പെരുവനം സതീശൻ മാരാർ, പെരുവനം പ്രകാശൻ
അജയൻ
ചരിത്രപരമായൊരു തലമുറമാറ്റത്തിനു സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ഇത്തവണത്തെ പെരുവനം-ആറാട്ടുപുഴ പൂരങ്ങൾ. രണ്ടു സഹോദരങ്ങൾ മേള പ്രമാണത്തിലേക്ക് കൊട്ടിക്കയറുന്ന അപൂർവമുഹൂർത്തം. ആറാട്ടുപുഴയിലെ മഹാ ദേവമേളയിൽ 25 വർഷത്തെ പ്രമാണം പെരുവനം കുട്ടൻ മാരാരിൽനിന്ന് ഏറ്റെടുക്കുന്നത് പെരുവനം സതീശൻ മാരാരാണ്, ഏപ്രിൽ ഒമ്പതിന്. സതീശനിൽനിന്ന് അനുജൻ പെരുവനം പ്രകാശൻ ഏപ്രിൽ ആറിനു ചാത്തക്കുടം മേളത്തിന്‍റെ പ്രമാണവും ഏറ്റെടുക്കും. കുടുംബത്തിന്‍റെ സമ്പന്നമായ മേള പൈതൃകത്തിന്‍റെ മനോഹരമായ പരിണാമഘട്ടം.
പെരുവനം പ്രകാശൻ , പെരുവനം സതീശൻ മാരാർ,
ചക്കംകുളം ശൈലിയുടെ ഗാംഭീര്യമാർന്ന പ്രകടനമായിരിക്കും പ്രധാന ആകർഷണം. കേരളത്തിലാകമാനം മേളത്തിനു പ്രചാരമുണ്ടെങ്കിലും പെരുവനത്തും ആറാട്ടുപുഴയിലും അവതരിപ്പിക്കുന്ന പെരുവനം ശൈലി അതിന്‍റെ മൗലികമായ വശ്യതയും ആധികാരികതയും നിലനിർത്തിപ്പോരുന്നു. ഈ പാരമ്പര്യത്തിൽ ഒരു വകഭേദം പോലെ സവിശേഷമായി നിലനിൽക്കുന്നതാണ് ചക്കംകുളം ശൈലി. ഇപ്പോഴതിന്‍റെ പ്രയോക്താക്കളിൽ പ്രമുഖരാണ് സഹോദരങ്ങളായ പെരുവനം സതീശൻ മാരാരും പെരുവനം പ്രകാശനും. ചക്കംകുളം അപ്പു മാരാരുടെയും അദ്ദേഹത്തിന്‍റെ മുൻഗാമികളുടെയും പൈതൃകത്തിലാണ് ഈ ശൈലിയുടെ വേരുകൾ. ഇപ്പോൾ അദ്ദേഹത്തിന്‍റെ മക്കളായ സതീശനും പ്രകാശനും തലമുറകളിലൂടെയുള്ള ഈ ശൈലിയുടെ പിന്തുടർച്ച ഉറപ്പാക്കുന്നു.
പെരുവനം സതീശൻ മാരാർ
45 വർഷമായി താളവാദ്യരംഗത്തെ അതികായനായ പെരുവനം സതീശൻ മാരാരുടെ പരിചയസമ്പന്നമായ കൈകളിലാണ് ഇത്തവണത്തെ ആറാട്ടുപുഴ പൂരത്തിന്‍റെ മേള പ്രമാണം. ഏകദേശം. 39 വർഷത്തിലേറെയായി പൂരാവേശത്തിന്‍റെ താളപ്പെരുക്കങ്ങളിലെ അവിഭാജ്യ ഘടകമാണ് അദ്ദേഹം. താളവാദ്യ രംഗത്തെ മഹത്തായ ആ യാത്രയുടെ ഉത്തുംഗമാണീ പ്രമാണിത്തം. ആറാട്ടുപുഴ പൂരത്തിന്‍റെ മേളത്തിലും തിരുവാതിര വിളക്കു മേളങ്ങൾക്കും നേതൃത്വം നൽകുന്നത് വ്യക്തിപരമായൊരു നാഴികക്കല്ല് മാത്രമല്ല അദ്ദേഹത്തിന്; പതിറ്റാണ്ടുകളായി ആവേശത്തോടെ ഉയർത്തിപ്പിടിക്കുന്ന ഒരു കലാരൂപത്തിനു ലഭിക്കുന്ന ആദരം കൂടിയാണ്.
സതീശൻ മാരാരുടെ സിരകളിൽ ആഴത്തിൽ പതിഞ്ഞതാണാ താളം; തലമുറകളായി കൈമാറി കിട്ടിയ പൈതൃകം. അറുപതാം വയസിലെത്തിനിൽക്കുന്ന ഈ മേളമാന്ത്രികന്‍റെ, താളവാദ്യ ലോകത്തേക്കുള്ള യാത്ര അഞ്ചാം ക്ലാസിൽ ആരംഭിച്ചതാണ്, സ്കൂൾ യുവജനോത്സവത്തിൽ. കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച, താളാത്മകമായ ആ യാത്രയിലെ ഓരോ വിജയത്തെയും മൂന്ന് ഉന്നത വ്യക്തിത്വങ്ങളുടെ അനന്തമായ കൃപയായാണ് അദ്ദേഹം കണക്കാക്കുന്നത് - ഗുരു കുമാരപുരം അപ്പു മാരാർ, അച്ഛൻ ചക്കംകുളം അപ്പു മാരാർ, അമ്മാവൻ പെരുവനം അപ്പു മാരാർ.
ഭരണി ഉത്സവത്തിനു കാറളം കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലെ അടിയന്തരത്തിന് അമ്മാവൻ അടക്കമുള്ള പ്രമുഖരെ അനുഗമിക്കുന്നത് സതീശനെ സംബന്ധിച്ച് അചഞ്ചലമായ കുടുംബ പാരമ്പര്യമായിരുന്നു. ഒരിക്കൽ അമ്മാവൻ രോഗബാധിതനായി വീട്ടിലേക്കു മടങ്ങുന്ന സമയത്താണ്, അടുത്ത വർഷം മുതൽ സതീശനെ ചുമതലയേൽപ്പിക്കാൻ അദ്ദേഹം നിർദേശിക്കുന്നത്. അങ്ങനെ, വെറും 21 വയസുള്ളപ്പോൾ അനന്തരവൻ അവിടെ പ്രമാണിയായി, ജീവിതത്തിൽ ആദ്യമായി മേളം നയിച്ചു. താമസിയാതെ വൈലൂർ ക്ഷേത്രോത്സവത്തിൽ രണ്ടാമത്തെ പ്രധാന നാഴികക്കല്ല്. അവിടെ ക്ഷേത്രം ട്രസ്റ്റിയാണ് പ്രാമാണ്യം ഏറ്റെടുക്കാൻ നിർബന്ധിച്ചത്; അച്ഛന്‍റെ അഭിലാഷങ്ങൾ കൂടി പ്രതിഫലിക്കുന്നതായിരുന്നു ആ ആവശ്യം. പ്രമാണി എന്ന നിലയിൽ തന്‍റെ ആദ്യ അനുഭവം ഭയത്തിന്‍റെ ആഴം കൂടി കാണിച്ചുതന്നതായിരുന്നുവെന്ന് സതീശൻ എളിമയോടെ ഓർമിക്കുന്നു, ഇന്നും നിലനിൽക്കുന്ന ഒരു വികാരം.
പെരുവനം സതീശൻ മാരാർ
പഞ്ചാരിമേളത്തിന്‍റെ ജന്മദേശമായ പെരുവനം പവിത്രമായൊരു വേദിയാണ്, അവിടെ കൊട്ടുന്നത് മികവിനായുള്ള അഭിവാഞ്ഛയെ പ്രോജ്വലിപ്പിക്കുന്ന അനുഭൂതിയാണെന്നും സതീശൻ പറയുന്നു. ആവേശം അലയടിക്കുന്ന പുരുഷാരത്തിനു നടുവിൽ നിൽക്കുമ്പോഴെല്ലാം, തന്‍റെ വംശപരമ്പരയുടെ ഘനം തിരിച്ചറിയാറുണ്ട്. എളിമയിലേക്കുയർത്തുന്ന അഗാധമായൊരു ആദരമാണത്. ശാന്തമായൊരു ഭയമെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നത് അതിനെയാണ്. ആദരവിൽനിന്നും പൈതൃകത്തിൽനിന്നും പാരമ്പര്യത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയിൽനിന്നും ഉരുവാകുന്ന ഒന്ന്.
സതീശൻ ആദ്യമായി ചാത്തക്കുടം മേളം നയിക്കുന്നത് 1999ലാണ്. ഐതിഹാസികമായ ആറാട്ടുപുഴ, പെരുവനം പൂരങ്ങളിൽ നിർണായക പങ്കു വഹിക്കുന്ന സംഘത്തിന്‍റെ നേതൃത്വം. 26 വർഷക്കാലം അദ്ദേഹം പാരമ്പര്യത്തെ അചഞ്ചലമായ സമർപ്പണത്തോടെ ഉയർത്തിപ്പിടിച്ചു. ഇപ്പോൾ, ആ പദവി ഇളയ സഹോദരൻ പ്രകാശനു കൈമാറുന്നു.
കേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ താളാത്മകമായ മഹത്വത്തിലൂടെ തന്‍റെ യാത്രയെ നയിച്ച ഗുരുവിന്‍റെയും പൂർവികരുടെയും അനുഗ്രഹങ്ങളെ സതീശൻ ആഴമേറിയ ഭക്തിയോടെ അംഗീകരിക്കുന്നു. കേരളത്തിലുടനീളമുള്ള പല പ്രമുഖ ഉത്സവങ്ങളിലെയും മേളങ്ങൾക്കു പ്രമാണിയായിട്ടുള്ള അദ്ദേഹം, പെരുവനം-ചക്കംകുളം പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം, അതിനുള്ളിൽ വ്യതിരിക്തമായ ഒരു വ്യക്തിത്വം കൊത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ ശൈലിയുടെ ആത്മാവിനെ സമാനതകളില്ലാത്ത മിഴിവോടെ പ്രതിധ്വനിപ്പിക്കാൻ, പാരമ്പര്യത്തെ വ്യക്തിത്വവുമായി സമന്വയിപ്പിക്കുന്ന അദ്ദേഹത്തിന്‍റെ കലാവൈഭവത്തിനു സാധിക്കുന്നു.
ഒറ്റപ്പാലം എൻഎസ്എസ് കോളെജിലെ മുൻ അധ്യാപകനും കേരള കലാമണ്ഡലത്തിലെ വിദഗ്ധോപദേശകനുമായ ഡോ. എ.എൻ. കൃഷ്ണന്‍റെ അഭിപ്രായത്തിൽ, ആദരണീയമായ ചക്കംകുളം ശൈലിയുടെ അർപ്പണബോധമുള്ള പ്രതിനിധിയാണ് സതീശൻ. അചഞ്ചലമായ സമർപ്പണത്തോടെ, സതീശൻ ഈ താളാത്മക പാരമ്പര്യത്തിനു ജീവൻ പകരുന്നു, ഓരോ താളത്തിലും അതിന്‍റെ സത്ത ഉൾക്കൊള്ളുന്നു. ഡോ. കൃഷ്ണനെ സംബന്ധിച്ചിടത്തോളം, സതീശന്‍റെ ഓരോ മേളവും അപ്പു മാരാർ ഉയർത്തിപ്പിടിച്ചിരുന്ന മഹത്വത്തിന്‍റെ - അഭേദ്യവും സജീവവുമായ ഒരു പാരമ്പര്യത്തിന്‍റെ - മഹത്തായ തുടർച്ചയാണ്.
അച്ഛന്‍റെ സർവാംഗശോഭയുള്ള ശൈലി സ്വീകരിക്കുക മാത്രമല്ല സതീശൻ ചെയ്യുന്നത്, അതിന്‍റെ ആത്മാവിനെ തന്നെ അദ്ദേഹം ഉൾക്കൊള്ളുന്നു. മേളത്തിന്‍റെ സങ്കീർണമായ വ്യാകരണം, പ്രത്യേകിച്ച് പഞ്ചാരിയുടേത് അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പിന്തുടരുന്നു. കാലമിടുന്ന ആദ്യ നേർകോൽ മുതൽ അഞ്ചാമത്തെ കാലത്തിന്‍റെ കലാശത്തിലെ അവസാനത്തെ അടി വരെ അണുവിട വ്യതിചലിക്കാതെ മേളം മുന്നോട്ടുപോകും. ഓരോ ഘടകവും പാരമ്പര്യത്തിന് അനുസൃതമായി തന്നെ നിലകൊള്ളുന്നു, കൃത്യവും ആവേശകരവുമായ ഒരു പ്രകടനമായിരിക്കും അതിന്‍റെ ഫലം. സൂക്ഷ്മമായി ക്രമീകരിച്ച ഈ മേളം, അതിന്‍റെ അച്ചടക്കം പാലിച്ചുകൊണ്ടു തന്നെയാണ് പുരോഗമിക്കുന്നത്. വിദഗ്ധരായ ആസ്വാദകരെയും സാധാരണ ശ്രോതാക്കളെയും ഒരുപോലെ ആകർഷിക്കുന്നതാണതെന്നും ഡോ. കൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.
''താളവട്ടങ്ങളുടെ എണ്ണത്തിലായാലും കലാശങ്ങളിലായാലും സതീശന്‍റെ മേളങ്ങളിൽ അചഞ്ചലമായ കൃത്യതയുണ്ട്'', ഡോ. കൃഷ്ണൻ നിരീക്ഷിക്കുന്നു. ''ഘടനകൾ സൂക്ഷ്മമായി പാലിക്കുന്ന അദ്ദേഹത്തിന്‍റെ കലാപ്രകടനങ്ങൾ സുഭദ്രവും, പാരമ്പര്യത്തിൽ ആഴത്തിൽ വേരൂന്നിയതുമാണ്. ഓരോ താളചക്രവും അളന്നുകുറിച്ച പൂർണതയോടെ വികസിക്കുന്നുവെന്നും അദ്ദേഹം ഉറപ്പാക്കുന്നു,'' കൃഷ്ണൻ കൂട്ടിച്ചേർത്തു.
തൃശൂരിൽ എൽഐസി ഉദ്യോഗസ്ഥനും മേളപ്രേമിയുമായ ടി.എം. നാരായണനെ സംബന്ധിച്ച്, കൃത്യതയുടെയും താളത്തിന്‍റെയും കുറ്റമറ്റ മിശ്രിതമാണ് സതീശന്‍റെ മേളം. നാരായണന്‍റെ അഭിപ്രായത്തിൽ, മേളത്തിന്‍റെയും അതിന്‍റെ നിർദിഷ്ട പാതയുടെയും പൂർണത ആദ്യത്തെ അടിയിൽ തന്നെ വ്യക്തമാകും. താളത്തിന്‍റെ ഗാംഭീര്യം, അന്തർലീനമായ ലാളിത്യവുമായി സുഗമമായി ഇഴചേർന്നു കിടക്കുന്നതാണ് സതീശന്‍റെ മേളത്തിലെ മുഖമുദ്ര. സ്വഭാവത്തിന്‍റെ പ്രതിഫലനം കൂടിയാണ് അദ്ദേഹം സൃഷ്ടിക്കുന്ന താള പ്രപഞ്ചം- നാരായണൻ കൂട്ടിച്ചേർക്കുന്നു.
പെരുവനം പ്രകാശൻ
ഇതിഹാസതുല്യനായ പെരുവനം കുട്ടൻ മാരാരുടെയും, ജ്യേഷ്ഠൻ പെരുവനം സതീശൻ മാരാരുടെയും നിഴലിൽനിന്നു പുറത്തേക്കുവന്ന് പെരുവനം പ്രകാശൻ താളവാദ്യ രംഗത്ത് തനിക്കായി ഒരു ഇടം സൃഷ്ടിച്ചുകഴിഞ്ഞു. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ചില ക്ഷേത്രോത്സവങ്ങളിലെ പ്രകടനങ്ങളിലൂടെ വലിയൊരു ആസ്വാദകവൃന്ദത്തെയും നേടിയെടുത്തു. തൃപ്പൂണിത്തുറയിൽ മേള പ്രമാണം ഏൽപ്പിക്കാൻ ആദ്യം ഒന്നമാന്തിച്ച സംഘാടകരെയും ശ്രോതാക്കളെയും ഒരുപോലെ അദ്ഭുതപ്പെടുത്തിക്കൊണ്ടാണ്, എല്ലാ സംശയങ്ങളും ദൂരീകരിച്ച ഗംഭീര പ്രകടനം അദ്ദേഹം അവിടെ കാഴ്ചവച്ചത്. പ്രശസ്തമായ ഇരിങ്ങാലക്കുട ഉത്സവത്തിൽ, പ്രതിഭയുടെ മികവ് കൊണ്ട് മഹാരഥന്മാർക്കിടയിൽ തന്‍റേതായ സ്ഥാനമുറപ്പിച്ചു. ഇന്ന്, താളവാദ്യ ലോകത്ത് സംശയങ്ങൾക്കിട നൽകാത്ത പേരായി മാറി പെരുവനം പ്രകാശന്‍റേത്.
സ്കൂൾ കലോത്സവങ്ങളിലെ വിജയങ്ങൾ തിലകം ചാർത്തിയ വിദ്യാഭ്യാസ കാലം. കോളെജ് പഠനത്തിനു ശേഷം വീടിനടുത്തുള്ള ഒരു മെഡിക്കൽ ഷോപ്പിൽ കുറച്ചുകാലം ജോലി. പക്ഷേ, തന്‍റെ യഥാർഥ മാർഗം താളവാദ്യങ്ങളുടെ ലോകത്തേക്കാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. കലയിൽ പ്രാവീണ്യം നേടാൻ ദൃഢനിശ്ചയം ചെയ്ത ശേഷം, കുമാരപുരം അപ്പു മാരാരുടെ കീഴിൽ തായമ്പക പരിശീലനം. സഹപാഠിയായ ചെറുശ്ശേരി കുട്ടൻ മാരാരുമുണ്ടായിരുന്നു കൂട്ടിന്. അച്ഛൻ ചക്കംകുളം അപ്പു മാരാരിൽ നിന്നും അമ്മാവൻ പെരുവനം അപ്പു മാരാരിൽ നിന്നും മേളത്തിന്‍റെ സങ്കീർണമായ സൂക്ഷ്മതകൾ കൂടി സ്വായത്തമാക്കി. അതായിരുന്നു മേള പ്രപഞ്ചത്തിലേക്കുള്ള മഹത്തായൊരു യാത്രയുടെ യഥാർഥ തുടക്കം.
ഇരുപതാം വയസിൽ അരങ്ങേറ്റം. പെരുവനത്തുനിന്ന് ഒരു വിളിപ്പാടകലെയുള്ള തിരുവാലക്കാവ് ക്ഷേത്രത്തിലായിരുന്നു അത്. അന്നാരംഭിച്ച യാത്രയിൽ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. പെരുവനം കുട്ടൻ മാരാരുടെയും മറ്റ് അതികായരുടെയും താള വൈഭവത്തിനിടയിൽ സ്വന്തമായൊരു ഇടം കണ്ടെത്താൻ പ്രകാശനു സാധിച്ചു. അവരോടൊപ്പം ചാത്തക്കുടം, ഊരകം, പെരുവനം, ചേർപ്പ് മേളങ്ങളിൽ പങ്കാളിയായി. ചാത്തക്കുടത്ത് 27ാം വർഷമാണ് ഇത്തവണ, ഇതോടൊപ്പം മേളത്തിന്‍റെ പ്രമാണിത്തവും ഏറ്റെടുക്കുന്നു.
പെരുവനം പ്രകാശൻ
2000ൽ കൊടകര കരൂർ ക്ഷേത്രത്തിലാണ് പ്രകാശൻ ആദ്യമായൊരു മേളത്തിനു പ്രമാണിയാകുന്നത്. താളവാദ്യത്തിലെ മുൻനിരക്കാർക്കിടയിലേക്കുള്ള ആദ്യത്തെ ചുവടായിരുന്നു അത്. അന്നുമുതൽ, തന്‍റെ ഗുരുക്കന്മാരുടെയും പൂർവികരുടെയും അനുഗ്രഹങ്ങൾ ഓരോ ചുവടുവയ്പ്പിലും തന്നെ വഴിനടത്തിയിട്ടുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
അരങ്ങേറ്റത്തിനു ശേഷം തന്‍റെ മാതൃപിതാവ് പറഞ്ഞ വാക്കുകൾ പ്രകാശൻ സ്നേഹപൂർവം അനുസ്മരിക്കുന്നു - ''ശങ്കയില്ലാത്ത താളമാണ്, ഒന്നാന്തരം മേളക്കാരനാകാൻ വിധിക്കപ്പെട്ടവൻ തന്നെ''. ആ പ്രോത്സാഹനം പ്രകാശനു കരുത്തു പകർന്നു. അതിനുശേഷം, ഒരു മേളം നയിച്ചാലും, അല്ലെങ്കിൽ പരിചയസമ്പന്നർക്കൊപ്പം വായിച്ചാലും, അദ്ദേഹത്തിന് ഒരിക്കലും ഭയമോ സംശയമോ തോന്നിയിട്ടില്ല. ആഴത്തിൽ വേരൂന്നിയ പാരമ്പര്യവും നിരന്തരമായ അഭിനിവേശവും നൽകുന്ന അചഞ്ചലമായ ആത്മവിശ്വാസമായിണ് അതിനു കാരണം. പ്രകാശന്‍റെ മേളം കണ്ട പലരും അദ്ദേഹത്തിന്‍റെ വൈദഗ്ധ്യത്തെക്കുറിച്ച് വാചാലരായിട്ടുണ്ട്. അങ്ങനെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രോത്സവങ്ങൾക്കു മേളം നയിക്കാൻ ക്ഷണങ്ങളും വരുന്നുണ്ട്.
ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ തനിക്കു കഴിയില്ലെന്നു പ്രകാശൻ പറയും; തന്‍റെ ചെണ്ടയാണ് അദ്ദേഹത്തിനു വേണ്ടി സംസാരിക്കുന്നത്. കലയിലുള്ള ഈ അചഞ്ചലമായ ആത്മവിശ്വാസമാണ് പല മേളപ്രേമികൾക്കും അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നത്. 26 വർഷം സതീശൻ നയിച്ച ചാത്തക്കുടം മേളത്തിലെ ചക്കംകുളം ശൈലി ഇനി പ്രകാശന്‍റെ കൈകളിലും ഭദ്രമായിരിക്കുമെന്ന് പ്രദേശവാസിയായ മേളപ്രേമി കെ. ഹരീഷ് വിശ്വാസം പ്രകടിപ്പിക്കുന്നതിന്‍റെ അടിസ്ഥാനം ഇതാണ്.
പെരുവനം പൂരം നടവഴി പഞ്ചാരി സമയത്ത് അടിയിലും താളത്തിലും അണുവിട വ്യതിചലിക്കാത്ത പാരമ്പര്യം ഇനിയും തുടരുക തന്നെ ചെയ്യുമെന്ന് ഹരീഷിന് ഉറപ്പുണ്ട്. ആദ്യ പതികാലം മുതൽ, തുള്ളിച്ചാട്ടങ്ങളുടെ അരാജകത്വത്തിൽനിന്നൊക്കെ മുക്തമായി, ഭക്തരും മേളപ്രേമികളും അവസാന താളം വരെ അറിഞ്ഞാസ്വദിക്കുന്ന പ്രകടനം ഹരീഷിനെപ്പോലുള്ളവർ കാത്തിരിക്കുന്നു.
മേളപ്രിയനായ പാമ്പുമേക്കാട്ട് മനയിലെ ശങ്കരനാരായണൻ, മേളത്തിലെ പ്രകാശന്‍റെ സമാനതകളില്ലാത്ത നിയന്ത്രണത്തെക്കുറിച്ചാണ് എടുത്തുപറയുന്നത്. പ്രകാശന്‍റെ പതികാലം വ്യത്യസ്തമാണെന്നും, ഒരു മാസ്മരിക പ്രകടനത്തിനു വഴി തെളിച്ചിടുന്നതാണെന്നും അദ്ദേഹം പറയുന്നു. വർഷങ്ങൾകൊണ്ട് പ്രകാശൻ മികച്ച മേളം കലാകാരന്മാരിലൊരാളായി വളർന്നു. കൃത്യതയും ചാരുതയും അചഞ്ചലമായ സമർപ്പണവും കൈവിടാതെ മഹത്തായൊരു പാരമ്പര്യത്തെ അദ്ദേഹം മുന്നോട്ടു നയിക്കുന്നു. കേരളത്തിലുടനീളം ആരാധകരുള്ള പ്രമാണിയായി മാറാൻ പ്രകാശന് ഇനിയധികം സമയം വേണ്ടെന്ന് ശങ്കരനാരായണനെപ്പോലെ പല മേളപ്രേമികളും പറയുന്നു. അദ്ദേഹത്തിന്‍റെ ചെണ്ടയിൽനിന്നുയരുന്ന താളം കൂടുതൽ അകലങ്ങളിലേക്കു പരക്കുന്ന കാലം വിദൂരമല്ല.