Special story salim kumar life

സലിം കുമാർ                   - മനു ഷെല്ലി

മനു ഷെല്ലി

പെയ്‌തൊഴിയാത്ത ചിരിമഴക്കാറുകള്‍

സലിംകുമാറിന്‍റെ അഭിനയജീവിതവും കഥാപാത്രങ്ങളുമൊക്കെ അങ്ങനെയൊക്കെ തന്നെയായിരുന്നു. ചിരിയില്‍ നിന്നു കണ്ണീരിലേക്കും തിരിച്ചും സഞ്ചരിച്ചു കൊണ്ടേയിരുന്നു.

അനൂപ് കെ. മോഹൻ

സ്വന്തം വീടിന്‍റെ മുകളിലൂടെ ഇലക്ട്രിക് ലൈന്‍ വലിച്ചതുമായി ബന്ധപ്പെട്ട ഒരു കേസുണ്ടായിരുന്നു കൗസല്യയ്ക്ക്. ആ കേസ് ജയിക്കുമ്പോള്‍ നല്ലൊരു വീട് പണിയണമെന്നായിരുന്നു കൗസല്യയുടെ വലിയ മോഹം. ഒടുവില്‍ കേസ് ജയിച്ചു. എന്നാല്‍, ആ പണം ലഭിക്കുമ്പോള്‍ അമ്മയില്ലല്ലോ എന്ന വേദനയില്‍ കൗസല്യയുടെ മകന്‍റെ കണ്ണു നിറഞ്ഞു. കാലങ്ങള്‍ക്കു ശേഷം, ലാഫിങ് വില്ല എന്ന വലിയ വീടിന്‍റെ ഉമ്മറത്തിരുന്ന്, അമ്മയുടെ ഓര്‍മ്മകള്‍ക്ക് വാവുബലിയിട്ട്, ഈ ജീവിതകഥ പറയുമ്പോള്‍ ആ മകന്‍റെ വലിയ കണ്ണുകള്‍ നിറഞ്ഞു. പിന്നെ നിമിഷങ്ങളുടെ വ്യത്യാസത്തില്‍, നിറഞ്ഞ കണ്ണില്‍ നിന്നുമൊരു വലിയ ചിരിയിലേക്ക് വഴിമാറി പോയി. ഭൂതകാലത്തിന്‍റെ കണ്ണുനീരിനെ തടയാനൊരു പരിചയായി ചിരിയിങ്ങനെ തിരനോട്ടം നടത്തിക്കൊണ്ടേയിരുന്നു. സലിംകുമാറിന്‍റെ അഭിനയജീവിതവും കഥാപാത്രങ്ങളുമൊക്കെ അങ്ങനെയൊക്കെ തന്നെയായിരുന്നു. ചിരിയില്‍ നിന്നു കണ്ണീരിലേക്കും തിരിച്ചും സഞ്ചരിച്ചു കൊണ്ടേയിരുന്നു.

ജീവിതത്തിന്‍റെ ദുരിതക്കടലുകള്‍ താണ്ടാനാണ് കൗസല്യയുടെ മകന്‍ സലിംകുമാര്‍ ചിരിയുടെ പങ്കായമേന്തിയത്. അസുഖം അലട്ടിയപ്പോഴും, അവശതകള്‍ സ്വസ്ഥസഞ്ചാരത്തിനു വിഘാതമായപ്പോഴും ജീവിതത്തില്‍ എത്ര തുഴപ്പാട് ബാക്കിയുണ്ടെന്ന ആശങ്ക അലട്ടിയതേയില്ല.

ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രത്തിന് നല്ല നടനുള്ള ദേശീയ അവാര്‍ഡ് ലഭിക്കുമ്പോള്‍, ഒരു പതിവു ചാനല്‍ച്ചോദ്യം, കഥാപാത്രത്തിന്‍റെ അഗാധതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ തയാറെടുപ്പുകള്‍ നടത്തിയിരുന്നോ ? ഇതിനു മറുപടിയായി പൊട്ടി പൊട്ടിച്ചിരിക്കാന്‍ സലിംകുമാറിനല്ലാതെ മറ്റാര്‍ക്കു കഴിയും. പിന്നെയൊരു കൂട്ടിച്ചേര്‍ക്കലും, ഇപ്പോഴെങ്കിലും നിങ്ങള്‍ക്കു മനസിലായില്ലേ ഞങ്ങള്‍ കോമഡിക്കാര്‍ മോശമല്ലെന്ന്. അവനവന്‍റെ ശരികള്‍ക്കായിരുന്നു എന്നും സലിംകുമാര്‍ പ്രാമുഖ്യം നല്‍കിയത്. ആ ശരികള്‍ കൃത്യമായി രേഖപ്പെടുത്തുന്നതില്‍ അഭിനയമേയില്ലായിരുന്നു. രാഷ്ട്രീയ നിലപാട് തുറന്നു പറയുന്നതിലും പിന്തുണ പ്രഖ്യാപിക്കുന്നതിലുമൊന്നും കലാകാരനെന്നാല്‍ നിഷ്പക്ഷനാകണമെന്ന അപ്രഖ്യാപിത വാദമൊന്നും തടസമായില്ല. അഭിനേതാവായി നിലനില്‍ക്കുന്നതിനാല്‍ നിലപാടുകള്‍ പാടില്ലെന്നതിനും അപവാദമായി. രാഷ്ട്രീയ ആശയങ്ങള്‍ പറയേണ്ടിടത്തു വ്യക്തമായിത്തന്നെ പറഞ്ഞു, ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വരെ. പറവൂരില്‍ മാറ്റമുണ്ടാകില്ല, പക്ഷേ കേരളത്തില്‍ മാറ്റമുണ്ടാകുമെന്നുറപ്പിച്ചു പ്രഖ്യാപിച്ചു.

പറവൂര്‍ ബോയ്‌സ് സ്‌കൂളിലായിരുന്നു സലിംകുമാറിന്‍റെ പഠനം. അക്കാലത്തെ സലിംകുമാറിന്‍റെ ഇഷ്ടതാരം ബാലചന്ദ്രമേനോന്‍. തലേക്കെട്ടൊക്കെ പരീക്ഷിച്ച് ഇഷ്ടതാരത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്ന സ്‌കൂള്‍ കാലം. നോട്ട്ബുക്കില്‍ സലിം കുമാര്‍ കെ.ജി.കെ മേനോന്‍ എന്നു വരെ എഴുതിച്ച ആരാധന. കലാലയപഠനം മാല്യങ്കര എസ്.എന്‍.എം കോളജില്‍. സെക്കന്‍ഡ് ഗ്രൂപ്പില്‍ കണക്കില്ലെന്നു കരുതിയാണ് സെക്കന്‍ഡ് ഗ്രൂപ്പ് എടുത്തത്. വലിയ കണ്ണുകളും പൊട്ടിപൊട്ടിയുള്ള ചിരിയുമായി ആളെ കൈയിലെടുക്കാന്‍ കലാലയകാലത്തും ആയുധം മിമിക്രി തന്നെയായിരുന്നു. മഹാത്മാഗാന്ധി സര്‍വ്വകലാശാല കലോത്സവത്തില്‍ മൂന്നു വട്ടം മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടി.

നന്നായി പാടുമെന്ന ധാരണ മനസില്‍ വേരുറച്ച കാലം. ആദ്യ താത്പര്യം ലളിതഗാനത്തോട്. അത്ര ലളിതമല്ലെന്നു മനസിലായപ്പോള്‍ ഉപേക്ഷിച്ചു. പിന്നെയാണ് അനുകരണകലയിലേക്ക് ആകൃഷ്ടനാകുന്നത്. പക്ഷേ അതും അത്ര എളുപ്പമായിരുന്നില്ല. കേട്ടു പഠിക്കാനുള്ള ഉപാധികളില്ല. നേരിട്ടു തന്നെ കാണണം. ഒരിക്കല്‍ ഗൗരിയമ്മയുടെ ശബ്ദം പഠിക്കാനായി മൂത്തകുന്നം മുതല്‍ കൂത്താട്ടുകുളം വരെ ഗൗരിയമ്മയുടെ പ്രസംഗവേദികളില്‍ സഞ്ചരിച്ചു. ഒടുവില്‍ കൂത്താട്ടുകുളമെത്തിയപ്പോള്‍ ആ ശബ്ദം വഴങ്ങി. ഡിഗ്രി പഠനം എറണാകുളം മഹാരാജാസ് കോളെജില്‍. പിന്നെ പതുക്കെ ചാനലുകളിലെ കോമഡി പരിപാടികളില്‍ സാന്നിധ്യം അറിയിച്ചു.

ആദ്യ സിനിമ, ഇഷ്ടമാണ് നൂറുവട്ടം. പതിവുപോലെ അഭ്രപാളിയിലെ പുതിയ ഹാസ്യതാരത്തിനു കുറെ ചിത്രങ്ങള്‍ കിട്ടി. തെങ്കാശിപ്പട്ടണമാണ് ബ്രേക്കായത്. ചിത്രത്തിലെ കോമഡി രംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ഒരഭിനേതാവെന്ന നിലയില്‍ വലിയ കുഴപ്പമില്ലല്ലോ എന്നു സ്വയം തോന്നിത്തുടങ്ങിയതു രാപ്പകല്‍ മുതലാണ്. ഒരു പക്ഷേ, ചില സിനിമാഡയലോഗുകള്‍ പോലും ഓര്‍ത്തു വയ്ക്കുന്നതു സലിം കുമാര്‍ ശൈലിയില്‍ പറഞ്ഞതുകൊണ്ടാണ്- ''അയാം ദി സോറി അളിയാ, അയാം ദി സോറി'' (തിളക്കം).

''ഇതിപ്പോ പരമശിവന്‍റെ മുടി വെട്ടാന്‍ വന്ന ബാര്‍ബര്‍, പാമ്പ് കൊത്തി ചത്തു എന്നു പറഞ്ഞ പോലെയായല്ലോ...?'' കല്യാണരാമനിലെ ഈ ഡയലോഗ് സലിം കുമാര്‍ കൈയില്‍ നിന്നിട്ടത്. തെങ്കാശിപ്പട്ടണത്തില്‍ പശുവിന്‍റെ തോലണിഞ്ഞു പോകുമ്പോള്‍ ബാര്‍ലി വെള്ളം കുടിക്കുന്നതുമൊക്കെ കണ്ട് ആര്‍ത്തു ചിരിച്ച മലയാളി തന്നെയാണു അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവലിന്‍റെ ദുഃഖങ്ങളില്‍ വീര്‍പ്പുമുട്ടത്. സാമുവലിന്‍റെ രൂപഭാവങ്ങളോടു തന്‍റെ മുന്‍കാല ഇമേജുകള്‍ ഒരിക്കലും കലഹിക്കാത്ത വിധത്തില്‍ മെരുക്കിയെടുത്തു സലിം കുമാര്‍. പിന്തുടരാനൊരു സ്ഥിരം ശൈലിയുടെ പൂര്‍വകാലമുള്ളപ്പോള്‍, അത്ര എളുപ്പമല്ല അത്തരമൊരു പരകായപ്രവേശം. ആ സാമുവലിനായിരുന്നു ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ്.

പെരുമഴക്കാലത്തിലും സലിംകുമാറിലെ പ്രതിഭയുടെ പകര്‍ന്നാട്ടങ്ങള്‍ മലയാളി കണ്ടു. കേരള കഫെ എന്ന ആന്തോളജിയിൽ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ബ്രിഡ്ജ് എന്ന ചിത്രത്തില്‍ അമ്മയെ ഉപേക്ഷിക്കുന്ന മകന്‍റെ വേഷവും മലയാളിയുടെ കണ്ണുകളെ ഈറനണിയിച്ചു. സീരിയസ് വേഷങ്ങളിലേക്ക് എത്തുമ്പോള്‍ തീര്‍ത്തും അതിഭാവുകത്വമില്ലാത്ത അഭിനയശൈലി തന്നെയായിരുന്നു സലിംകുമാറിന്‍റേത്. കൃത്യമായ ഇടവേളകളില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ തേടിയെത്തി. വായനയുടെയും അറിവിന്‍റെയും സ്ഫുരണങ്ങള്‍ അറിയിച്ച് ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയപ്പോള്‍ മലയാളി അമ്പരന്നു. കടലോളമുള്ള ജീവിതാനുഭവങ്ങള്‍ അക്ഷരങ്ങളിലേക്കു പകര്‍ത്തി, 'ഈശ്വരാ വഴക്കില്ലല്ലോ' എന്ന പേരില്‍. സിനിമയില്‍ സജീവമല്ലാതിരുന്ന കാലത്തും ട്രോളുകളില്‍ നിറഞ്ഞു നിന്നു. ഏതു സന്ദര്‍ഭത്തോടും ചേര്‍ത്തു വയ്ക്കാന്‍ പറ്റുന്ന മുഖമായി സലിംകുമാറിന്‍റെ കഥാപാത്രങ്ങള്‍ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിറഞ്ഞു.

ആടിത്തിമിര്‍ത്ത ജീവിതവേഷങ്ങളെല്ലാം അഴിച്ചുവച്ച് സലിംകുമാര്‍ മറയുമ്പോള്‍ ഇനിയും പെയ്‌തൊഴിയാത്ത ചിരിമഴക്കാറുകള്‍ ശേഷിക്കുന്നുണ്ട് മലയാളിയുടെ മനസില്‍. നടന്‍ ഇന്നസെന്‍റ് മരിച്ചപ്പോള്‍ സലിംകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്, ''ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല. മരിച്ചു പോയി എന്നു വിശ്വസിക്കുന്നില്ല. അദ്ദേഹം ദൂരെയെവിടെയോ നമുക്കൊന്നും കാണാന്‍ പറ്റാത്ത ലൊക്കേഷനില്‍ ഷൂട്ടിങ്ങിനു പോയതാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഞാനുമുണ്ട് ആ സിനിമയില്‍. പക്ഷേ, എന്‍റെ ഡേറ്റ് ആയിട്ടില്ല. ആവും, ആവാതിരിക്കാന്‍ പറ്റില്ലല്ലോ.''

ആ ഡേറ്റ് ആവുന്നു. എങ്കിലും എങ്ങും പോയിട്ടില്ലെന്നു വിശ്വസിക്കാനാകും മലയാളിക്കിഷ്ടം. ദൂരെയെവിടെയോ കാണാനാകാത്തൊരു ലൊക്കേഷനില്‍ പുതിയ കഥാപാത്രത്തിന്‍റെ ചായങ്ങള്‍ മുഖത്തണിയുന്നുണ്ടാകണം.

logo
Metro Vaartha
www.metrovaartha.com