വിഴിഞ്ഞത്ത് തമ്മിൽത്തല്ലി അവസരം പാഴാക്കരുത്

കേരളത്തിന്‍റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് ആഗോളതലത്തിൽ വലിയൊരു അംഗീകാരമാണിത്.
 vizhinjam port

വിഴിഞ്ഞം തുറമുഖം 

Updated on

ജ്യോത്സ്യൻ|ഗ്രഹനില

കേരളത്തിന്‍റെ വികസന ചരിത്രത്തിൽ വലിയൊരു അധ്യായം എഴുതിച്ചേർത്ത ഒന്നാണ് തിരുവനന്തപുരത്തെ വിഴിഞ്ഞം അദാനി അന്താരാഷ്‌ട്ര കണ്ടെയ്നർ തുറമുഖം. 2015 ഓഗസ്റ്റ് 17ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഇടപെടലുകളിലൂടെയാണ് വിഴിഞ്ഞം പദ്ധതിയുടെ ആദ്യ ധാരണാപത്രം ഒപ്പിടുന്നത്. ഈ പദ്ധതി മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കും എന്ന സംശയത്തിൽ തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ ഉയർന്നുവന്ന ശക്തമായ ജനകീയ സമരങ്ങൾ പദ്ധതിയുടെ ഭാവിയെപ്പോലും ഒരു ഘട്ടത്തിൽ ചോദ്യം ചെയ്തു. എന്നാൽ, പിന്നീട് അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാർ പ്രായോഗികമായ ഇടപെടലുകളിലൂടെ സമരക്കാരുടെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ ആശ്വാസം കണ്ടെത്തുകയും പദ്ധതി വിജയകരമായി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പങ്കെടുത്താണ് വൻകിട കപ്പലുകൾ എത്തുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ഉദ്ഘാടനം ചെയ്തത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ലോകത്തെ ഏറ്റവും വലിയ കപ്പലുകൾ ഉൾപ്പെടെ ആയിരത്തോളം കപ്പലുകളാണ് ഇതിനകം വിഴിഞ്ഞം തീരമണിഞ്ഞത്. കേരളത്തിന്‍റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് ആഗോളതലത്തിൽ വലിയൊരു അംഗീകാരമാണിത്.

വിഴിഞ്ഞം തുറമുഖത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് തങ്ങളുടെ കൈവശമുള്ള 13,200 കോടി രൂപയുടെ 49 ശതമാനം ഓഹരികൾ ലോകത്തെ പ്രമുഖ വിദേശ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് (എംഎസ്‌സി) കൈമാറാൻ തീരുമാനിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

കേന്ദ്ര ഏജൻസിയായ സെബിയുടെ അംഗീകാരം ഈ കരാറിന് ലഭിച്ച വാർത്ത പുറത്തുവന്ന ആദ്യ നാളുകളിൽ, പദ്ധതിയുടെ വിജയത്തിന്‍റെ ഉടമസ്ഥാവകാശത്തിനായി എൽഡിഎഫും യുഡിഎഫും പരസ്പരം മത്സരിക്കുന്നതാണ് കേരളം കണ്ടത്. സിപിഎം മുഖപത്രമായ ദേശാഭിമാനിയും കൈരളി ചാനലും ഇത് മുൻ ഇടതു സർക്കാരിന്‍റെ വൻ നേട്ടമായി ആഘോഷിക്കുകയും ചെയ്തു.

എന്നാൽ, സംസ്ഥാന സർക്കാരിന്‍റെ മുൻകൂട്ടിയുള്ള അനുമതി വാങ്ങാതെ സ്വകാര്യ കമ്പനിയായ അദാനി ഗ്രൂപ്പ് മറ്റൊരു വിദേശ കമ്പനിക്ക് ഓഹരികൾ വിൽക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ശക്തമായ നിലപാട്. കരാറിൽ ഇത്തരം അതൃപ്തി പുകയുമ്പോഴും, അംഗീകാരത്തിനായി അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.

എന്നാൽ, മുൻകൂട്ടി അനുവാദം വാങ്ങാതെ സെബിയുടെ അനുമതി തേടിയതിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പരസ്യമായിത്തന്നെ എതിർപ്പ് പ്രകടിപ്പിച്ചു. നിലവിൽ ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവരടങ്ങുന്ന ഉന്നതതല സമിതിയെ ഈ പ്രശ്നം പഠിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിലവിലെ രാഷ്‌ട്രീയ- സാമ്പത്തിക പശ്ചാത്തലത്തിൽ വിഴിഞ്ഞവുമായി ബന്ധപ്പെട്ട് ചില സുപ്രധാന ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്:

* 11 വർഷങ്ങൾക്ക് മുൻപ് ഉമ്മൻചാണ്ടി സർക്കാർ അദാനിയുമായി ഉണ്ടാക്കിയ കരാർ സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമാണോ എന്നും, പുതിയ ഓഹരി കൈമാറ്റത്തിലൂടെ അദാനി ഗ്രൂപ്പ് ഏകപക്ഷീയമായി കരാർ ലംഘിച്ചിട്ടുണ്ടോ എന്നും കൃത്യമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.

* വിഴിഞ്ഞം നടത്തിപ്പിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയ പിണറായി വിജയൻ സർക്കാർ മുൻ കരാറിലെ പോരായ്മകൾ എന്തെങ്കിലും കണ്ടെത്തിയിരുന്നോ? ഉണ്ടെങ്കിൽ അത് തിരുത്താൻ കഴിഞ്ഞ 10 വർഷത്തിനിടയിൽ എന്ത് നടപടിയാണ് സ്വീകരിച്ചത്?

* എംഎസ്‌സി പോലുള്ള ഒരു ആഗോള വമ്പൻ കമ്പനി കേരളത്തിലേക്ക് വരുന്നത് രാജ്യത്തിനും സംസ്ഥാനത്തിനും വലിയ നിക്ഷേപ സാധ്യതകളാണ് തുറന്നുനൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനായ് തകയ്ച്ചിയും തമ്മിൽ ഡൽഹിയിൽ നടത്തിയ ചർച്ചകൾക്ക് ശേഷം ഇന്ത്യയിലേക്ക് ഒഴുകുന്ന ജാപ്പനീസ് നിക്ഷേപങ്ങൾ രാജ്യത്തെ അനുകൂല സാഹചര്യത്തെയാണ് കാണിക്കുന്നത്. സമാനമായി വിഴിഞ്ഞത്ത് വരുന്ന ഈ 13,200 കോടിയുടെ നിക്ഷേപം വെറുമൊരു ഉദ്യോഗസ്ഥതല സമിതി മാത്രം പരിശോധിച്ചാൽ മതിയോ എന്ന ചോദ്യം പ്രസക്തമാണ്. ഇത് അന്തിമമായി സംസ്ഥാന മന്ത്രിസഭ ഒന്നിച്ച് ചർച്ച ചെയ്ത്, പ്രതിപക്ഷത്തെകൂടി വിശ്വാസത്തിലെടുത്ത് വേണം തീരുമാനിക്കാൻ.

രാഷ്‌ട്രീയ വിവാദങ്ങളുടെ പേരിൽ സംസ്ഥാനത്തേക്ക് വരുന്ന ഇത്രയും വലിയൊരു നിക്ഷേപത്തിന്‍റെ അന്തരീക്ഷം തല്ലിക്കെടുത്തരുത്. കേരളത്തിന്‍റെ "പൊൻമുട്ടയിടുന്ന താറാവായ' വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി ഭരണ- പ്രതിപക്ഷ കക്ഷികൾ പരസ്പരം ഏറ്റുമുട്ടുന്നത് കേരളത്തിന്‍റെ വികസനത്തെ പുറകോട്ടു നയിക്കും.

അതോടൊപ്പം ഈ പദ്ധതി മൂലം ജീവനോപാധി നഷ്ടപ്പെട്ട പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ. അവരുടെ പുനരധിവാസവും സുരക്ഷയും സമയബന്ധിതമായി പരിഹരിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. വൻകിട വികസനങ്ങളും ജനങ്ങളുടെ കണ്ണീരൊപ്പുന്ന ജനകീയ നയങ്ങളും ഒരുമിച്ചു കൊണ്ടുപോകുമ്പോൾ മാത്രമേ വിഴിഞ്ഞം പദ്ധതി പൂർണ അർഥത്തിൽ കേരളത്തിന്‍റെ വിജയമാകൂ എന്നാണ് ജോത്സ്യന് പറയാനുള്ളത്.

logo
Metro Vaartha
www.metrovaartha.com