Supreme Court on mercy killing stray dogs

തെരുവ് നായ നിയന്ത്രണം ഉറപ്പാക്കണം.

file image

തെരുവ് നായ: മനുഷ്യ സുരക്ഷ പ്രധാനം

യാഥാർഥ്യങ്ങളോട് മുഖം തിരിക്കാൻ കഴിയില്ലെന്നാണു സുപ്രീം കോടതി വ്യക്തമാക്കിയത്. തെരുവു നായ്ക്കളുടെ എണ്ണം അപകടകരമാംവിധം പെരുകിയതും അവയുടെ ആക്രമണം പതിവായതും കോടതി പരിഗണിച്ചു.

അഡ്വ. ചാർളി പോൾ

ഭരണഘടന ഉറപ്പു നൽകുന്ന സുരക്ഷിതമായി ജീവിക്കാനുള്ള മൗലികാവകാശം നായ്പ്പല്ലിൽ ബലി കഴിക്കപ്പെട്ട സാഹചര്യത്തിൽ, അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്‍റെ പരിധിയിൽ തെരുവു നായ ഭീഷണിയിൽ നിന്നുള്ള മോചനവും ഉൾപ്പെടുമെന്ന് സുപ്രീം കോടതി വിധിച്ചു.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് പേവിഷ വാഹകരും അപകടകാരികളുമായ നായകളെ കൊല്ലാൻ ദയാവധവും ഉപയോഗപ്പെടുത്താമെന്ന നിർണായക വിധി പുറപ്പെടുവിച്ചത്. തെരുവു നായ്ക്കൾ മനുഷ്യ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിൽ നിയന്ത്രണ നടപടി എന്ന നിലയിലാണ് ദയാവധവും ഉപയോഗപ്പെടുത്താമെന്ന് കോടതി വ്യക്തമാക്കിയത്. തെരുവു നായ്ക്കളേക്കാൾ മനുഷ്യനു വില നൽകിയ വിധിയാണിത്.

സുപ്രീം കോടതി പറഞ്ഞത്

കുഞ്ഞുങ്ങൾ ക്രൂരതയ്ക്ക് ഇരയാവുകയും മുതിർന്നവർ ആക്രമിക്കപ്പെടുകയും പൊതുവഴിയിൽ ജനം നിസഹായരാകുകയും വിനോദ സഞ്ചാരികളടക്കം ഇരയാക്കപ്പെടുകയും ചെയ്യുന്ന യാഥാർഥ്യങ്ങളോട് മുഖം തിരിക്കാൻ കഴിയില്ലെന്നാണു സുപ്രീം കോടതി വ്യക്തമാക്കിയത്. തെരുവു നായ്ക്കളുടെ എണ്ണം അപകടകരമാംവിധം പെരുകിയതും അവയുടെ ആക്രമണം പതിവായതും കോടതി പരിഗണിച്ചു. പൊതുസുരക്ഷയ്ക്കു ഭീഷണി ഉയർത്തുന്ന ഇടങ്ങളിൽ യോഗ്യരായ വെറ്റിനറി വിദഗ്ധരുടെ വിലയിരുത്തലോടെ ദയാമരണം ഉൾപ്പെടെ അനുവദനീയമായ നടപടികൾ സ്വീകരിക്കാം.

സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയ്ൽവേ സ്റ്റേഷനുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, ആശുപത്രികൾ, മറ്റു പൊതു സ്ഥാപനങ്ങൾ എന്നിവയുടെ പരിസരങ്ങളിലും വളപ്പിലും നിന്ന് തെരുവു നായ്ക്കളെ പൂർണമായി നീക്കം ചെയ്യാൻ നവംബർ 7ന് പുറപ്പെടുവിച്ച ഉത്തരവ് നിലനിർത്തിയാണ് കോടതിയുടെ വിധി. പൊതു സ്ഥലം എന്നതിന്‍റെ വ്യാപ്തി ജനസാന്ദ്രത കണക്കിലെടുത്ത് അധികൃതർക്ക് തീരുമാനിക്കാം.

ദേശീയ- സംസ്ഥാന പാതകൾ, എക്സ്പ്രസ് വേകള്‍, മറ്റു പ്രധാന പാതകൾ എന്നിവിടങ്ങളിലെ നായ്ക്കളെയും മറ്റു മൃഗങ്ങളെയും നീക്കണം. ഇവയെ പരിപാലന കേന്ദ്രങ്ങളിലേക്ക് മാറ്റണം. ഇതിന് ദേശീയ പാതാ അഥോറിറ്റിയുടെ സേവനം ഉപയോഗപ്പെടുത്തണം. നായ്ക്കളെ വന്ധ്യംകരിക്കുകയും രോഗപ്രതിരോധ കുത്തിവയ്പ്പ് നടത്തുകയും വേണം. മുൻപ് പിടികൂടിയ സ്ഥലത്തു തന്നെ നായ്ക്കളെ വിടണം എന്നത് ഉത്തരവ് കോടതി റദ്ദാക്കി. പകരം ഷെൽറ്ററുകളിലേക്ക് മാറ്റണം എന്നാക്കി. തെരുവു നായ ജനന നിയന്ത്രണത്തിനുള്ള അനിമൽ ബർത്ത് കൺട്രോൾ (എബിസി) നടപ്പാക്കാനാവശ്യമായ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. അതത് വകുപ്പുകളുമായി ഏകോപിപ്പിച്ച് ജീവനക്കാർക്ക് പരിശീലനം, വെറ്റിനറി സേവനങ്ങളുടെ ലഭ്യത, ഷെൽറ്റർ സൗകര്യം, വാക്സിനേഷൻ സൗകര്യം എന്നിവ നൽകണം. എല്ലാ ജില്ലയിലും ഒരു എബിസി സെന്‍ററെങ്കിലും വേണം. ജില്ലയുടെ വലിപ്പമനുസരിച്ച് സെന്‍ററുകളുടെ എണ്ണം കൂട്ടണം. സർക്കാർ ആശുപത്രികളിൽ ആന്‍റി റാബിസ് വാക്സിൻ, ഇമ്മ്യൂണോ ഗ്ലോബലിൻ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. ദ്രുത പ്രതികരണ കേന്ദ്രങ്ങൾ സജ്ജമാക്കണം.

തെരുവു നായ കേസുകൾ കൈകാര്യം ചെയ്യാൻ ഹൈക്കോടതികളെ സുപ്രീം കോടതി അധികാരപ്പെടുത്തി. തെരുവു നായ വിഷയത്തിലെ സുപ്രീം കോടതി നിർദേശങ്ങൾ പാലിക്കുന്നത് പരിശോധിക്കാൻ എല്ലാ ഹൈക്കോടതികളിലും സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യണം. പ്രധാന ഉത്തരവിൽ വെള്ളം ചേർക്കാതെ പ്രാദേശികമായ ആവശ്യങ്ങൾക്ക് അനുസരിച്ച് മാറ്റം വരുത്താം. നടപടി എടുക്കാതിരുന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ കോടതിയലക്ഷ്യ നടപടിയാരംഭിക്കാം. ഉത്തരവു പാലിച്ചത് സംബന്ധിച്ച് സത്യവാങ്മൂലം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രവും ഓഗസ്റ്റ് 7നകം നൽകണം. 4 മാസം കൂടുമ്പോൾ ഹൈക്കോടതികൾ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകണം.

നിർദേശങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ കോടതിയലക്ഷ്യവും അച്ചടക്ക നടപടിയും ഉണ്ടാവും. കോടതി നിർദേശങ്ങൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്ക് നിയമ സംരക്ഷണവും ഉണ്ടാകും. ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ നടപടികൾ എടുക്കാൻ പാടില്ല എന്നും കോടതി വ്യക്തമാക്കി.

ഭയപ്പെടാതെ സഞ്ചരിക്കണം: അത് അവകാശമാണ്

ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ ജീവനു മീതേ മറ്റൊന്നിനും പ്രാധാന്യം ഉണ്ടാവരുത്. നായകടി ഏൽക്കുമെന്നു ഭയക്കാതെ സഞ്ചരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശത്തിൽപ്പെടും. മൃഗങ്ങളോട് സഹാനുഭൂതി പ്രധാനമാണെങ്കിലും മനുഷ്യജീവനെ അപകടത്തിലേക്ക് തള്ളിവിടാൻ കഴിയില്ല. ഭരണാധികാരികൾ നിഷ്ക്രിയത്വം വെടിഞ്ഞ് രംഗത്തിറങ്ങിയേ മതിയാവൂ. ബഹുഭൂരിപക്ഷം ജനങ്ങളും തെരുവു നായ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം ആഗ്രഹിക്കുന്നു.

തെരുവു നായ ശല്യം കേരളീയ ജീവിതത്തിൽ സമാനതകളില്ലാത്ത ഒരു പൊതുപ്രശ്നമായി മാറിയിരുന്നു. സംസ്ഥാനത്തെ തെരുവു നായകളുടെ എണ്ണം 9 ലക്ഷം എത്തിയെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്ക്. 2019-20ൽ സംസ്ഥാന വ്യാപകമായി നടത്തിയ സെൻസസിൽ 7 ലക്ഷം തെരുവു നായ്ക്കൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

കേരളത്തിൽ 10 വർഷത്തിനിടെ നായയുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനവാണുള്ളത്. 2014ൽ 1.19 ലക്ഷം പേർക്ക് കടിയേറ്റെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. എന്നാൽ 2023ൽ 3,06,427 പേർക്കും 2024ൽ 3,16,793 പേർക്കും 2025ൽ 3,69,272 പേർക്കുമാണ് കടിയേറ്റത്. 2021 മുതൽ 2026 മെയ് 20 വരെ പേ വിഷബാധയേറ്റു മരിച്ചത് 131 പേരാണ്.

2021 മുതൽ സംസ്ഥാനത്ത് ഓരോ വർഷവും നായയുടെ കടിയേറ്റ് ചികിത്സ തേടുന്നവർ 2 ലക്ഷത്തിലധികം പേരാണ്. 2023 മുതൽ അത് 3ലക്ഷം കടന്നു. തെരുവു നായകളുടെയും വളർത്തു നായകളുടെയും ചേർത്തുള്ള കണക്കാണിത്. പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും മരിച്ച സംഭവങ്ങളുണ്ട്. പ്രതിരോധ കുത്തിവയ്പ്പിനു ശേഷം വൈറസ് ബാധിച്ച് കഴിഞ്ഞ വർഷം 3 കുട്ടികൾ സംസ്ഥാനത്ത് മരിച്ചു. അംഗൻവാടികളിൽ പോലും കയറി തെരുവു നായ്ക്കൾ കുഞ്ഞുങ്ങളെ കടിച്ചുകീറുകയാണ്. കടിയേൽക്കുന്നവരിൽ 35% കുട്ടികൾ ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖത്തും കൈകളിലുമാണ് കൂടുതൽ കടിയേൽക്കുന്നത് എന്നതിനാൽ കുട്ടികളുടെ അപകട സാധ്യത വളരെ കൂടുതലാണ്.

നായ്ക്കളുടെ ആക്രമണത്തിൽ പരിക്കോ മരണമോ സംഭവിച്ചാൽ സർക്കാരിന് മാത്രമല്ല, നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർക്കും പിഴ ചുമത്തുമെന്നും സുപ്രീം കോടതി നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. തെരുവു നായകളുടെ അവസ്ഥയിൽ ആശങ്കയുള്ളവർ അവയെ അലയാനും പൊതുജനങ്ങളെ കടിക്കാനും അനുവദിക്കാതെ സ്വന്തം വീടുകളിലേക്ക് കൊണ്ടുപോകണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

തെരുവു നായ്ക്കൾ മൂലമുണ്ടാകുന്ന അപകടങ്ങളും പ്രശ്നമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തെരുവു നായ ആക്രമണത്തിൽ പരിക്കേറ്റവർക്കും മരണപ്പെട്ടവർക്കും മൃഗസ്നേഹികൾ നഷ്‌ടപരിഹാരം കൊടുക്കുമോ, ബാധ്യത ഏറ്റെടുക്കുമോ എന്നും കോടതി ചോദിച്ചിരുന്നു. മൃഗങ്ങൾക്കെതിരേയുള്ള ക്രൂരതയാണ് മൃഗസ്നേഹികളുടെ പ്രശ്നമെങ്കിൽ പശു, കാള, എരുമ, പോത്ത്, ആട്, കോഴി, താറാവ്, മുയൽ തുടങ്ങിയവയെ കൊല്ലുന്നത് അവർക്ക് പ്രശ്നമാകുന്നില്ലല്ലോ. ഇവയെ കൊല്ലുന്നതും തിന്നുന്നതും അവർക്കു പ്രശ്‌നമേയല്ല!

പേ പിടിച്ചവയെ പോലും കൊല്ലാൻ അനുവാദമില്ല!

1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ 11ാം വകുപ്പു പ്രകാരം തെരുവു നായ്ക്കളെ കൊല്ലാൻ അനുവാദം ഉണ്ടായിരുന്നു. എന്നാൽ 2001ലെ മൃഗ പ്രജന നിയന്ത്രണ (അനിമൽ ബർത്ത് കൺട്രോൾ - എബിസി )ചട്ടം നായ്ക്കളെ കൊല്ലുന്നത് വിലക്കി. 2023ൽ കേന്ദ്ര സർക്കാർ നിയമം പുതുക്കിയപ്പോൾ വന്ധ്യംകരണത്തിലൂടെ തെരുവു നായ്ക്കളുടെ എണ്ണം കുറയ്ക്കണമെന്നാണ് വ്യവസ്ഥ ചെയ്തത് .

ഈ ചട്ടപ്രകാരം പേ ബാധിച്ച നായ്ക്കളെപ്പോലും കൊല്ലാനാവില്ല, പ്രത്യേകം കൂട്ടിലിട്ട് നിരീക്ഷിക്കാനേ വ്യവസ്ഥ ചെയ്യുന്നുള്ളൂ. എന്നാൽ 2023 കേന്ദ്രം കൊണ്ടുവന്ന മൃഗങ്ങളോടുള്ള ക്രൂരത തടയൽ (മൃഗപരിപാലന രീതികളും നടപടിക്രമങ്ങളും) ചട്ടങ്ങളിലെ എട്ടാം വകുപ്പ് ദയാവധത്തിന് അനുമതി നൽകുന്നുണ്ട്. അതുപ്രകാരം ഏതു മൃഗത്തിനും ഗുരുതര രോഗമുണ്ടെന്നോ മറ്റു മൃഗങ്ങളിലേക്ക് രോഗം പടരാൻ സാധ്യതയുണ്ടെന്നോ ബോധ്യപ്പെട്ടാൽ അതിനെ ദയാവധത്തിന് വിധേയമാക്കാം. മൃഗജനന നിയന്ത്രണ ചട്ടത്തിന്‍റെ 15ാം വകുപ്പിൽ ദയാവധം സംബന്ധിച്ചും ദയാവധം നടത്തേണ്ട സമയത്തെക്കുറിച്ചും നായയെ മറവു ചെയ്യുന്നതിനും മറ്റും കൃത്യമായ വ്യവസ്ഥകളുണ്ട്.

ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയാത്ത വിധം രോഗബാധിതരും പരിക്കേറ്റു മരണതുല്യമായി കഴിയുന്നവയുമായ നായ്ക്കൾക്കാണ് ദയാമരണം പൊതുവേ അനുവദിക്കാറുള്ളത്. പേവിഷബാധയേറ്റവരുടെ കാര്യത്തിലും ഇതിന് തടസമില്ല. എന്നാൽ അപകടകാരികളായി മാറിയവരുടെയും കാര്യത്തിൽ ദയാമരണം ആകാമെന്നാണ് കോടതി വ്യക്തമാക്കിയത്. വേദനരഹിത മരണമാണിത്.

വന്ധ്യംകരണത്തിലൂടെ നായ്ക്കളുടെ എണ്ണം കുറയ്ക്കാൻ 2001ൽ എബിസി ചട്ടം നിലവിൽ വന്നതാണ്. എന്നാൽ സർക്കാരോ തദ്ദേശ സ്ഥാപനങ്ങളോ എബിസി പ്രോഗ്രാം കേരളത്തിൽ നടപ്പാക്കിയില്ല. 2015-16 മുതലാണ് കേരളത്തിൽ എബിസി പ്രോഗ്രാം നടപ്പാക്കി തുടങ്ങിയത്. 2001 മുതൽ നടപ്പാക്കിയിരുന്നെങ്കിൽ പ്രശ്നം ഇത്ര രൂക്ഷമാവില്ലായിരുന്നു. 2016 മുതൽ 2024 വരെ 8 വർഷം സംസ്ഥാനത്ത് വന്ധ്യംകരണം നടത്തിയത് 1.16 ലക്ഷം നായ്ക്കളെ മാത്രമാണ്. 2024 നവംബർ 1 മുതൽ 2025 സെപ്റ്റംബർ 30 വരെ 52,995 നായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ട്.

എല്ലാ തെരുവു നായ്ക്കളെയും വന്ധീകരിക്കുമെന്നും തദ്ദേശ സ്ഥാപനങ്ങളിൽ ഷെൽട്ടറുകൾ തുറക്കുമെന്നുമുള്ള പ്രഖ്യാപനം നാളിതുവരെ നടപ്പായിട്ടില്ല. ഷെൽട്ടർ ഹോം സംസ്ഥാനത്ത് തിരുവനന്തപുരം നഗരസഭയിൽ ഒഴികെ ഒരിടത്തും ആരംഭിച്ചിട്ടുമില്ല. തെരുവു നായ്ക്കളെ പിടികൂടി പാർപ്പിക്കാനുള്ള അഭയ കേന്ദ്രങ്ങൾ (ഷെൽട്ടറുകൾ) തുറക്കുന്നത് കേരളത്തിൽ പ്രായോഗികമല്ലെന്നാണ് കഴിഞ്ഞ സർക്കാരിലെ വകുപ്പ് മന്ത്രി വാദിച്ചിരുന്നത്. കോടികൾ അനുവദിക്കുന്നുണ്ടെങ്കിലും എബിസി ചട്ടം അനുവദിക്കുന്ന നിയന്ത്രണ നടപടികൾ കാര്യക്ഷമമായി കേരളത്തിൽ നടക്കുന്നില്ല .15 എബിസി കേന്ദ്രങ്ങൾ മാത്രമേ സംസ്ഥാനത്തുള്ളൂ. അവയിൽ പലതും പ്രവർത്തിക്കുന്നുമില്ല. സർക്കാർ മാറിയ സാഹചര്യത്തിൽ സത്വരമായ നടപടികൾ ജനം പ്രതീക്ഷിക്കുന്നു.

മത്സ്യ - മാംസ അവശിഷ്ടം യഥേഷ്ടം

തെരുവുകളിൽ മാംസം, മത്സ്യം അടക്കമുള്ളവയുടെ മാലിന്യത്തിന്‍റെ അനിയന്ത്രിമായ ലഭ്യതയാണ് തെരുവു നായ്ക്കളുടെ എണ്ണം വർധിക്കാൻ പ്രധാന കാരണം. ചിലർ തെരുവു നായ്ക്കൾക്കായി പ്രത്യേകം ഭഷണം തയാറാക്കി വിതരണം ചെയ്യുന്നുണ്ട്. വഴിയോരക്കടകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടവും നായ്ക്കൾക്ക് ലഭിക്കുന്നു. ഭക്ഷണ അവശിഷ്ടങ്ങൾ തെരുവിൽ വലിച്ചെറിയാതെ സംസ്കരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. പ്രാകൃത രീതിയിലുള്ള അറവുശാലകളും പരിസരങ്ങളും തെരുവു നായ്ക്കളുടെ വിഹാരരംഗമാണ്. റോഡുവക്കിൽ മുട്ടിനു മുട്ടിനു തുറന്നിരിക്കുന്ന മത്സ്യക്കടകളിലെ അവശിഷ്ടങ്ങളും പ്രശ്നമാണ്. പച്ചമാംസവും പച്ചമത്സ്യവും പച്ചച്ചോരയുമൊക്കെ കഴിക്കുന്ന നായകൾ കൂടുതൽ ക്രൗര്യമുള്ളവരാകുന്നു എന്നതും ശ്രദ്ധേയമാണ്.

നായ പ്രേമവുമായി രംഗത്തിറങ്ങുന്നവരുടെ പിന്നിൽ വമ്പൻ വാക്സിൻ ലോബികളാണെന്ന് പറയപ്പെടുന്നു. വന്ധ്യംകരണം, വാക്സിനേഷൻ നടപടികളെ പണമുണ്ടക്കാനുള്ള വഴിയായി ചില സർക്കാർ ഇതര സംഘടനകൾ കാണുന്നുവെന്ന വിമർശനം കോടതി വിധിയിലുണ്ട്. ഇത്തരം കരാറുകൾ എൻജിഒകൾക്ക് നല്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും കോടതി മുന്നറിയിപ്പു നൽകുന്നു.

സുപ്രീം കോടതിയിലെ കേസിൽ തെരുവു നായ്ക്കളുടെ പക്ഷം പിടിച്ച് ഒട്ടേറെ ഹർജികളാണ് ലഭിച്ചത്. അവയുടെ കടി കൊള്ളുന്ന മനുഷ്യരുടെ പക്ഷം പിടിക്കാൻ ഇത്രയും ആളില്ലല്ലോ എന്ന് കോടതി ചോദിക്കുകയും ചെയ്തു. തെരുവു നായ്ക്കൾക്കായി സുപ്രീം കോടതിയിൽ ഹാജരായത് മണിക്കൂറിന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന വക്കീലന്മാരാണ്.

തെരുവു നായ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ പരമോന്നത കോടതി ശ്രമിക്കുമ്പോൾ അതിന് ഇടങ്കോലിടാൻ ഇനി മൃഗസ്നേഹികൾ വരരുത്.

നായ്ക്കളെ ഷെൽട്ടറിൽ അടയ്ക്കുന്നതിനും മൃഗസ്നേഹികൾ എതിരാണ്. നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച്, വാക്സിൻ കൊടുത്ത് തെരുവിൽ വിട്ടയക്കുക എന്നതാണ് നായ പ്രേമികളുടെ വാദം. ഇതു തന്നെയാണ് വാക്സിൻ ലോബിയും പറയുന്നത്. വന്ധീകരിച്ചാലും നായ്ക്കൾ കടിക്കും. അത് അവർക്കറിയാം. കടി നടന്നാലേ വാക്സിൻ വിൽപ്പന നടക്കൂ.

പേവിഷ പ്രതിരോധത്തിന് കേരളത്തിൽ മാത്രം ഒരു വർഷം വാങ്ങുന്നത് 28 കോടി രൂപയുടെ വാക്സിനാണ്. കോടികളുടെ വ്യാപാരമാണ് ഇന്ത്യയിൽ വാക്സിൻ ലോബിയ്ക്കുള്ളത്. ഇവരുടെ പ്രേരണയാലാണ് നായ പ്രേമികൾ കരുക്കൾ നീക്കുന്നതെന്ന് പറയപ്പെടുന്നു.

വന്ധ്യംകരണം ഫലപ്രദം

തെരുവു നായ ശല്യം നിയന്ത്രിക്കാൻ പ്രായോഗികമായും ശാസ്ത്രീയമായും തെളിയിക്കപ്പെട്ട ഫലപ്രദമായ ഒരു മാർഗം വന്ധ്യംകരണമാണ്. പ്രജനനം കുറക്കാൻ ഉദ്ദേശിച്ചു കൊണ്ടുവന്ന പദ്ധതിയായ എബിസി (അനിമൽ ബർത്ത് കൺട്രോൾ) മുന്നോട്ടു പോകാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം. ഒപ്പം മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യത്തിൽ നിയന്ത്രണ നടപടി എന്ന നിലയിൽ സുപ്രീം കോടതി നിർദേശിച്ച ദയാവധവും ഉപയോഗപ്പെടുത്തണം.

കടുത്ത നായ പ്രേമികൾക്ക് പറ്റാവുന്നത്ര നായ്ക്കളെ അവരുടെ വീടുകളിലേക്കും കൊണ്ടുപോകാം. (അതിന് നായ പ്രേമികൾ തയ്യാറായി കാണുന്നില്ല!). പക്ഷേ പൊതുജനത്തിന് ശല്യമുണ്ടാക്കാതെ വളർത്തണം. ബാക്കിയുള്ളവയ്ക്ക് മൃഗശാലകളുടെ സ്ഥലമോ മറ്റിടങ്ങളോ കണ്ടെത്തി ഷെൽട്ടറുകൾ ഒരുക്കണം. അത് ആണിനും പെണ്ണിനും വെവ്വേറെ വേണം. വനാതിർത്തിക്കുള്ളിൽ ഉയരവും കരുത്തും ഉള്ള താത്കാലിക നിർമിതിയിലൂടെ ഷെൽറ്ററുകൾ ഒരുക്കാം. മലയോര കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി വന്യമൃഗങ്ങൾ അതിക്രമിച്ചു കടക്കുന്നതിനെ ഒരു പരിധി വരെ തടയാൻ ഇത് ഉപകരിക്കും. മറ്റു രാജ്യങ്ങളിലെ ഫലപ്രദ മാർഗങ്ങൾ കണ്ടെത്തി നടപ്പിലാക്കണം.

പേവിഷബാധയുണ്ടെന്നും അപകടകാരിയെന്നും വെറ്റിനറി സർജൻ സ്ഥിരീകരിച്ച നായ്ക്കളെ പിടികൂടി ഉടൻ കൊന്നുകളയണം. തെരുവു നായ്ക്കളുടെ കടിയേറ്റ് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരുക്ക് പറ്റിയവർക്കും ഉടൻ നഷ്ടപരിഹാരം നൽകണം. നഷ്ടപരിഹാരം ഇരകളുടെ അവകാശമാണ്.

പാൽ- പത്രം വിതരണ ജീവനക്കാർ, മത്സ്യ കച്ചവടക്കാർ, ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ, സൈക്കിൾ യാത്രക്കാർ, കാൽനടക്കാർ, പുലർകാല സവാരിക്കാർ എന്നിങ്ങനെ സാധാരണക്കാരും അവരുടെ മക്കളുമാണ് തെരുവു നായ്ക്കളുടെ കടിയേറ്റ് മരിക്കുന്നത്.

തെരുവിലല്ല നായ്ക്കളെ വളർത്തേണ്ടത്. ലോകത്തൊരിടത്തും തെരുവിൽ നായ്ക്കളെ വളർത്തുന്നില്ല. ഉത്തരേന്ത്യയിലെ ഗോശാലകൾ പോലെ നമുക്ക് ഇനി ശ്വാനാലയങ്ങൾ തുറക്കാം. അത്തരം ഷെൽറ്ററുകൾ ജനവാസ മേഖലയിൽ നിന്ന് അകലെയാവണമെന്നു മാത്രം.

പേ പിടിച്ചുള്ള ദാരുണ മരണത്തിലേക്ക് സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ജനങ്ങളെ ഇനിയും തള്ളി വിടരുത്. മനുഷ്യന്‍റെ ജീവനും ആരോഗ്യത്തിനും രക്ഷ വേണം. നായ്ക്കളെ പ്രതിയുള്ള മനുഷ്യരുടെ മനസാ സമാധാനമില്ലായ്മക്ക് അറുതി വേണം. രാജ്യമെങ്ങും മനുഷ്യനെ അലട്ടുന്ന പ്രശ്നമെന്നു മനസിലാക്കിയാണ് സുപ്രീം കോടതി ദേശീയ പ്രാബല്യമുള്ള ഈ ഉത്തരവിന് മുതിർന്നത്. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇത് അക്ഷരംപ്രതി പാലിച്ചാൽ കുറെയേറെ മനുഷ്യനെ രക്ഷിക്കാനും തെരുവു നായ ശല്യത്തിൽ നിന്ന് നാടിനെ മോചിപ്പിക്കാനും സാധിക്കും. തെരുവു നായ്ക്കളേക്കാൾ വിലയും നിലയുമർഹിക്കുന്ന മനുഷ്യരെ രക്ഷിക്കാൻ ഇനിയും അമാന്തിക്കരുത്.

(അഭിഭാഷകനും ട്രെയ്നറും മെന്‍ററുമായ ലേഖകൻ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളുടെ പരിശീലകനാണ്. ഫോൺ: 8075789768)

logo
Metro Vaartha
www.metrovaartha.com