
ബി-നിലവറയിൽ എന്താണ്? കാവലായി സർപ്പങ്ങളോ!
തിരുവനന്തപുരം: ഏറെക്കാലത്തിനു ശേഷം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി- നിലവറയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. ഇത്തവണയും ബി-നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെയം ഭരണ സമിതി അംഗങ്ങളുടെയും സംയുക്ത യോഗത്തിലാണ് സംസ്ഥാന സർക്കാർ പ്രതിനിധി ബി- നിലവറ തുറക്കണമെന്ന് ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാർ പ്രതിനിധി ഈ ആവശ്യത്തെ എതിർത്തതോടെ തർക്കം രൂക്ഷമായി. സംസ്ഥാന സർക്കാരിനു വേണ്ടി എം.വേലപ്പൻ നായർ ആണ് നിലവറ തുറക്കണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാലത് ആചാര വിരുദ്ധമാണെന്ന് കേന്ദ്ര സർക്കാർ പ്രതിനിധിയായ കരമൻ ജയൻ വ്യക്തമാക്കി. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് തന്ത്രിയാണ്.
ആകെ ആറ് നിലവറകൾ
ആറ് നിലവറകളാണ് ക്ഷേത്രത്തിലുള്ളത്. ഇതിൽ എ നിലവറയിൽ ഒന്നേകാൽ ലക്ഷം കോടി വിലമതിക്കുന്ന സ്വർണ രത്ന ശേഖരമുള്ളതായി കണക്കെടുപ്പിൽ വ്യക്തമാക്കിയിരുന്നു. സ്വർണാഭരണങ്ങളും, സ്വർണക്കട്ടികളും രത്നങ്ങളും എല്ലാം ഇവിടെയാണ്. രണ്ടാത്തേതാണ് ബി നിലവറ. രണ്ടു തട്ടുകളിലായാണ് നിലവറ നിർമിച്ചിരിക്കുന്നത്. കരിങ്കൽ കൊണ്ടുള്ള വാതിലാണ് അടക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ഇതു തകർത്തു മാത്രമേ അകത്തു പ്രവേശിക്കാൻ സാധിക്കൂ. ബി നിലവറയുടെ രണ്ടാമത്തെ തട്ട് ക്ഷേത്രത്തിലെ ശ്രീ കോവിലിന്‍റെ അടിയിൽ വരെ എത്തുമെന്നാണ് കരുതുന്നത്. ക്ഷേത്രത്തിന്‍റെ ഭരതക്കോണിലാണ് ബി നിലവറ.
കൂറ്റൻ വാതിലിനു മുകളിൽ സർപ്പത്തിന്‍റെ ചിത്രം കൊത്തിയിട്ടുമുണ്ട്. പദ്മനാഭസ്വാമിയുടെ ശിരസ്സിന്‍റെ ഭാഗത്താണ് എ, ബി നിലവറകൾ. എ നിലവറയിലെന്നതു പോലെ വലിയ ധനശേഖരം ബി നിലവറയിലും കാണുമെന്നാണ് കരുതുന്നത്. എന്നാൽ കരിങ്കൽ വാതിലുകൾ തുറക്കാൻ ശ്രമിച്ചാൽ ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. അതു മാത്രമല്ല 2011ൽ നടത്തിയ ദേവപ്രശ്നത്തിൽ ഇവിടെ ദേവചൈതന്യം കുടികൊള്ളുന്നുണ്ടെന്നും തെളിഞ്ഞിരുന്നു.
തുറന്നത് 7 തവണ
ഇതിനു മുൻപ് പല തവണ ബി- നിലവറ തുറന്നിട്ടുണ്ട്. പക്ഷേ നിലവറയിലെ രണ്ടാമത്തെ അറ തുറക്കാൻ കഴിഞ്ഞിട്ടില്ല. 1990ലും 2002ലുമായി ഏഴു തവണ നിലവറയുടെ ആദ്യ അറ തുറന്നിട്ടുണ്ട്. രണ്ടാമത്തെ അറ തുറക്കാൻ ശ്രമിച്ചാൽ മരിക്കുമെന്നാണ് വിശ്വാസം. 2011 ജൂണിൽ അറ തുറന്ന് കണക്കെടുക്കാൻ ശ്രമിച്ചുവെങ്കിലും ഉദ്യോഗസ്ഥരിലൊരാളുടെ കാൽ മുറിഞ്ഞ് രക്തം നിലവറയിൽ വീണതോടെ ശ്രമം പാതിയിൽ ഉപേക്ഷിക്കുകയായിരുന്നു. സി, ഡി എന്നീ നിലവറകളിൽ ഉത്സവാവശ്യത്തിനുള്ള ആഭരണങ്ങളാണുള്ളത്. ഇ, എഫ് എന്നീ നിലവറകളും ക്ഷേത്രാവശ്യത്തിനായി തുറക്കാറുണ്ട്.