കുടുംബങ്ങളെ കൂട്ടിയിണക്കുന്ന വി. മറിയം ത്രേസ്യ

കാലം എത്ര മുന്നോട്ടു പോയാലും എന്നും പ്രസക്തിയുള്ള കുടുംബ പ്രേഷിതത്വം എന്ന ശുശ്രൂഷയുമായി 'കാലത്തിനു മുമ്പേ ചലിച്ച് 'കുടുംബങ്ങളില്‍ ക്രിസ്തുവിന്‍റെ കെടാവിളക്കായി മാറാന്‍ ഭാഗ്യം ലഭിച്ചവള്‍
കുടുംബങ്ങളെ കൂട്ടിയിണക്കുന്ന വി. മറിയം ത്രേസ്യ
വിശുദ്ധ മറിയം ത്രേസ്യ

സിസ്റ്റർ ഭവ്യ

"ഓരോ വിശുദ്ധനും ഒരോ ദൗത്യമാണ്. ചരിത്രത്തിലെ ഒരു നിശ്ചിത നിമിഷത്തില്‍ പ്രതിഫലിപ്പിക്കാനും സാക്ഷാത്കരിക്കാനും വേണ്ടി സ്വര്‍ഗസ്ഥനായ പിതാവ് ആസൂത്രണം ചെയ്ത ദൗത്യം" (ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍ 19).

ദൈവത്തിലേക്ക് ഉയര്‍ന്ന് മനുഷ്യരിലേക്ക് ഇറങ്ങിയ മറിയം ത്രേസ്യായുടെ വിശുദ്ധ ജീവിതവും സ്വര്‍ഗ പിതാവിന്‍റെ അതുല്യ പദ്ധതിയുടെ പൂര്‍ത്തീകരണമായിരുന്നു. ക്രിസ്തുവിന്‍റെ കരുണാര്‍ദ്ര സ്‌നേഹത്തിന്‍റെ മുഖം പ്രതിഫലിപ്പിക്കാന്‍ അവള്‍ കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു കുടുംബം. ഒരു വ്യക്തിയില്‍ ഒരു കുടുംബം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന സത്യത്തിന് ജീവിതം കൊടുത്ത ഒരാത്മാവിന്‍റെ വില എന്തെന്നറിഞ്ഞ് പ്രേഷിതത്വത്തിന്‍റെ പുത്തന്‍ മാര്‍ഗം തുറന്ന കാലഘട്ടത്തിന്‍റെ വിശുദ്ധ.

കാലം എത്ര മുന്നോട്ടു പോയാലും എന്നും പ്രസക്തിയുള്ള കുടുംബ പ്രേഷിതത്വം എന്ന ശുശ്രൂഷയുമായി 'കാലത്തിനു മുമ്പേ ചലിച്ച് 'കുടുംബങ്ങളില്‍ ക്രിസ്തുവിന്‍റെ കെടാവിളക്കായി മാറാന്‍ ഭാഗ്യം ലഭിച്ചവള്‍. ഇന്ന് ലോകം അവളുടെ ജീവിതത്തിന്‍റെ സമഗ്രതയെ ധ്യാനിക്കുകയാണ്. 'പൂര്‍ണമായി ജീവിക്കുന്ന ഉപവിയാണ് വിശുദ്ധി' എന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ക്ക് ദൈവത്തിലേക്കും അപരനിലേക്കും തുറക്കപ്പെട്ട അവളുടെ ജീവിതം നേര്‍സാക്ഷ്യമാകുന്നു. കുരിശില്‍ ഉയര്‍ത്തപ്പെട്ട യേശുവില്‍ ദൈവസ്‌നേഹത്തിന്‍റെ സമൃദ്ധി അനുഭവിച്ച മറിയം ത്രേസ്യ ക്രിസ്തു സ്‌നേഹത്തിന്‍റെ ഉള്‍ത്തള്ളലുമായി കുടുംബങ്ങളിലേക്ക് ഇറങ്ങി.

തകര്‍ന്നുകിടന്ന ബലിപീഠത്തിന്‍റെ കേടുപോക്കിയ (1 രാജ 18.30) ഏലിയ പ്രവാചകനെപ്പോലെ, 12ാം നൂറ്റാണ്ടില്‍ 'എന്‍റെ ഭവനം അറ്റകുറ്റപ്പണികള്‍ ചെയ്ത് നന്നാക്കുക' എന്ന ക്രിസ്തു മൊഴിക്ക് പ്രത്യുത്തരമേകിയ അസീസിയിലെ ഫ്രാന്‍സിസിനെപ്പോലെ, കുണ്ടും കുഴിയും നികത്തി നവീകരണത്തിന്‍റെ നേര്‍പാത തുറന്ന് കര്‍മ്മലീത്ത സന്യാസിനി സമൂഹത്തെ നയിച്ച ആവിലായിലെ അമ്മ ത്രേസ്യയെപ്പോലെ ഒരു പ്രത്യേക കാലയളവില്‍ മനുഷ്യ മനസുകളിലും ചരിത്രത്തിലും പ്രവേശിച്ച് കുടുംബങ്ങളുടെ അമ്മയാകാന്‍ വിളിക്കപ്പെട്ടവളാണ് വിശുദ്ധ മറിയം ത്രേസ്യ.

19ാം നൂറ്റാണ്ടിന്‍റെ ഉത്തരാർധത്തില്‍ ജനിച്ച മറിയം ത്രേസ്യയ്ക്ക് ശിഥിലമാകുന്ന കുടുംബങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും കേടുപോക്കാനുള്ള ആഹ്വാനമായിരുന്നു ദൈവപിതാവില്‍ നിന്ന് ലഭിച്ചത്.

കുടുംബങ്ങളെ കൂട്ടിയിണക്കുന്ന വി. മറിയം ത്രേസ്യ
കുഴിക്കാട്ടുശ്ശേരിയിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ആഘോഷം

'എന്‍റെ ദൈവമേ, അങ്ങ് എന്താഗ്രഹിക്കുന്നുവോ എനിക്കതു മാത്രം മതി'എന്നു പറഞ്ഞ് നിരുപാധികം തന്‍റെ മനസിനെയും ഇഷ്ടങ്ങളെയും അടിയറ വയ്ക്കുന്ന ഒരു ജീവിതമായിരുന്നു അവളുടേത്. ദൈവഹിതാന്വേഷണവുമായി തിരുസാന്നിധ്യത്തില്‍ ക്രൂശിതനരികില്‍ മണിക്കൂറുകളോളം ഇരുന്ന് കുരിശില്‍ ജീവന്‍ ബലി കഴിച്ചവന്‍റെ ഹൃദയ സ്പന്ദനം അവള്‍ തിരിച്ചറിഞ്ഞു. മുഴുമനസോടെ അവള്‍ അതേറ്റു വാങ്ങി. ജീവന്‍ വേരു പിടിച്ചു വളര്‍ന്നു പന്തലിക്കേണ്ട ഇടമായ കുടുംബം പാപം, നിരക്ഷരത, അനാഥത്വം, അസാമാധാനം മുതലായ വൈറസുകളെക്കൊണ്ട് നശിപ്പിക്കപ്പെടുമ്പോള്‍ കുടുംബമെന്ന ബലിപീഠത്തിന്‍റെ കേടുപോക്കുവാന്‍ താന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവ് അവള്‍ക്കുണ്ടായി. വിളിക്കുള്ളിലെ ദൗത്യത്തിന്‍റെ ആഴവും പരപ്പും കണ്ട അവള്‍ ദൈവഹിതത്തിന് ആമ്മേന്‍ പറഞ്ഞ് ഭവനങ്ങളെ പണിയാന്‍, കുടുംബങ്ങളുടെ കേടുപാടുകള്‍ പോക്കാന്‍ ഇറങ്ങിതിരിച്ചു.

കര്‍മ്മപഥത്തിന് മറിയം ത്രേസ്യയ്ക്കു കരുത്തായത് കുടുബങ്ങളുടെ വേദനകള്‍ കണ്ടറിഞ്ഞ ഈശോ തന്നെയായിരുന്നു.

ജായ്‌റോസിന്‍റെ പുത്രിയെയും നായ്മിലെ വിധവയുടെ മകനെയും ബഥാനിയായിലെ ലാസറിനെയും ഉയിര്‍പ്പിക്കുമ്പോള്‍ യേശുവിന്‍റെ നയനങ്ങള്‍ പതിഞ്ഞത് അവരുടെ കുടുംബങ്ങളിലേക്കായിരുന്നു. കുഷ്ഠരോഗികളെ സുഖപ്പെടുത്തിയും കുരുടര്‍ക്ക് കാഴ്ച നല്‍കിയും തളര്‍വാത രോഗിയെ എഴുന്നേല്‍പിച്ചും തിരിച്ചയയ്ക്കുമ്പോള്‍ അവരിലൂടെ ഉദ്ധരിക്കപ്പെടുന്ന കുടുംബങ്ങളെയും സമൂഹത്തെയും യേശു മനസില്‍ കണ്ടു. യേശുവിന്‍റെ പ്രവര്‍ത്തനത്തിന്‍റെ വലിയൊരു വേദി കുടുംബമായിരുന്നു.

പത്രോസിന്‍റെ അമ്മായിയമ്മയുടെ വീട്, ജായ്‌റോസിന്‍റെ വീട്, ശതാധിപന്‍റെ ഭൃത്യന്‍റെ വീട്,കഫര്‍ണ്ണാമില്‍ ജനം തിങ്ങിക്കൂടിയ വീട്, തളര്‍വാതരോഗിയെ സുഖപ്പെടുത്തിയ വീട്, ശിമയോന്‍റെ വീട്, സക്കേവൂസിന്‍റെ വീട്, കാനായിലെ കല്യാണ വീട് എന്നിങ്ങനെ നിരവധി ഭവനങ്ങള്‍, എത് രക്ഷയുടെയും ജീവന്‍റെയും സൗഖ്യത്തിന്‍റെയും വിടുതലിന്‍റെയും പ്രശ്‌നപരിഹാരത്തിന്‍റയും അനുഭവങ്ങള്‍ നല്‍കാനുള്ള ഇടങ്ങളായി മാറുന്നു. സഭയുടെ അടിസ്ഥാന ഘടകമായ കുടുംബത്തെ ദൃഢപ്പെടുത്താനും സുഖപ്പെടുത്താനും മറിയം ത്രേസ്യയും വെമ്പല്‍ കൊണ്ടു. ത്രേസ്യയിലെ ദൈവസ്‌നേഹം അപരോന്മുഖമായി മാറി. തിരുക്കുരിശിലും ദിവ്യകാരുണ്യത്തിലും തിരുക്കുടുംബത്തിലും അവള്‍ കണ്ട യേശുവിന്‍റെ മുഖം അപരനിലും അവള്‍ക്കു കാണാനായി. യേശുവിന്‍റെ ആത്മാക്കള്‍ക്കു വേണ്ടിയുള്ള ദാഹവും ഹൃദയസ്പന്ദനവും അവള്‍ക്കും അനുഭവമായി മാറി. "ക്രിസ്തു സ്‌നേഹം എന്നെ നിര്‍ബന്ധിക്കുന്നു '(2 കോറി 5.14) എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ അവളുടേതായി മാറി. ഓരോ ജീവിതവും കുടുംബവും പണിയാന്‍ ത്രേസ്യ ഇറങ്ങി.

ദൈവത്തിന്‍റെ കരുണാര്‍ദ്ര സ്‌നേഹം കുടുംബങ്ങളിലേക്ക് ത്രേസ്യയിലൂടെ ഒഴുക്കാന്‍ ദൈവം തിരുമനസായപ്പോള്‍ അവിടത്തെ കരങ്ങളിലെ ഒരുപകരണമായി ത്രേസ്യ സ്വയം സമര്‍പ്പിച്ചു. നിബന്ധനകളില്ലാതെ സമര്‍പ്പിച്ചപ്പോള്‍ ജീവന്‍റെ ഈറ്റില്ലമായ കുടുംബത്തിന്‍റെ കരച്ചില്‍ കാണാനും കേള്‍ക്കാനും അവള്‍ക്കായി.

'ദൈവം വിളിക്കുന്നു, നാം ആസനസ്ഥമാകണം, മനസു ചോദിക്കുന്നു ദൈവത്തിനു നാം കൊടുക്കണം.' അഭംഗുരം നിലനിന്ന മനസിന്‍റെ ഈ സന്നദ്ധതാഭാവം അവളെ ഒരു വലിയ പ്രവാചികയാക്കി, കുടുംബപ്രേഷിതയാക്കി. ഇതൊരു സമര്‍പ്പണമാണ്. ഗോതമ്പുമണി നിലത്തു വീണ് ഇല്ലാതാകുന്ന സന്നദ്ധതയാണ്, സംലഭ്യതയാണ്. ഈ സദ്ഗുണങ്ങള്‍ അവളെ ഉത്തമ കുടുംബ പ്രേഷിതയാക്കി, കുടുംബങ്ങളിലേക്ക് നിരുപാധികം കൃപകളൊഴുക്കുന്ന നീര്‍ച്ചാലായി അവള്‍ മാറി.

Trending

No stories found.

Latest News

No stories found.