

രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ "ജയ് ജവാന് ജയ് കിസാന്‍' എന്ന മുദ്രാവാക്യം ഇപ്പോഴും ജനഹൃദയങ്ങളില്‍ കെടാതെ ജ്വലിക്കുകയാണ്. കര്‍ഷകർ രാജ്യത്തിന്റെ സമ്പത്താണ്. മൂന്നുനേരവും ജനങ്ങളെ തീറ്റിപ്പോറ്റുന്നത് അവരാണ്. കാര്‍ഷികവൃത്തിയില്‍ വലിയ സാമ്പത്തിക ലാഭം ലഭിക്കാറില്ലെങ്കിലും മനസിന് കുളിര്‍മ നല്കുന്ന ഒരു സാമ്പത്തിക സ്രോതസമാണ് കൃഷി. ഇവരെ ദ്രോഹിക്കുന്നത് അക്ഷ്യന്തമായ കുറ്റമാണ്.
അടുത്ത ദിവസങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കര്‍ഷകരെ ദ്രോഹിക്കുന്ന പ്രവൃത്തികള്‍ വളരെ വേദനയോടെയാണ് ജോത്സ്യന് കണ്ടത്. കോതമംഗലം പുതുപ്പാടി ഇളങ്ങടത്ത് 460 കുലവാഴകള്‍ വെട്ടി നിരത്തിയത് കൊലപാതകത്തിന് സമാനമായ ക്രൂരതയാണ്. ആ പ്രദേശത്തു കൂടി 220 കെ.വി ഹൈടെന്‍ഷന്‍ ലൈനുകള്‍ പോകുന്നുവെന്നും വാഴകളുടെ ഇലകള്‍ വൈദ്യുതി ലൈനില്‍ മുട്ടുന്നുവെന്നുമാണ് കെഎസ്ഇബിയുടെ പരാതി.
വൈദ്യുതാഘാതം മൂലം ഒരു ജീവന് നഷ്ടപ്പെടാനോ മറ്റെന്തെങ്കിലും അപകടം ഉണ്ടാകാനോ പാടില്ല എന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. എന്നാല്‍ ഓണം മുന്നില്‍ കണ്ട് വാഴകൃഷി ഇറക്കിയ കര്‍ഷകര്‍ക്ക് വേണ്ടി ഏതാനും ദിവസം കൂടി കാത്തുനില്ക്കാന് കെഎസ്ഇബിക്ക് കഴിയുമായിരുന്നില്ലേ? കുലച്ച വാഴകള്‍ വീണ്ടും പൊക്കം വയ്ക്കില്ലെന്നിരിക്കെ കര്‍ഷകന്റെ സഹകരണത്തോടെ വാഴയുടെ ഇലകള്‍ വെട്ടി മാറ്റിയാല്‍ മതിയാകുമായിരുന്നല്ലോ? യാതൊരു മുന്നറിയിപ്പും കര്ഷകന് നല്‍കാതെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഈ ഹീന പ്രവൃത്തി നടത്തിയത്.
460 വാഴകള്‍ വെട്ടി നിരത്തിയപ്പോള്‍ ഏകദേശം 4 ലക്ഷം രൂപയാണ് കര്ഷകന് നഷ്ടം വന്നിരിക്കുന്നത്. കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തുന്നതു പോലെ പരിപാലിച്ചെടുത്ത ഓരോ വാഴയും വെട്ടേറ്റ് കിടക്കുന്ന കാഴ്ച വേദനാജനകവും പ്രതിഷേധാര്ഹവുമായിരുന്നു. വെട്ടിയ വാഴകള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുമെങ്കിലും കര്‍ഷകന്റെ വിയര്‍പ്പിന്റെ വില മനസിലാക്കാതെ വാഴ നശിപ്പിച്ച ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണ്ടേതാണ്.
ഇതുപോലെ തന്നെയാണ് കുട്ടനാട്ടിലും സംഭവിച്ചത്. കുട്ടനാട്ടിലെ വന്‍കിട കര്‍ഷകനായിരുന്ന ജോസഫ് മുരിക്കന്‍ ഇന്നില്ല, പകരം ചെറുകിട കര്‍ഷകരാണുള്ളത്. ഇക്കഴിഞ്ഞ കനത്ത മഴയില്‍ പാടശേഖരങ്ങള്‍ വെള്ളത്തിലാവുകയും 5 മുതല്‍ 35 ദിവസം വരെ പ്രായമായ നെല്‍ച്ചെടികള്‍ നശിക്കുകയും ചെയ്തു. എന്നാല്‍ സാങ്കേതികത്വം പറഞ്ഞ് നഷ്ടപരിഹാരം നല്കാതിരിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. വിതച്ചിട്ട് 45 ദിവസം കഴിഞ്ഞ പാടശേഖരങ്ങളിലെ കൃഷി നശിച്ചാല്‍ മാത്രമേ നഷ്ടപരിഹാരമുള്ളൂ എന്നായിരുന്നു കൃഷി വകുപ്പിന്റെ നിലപാട്. വീണ്ടും വിതയ്ക്കാന്‍ വിത്ത് നല്കാത്തതിനാല് കര്‍ഷകര്‍ സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി വിത്തു വാങ്ങേണ്ട അവസ്ഥയാണ്.
എന്തു ബുദ്ധിമുട്ടുണ്ടെങ്കിലും, വീണ്ടും വീണ്ടും കൃഷി രീതിയിലേക്കു തിരിയുന്നത് അവര്‍ കര്‍ഷകരായതു കൊണ്ടാണ്. കൃഷി ഒരു ജീവിത മാര്‍ഗം മാത്രമല്ല, അവരുടെ ജീവിത രീതിയും ശൈലിയുമാണ്. വളരെ കഷ്ടപ്പെട്ട് മെതിച്ചെടുക്കുന്ന നെല്ലിന്റെ വില പലപ്പോഴും മാസങ്ങള്‍ കഴിഞ്ഞാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത് എന്നതും കര്‍ഷകരെ സംബന്ധിച്ച് ഒരു ദുരന്തം തന്നെയാണ്. ഇതെല്ലാം മൂലം മനംമടുത്ത് കൃഷി ഉപേക്ഷിക്കാനുള്ള പല കര്‍ഷകരുടെയും തീരുമാനം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്.
കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ബാങ്ക് ലോണ്‍ എടുത്ത പല കര്‍ഷകരും പലപ്പോഴും കടക്കെണിയില്‍ വീഴുകയാണ്. സ്വന്തം കിടപ്പാടവും കൃഷിഭൂമിയും മണ്ണില്‍ പണി എടുക്കുന്ന കര്ഷകന് നഷ്ടപ്പെടുന്നു. ഇത് എത്തിച്ചേരുന്നത് ആത്മഹത്യയിലാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇത് മനസിലാക്കി കടത്തില്‍ മുങ്ങിയ കര്‍ഷകര്‍ക്ക് കടാശ്വാസ പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പിലാക്കണം.
കര്ഷകരെപ്പോലെ തന്നെയാണ് മത്സ്യത്തൊഴിലാളികളുടെ ജീവിതവും. മുതലപ്പൊഴിയില്‍ ആവര്‍ത്തിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ദുരന്ത കഥകളാണ് നാം ദിവസവും കേള്‍ക്കുന്നത്. പുലിമുട്ട് നിര്‍മാണത്തിലെ അശാസ്ത്രീയത പഠിച്ച് പരിഹരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. അവര്‍ക്ക് നല്കാമെന്നറിയിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങിയാല്‍ പോരാ. അവയെല്ലാം കാലതാമസം കൂടാതെ നടപ്പിലാക്കാനുള്ള ആര്‍ജവം സര്‍ക്കാരും ഉദ്യോഗസ്ഥരും കാണിക്കണം.
ഈ കാലഘട്ടത്തില്‍ രാഷ്ട്രീയ നേതൃത്വത്തിനും ഉദ്യോഗസ്ഥര്‍ക്കും കര്‍ഷകരോടും മത്സ്യത്തൊഴിലാളികളോടും മാനുഷിക കാഴ്ചപ്പാടും പരിഗണനയും എല്ലാ കാര്യങ്ങളിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ് എന്നാണ് ജോത്സ്യന് പറയാനുള്ളത്.