
സുനിൽ നെല്ലായി
രാജീവ് മുല്ലപ്പിള്ളി
സ്വയം വെട്ടിത്തെളിച്ച വഴികളിലൂടെ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറി, മുദ്രകൾ കൊണ്ട് വിജയഗാഥകൾ രചിച്ച നർത്തകൻ. തൃപ്പൂണിത്തുറ ആർഎൽവി കോളെജിലെ ഭരതനാട്യം ഡിപ്ലോമ കോഴ്സിലെ ആദ്യ പുരുഷ വിദ്യാർഥി... ചരിത്രം കുറിച്ചു കൊണ്ടാണ് സുനിൽ നെല്ലായി നൃത്തരംഗത്ത് കാലുറപ്പിച്ചത്.
ഇപ്പോഴിതാ സിനിമയിലും സജീവമാകുകയാണ് സുനിൽ. കെ. ജെ. ബോസ് സംവിധാനം ചെയ്യുന്ന "മോഹിത" എന്ന സിനിമയിൽ കുട്ടനാശാൻ എന്ന ഗരുഡ നർത്തകനാകുന്നതിന്‍റെ സന്തോഷത്തിലാണ് സുനിൽ.
ഇരിങ്ങാലക്കുട ആനന്ദപുരം സ്വദേശിയായ സുനിൽ ചെറുപ്പത്തിലേ നൃത്തത്തോട് താത്പര്യം പ്രകടിപ്പിച്ചിരുന്നു. അതാദ്യം തിരിച്ചറിഞ്ഞത് ആനന്ദപുരം ഗവ. എൽപി സ്കൂളിലെ അധ്യാപകരാണ്. അമ്മ രാധാമണി അന്തർജനവും അച്ഛൻ രാമൻ നമ്പൂതിരിയും എല്ലാ പിന്തുണയും നൽകിയതോടെ നൃത്തപഠനത്തിന് തുടക്കമായി. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ ടീച്ചറുടെ കീഴിലാണ് ശാസ്ത്രീയമായി നൃത്തപഠനം ആരംഭിച്ചത്. ആദ്യം മോഹിനിയാട്ടമായിരുന്നു പഠിച്ചത്. പിന്നീട് ടീച്ചറുടെ നിർദേശ പ്രകാരം ഭരതനാട്യത്തിലേക്ക് തിരിഞ്ഞു. വിവേകാനന്ദൻ, ധനഞ്ജയൻ മാസ്റ്റർ, കലാക്ഷേത്ര സാവിത്രി ജഗന്നാഥറാവു, കലാക്ഷേത്ര ജയലക്ഷ്മി, സി.എസ്. തോമസ് എന്നിവരുടെ കീഴിലെല്ലാം നൃത്തം അഭ്യസിച്ചിട്ടുണ്ട്.
ഭരതനാട്യം തുടർപഠനത്തിനായി ചെന്നൈ കലാക്ഷേത്രയിൽ പോകാനായിരുന്നു ആഗ്രഹം. പക്ഷേ അതിനുള്ള ജീവിത സാഹചര്യം ഇല്ലാഞ്ഞതിനാലാണ് ആർഎൽവിയിൽ ചേരാൻ തീരുമാനിച്ചതെന്ന് സുനിൽ. എന്നാൽ പെൺകുട്ടികൾ മാത്രമുള്ള കോളെജിൽ അവസരം കിട്ടിയില്ല.
പിന്നീട് സെക്രട്ടേറിയറ്റിലും മറ്റും ഒരു മാസത്തോളം കയറിയിറങ്ങി നിരവധി കടമ്പകൾ കടന്നാണ് പെൺകുട്ടികൾക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന കോളെജിൽ ഇന്‍റർവ്യൂവിന് പങ്കെടുക്കാനുള്ള അവസരം നേടിയെടുത്തത്. ഇന്‍റർവ്യൂവിന് മികച്ച പ്രകടനം കാഴ്ച വച്ചതോടെ അഡ്മിഷനും ലഭിച്ചു. അന്ന് അവസരം നിഷേധിക്കപ്പെട്ടാൽ കായലിൽ ചാടി മരിക്കും എന്നു വരെ കോളെജ് പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയിരുന്നതായി സുനിൽ നെല്ലായി ഓർക്കുന്നു. 1984 - 85 കാലഘട്ടത്തിലായിരുന്നു പഠനം.
പുരുഷ വിദ്യാർഥിയെ പഠിപ്പിക്കുന്നതിൽ എതിർപ്പില്ല എന്നുള്ള അധ്യാപകരുടെ സമ്മതപത്രവും വാങ്ങി ഭരതനാട്യത്തിൽ നാലു വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും പൂർത്തീകരിച്ച് അവിടെത്തന്നെ താൽക്കാലിക അധ്യാപകനായി ജോലിയിലും പ്രവേശിച്ചു.
കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലും താൽക്കാലിക അധ്യാപകനായി സുനിൽ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് നൃത്തത്തിൽ ബിഎയും എംഎയും പൂർത്തിയാക്കി. ആ സമയത്ത് എംജി സർവകലാശാല, സെന്‍റ് തെരേസാസ്, കാലടി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ എക്സാമിനറായും പ്രവർത്തിച്ചു.
കേരള സർവകലാശാലയിൽ നിന്ന് എംഎ സംഗീതം ഒന്നാം റാങ്കോടെ പാസായ രശ്മി നാരായണനാണ് സുനിലിന്‍റെ ഭാര്യ. വടുതല ചിന്മയ സ്കൂളിലെ അധ്യാപികയായ രശ്മി 'സഹപാഠി 1975' എന്ന ചിത്രത്തിനുവേണ്ടി പാട്ടെഴുതി സംഗീതം ചിട്ടപ്പെടുത്തി ഗാനം ആലപിച്ചിട്ടുണ്ട്.
മകൾ ഡോ. മാളവിക അച്ചുവിന്‍റെ അമ്മ, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, വിനോദയാത്ര എന്നീ സിനിമകളിലെല്ലാം മീര ജാസ്മിന്‍റെ ബാല്യകാലം അവതരിപ്പിച്ച് സിനിമാരംഗത്ത് ചുവടുറപ്പിച്ചയാളാണ്. കൂടാതെ രാപ്പകൽ എന്ന ചിത്രത്തിലും സുനിൽ സംവിധാനം ചെയ്ത അമ്പിളിക്കണ്ണൻ എന്ന കാസറ്റിലെ മിഴിയഴക് പൊഴിയും രാധ എന്ന വീഡിയോ ആൽബത്തിലും അഭിനയിച്ചിട്ടുണ്ട്. മകൻ മാധവും ഏഷ്യാനെറ്റ് സ്വാമി അയ്യപ്പനിലൂടെ മലയാളികൾക്ക് സുപരിചിതനാണ്. പരമ്പരയിലെ അഭിനയത്തിന് ഏഷ്യാനെറ്റ് അവാർഡും കരസ്ഥമാക്കിയ മാധവ് 'ജോണി ജോണി യെസ് പപ്പ' എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ സുനിൽ നൃത്തമാടി. 23 വർഷത്തോളമായി യുഎസ്, യുകെ എന്നിവിടങ്ങളിൽ വർക്ക് ഷോപ്പുകളും നടത്തി വരുന്നുണ്ട്. 1998ൽ സുനിൽ ഇടശ്ശേരിയുടെ പൂതപ്പാട്ട് നൃത്താവിഷ്കാരമാക്കി. അബുദാബി മലയാളി സമാജത്തിന്‍റെ ബെസ്റ്റ് ഇന്ത്യൻ ഡാൻസർ അവാർഡും ലഭിച്ചു. കൂടാതെ അറുപതോളം ദേശീയ അന്തർദേശീയ അവാർഡുകളും സുനിലിനെ തേടിയെത്തിയിട്ടുണ്ട്. നാൽപ്പതോളം സീരിയലുകൾക്കും തന്ത്ര എന്ന ചിത്രത്തിനും വേണ്ടി നൃത്തസംവിധാനം ചെയ്തിട്ടുമുണ്ട്. പൃഥ്വിരാജ് നായകനായ 'തീർപ്പ്' എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. ഇനി മോഹിതയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിലെ നൃത്തസംവിധാനവും നിർവഹിക്കുന്നത് സുനിലാണ്.