ഉള്ളിൽ പിറക്കുന്ന കൃഷ്ണൻ

ഇന്ന് ശ്രീകൃഷ്ണ ജയന്തി
sreekrishnajayathi today

ഉള്ളിൽ പിറക്കുന്ന കൃഷ്ണൻ

Updated on

ജയൻ പോത്തൻകോട്

ഭക്തിയുടെ മധുരവും ജീവിതത്തിന്‍റെ ഗൗരവവും ഹൃദയത്തിൽ നിറയ്ക്കുന്ന അപൂർവമായ ആഘോഷമാണ് ശ്രീകൃഷ്ണ ജയന്തി. കേരളത്തിന്‍റെ സാംസ്കാരിക ജീവിതത്തിൽ അഷ്ടമി രോഹിണി, ഗോകുലാഷ്ടമി, ശ്രീകൃഷ്ണ ജയന്തി എന്നീ പേരുകളിൽ നിറഞ്ഞു നിൽക്കുന്ന ഈ ദിനം, കൃഷ്‌ണന്‍റെ ജന്മനാൾ ആഘോഷിക്കുന്നതിനപ്പുറം ഉള്ളിൽ വെളിച്ചം പകരുന്ന ഒരു മഹത്തായ ജീവിതദർശനത്തെ ഓർമിപ്പിക്കുന്നതും കൂടിയാണ്.

കാലം എത്ര മാറിയാലും ചില ജീവിതങ്ങൾ അതിന്‍റെ അതിരുകൾക്കുള്ളിൽ ഒതുങ്ങുകയില്ല. അവ തലമുറകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കും. അത്തരമൊരു അനശ്വര സാന്നിധ്യമാണു ശ്രീകൃഷ്ണൻ. ആയിരക്കണക്കിനു വർഷങ്ങളായി വിശ്വസിക്കപ്പെടുന്ന കൃഷ്ണന്‍റെ വചനങ്ങളും പ്രവൃത്തികളും ഇന്നും മനുഷ്യന്‍റെ വ്യക്തിജീവിതത്തോടും സാമൂഹിക ജീവിതത്തോടും രാഷ്‌ട്രീയത്തോടും ധാർമികബോധത്തോടും സംവദിച്ചുകൊണ്ടിരിക്കുന്നു.

കൃഷ്ണനെ നാം പല രൂപങ്ങളിൽ കാണുന്നു. ഉണ്ണിക്കണ്ണനായി, കള്ളക്കണ്ണനായി, ഗോപാലനായി, കുഴലൂത്തുകാരനായി, സഖാവായി, ദൂതനായി, തത്ത്വചിന്തകനായി, സാരഥിയായി, ധർമസംരക്ഷകനായി. ഈ വൈവിധ്യമാണ് കൃഷ്ണനെ ഇത്രയേറെ മനുഷ്യ ഹൃദയങ്ങളോടടുപ്പിക്കുന്നത്.

കൃഷ്ണൻ ക്ഷേത്ര വിഗ്രഹത്തിൽ മാത്രം കുടിയിരിക്കുന്ന ദൈവമല്ല. ഒരു കുഞ്ഞിന്‍റെ ചിരിയിലും അമ്മയുടെ വാത്സല്യത്തിലും സുഹൃത്തിന്‍റെ കരുതലിലും പ്രകൃതിയുടെ പച്ചപ്പിലും ധർമത്തിനു വേണ്ടി ഉയരുന്ന ശബ്ദത്തിലും കൃഷ്ണസാന്നിധ്യം കണ്ടെത്താനാകും.

ഉണ്ണിക്കണ്ണന്‍റെ വരവഴികൾ

ശ്രീകൃഷ്ണ ജയന്തി എത്തുമ്പോൾ വീടുകൾ ഉത്സവ വേഷമണിയും. മുറ്റങ്ങളിൽ പൂക്കളമൊരുങ്ങും. വാതിൽപ്പടിയിൽ ഉണ്ണിക്കണ്ണന്‍റെ കുഞ്ഞിക്കാൽപ്പാടുകൾ തെളിയും. വെണ്ണയും അവിലും പഴങ്ങളും നിവേദിക്കപ്പെടും. കുഞ്ഞുങ്ങൾ കൃഷ്ണനും രാധയുമായി വേഷമണിയും. അവരുടെ കുസൃതിച്ചിരികളിൽ ഗോകുലം വീണ്ടും ഉണരുന്നതു പോലെ തോന്നും. ക്ഷേത്രങ്ങളിൽ ഭജനകളും നാമജപങ്ങളും മുഴങ്ങും. ബാലഗോകുലങ്ങളുടെ നേതൃത്വത്തിലുള്ള ശോഭായാത്രകൾ ഗ്രാമവീഥികളിലൂടെ കടന്നുപോകുമ്പോൾ വീടുകളുടെ മുറ്റത്തും വഴിയോരങ്ങളിലും കാത്തുനിൽക്കുന്ന മനുഷ്യരുടെ മുഖങ്ങളിൽ പ്രതീക്ഷയുടെ പുഞ്ചിരി വിരിയും.

ഇവയെല്ലാം നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിന്‍റെ മനോഹരമായ അടയാളങ്ങളാണ്. എന്നാൽ ആഘോഷങ്ങളുടെ പുറംമോടിക്കപ്പുറം നാം കൃഷ്ണനെ കണ്ടെത്തുമ്പോഴാണ് ജയന്തിയുടെ യഥാർഥ അർഥം തെളിയുന്നത്.

ഇരുട്ടിൽ പിറന്ന വെളിച്ചം

മഥുരയിലെ കാരാഗൃഹത്തിന്‍റെ ഇരുട്ടിലാണു ദേവകിയുടെയും വസുദേവന്‍റെയും പുത്രനായി കൃഷ്ണൻ ജനിച്ചത്. അധികാരത്തിന്‍റെ ഭീതിയും ക്രൂരതയും നിറഞ്ഞ കാലമായിരുന്നു അത്. സ്വന്തം മരണത്തെ ഭയന്ന കംസൻ, ദേവകിയുടെ മക്കളെ ഒന്നൊന്നായി കൊന്നുതീർത്തു.

അത്തരം ഇരുട്ടിലാണു കൃഷ്ണൻ ജനിക്കുന്നത്. ജനിച്ച ഉടൻ വസുദേവൻ കുഞ്ഞുകൃഷ്ണനെയും എടുത്ത് യമുന കടന്ന് ഗോകുലത്തിലെത്തുന്നു. കാരാഗൃഹത്തിന്‍റെ ഇരുട്ടിൽ നിന്നു ഗോകുലത്തിന്‍റെ സ്വാതന്ത്ര്യത്തിലേക്കുള്ള ആ യാത്രയ്ക്കു പുരാണത്തിനപ്പുറത്തും വലിയൊരു പ്രതീകാത്മകതയുണ്ട്. അടിച്ചമർത്തലിൽനിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള മനുഷ്യന്‍റെ നിത്യയാത്ര.

ലോകത്തിന്‍റെ പല കോണുകളിലും ഭയം മനുഷ്യന്‍റെ സ്വാതന്ത്ര്യത്തെ തടവിലാക്കുന്നു. അധികാരമോഹവും സ്വാർഥതയും വിദ്വേഷവും മനുഷ്യഹൃദയങ്ങളെ കാരാഗൃഹങ്ങളാക്കുന്നു. അത്തരം ഇരുട്ടിലും ഒരു കൃഷ്ണ ജനനം ആവശ്യമാണ്. പ്രതീക്ഷയായി, ധൈര്യമായി, നീതിബോധമായി, സ്നേഹമായി.

കുസൃതിയിൽ ഒളിച്ച സ്നേഹം

ഗോകുലത്തിലാണ് കൃഷ്ണന്‍റെ ബാല്യം പൂത്തുലഞ്ഞത്. യശോദയുടെ വാത്സല്യവും നന്ദന്‍റെ സ്നേഹവും ഗോപബാലന്മാരുടെ സൗഹൃദവും ഗോപികമാരുടെ ഭക്തിയും പശുക്കളുടെ സ്നേഹവും ചേർന്നൊരു സ്നേഹലോകം. വെണ്ണ മോഷ്ടിച്ച കള്ളക്കണ്ണൻ, കൂട്ടുകാരോടൊപ്പം ഓടിക്കളിച്ച ഉണ്ണിക്കണ്ണൻ, കുഴലൂതിയ സംഗീതജ്ഞൻ, കാളിയനെ കീഴടക്കിയ ധീരൻ, ഗോവർധനം ഉയർത്തി ജനങ്ങളെ രക്ഷിച്ച സംരക്ഷകൻ.

കൃഷ്ണന്‍റെ ബാല്യത്തിലെ ഓരോ രൂപത്തിനും ഓരോ അർഥമുണ്ട്. വെണ്ണ മോഷ്ടിച്ച കഥയെ മനുഷ്യ ഹൃദയത്തിന്‍റെ മൃദുത്വം കവർന്നെടുക്കുന്ന ദൈവിക സാന്നിധ്യത്തിന്‍റെ പ്രതീകമായി കാണുന്നു. വെണ്ണപോലെ, ഹൃദയവും മൃദുലവും നിർമലവുമാകണം. കൃഷ്ണഭക്തിയുടെ ഏറ്റവും വലിയ സൗന്ദര്യം ഒരുപക്ഷേ ഇവിടെയാണ്. ദൈവത്തെ ഭയപ്പെടുന്നവനാക്കാതെ സ്നേഹിക്കാൻ പഠിപ്പിക്കുന്നു. കൃഷ്ണൻ ഭക്തന്‍റെ ദൈവം മാത്രമല്ല; ഭക്തന്‍റെ സ്വന്തം ആളാണ്.

മല ഉയർത്തിയ പാഠം

ഗോവർധന പൂജയുമായി ബന്ധപ്പെട്ട കൃഷ്ണകഥയ്ക്ക് ഇന്നത്തെ കാലത്ത് പുതിയൊരു വായന ആവശ്യമാണ്. പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്ന ഒരു സമൂഹത്തിന്‍റെ ജീവിതബോധമാണ് അതിൽ കാണുന്നത്. മനുഷ്യന്‍റെ നിലനിൽപ്പ് പ്രകൃതിയിൽനിന്നു വേർപെട്ടതല്ലെന്ന് ഈ കൃഷ്ണകഥ ഓർമിപ്പിക്കുന്നു.

ഇന്നു നദികൾ മലിനമാകുന്നു. കുന്നുകൾ ഇടിച്ചുനിരത്തപ്പെടുന്നു. കാടുകൾ അപ്രത്യക്ഷമാകുന്നു. കാലാവസ്ഥ മാറുന്നു. ചൂടുകൂടുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരുന്നു.ഇത്തരം കാലത്ത് ഗോവർധനം ഉയർത്തിയ കൃഷ്ണനെ ഓർക്കുന്നതു വെറും പുരാണ സ്മരണയാകരുത്. ഒരു മരം സംരക്ഷിക്കുന്നതും ഒരു ജലാശയം കാത്തുസൂക്ഷിക്കുന്നതും ഒരു ജീവനെ രക്ഷിക്കുന്നതും കൃഷ്ണാരാധന തന്നെയാകണം. പ്രകൃതിയെ പൂജിക്കുന്നതിനേക്കാൾ അതിനെ സംരക്ഷിക്കുന്നതാണ് ഇന്നത്തെ കാലത്തിന്‍റെ യഥാർഥ കൃഷ്ണഭക്തി.

ഗീതയുടെ വെളിച്ചം

കൃഷ്ണന്‍റെ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ ഭഗവദ്ഗീതയെ മാറ്റിനിർത്താനാവില്ല. കുരുക്ഷേത്രത്തിൽ യുദ്ധം തുടങ്ങുന്നതിനു മുമ്പ് ബന്ധുക്കളെയും ഗുരുക്കന്മാരെയും സുഹൃത്തുക്കളെയും എതിർവശത്തു കണ്ട അർജുനന്‍റെ മനസിൽ ആശയക്കുഴപ്പവും വിഷാദവും നിറയുന്നു. അവിടെ കൃഷ്ണൻ സാരഥിയാകുന്നു.

അദ്ദേഹം അർജുനന്‍റെ പകരക്കാരനായി യുദ്ധം ചെയ്യുന്നില്ല. അർജുനന്‍റെ കൈയിൽ നിന്നു ഗാണ്ഡീവം പിടിച്ചെടുക്കുന്നുമില്ല. പകരം, തീരുമാനിക്കാനുള്ള വിവേകം അവനിൽ ഉണർത്തുന്നു. ഇതാണ് ഗീതയുടെ ഏറ്റവും വലിയ പാഠങ്ങളിലൊന്ന്. മനുഷ്യനു വേണ്ടി തീരുമാനമെടുക്കുന്നതിനെക്കാൾ, ശരിയായ തീരുമാനമെടുക്കാനുള്ള ബോധം അവനിലുണർത്തുന്നു.

ഇന്നത്തെ ജീവിതത്തിലും മനുഷ്യൻ പല കുരുക്ഷേത്രങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തൊഴിൽസ്ഥലത്തെ സമ്മർദം, കുടുംബത്തിലെ സംഘർഷങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, ബന്ധങ്ങളിലെ വിള്ളലുകൾ, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ. ഓരോരുത്തരുടെയും ജീവിതത്തിൽ ഓരോ കുരുക്ഷേത്രമുണ്ട്. അവിടെ ഗീതയുടെ ശബ്ദം ഇന്നും കേൾക്കാം.

""കർമണ്യേ വാധികാരസ്തേ

മാ ഫലേഷു കദാചന''.

കർമം ചെയ്യുന്നതിലാണു നിന്‍റെ അധികാരം; ഫലത്തിലല്ല.

ഫലത്തെക്കുറിച്ചുള്ള അമിതമായ ആകുലത മനുഷ്യന്‍റെ ഇന്നിനെ അപഹരിക്കുന്നു. ചെയ്യേണ്ട കർമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മനസിനു കൂടുതൽ ശാന്തിയും പ്രവർത്തനത്തിനു കൂടുതൽ അർഥവും ലഭിക്കുന്നു.

തളരാത്ത മനസ്

വിജയത്തിൽ അമിതമായി ആഹ്ലാദിക്കുകയും പരാജയത്തിൽ പൂർണമായി തകർന്നുപോകുകയും ചെയ്യുന്ന മനുഷ്യനാണു ഇന്നത്തെ ലോകത്തിലധികവും. ഇവിടെയാണു ""സ്ഥിതപ്രജ്ഞത'' എന്ന ഗീതാസങ്കൽപ്പത്തിന്‍റെ പ്രസക്തി. സുഖത്തിലും ദുഃഖത്തിലും മനസിന്‍റെ സമതുലിതാവസ്ഥ നിലനിർത്തുക, പ്രശംസയിൽ അഹങ്കരിക്കാതിരിക്കുക, വിമർശനത്തിൽ തകർന്നുപോകാതിരിക്കുക,നേട്ടത്തിൽ അമിതമായി മദിക്കാതിരിക്കുക, നഷ്ടത്തിൽ പ്രതീക്ഷ കൈവിടാതിരിക്കുക.

ഇതെളുപ്പമുള്ള കാര്യമല്ല;

എങ്കിലും അതിലേക്കുള്ള യാത്രയാണ് ആത്മനിയന്ത്രണത്തിന്‍റെ യാത്ര. സാമൂഹിക മാധ്യമങ്ങളിലെ ഒരു പ്രശംസയിൽ സന്തോഷിക്കുകയും ഒരു വിമർശനത്തിൽ തകർന്നുപോകുകയും ചെയ്യുന്ന കാലത്ത് കൃഷ്ണന്‍റെ ഈ സന്ദേശത്തിന് പ്രത്യേക പ്രസക്തിയുണ്ട്. മറ്റുള്ളവർ നമ്മെ എങ്ങനെ കാണുന്നു എന്നതിലല്ല, നാം നമ്മെത്തന്നെ എങ്ങനെ കാണുന്നു എന്നതിലാണ് ജീവിതത്തിന്‍റെ യഥാർഥ ശക്തി.

സുദാമാവിന്‍റെ അവിൽ

സൗഹൃദത്തിന്‍റെ ഏറ്റവും ഹൃദയസ്പർശിയായ പ്രതീകങ്ങളിൽ ഒന്നാണ് കൃഷ്ണനും സുദാമാവും. ഒരാൾ രാജാവ്. മറ്റൊരാൾ ദരിദ്രനായ സുഹൃത്ത്. എന്നാൽ ബാല്യത്തിന്‍റെ സൗഹൃദത്തിനു മുന്നിൽ സമ്പത്തിന്‍റെയും പദവിയുടെയും മതിലുകൾക്കു സ്ഥാനമുണ്ടായിരുന്നില്ല. സുദാമൻ, അഥവാ കുചേലൻ കൊണ്ടുവന്ന ചെറിയ അവിൽപ്പൊതിക്ക് വിപണിയിൽ വലിയ വിലയുണ്ടായിരുന്നില്ല. പക്ഷേ അതിൽ നിറഞ്ഞിരുന്ന സ്നേഹത്തിനു കൃഷ്ണന്‍റെ ഹൃദയത്തിൽ അളവില്ലാത്ത വിലയുണ്ടായിരുന്നു.

ഇന്നത്തെ ലോകം പലപ്പോഴും മനുഷ്യന്‍റെ മൂല്യം അവന്‍റെ സമ്പത്തു കൊണ്ടും പദവികൊണ്ടും സ്വാധീനം കൊണ്ടും അളക്കുന്നു. കൃഷ്ണൻ നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നാണ്. സ്നേഹത്തിന് വിലയില്ല; സ്നേഹമാണു ഏറ്റവും വലിയ വില. ജാതിയുടെയും മതത്തിന്‍റെയും വർഗത്തിന്‍റെയും സാമ്പത്തിക സ്ഥിതിയുടെയും പേരിൽ മനുഷ്യർ തമ്മിൽ മതിലുകൾ പണിയുന്ന കാലത്ത് സുദാമാവിന്‍റെ സൗഹൃദം നമ്മെ വീണ്ടും മനുഷ്യരാകാൻ ക്ഷണിക്കുന്നു.

ആയുധമില്ലാത്ത സാരഥി

മഹാഭാരതത്തിൽ കൃഷ്ണന്‍റെ മറ്റൊരു മുഖം രാഷ്‌ട്രീയ ബുദ്ധിയുടെയും നേതൃത്വത്തിന്‍റെയുമാണ്. ദുര്യോധനന്‍റെ പക്ഷത്ത് ലോകത്തിലെ ഏറ്റവും വലിയ സൈന്യം ഉണ്ടായിരുന്നപ്പോൾ, ആയുധമെടുക്കില്ലെന്ന് പ്രഖ്യാപിച്ച കൃഷ്ണനെ സ്വന്തമാക്കാൻ അർജുനൻ തയാറായി. അവൻ സൈന്യത്തെക്കാൾ തെരഞ്ഞെടുത്തത് കൃഷ്ണനെയാണ്. കൃഷ്ണൻ അർജുനന്‍റെ സാരഥിയായി.

രാജകീയ പദവിയുടെ ഉയരത്തിൽനിന്നു രഥത്തിന്‍റെ ഇരിപ്പിടത്തിലേക്കു ഇറങ്ങിവരുന്ന ആ രൂപം നേതൃത്വത്തിന്‍റെ മഹത്തായ പാഠമാണ്. നേതാവ് മുന്നിൽ നടക്കുന്നതു മാത്രമല്ല. ആവശ്യമെങ്കിൽ മറ്റൊരാളുടെ യാത്രയ്ക്കു സാരഥിയാകുകയും വേണം. ജനങ്ങളെ നയിക്കുന്നവർക്കു ഈ പാഠം ഇന്നും പ്രസക്തമാണ്.

അധികാരം ജനങ്ങളെ സേവിക്കാനുള്ള അവസരമാണ്; ആധിപത്യം സ്ഥാപിക്കാനുള്ള അവകാശമല്ല. മഥുരയിലെ ജനങ്ങളെ സംരക്ഷിക്കാനായി ദ്വാരകയിലേക്കു മാറിയ കൃഷ്ണന്‍റെ തീരുമാനത്തിലും ഈ രാഷ്‌ട്രീയ ബുദ്ധി കാണാം. യുദ്ധം ജയിക്കുന്നതിനേക്കാൾ ജനങ്ങളുടെ ജീവനും സുരക്ഷയും പ്രധാനമാണെന്ന തിരിച്ചറിവ് അതിലുണ്ട്.

കുഴലിലെ നിശബ്ദത

കൃഷ്ണന്‍റെ കുഴൽ ഒരു സംഗീതോപകരണം മാത്രമല്ല; അതൊരു ജീവിതദർശനമാണ്. കുഴലിനു സ്വന്തം ശബ്ദമില്ല. അതിലൂടെ കടന്നുപോകുന്ന കാറ്റാണ് സംഗീതമായി മാറുന്നത്. അഹങ്കാരത്തെ ഒഴിച്ചുനിർത്തിയ മനുഷ്യനിലൂടെ നന്മയുടെ സംഗീതം ഒഴുകണമെന്ന സന്ദേശം അതിൽ വായിക്കാം.സ്വയം ശൂന്യമാകുമ്പോഴാണ് കുഴൽ സംഗീതമാകുന്നത്.

അഹങ്കാരവും വിദ്വേഷവും അസൂയയും സ്വാർഥതയും കൊണ്ട് ഉള്ളം നിറച്ചാൽ അവിടെ സംഗീതത്തിനു ഇടമില്ല.

കുറച്ച് നിശബ്ദതയും വിനയവും സ്നേഹവും. അപ്പോൾ ജീവിതം തന്നെ ഒരു കൃഷ്ണഗീതമാകും.

ഡിജിറ്റൽ യുഗ കൃഷ്ണൻ

കൃഷ്ണന്‍റെ സന്ദേശങ്ങൾ പുരാണ കാലത്തേക്കു മാത്രം പരിമിതപ്പെട്ടതല്ല. ഇന്നു വിരൽത്തുമ്പിൽ ലോകം മുഴുവൻ എത്തിനിൽക്കുന്നു. ഒരു വാർത്ത നിമിഷങ്ങൾക്കുള്ളിൽ ആയിരങ്ങളിലേക്കും ലക്ഷങ്ങളിലേക്കും എത്തുന്നു. എന്നാൽ സത്യം പരിശോധിക്കുന്നതിനു മുമ്പ് വാർത്ത പങ്കുവയ്ക്കുന്നതും വിദ്വേഷം പകരുന്നതും അപവാദങ്ങൾ പ്രചരിപ്പിക്കുന്നതും പതിവായി മാറിയിരിക്കുന്നു.

ഇവിടെയും കൃഷ്ണന്‍റെ വിവേകപൂർണമായ ജീവിതദർശനം നമ്മെ വഴികാട്ടുന്നു. പറയുന്നതിനു മുമ്പ് ചിന്തിക്കുക. പങ്കുവയ്ക്കുന്നതിനു മുമ്പ് പരിശോധിക്കുക. പ്രതികരിക്കുന്നതിനു മുമ്പ് മനസിലാക്കുക.

ഡിജിറ്റൽ ലോകത്ത് നമ്മുടെ വിരലുകൾക്കു വേഗം കൂടുമ്പോൾ വിവേകത്തിനും അതേ വേഗം ലഭിക്കണം. വാക്കുകൾക്ക് ആയുധത്തിന്‍റെ ശക്തിയുള്ള കാലമാണിത്. അതുകൊണ്ടു തന്നെ അവയിൽ കരുണയും ഉത്തരവാദിത്തവും വേണം.

ധർമത്തിന്‍റെ പുതിയ മുഖം

ധർമം ആചാരങ്ങളുടെ മാത്രം പേരല്ല. അനീതിക്കെതിരേ നിൽക്കുക, ദുർബലന്‍റെ കൈ പിടിക്കുക, വിശക്കുന്നവനു ഭക്ഷണം നൽകുക, പ്രകൃതിയെ സംരക്ഷിക്കുക, സ്ത്രീയെ ബഹുമാനിക്കുക, തൊഴിലിനെ സത്യസന്ധതയോടെ സമീപിക്കുക, വാക്ക് പാലിക്കുക, മറ്റൊരാളുടെ അവകാശത്തെ മാനിക്കുക, ഇവയെല്ലാം ധർമത്തിന്‍റെ ആധുനിക രൂപങ്ങളാണ്. കൃഷ്ണന്‍റെ ജീവിതം നമ്മോടു പറയുന്നത് ധർമം പുസ്തകത്തിൽ വായിക്കേണ്ട വാക്കല്ല; ജീവിതത്തിൽ നടപ്പാക്കേണ്ട മൂല്യമാണ് എന്നതാണ്.

കംസൻ ഉള്ളിലാണ്

ഓരോ ശ്രീകൃഷ്ണ ജയന്തിയും നമ്മെ ഒടുവിൽ എത്തിക്കുന്നതു നമ്മുടെ ഉള്ളിലേക്കാണ്. കംസൻ മഥുരയിൽ മാത്രം ഉണ്ടായിരുന്നില്ല. നമ്മുടെ ഉള്ളിലും കംസന്മാരുണ്ട്. അഹങ്കാരത്തിന്‍റെ, അസൂയയുടെ, കോപത്തിന്‍റെ, അധികാര മോഹത്തിന്‍റെ, സ്വാർഥതയുടെ, വിദ്വേഷത്തിന്‍റെ.

ഈ കംസന്മാരെ പരാജയപ്പെടുത്തുമ്പോഴാണ് നമ്മുടെ ഉള്ളിൽ കൃഷ്ണൻ ജനിക്കുന്നത്. അതുകൊണ്ടു തന്നെ കൃഷ്ണ ജയന്തി ഒരു കലണ്ടർ ദിനമല്ല; സ്വയം പുതുക്കാനുള്ള അവസരമാണ്. വീടിന്‍റെ വാതിൽപ്പടിയിൽ ഉണ്ണിക്കണ്ണന്‍റെ പാദചിഹ്നങ്ങൾ വരയ്ക്കുമ്പോൾ നമ്മുടെ ഹൃദയത്തിന്‍റെ വാതിലും തുറക്കണം. അവിടെ സ്നേഹം കടന്നുവരണം. കരുണയും വിവേകവും ധർമവും കടന്നുവരണം.

ഒരു കൃഷ്ണ ജയന്തി കൂടി

കാലം മുന്നോട്ടുപോകുന്നു. സാങ്കേതികവിദ്യ വളരുന്നു. മനുഷ്യൻ ചന്ദ്രനിലേക്കും ബഹിരാകാശത്തിലേക്കും യാത്ര ചെയ്യുന്നു. കൃത്രിമ ബുദ്ധി മനുഷ്യജീവിതത്തിന്‍റെ ഭാഗമാകുന്നു. എന്നാൽ മനുഷ്യന്‍റെ അടിസ്ഥാന പ്രശ്നങ്ങൾ പലതും അതേപടി തുടരുന്നു. സ്നേഹത്തിന്‍റെ കുറവ്, മനസമാധാനത്തിന്‍റെ അഭാവം, ബന്ധങ്ങളിലെ അകലം, അധികാരമോഹം, അസഹിഷ്ണുത, ഭയം. അതുകൊണ്ടാണ് കൃഷ്ണൻ ഇന്നും പ്രസക്തനാകുന്നത്.

ഒരു മനുഷ്യന്‍റെ സമഗ്രമായ ജീവിതം എങ്ങനെയായിരിക്കണമെന്ന് കാണിച്ചുതരുന്ന മഹത്തായ പ്രതീകമാണ് കൃഷ്ണൻ. ഈ ശ്രീകൃഷ്ണ ജയന്തിയിൽ നമുക്ക് ഉണ്ണിക്കണ്ണന്‍റെ ജനനം മാത്രം ആഘോഷിക്കാതിരിക്കാം. നമ്മുടെ ഉള്ളിലെ നന്മയുടെ പുനർജനനം ആഘോഷിക്കാം. വാക്കുകളിൽ കുഴലിന്‍റെ മാധുര്യം നിറയ്ക്കാം. തീരുമാനങ്ങളിൽ ഗീതയുടെ ജ്ഞാനം പകരാം. ബന്ധങ്ങളിൽ സുദാമാവിന്‍റെ സ്നേഹം കാത്തുസൂക്ഷിക്കാം. പ്രകൃതിയോടു ഗോവർധനത്തിന്‍റെ കരുതൽ കാണിക്കാം. ജീവിതത്തിന്‍റെ കുരുക്ഷേത്രങ്ങളിൽ ധർമത്തിന്‍റെ പക്ഷത്ത് നിൽക്കാം.

കാരാഗൃഹത്തിന്‍റെ ഇരുട്ടിൽ ജനിച്ച കൃഷ്ണൻ നമ്മെ ഓർമിപ്പിക്കുന്ന ഏറ്റവും വലിയ സത്യം ഇതായിരിക്കാം. ഇരുട്ട് എത്ര ആഴമുള്ളതായാലും ഒരു വെളിച്ചത്തിന് അതിനെ തോൽപ്പിക്കാം. ആ വെളിച്ചം മറ്റെവിടെയും അന്വേഷിക്കേണ്ടതില്ല. അത് നമ്മുടെയുള്ളിൽ തന്നെയുണ്ട്. അതു തെളിയിക്കുകയാണ് ഓരോ ശ്രീകൃഷ്ണ ജയന്തിയുടെയും യഥാർഥ സന്ദേശം.

(ലേഖകന്‍റെ ഫോൺ - 9446559210)

logo
Metro Vaartha
www.metrovaartha.com