

#ആര്. ഗോപാലകൃഷ്ണന്
നമ്മുടെ താരാട്ടുപാട്ടുകള്‍ അന്യം വന്നിട്ടില്ല; പൂര്‍വസൂരികള്‍ നൽകിയ താരാട്ടു സമ്പത്തുകള്ക്കു പുറമെ സിനിമാ ഗാനങ്ങളില്‍ നിന്നും പുതിയവ കണ്ടെത്താനാകുന്നുണ്ട്. താരാട്ടുകളും അമ്മമാരുടെ വാത്സല്യവും കൂടി ചേര്‍ത്തു നമ്മുടെ കൈക്കുഞ്ഞുങ്ങള്‍ക്കു പകര്‍ന്നു നൽകാനുമാകും. എന്നാല്‍, ശൂന്യത നേരിടുന്ന കാലം പിന്നീടാണ്. താരാട്ടിന്റെ ശൈശവകാലത്തില്‍ നിന്നു കുട്ടിക്കഥകളിലേക്കു വളരുന്ന കുട്ടിക്ക്, താളത്തില്‍ ഈണത്തില്‍ ചൊല്ലിക്കൊടുക്കാനുള്ള കഥകള്‍, അതുണ്ടോ നമുക്ക്? ഉണ്ടായിരുന്നു. അമ്മൂമ്മമാരുടെ വായ്മൊഴികളിലൂടെ തലമുറകളിലൂടെ പകര്‍ന്നുകൊണ്ടിരുന്ന അവയില്‍ പലതും ഇന്നത്തെ തലമുറ മറന്നു കഴിഞ്ഞു. നന്തനാരുടെ "ഉണ്ണിക്കുട്ടന്റെ ഒരു ദിവസം' പോലെ ചില കൃതികളില്‍ ഗവേഷണം നടത്തിയാല്‍ മാത്രമേ നമുക്കവയില്‍ ചുരുക്കം ചിലതെങ്കിലും കണ്ടെത്താനാകൂ.
പാട്ടുകള്‍ പോലുള്ള താളനിബദ്ധ വായ്ത്താരികളോടു കൂടിയ മുത്തശ്ശിക്കഥകള്‍ ഇല്ലാതായി എന്നു മാത്രമല്ല, അവ ചൊല്ലിക്കൊടുക്കാനുള്ള മുത്തശ്ശിമാരും നമ്മുടെ വീടുകളില്‍ ഇല്ലാതായിട്ട് ഏതാണ്ട് അരനൂറ്റാണ്ടുകാലമായി.
കവിയും കഥപറച്ചിലുകാരനുമായ സിപ്പി പള്ളിപ്പുറം ഇതിനൊരു പരിഹാരമായി ഒട്ടനവധി കഥകള്‍ നമുക്ക് സമ്മാനിച്ചു. താളപ്പാട്ടും വായ്ത്താരിയും ചേര്‍ത്ത്, അക്ഷരമുറയ്ക്കാത്ത ചെറിയ കുട്ടികള്‍ക്ക് ഉറക്കെ വായിച്ചു കൊടുക്കാന്‍, ചൊല്ലിക്കൊടുക്കാന്‍, പറ്റുന്ന താളനിബദ്ധമായ ആഖ്യാനത്തോടെയുള്ള ഇത്തരം "ചൊല്ലിക്കൊടുക്കും കഥകള്‍' സിപ്പി മാഷ് എഴുതിത്തുടങ്ങിയിട്ട് നാലു പതിറ്റാണ്ടിലേറെയായി.
സിപ്പി പറയുന്നു, "കുട്ടികള്‍ വായനക്കാരാകുന്നത് അച്ഛനമ്മമാരുടെ മടിത്തട്ടില്‍ വച്ചാണ്' എന്നു പ്രായമായവര്‍ പറയാറുണ്ട്. കുട്ടികളിലെ വായനാശീലം ഒരു "ലൈഫ്ടൈം പാക്കേജ്' ആയി വേണം എടുക്കാന്‍. അവയില്‍ ഉച്ചത്തില്‍ വായിച്ചു കൊടുക്കാവുന്ന കഥകള്‍ (READ ALOUD STORIES) ഉണ്ടാകണം. രണ്ടുമൂന്നു വയസാകുമ്പോള്‍ ഇത്തരം കഥകള്‍ വായിച്ചുകൊടുത്തു തുടങ്ങാം. അച്ഛനമ്മമാര്‍ അല്ലെങ്കില്‍ മുതിര്‍ന്നവര്‍ ആരെങ്കിലും ഈണത്തിലും താളത്തിലും അഭിനയിച്ചു കാണിച്ചും വേണം ഇവ വായിച്ചുകൊടുക്കാന്.' സിപ്പി മാഷ് പറഞ്ഞു നിര്‍ത്തുന്നു.
ഇത്തരത്തില്‍പ്പെട്ട പരമ്പരാഗതമായി മലയാളത്തിനു ലഭിച്ചിട്ടുള്ള ഒരു കഥയിലെ ദീര്‍ഘമായ "ഈ ചോദ്യം' (വായ്ത്താരി) പ്രസിദ്ധമാണ്:
തന്റെ മുട്ടകള്‍ മോഷണം പോയപ്പോള്‍ ദു:ഖത്തോടെ പ്രാവമ്മ പലരെയും സമീപിച്ചു; ആരും സഹായിച്ചില്ല. അവസാനം ഒരു ചൊട്ടനുറുമ്പിനോട് ആ പ്രാവമ്മ ചോദിച്ചു:- "ആഞ്ഞിലിപ്പൊത്തിലെ മുട്ടയെടുത്ത ആശാരിയുടെ ചേമ്പും ചേനയും കുത്താത്ത, വേടന്റെ ഞാണു കരളാത്ത, എലിയെ പിടിക്കാത്ത, പൂച്ചയെ കടിക്കാത്ത, പട്ടിയെ അടിക്കാത്ത, അപ്പൂപ്പന്റെ താടിയില്‍ പിടിക്കാത്ത, തീയ്യിനെ കെടുത്താത്ത, വെള്ളത്തെ കലക്കാത്ത, ആനയുടെ തുമ്പിക്കൈയില്‍ കടിക്കാമോ ചൊട്ടനുറുമ്പേ?' ആ ചൊട്ടനുറുമ്പ് മാത്രം പ്രാവമ്മയുടെ അപേക്ഷ കേള്‍ക്കുകയും മുട്ടകള്‍ വീണ്ടെടുക്കുകയും ചെയ്തു!
ഈ കഥാതന്തുവിന്റേതു പോലുള്ള ലോല കഥാരൂപത്തില്‍ കൊളുത്തിയിട്ട രസച്ചരട് പൊട്ടാതെ തന്നെ സിപ്പി പള്ളിപ്പുറത്തിന്റെ മാത്രം സംഭാവനയായ ആയിരത്തിലധികം ഇത്തരം ചൊല്ലിക്കൊടുക്കാനുള്ള മുത്തശ്ശിക്കഥകള്‍ മലയാള ബാലസാഹിത്യശാഖയെ സമ്പന്നമാക്കുന്നു.
"ബാല സാഹിത്യകാരന്' സിപ്പി പള്ളിപ്പുറം കഥകളുടെയും പാട്ടുകളുടെയും ഉറവ വറ്റാത്ത അക്ഷയഖനിയാണ്. തന്റെ ബാല്യകാലത്ത് അമ്മൂമ്മയില്‍ കഥകേട്ടു രസിച്ചു നേടിയതാണ് ഈ സര്‍ഗ്ഗസിദ്ധി എന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ട്.
1943 മെയ് 18ന് എറണാകുളം ജില്ലയിലെ വൈപ്പിന്‍ പള്ളിപ്പുറത്താണു ജനനം. 1966 മുതല്‍ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളില്‍ അധ്യാപകനായിരുന്നു. കഴിഞ്ഞ അഞ്ചര ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്തു പ്രവര്‍ത്തിച്ചുവരുന്നു.
മലയാളത്തിലെ ആദ്യകാല ബാലമാസികകളായ "ചിലമ്പൊലി' (1961 -1964); "പൂമ്പാറ്റ' (1964 -2004) എന്നീ പഴയ കാല ബാലമാസികകള്ക്കു പുറമെ "ബാലരമ', "തത്തമ്മ' തുടങ്ങിയ ഇപ്പോഴും സജീവമായുള്ള ബാലമാസികകള്‍ തുടങ്ങി ഇന്നുവരെ ഇറങ്ങിയ ഒട്ടു മിക്ക ബാലപ്രസിദ്ധീകരണങ്ങളിലും സിപ്പിയുടെ സാന്നിധ്യം അനിവാര്യഘടകമായി; അത് ഇന്നും അങ്ങനെ തന്നെ തുടരുന്നു.
സിപ്പിയുടേതായി ഇതിനകം ഇരുന്നൂറില്‍പ്പരം ബാലസാഹിത്യ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാല നോവലുകള്‍, കുട്ടിക്കഥകളുടെ സമാഹാരങ്ങള്‍, നഴ്സറിപ്പാട്ടുകള്‍,
ബാലകവിതകള്‍, കുട്ടികൾക്കായുള്ള കഥാപ്രസംഗങ്ങള്‍, അഭിനയഗാനങ്ങള്‍, ലഘു ഉപന്യാസങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലയില്‍ വരുന്നവയാണ് ഈ കൃതികള്‍ .
"കാട്ടിലെ കഥകള്‍' ഇംഗ്ലീഷിലേക്കും, "തത്തകളുടെ ഗ്രാമം' തമിഴ്- ഗുജറാത്തി, തെലുങ്ക് എന്നീ ഭാഷകളിലേക്കും ക്രേന്ദ്ര സാഹിത്യ അക്കാദമി വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഒരു ബാലസാഹിത്യകാരനു ലഭിക്കാവുന്ന എല്ലാ പുരസ്കാരങ്ങളും സിപ്പി പള്ളിപ്പുറത്തിനു കിട്ടിയിട്ടുണ്ട്; ദേശീയവും സംസ്ഥാനതലത്തിലും പ്രാദേശികവുമായ നിരവധി പുരസ്കാരങ്ങള്‍!
"ചെണ്ട' എന്ന കൃതിക്കു ബാലസാഹിത്യത്തിനുള്ള എന്‍സിഇആര്‍ടിയുടെ ദേശീയ അവാര്‍ഡ് (1984) ലഭിച്ചുകൊണ്ടാണു തുടക്കം; കേരള സാഹിത്യ അക്കാദമി ബാലസാഹിത്യ അവാര്‍ഡ്- രണ്ടു പ്രാവശ്യം (1991, 2013 എന്നീ വര്‍ഷങ്ങളില്‍ രണ്ടു വ്യത്യസ്ത ബാലസാഹിത്യ അവാര്‍ഡുകള്‍); സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്; ഈ ഇൻസ്റ്റിറ്റ്യൂട്ട് നല്കുന്ന ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സി. ജി. ശാന്തകുമാര്‍ അവാര്‍ഡ് (2009); കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രഥമ ബാലസാഹിത്യ പുരസ്കാരം (2010) തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു.
സിപ്പിക്ക് കിട്ടിയ അവാര്‍ഡുകളുടെയും അദ്ദേഹത്തിന്റെ കൃതികളുടെയും സമ്പൂര്‍ണ പട്ടിക അതിദീര്‍ഘമാണ്.
"മത്തായി കുഴപ്പക്കാരനല്ല' എന്ന സിനിമയില്‍ "വീരനായകന് ശൂരനായകന്‍' എന്ന ഗാനം രചിച്ചതു സിപ്പി പള്ളിപ്പുറമാണ്; ഇതിനു പുറമെ നിരവധി ഓഡിയോ -വീഡിയോ റെക്കോര്‍ഡുകള്‍ക്കായി സ്ക്രിപ്റ്റും ഗാനങ്ങളും രചിച്ചിട്ടുണ്ട്.
കുട്ടികള്‍ക്കു വേണ്ടിയുള്ള ധാരാളം റേഡിയോ പ്രഭാഷണങ്ങളും ടെലിവിഷന്‍ പരിപാടികളും ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഇവയില്‍ പലതും യുട്യൂബിലും മറ്റും ലഭ്യമാണ്.
സിപ്പി പള്ളിപ്പുറം എഴുതിയ ബാലകവിതകള്‍ അല്ലാത്ത കവിതകള്‍, എണ്ണത്തില്‍ കുറവാണെങ്കിലും, കുറെയേറെ ഉണ്ട്. അവയും താളനിബദ്ധമാണെന്നതിനാല് ആലാപന രസം ഏറുന്നവയാണ്. എന്നാല്‍, അവയൊന്നും ഇനിയും പുസ്തകരൂപത്തില്‍ സമാഹരിച്ചിട്ടില്ലെന്നു മാത്രം.
സാംസ്ക്കാരിക പ്രവര്ത്തകന്, വിദ്യാഭ്യാസ പരിഷ്ക്കര്‍ത്താവ് എന്നീ തലങ്ങളിലും സിപ്പി പള്ളിപ്പുറത്തിന്റെ സേവനം സ്തുത്യര്‍ഹമാണ്. സമസ്ത കേരള സാഹിത്യ പരിഷത്ത്, സഹോദരന് അയ്യപ്പന് സ്മാരക സമിതി എന്നിവയുടെ ഭരണസമിതി അംഗമാണ്.
കേന്ദ്ര സാംസ്ക്കാരിക വകുപ്പിന്റെ കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെയെല്ലാം അവതരിപ്പിക്കാൻ സ്വന്തമായി നൃത്തനാടകങ്ങളുടെയും ബാലെകളുടെയും സ്ക്രിപ്റ്റ് രചിക്കുകയും ചെയ്തു. അഭിജ്ഞാന ശാകുന്തളം ബാലെ, കണ്ണകി ബാലെ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നവയാണ്.
ഈ രചനകളില്‍ പലതും സംസ്ഥാന മലയാള പാഠാവലികളിലും, സിബിഎസ്ഇ മലയാള പാഠാവലികളിലും ചേര്ത്തിട്ടുണ്ടന്നെതിനു പുറമെ, ഭാഷാപഠനം മെച്ചമാക്കാനുള്ള പല പ്രവര്‍ത്തനങ്ങളും ചെയ്തിട്ടുണ്ട്. അതിന്റെ പേരില്‍ പ്രശസ്തമായ പല അധ്യാപക ബഹുമതികളും ലഭിച്ചിട്ടുണ്ട്.
സിപ്പി മാഷിന്റെ ഭാര്യ മേരി സെലിന് അദ്ദേഹം പഠിപ്പിച്ച പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളില്‍ തന്നെ ടീച്ചറായിരുന്നു, മക്കളായ ശാരികയും നവനീതും അധ്യാപകരാണ്.
(കുട്ടികളുടെ ദ്വൈവാരികയായിരുന്ന "പൂമ്പാറ്റ'യുടെ മുഖ്യ പത്രാധിപരും സാഹിത്യ അക്കാഡമി, ലളിതകലാ അക്കാഡമി എന്നിവയുടെ സെക്രട്ടറിയുമായിരുന്നു ലേഖകൻ).