Transition from Ram to Ravan, satire

നമ്മൾ ഒരു സമൂഹം എന്ന നിലയിൽ രാമനിൽനിന്ന് വളർന്നു രാവണനിലേക്ക് എത്തിക്കഴിഞ്ഞു...

Artistic representation

എന്‍റെ നാട്ടിലെ ശുഭലക്ഷണങ്ങൾ

ചങ്കുറപ്പും കരളുറപ്പുമുള്ള ഒരു രാവണസമൂഹത്തിന്‍റെ സ്വഭാവങ്ങൾ നമ്മൾ സ്വായത്തമാക്കിയിട്ടുണ്ടെന്നു വിവിധ ലക്ഷണങ്ങൾകൊണ്ട് മനസിലാക്കാം...

ക്വാറന്‍റൈൻ | കെ.ആർ. പ്രമോദ്

(ഫോൺ: 9447809631)

ഇത് രാവണന്‍റെ കാലമാണ്. നമ്മൾ ഒരു സമൂഹം എന്ന നിലയിൽ രാമനിൽനിന്ന് വളർന്നു രാവണനിലേക്ക് എത്തിക്കഴിഞ്ഞു. ചങ്കുറപ്പും കരളുറപ്പുമുള്ള ഒരു രാവണസമൂഹത്തിന്‍റെ സ്വഭാവങ്ങൾ നമ്മൾ സ്വായത്തമാക്കിയിട്ടുണ്ടെന്നു വിവിധ ലക്ഷണങ്ങൾകൊണ്ട് മനസിലാക്കാം.

നമ്മുടെ അന്തരംഗത്തെ അഭിമാനപുളകിതരാക്കുന്ന ഈ ശുഭലക്ഷണങ്ങൾ എന്തൊക്കെയാണ്?

MV Graphics

ഒന്നാം ലക്ഷണം

കുറ്റകൃത്യങ്ങൾ, ക്രൈം വാർത്തകൾ, അക്രമ സിനിമകൾ, അസഭ്യ ഗാനങ്ങൾ, രക്തമയമായ ഭക്ഷണരീതികൾ എന്നിവയൊക്കെ ആരാധിക്കുന്ന യുവസമൂഹം ഈ രാവണഭൂമിയിൽ രൂപപ്പെട്ടുകഴിഞ്ഞു എന്നതാണ് പ്രഥമ ശുഭലക്ഷണം.

രാവണായനം പാട്ടുകളായും കഥകളായും നോവലുകളായും സ്‌റ്റേജ്ഷോകളായും ചാനൽപ്പരിപാടികളായും പടപ്പാട്ടുകളായും തെറിപ്പാട്ടുകളായും കൂരായണമായും പ്രചരിക്കുന്നു. അവ കേൾക്കാനും കാണാനും സമയവും പണവും ഊർജവും ചെലവഴിച്ചു നാനാദിക്കുകളിൽ നിന്നും പൈതങ്ങൾ വന്നെത്തിക്കൊണ്ടിരിക്കുന്നു. സർവശക്തരായ ഏതോ സൃഗാലരുടെ സഹായത്താൽ പുതിയ ചരിത്രബോധവും രംഗബോധവും സൃഷ്ടിക്കപ്പെടുകയാണ്. ഇതിനൊക്കെ ശക്തിപകരുന്ന അദൃശ്യശക്തികൾ ഏതോ ഏഴാംസ്വർഗത്തിൽ വിഹരിക്കുകയാണ്.

അഴുക്കുകളിൽ നിന്ന് ഊർജം നിർമിച്ചു സംഭരിക്കുന്ന സാങ്കേതികതയുടെ സഹായംകൂടി ലഭ്യമായതോടെ അഴകും അഴുക്കും തിരിച്ചറിയാനുള്ള അളവുകോലുകൾക്കും മാറ്റം വന്നിരിക്കുന്നു.

രണ്ടാം ലക്ഷണം

അടുത്തയിടെ ഒരു പട്ടണത്തിലെ ചന്തസ്ഥലത്ത് 'കശാപ്പുകത്തി മേള' എന്ന ബോർഡ് പ്രത്യക്ഷമായത് മറ്റൊരു ശുഭലക്ഷണമാണ്. ചന്തയിൽ മാത്രമല്ല, നാട്ടിലും വീട്ടിലും കശാപ്പുകത്തികൾക്ക് വലിയ ഡിമാൻഡുണ്ട്. നാവിന് കശാപ്പുകത്തിയെക്കാൾ മൂർച്ച വരുത്തുന്നയാളാണ് വീരപുരുഷനും റോൾമോഡലുമാകുന്നത്.

മിണ്ടാപ്രാണികളെ പിന്തുടർന്നു വയറുകീറി കൊല്ലുക, വയറുനിറയെ തിന്നുക, എതിരാളിയെ ഇഞ്ചിഞ്ചായി നിഗ്രഹിക്കുക, പ്രാണവേദനകൾ കണ്ടുരസിക്കുക, പുഞ്ചിരിച്ചുകൊണ്ട് കഴുത്തറക്കുക തുടങ്ങിയ ധീരവും നൂതവുമായ കൃത്യങ്ങൾക്ക് ഉശിരുകാട്ടുന്ന ഒരു ആൾക്കൂട്ടമാണ് പ്രത്യാശയുടെ പുതിയ ആകാശവും ഭൂമിയും സൃഷ്ടിക്കുന്നത്.

മൂന്നാം ലക്ഷണം

ഗാന്ധിജിയുടെ പേരുപറഞ്ഞ് മേനി നടിക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ സ്വദേശിപ്രസ്ഥാനത്തിനും പ്രകൃതിബോധത്തിനും പുല്ലുവിലപോലും കിട്ടില്ലെന്നതാണ് വേറൊരു ആശാവഹമായ മാറ്റം. കാട്ടിലെ മൃഗങ്ങളെ വെടിവച്ചാൽ മാത്രം പോരാ, കൊന്നുതിന്നാനും അനുവാദം കൊടുക്കണമെന്നു പറയുന്നത് സർക്കാർ സചിവന്മാർ തന്നെയാണ്!

പിഞ്ചുകുട്ടികളുടെ വായിൽ ഉപ്പുമാവിനു പകരം കോഴിബിരിയാണി ശക്തിമരുന്നായി നൽകണമെന്ന ഉത്തരവ് എല്ലാവരാലും സസന്തോഷം സ്വീകരിക്കപ്പെട്ടുകഴിഞ്ഞു. ബ്രോയിലർ ചിക്കനിൽ നിന്ന് മട്ടണിലേക്കും ബിയറിലേക്കും മദ്യത്തിലേക്കും നനാതരം ലഹരി വടകങ്ങൾ പകരുന്ന സുഖങ്ങളിലേയും കുട്ടികൾക്ക് അനായാസം സഞ്ചരിക്കാൻ ഇതോടെ ഉഗ്രൻ അവസരം കൈവന്നിരിക്കയാണ്.

ശ്രീനാരായണഗുരുവിനെ സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിക്കുന്നവർ അദ്ദേഹത്തിന്‍റെ 'ജീവകാരുണ്യപഞ്ചക'വും 'അനുകമ്പാദശക'വും തുറന്നുനോക്കാത്തത് നന്നായി. 'കൊല്ലാവ്രതവും' 'തിന്നാവ്രതവും' ഏറ്റവും ഉത്തമമാണെന്നാണല്ലാ ഗുരു പറഞ്ഞത്. എന്നാൽ, ആസുരവും ആസ്വാദ്യകരവുമായ ഭക്ഷണരീതിയും ലൈഫ്സ്റ്റൈലും ആംഗൻവാടിതലം മുതൽ നടപ്പാക്കുന്നതിൽ ആശങ്ക വേണ്ടെന്നാണ് നവസമൂഹത്തെ വാർത്തെടുക്കുന്ന കരാറുകാർ പറയുന്നത്. ഒരു പഞ്ചായത്തിൽ ഒരു ഡയാലിസിസ് കേന്ദ്രം എന്ന സൗകര്യം നടപ്പായാൽ സർവചരാചരങ്ങൾക്കും ആയുരാരോഗ്യസൗഖ്യം ഉറപ്പാവുമത്രെ. പിന്നെ നാരായണീയം വായിക്കേണ്ട കാര്യമില്ലെന്നർഥം.

നാലാം ലക്ഷണം

നമ്മുടെ ഗതകാലമൂല്യങ്ങളെ ഗളഹസ്തം ചെയ്യുന്നതാണ് മറ്റൊരു ശുഭലക്ഷണം. ഗുജറാത്ത് പോലുള്ള ഫാസിസ്റ്റുഭൂമിയിൽ വലിയൊരു വിമാനാപകടം സംഭവിച്ചപ്പോൾ അതിൽ മരിക്കുന്ന സ്ത്രീകളെപ്പോലും പുലയാട്ടു നടത്തി അനുമോദിക്കുന്ന മര്യാദാപുരുഷോത്തമന്മാരായ മേൽമീശക്കാരുടെ ലക്ഷ്യം പുതിയ മൂല്യങ്ങളുടെ ലോകം നിർമിക്കുകയെന്നതാണ്. നിലമ്പൂരിൽ ലക്ഷങ്ങൾ ദുർവ്യയംചെയ്തു നടത്തുന്ന ചെറിയൊരു മാമാങ്കത്തിൽ കരുവാരക്കുണ്ടിലെ വിശേഷങ്ങൾക്കൊപ്പം ഇസ്രയേലും ഇറാനും ഗാസയും മറ്റു പശ്ചിമേഷ്യൻ കുണ്ടാമണ്ടികളും വിഷയമാകുന്നതിനു കാരണവും മറ്റൊന്നല്ല. ഈ വിശാലവിശ്വദർശനം നമ്മുടെ രാജ്യത്തിന്‍റെ കാര്യത്തിൽ

അനുവദനീയമല്ലതാനും. ഭൂമിയെക്കുറിച്ചുള്ള ഭാരതീയ മാതൃസങ്കൽപ്പം പോലും മേലിൽ പരാമർശിക്കേണ്ടതില്ല. സാരിചുറ്റി, സിന്ദൂരം ചാർത്തിയ ഒരു മാതാവിനെയും വെറുതെ വിടേണ്ടകാര്യമില്ലെന്ന പൊതുബോധമാണ് നടപ്പിലായിരിക്കുന്നത്. നെറ്റിയിൽ സിന്ദൂരംചാർത്തുന്ന അനാചാരം നാട്ടിൽനിന്ന് മറയുകയാണെന്നതും ആഹ്ലാദകരമായ ലക്ഷണമാണല്ലോ. എന്നാൽ പശ്ചിമേഷ്യയിലെ ഓരോ ചരിത്രവും പൗരധർമവും വസ്ത്രധാരണരീരികളും ലോക്കൽ രാഷ്ട്രീയക്കളരികളിൽപ്പോലും ആദരണീയമായ പാഠങ്ങളാണുതാനും.

അഞ്ചാം ലക്ഷണം

മഹാദുരന്തം സംഭവിച്ച വീടുകളുടെ അകത്തളങ്ങളിൽ മൈക്കും കാമറയുമായി കയറിപ്പറ്റി ദുഃഖിതരായ മനുഷ്യരുടെ സ്വകാര്യതയെ ഭേദിക്കുന്ന കഴുതപ്പുലികളാണ് മറ്റൊരു അവലക്ഷണം. പണത്തിനും പബ്ലിസിറ്റിക്കും റേറ്റിങ്ങിനും വേണ്ടി എന്തു ത്യാഗവും ചെയ്യുന്ന ഇക്കൂട്ടർ നാൽക്കവലകളിലെ നാരദന്മാരുടെ തലതൊട്ടപ്പന്മാരായി വിളങ്ങുമ്പോൾ 'സത്യം വദഃ, ധർമം ചരഃ' എന്ന ആപ്തവാക്യം അറബിക്കടലിൽ ലയിക്കുന്നു.

നമ്മുടെ ഒരു യാത്രാവിമാനം തകർന്നുവീണെന്ന വാർത്തയറിഞ്ഞപ്പോൾത്തന്നെ ഈ വ്യാഘ്രസംഘത്തിൽ ഉത്സാഹം മൊട്ടിട്ടിരുന്നു. യാത്രക്കാരിൽ ഒരു മലയാളിയെങ്കിലും കാണുമെന്നും അതോടെ മറ്റു ചാനൽപ്പരിപാടികൾ നിർത്തിയശേഷം മലയാളിവികാരം മുതലെടുത്ത് ഇനിയുള്ള കുറച്ചു ദിവസങ്ങൾ സൃഷ്ടിപരമായി രാജ്യസേവനം നടത്താമെന്നുമായിരുന്നു ഈ നന്മമരങ്ങളുടെ മനോഗതികൾ. കാലസ്ഥിതിയനുസരിച്ച് അവരുടെ മനോഗതം ഫലം കണ്ടു. അപകടത്തിനിരയായവരുടെ അടുക്കളയിലും അരങ്ങത്തും അറപ്പുരയിലും ക്യാമറകൾ സ്വകാര്യതകൾ തിരഞ്ഞ് ദുഃഖം ചികഞ്ഞു, റേറ്റിങ് ഉയർത്തി.

വാൽക്കഷണം

നവയുഗപ്പിറവിക്കുവേണ്ട സർവലക്ഷണങ്ങളും തികഞ്ഞിരിക്കുന്ന സ്ഥിതിക്ക് പുതിയ പ്രഭാതം വിടരാൻ കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞെന്നാണ് 'ജ്ഞാനപ്പാന'യിലെ കലികാലവിവരണങ്ങൾ തെളിയിക്കുന്നത്. ഇതൊക്കെയോർത്ത് നിന്തിരുവടിയുടെ സവിധത്തിലേക്ക് സന്താപനാശനത്തിനായി വണ്ടികയറാമെന്നുവച്ചാൽ അവിടെയും സ്ഥിതി മറിച്ചല്ല! പൂന്താനം പകരുന്ന എളിമയും തെളിമയും ഭക്തിയും വിഭക്തിയും അറിയണമെങ്കിൽ എളിയിൽ പച്ചനോട്ടുകൾ കരുതണം. സാരമില്ല, ഈ ലോകത്തിന്‍റെ പരിച്ഛേദം തന്നെയാണല്ലോ അവിടവും!

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ -

ക്കണ്ടില്ലെന്നു വരുത്തുന്നതും

രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ -

തണ്ടിലേറ്റി നടത്തുന്നതും

മാളികമുകളേറിയ മന്നന്‍റെ

തോളിൽ മാറാപ്പു കേറ്റുന്നതും -

ഭവാനാണല്ലോ എന്നതു മാത്രമാണ് ഒരാശ്വാസം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com