നേപ്പാളിലെ പ്രളയത്തിന്‍റെ കാരണമറിയാം; തുടക്കം ലിരുങ് കൊടുമുടിയിൽ നിന്ന്

തൃശൂലി നദിയിൽ വെറും 30 മിനിറ്റിനുള്ളിൽ ജലനിരപ്പ് ഒമ്പതു മീറ്ററോളം ഉയർന്നതായാണ് റിപ്പോർട്ട്.
The cause of the Nepal floods revealed; it originated from Lirung Peak

നേപ്പാളിലെ പ്രളയത്തിന്‍റെ കാരണമറിയാം; തുടക്കം ലിരുങ് കൊടുമുടിയിൽ നിന്ന്

Updated on

കാഠ്മണ്ഡു: നേപ്പാളിനെ പ്രേതഭൂമിയാക്കിയ മിന്നൽ പ്രളയത്തിനു കാരണമെന്ത്? ദുരന്തമുണ്ടായി മണിക്കൂറുകൾ പിന്നിടുമ്പോഴും തീർപ്പുകൽപ്പിക്കാനായിട്ടില്ല പരിസ്ഥിതി- കാലാവസ്ഥാ വിദഗ്ധർക്ക്. ഹിമാനിയുടെ ഒരു ഭാഗം നൂറുകണക്കിനു മീറ്റർ താഴേക്ക് ഇടിഞ്ഞുവീണെന്നാണ് പ്ലാനറ്റ് ലാബ്സ് നൽകുന്ന ഉപഗ്രഹ ചിത്രം പരിശോധിച്ച വിദഗ്ധരുടെ പ്രാഥമിക നിഗമനം. എന്നാൽ, എന്തുകൊണ്ട് ഹിമാനി പൊട്ടിവീണു എന്നതു വ്യക്തമല്ല.

ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു നേപ്പാളിനെ നടുക്കിയ ദുരന്തം. ചൈന അതിർത്തിയോടു ചേർന്ന് അപ്രതീക്ഷിതമായി മിന്നൽ പ്രളയമുണ്ടാകുകയായിരുന്നു. റസുവഗധി അതിർത്തിക്കു സമീപം ഭോട്ടെകോശി നദിയിൽ ഞൊടിയിടയിൽ ജലനിരപ്പുയർന്നു. അസാധാരണമായി ജലനിരപ്പുയരുന്നത് കെട്ടിടങ്ങൾക്കു മുകളിൽ നിന്ന് അമ്പരപ്പോടെ നോക്കിനിന്നവരടക്കം നിമിഷങ്ങൾക്കുള്ളിൽ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടു. തീരത്തെ കെട്ടിടങ്ങളെല്ലാം തകർന്നു. റസുവഗധിക്കു താഴെയുള്ള റസുവ, നുവാക്കോട്ട്, ധഡിങ് തുടങ്ങിയ ജനവാസകേന്ദ്രങ്ങളെയെല്ലാം പ്രളയജലം തുടച്ചുനീക്കി. ഓർമയിൽ ഇങ്ങനെയൊരു പ്രളയം കണ്ടിട്ടില്ലെന്ന് നുവാക്കോട്ട് അസിസ്റ്റന്‍റ് ചീഫ് ഡിസ്ട്രിക്റ്റ് ഓഫിസർ കൃഷ്ണ പ്രസാദ് ഹുമഗെയിൻ പറഞ്ഞു.

തുടക്കം ലിരുങ് കൊടുമുടിയിൽ

ടിബറ്റൻ അതിർത്തിയിലെ 7245 മീറ്റർ ഉയരമുള്ള ലങ്ടങ് ലിരുങ് എന്ന കൊടുമുടിയിൽ നിന്നാണ് എല്ലാത്തിന്‍റെയും തുടക്കമെന്നു നേപ്പാളി ടൈംസ് ലേഖൻ കുന്ദ ദീക്ഷിത് പറയുന്നു. പൂർണമായും നേപ്പാളിന്‍റെ ഭൂപ്രദേശത്തുള്ള ഈ കൊടുമുടിയുടെ വടക്കൻ മുഖത്തെ ഹിമാനിയാണ് തകർന്നത്. ഇത് ഏകദേശം 1200 മീറ്റർ താഴേക്കുവീണു. തുടർന്നു പാറയും ഐസും വെള്ളവും എല്ലാം കൂടി ഒഴുകി നേപ്പാൾ- ചൈന അതിർത്തിയിലെ ലെൻഡെ നദിലെത്തി. കാലവർഷം മൂലം ഒലിച്ചെത്തിയ മണ്ണും പാറകളും ഈ നദിയിൽ താത്കാലിക തടാകം സൃഷ്ടിച്ചിരുന്നു. മിന്നൽപ്രളയമെത്തിയപ്പോൾ ഈ " അണ' തകർന്നു. മുൻപുണ്ടായിരുന്ന വെള്ളവും ഇപ്പോഴെത്തിയ ഐസും പാറകളും വെള്ളവുമെല്ലാം ചേർന്ന് താഴേക്കു കുതിച്ചു ഭോട്ടെകോശി നദിയിലെത്തി. പിന്നെയെല്ലാം നിമിഷങ്ങൾകൊണ്ടു കഴിഞ്ഞു. ഭോട്ടെ കോശിയിൽ നിന്ന് ഇതു തൃശൂലിയിലേക്കും പിന്നീടു താഴെയുള്ള ഭാഗങ്ങളിലേക്കും ഒഴുകി. തൃശൂലി നദിയിൽ വെറും 30 മിനിറ്റിനുള്ളിൽ ജലനിരപ്പ് ഒമ്പതു മീറ്ററോളം ഉയർന്നതായാണ് റിപ്പോർട്ട്.

അവസാനമില്ല, ഭീതിക്ക്

ലെൻഡെ നദിയിൽ അവശിഷ്ടങ്ങൾ അടിഞ്ഞുണ്ടായ തടസങ്ങൾ പൂർണമായി ഒലിച്ചുപോയിട്ടില്ലെന്നാണു നേപ്പാൾ ആഭ്യന്തര മന്ത്രി സുദാൻ ഗുരുങ് നൽകുന്ന മുന്നറിയിപ്പ്. ചൂടുകൂടിയാൽ വീണ്ടും മഞ്ഞുരുകും. ഇവിടെ ഇനിയും വലിയ തടാകം രൂപപ്പെടുകയും കഴിഞ്ഞ ദിവസത്തേതിനു സമാനമായി പൊട്ടിയൊഴുകുകയും ചെയ്യാം. എന്നാലിത് എപ്പോൾ സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ലെന്നും മന്ത്രി.

ചോട്ചെൻ, പുരുപ് സാങ്പോ നദികളുടെ സംഗമസ്ഥാനത്തിനു സമീപം വലിയൊരു തടാകം രൂപപ്പെട്ടിട്ടുണ്ടെന്ന് ചൈനീസ് ജലവിഭവ മന്ത്രാലയവും മുന്നറിയിപ്പു നൽകുന്നു. ഇവിടെ നിലവിൽ 20 ലക്ഷം ഘനയടി വെള്ളം കെട്ടിനിൽക്കുന്നുണ്ട്. വരും ദിവസങ്ങളിൽ 30 ലക്ഷം ഘനയടി വെള്ളം കൂടി ഈ തടാകത്തിലേക്കെത്തിയാൽ വീണ്ടുമൊരു പ്രളയമുണ്ടായേക്കാം. ടിബറ്റിൽ നിന്ന് ഉദ്ഭവിക്കുന്ന നദികളാണ് ചോട്ചെനും പുരുപ്പും. നേപ്പാളിലേക്ക് കടക്കുന്നതിനു തൊട്ടുമുൻപ് ഇവ രണ്ടും ചേരും. തുടർന്ന് ഭോട്ടെ കോശി നദിയായി മാറും. നേപ്പാളിലെ തൃശൂലി നദിയുടെ പ്രധാന പോഷകനദിയാണ് ഭോട്ടെ കോശി.

ഭൂചലനമുണ്ടായെന്ന് യുഎസ് ജിയോളജിക്കൽ സർവെ

ഭൂചലനസാധ്യതയാണ് നേപ്പാളി അധികൃതർ മുന്നോട്ടുവയ്ക്കുന്നത്. യുഎസ് ജിയോളജിക്കൽ സർവെയും ഇവിട ഭൂചലനമുണ്ടായി എന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭൂചലനത്തിൽ പുറന്തള്ളിയ ഊർജം ഹിമാനിയിലെ മഞ്ഞും പാറകളുമെല്ലാം കൂടി താഴേക്ക് പതിക്കാൻ ഇടയാക്കിയെന്നും ഈ അവശിഷ്ടങ്ങളാണ് ഭോട്ടെ കോശി നദീതീരത്തെ കവർന്നതെടുത്തതെന്നും കരുതുന്നു. ബുധനാഴ്ച രാവിലെ 8.37ന് ഗോസൈകുണ്ടയ്ക്ക് 47 കിലോമീറ്റർ വടക്ക് റിക്റ്റർ സ്കെയ്‌ലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട് യുഎസ് ജിയോളജിക്കൽ സർവെ.

ഹിമാനിയുടെ ഒരു വലിയ ഭാഗം പൊട്ടിത്തകർന്നു വന്നതാണ് ദുരന്തത്തിന്‍റെ തുടക്കമെന്നതിൽ സംശയമില്ലെന്നു സിക്കിം യൂനിവേഴ്സിറ്റിയിലെ ജിയോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്ന വിക്രം ഗുപ്ത പറയുന്നു. ദുരന്തത്തിന് 24 മണിക്കൂർ മുൻപു തന്നെ വൻതോതിൽ മഞ്ഞുരുകിയിരുന്നതായി ഉപഗ്രഹ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നത് കൽഗരി യൂണിവേഴ്സിറ്റി അധ്യാപകനും ഭൗമശാസ്ത്ര വിദഗ്ധനുമായ ഡാൻ ഷുഗറും ചൂണ്ടിക്കാട്ടുന്നു. അവിടെ താപനില ഉയർന്നിട്ടുണ്ടാകാമെന്നതിന്‍റെ സൂചനയാണിത്. ഏകദേശം 5200 മീറ്റർ ഉയരത്തിലുള്ള ഹിമാനിയുടെ താഴത്തെ ഭാഗം വേർപെട്ട് 1200 മീറ്റർ താഴേക്കു പതിച്ചതായാണ് ഉപഗ്രഹ ചിത്രങ്ങൾ പറയുന്നതെന്നും ഷുഗർ.

ആഗോള താപനം മൂലം നേപ്പാളിലെ മഞ്ഞുമൂടിയ മലനിരകളിൽ നിന്ന് മൂന്നിലൊന്നു മഞ്ഞ് കഴിഞ്ഞ 30 വർഷത്തിനിടെ നഷ്ടപ്പെട്ടതായി യുഎൻ 2023ൽ പറഞ്ഞിരുന്നു. വൻതോതിൽ കാർബൺ പുറന്തള്ളുന്ന ചൈനയ്ക്കും ഇന്ത്യയ്ക്കുമിടയിലെ ഹിമാലയൻ മേഖലയിലുള്ള നേപ്പാളിലെ ഹിമാനികൾ ഉരുകുന്നതിന്‍റെ വേഗം 65 ശതമാനം വർധിച്ചെന്നും യുഎൻ റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകിയിരുന്നു. ദുരന്തം കനത്ത നാശമുണ്ടാക്കിയ റസുവ ജില്ലയിലാണു നേപ്പാളിലെ ജലവൈദ്യുത പദ്ധതികളിൽ ഭൂരിപക്ഷവും സ്ഥിതി ചെയ്യുന്നത്. ഇവയെല്ലാം തകർന്നു.

logo
Metro Vaartha
www.metrovaartha.com