുന്നു ആകെ ഉണ്ടായിരുന്നതെന്ന് വയലാര്‍ രവി എപ്പോഴും പറയാറുണ്ട്.

വലതു പക്ഷത്തിന്‍റെ സ്ഥാനാർഥിയായിരുന്നത് പിഎസ്പിയുടെ ദാമോദരന്‍ പോറ്റിയായിരുന്നു. പ്രചാരണം ശക്തി പ്രാപിച്ചപ്പോള്‍ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവായ വക്കം പുരുഷോത്തമന്‍ ശക്തമായ പ്രചാരണമാണ് കൃഷ്ണമേനോനെതിരേ തിരുവനന്തപുരം മണ്ഡലത്തില്‍ നടത്തിയത്. ഇതില്‍ അസ്വസ്ഥനായ മേനോന്‍ തന്‍റെ അരുമ ശിഷ്യനും യൂത്ത് കോണ്‍ഗ്രസ് നേതാവും തൊട്ടടുത്ത മണ്ഡലമായ ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ വയലാര്‍ രവിയെ രാത്രി വിളിച്ചുവരുത്തി. വക്കം പുരുഷോത്തമന്‍റെ രാഷ്‌ട്രീയ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ വഴി കാണണമെന്ന് ആവശ്യപ്പെട്ടു. തന്‍റെ രാഷ്‌ട്രീയ ഗുരുവിനെ രക്ഷിക്കുവാന്‍ വേണ്ടി വയലാര്‍ രവി വക്കം പുരുഷോത്തമന്‍ അടക്കമുള്ള ചുറുചുറുക്കുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയെല്ലാം ചിറയന്‍കീഴിലേക്ക് കര്‍ശനമായി വിളിച്ചുവരുത്തുകയും തെരഞ്ഞെടുപ്പ് തീരും വരെ ചിറയിന്‍കീഴില്‍ പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. കൃഷ്ണമേനോന്‍റെ തിരുവനന്തപുരത്തെ വിജയത്തിന് എതിര്‍ പാര്‍ട്ടിയിലെ യുവജന വിഭാഗം നേതാവായ വയലാറിയുടെ രഹസ്യമായ പിന്തുണ കൂടി ഉണ്ടായിരുന്നു എന്നതാണ് ഇതില്‍നിന്ന് മനസിലാക്കേണ്ടത്.

കേരളത്തിന്‍റെ ആദ്യ വിശ്വപൗരന്‍ എന്ന വിശേഷണവും കൃഷ്ണമേനോന് സ്വന്തമാണ്. പദ്മവിഭൂഷന്‍ ലഭിച്ച ആദ്യ മലയാളിയും കൃഷ്ണമേനോന്‍ തന്നെ. നയതന്ത്ര രംഗത്ത് നെഹ്‌റുവിന് ചാണക്യ തന്ത്രങ്ങള്‍ ഉപദേശിച്ചു കൊടുത്തിരുന്ന മേനോനെ പാശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് ഇന്ത്യന്‍ റാസ്പുട്ടിന്‍ എന്നായിരുന്നു. 1971 ഇഎംഎസിന്‍റെ പിന്തുണയോടെ ഇടതു സ്ഥാനാർഥിയായി തിരുവനന്തപുരത്തു നിന്ന് ലോക്‌സഭയിലെത്തി. 1974ല്‍ മരണമടയും വരെ പാര്‍ലമെന്‍റ് അംഗമായിരുന്നു. തപാല്‍ സ്റ്റാംപിലൂടെ രണ്ടു പ്രാവശ്യം ആദരിക്കപ്പെട്ട ആദ്യ മലയാളി എന്ന വിശേഷണവും കൃഷ്ണമേനോന് ലഭിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.