

വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സത്യപ്രതിജ്ഞ ചടങ്ങിൽ
ക്വാറന്റൈൻ | കെ. ആർ. പ്രമോദ്
ദൈവത്തിന് രാഷ്‌ട്രീയത്തിലെന്തു കാര്യം?
ഉണ്ട്, കാര്യമുണ്ട്. പ്രത്യേകിച്ചും യുഡിഎഫ് പൊളിറ്റിക്സിൽ.
ദൈവത്തിന് ഏറ്റവും അടുപ്പമുള്ള മുന്നണി അതാണല്ലോ.
ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന മര്യാദരാമന്മാരാണ് അവരെന്ന് ദൈവത്തിനറിയാം. ദേവാലയങ്ങളിലെ തന്‍റെ ദല്ലാളുമാർ ഇടയ്ക്കിടെ പടച്ചുണ്ടാക്കുന്ന ഇടയലേഖനങ്ങൾ വഴിയാണ് പലപ്പോഴും യുഡിഎഫിൽ വോട്ടുകൾ സമാഹരിക്കപ്പെടുന്നതെന്നും ഈശ്വരൻ മനസിലാക്കിയിട്ടുണ്ട്.
ദൈവവും പുരോഹിതരും നേതാക്കളും തമ്മിൽ വിമോചനസമരകാലം മുതൽ ഐക്യമുന്നണി രൂപീകരിക്കപ്പെട്ടിട്ടുണ്ടുതാനും. അതുകൊണ്ട് ഇവരൊക്കെ ഒരു "ടീം യുഡിഎഫാ'യി നിലകൊണ്ട് നമ്മൾക്കായി പറുദീസ പണിയുന്നത് സ്വാഭാവികമാണ്.
എല്ലാം ദൈവഹിതം
""ഞാൻ മുഖ്യമന്ത്രിയായത് ദൈവനിശ്ചയമാണ്'' എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞതും ദൈവഹിതമാണെന്നു തോന്നുന്നു. അദ്ദേഹം അത് ആത്മാർഥമായി പറഞ്ഞതാണെങ്കിലും അല്ലെങ്കിലും നമ്മുടെ ഇപ്പോഴത്തെ സെറ്റപ്പിൽ ദൈവം സഹായിച്ച് ഈ ദൈവവിചാരം വലിയ ഗുണമായിത്തീർന്നു. നിയുക്ത മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഒരു തിരുമേനിയെ അരമനയിൽ ചെന്നുകണ്ടപ്പോൾ നിയുക്തന്‍റെ ഈ ദൈവവിചാരത്തെ തിരുമേനി മുക്തകണ്ഠം അഭിനന്ദിക്കുകയുണ്ടായി. ഇതോടെ മറ്റു മദ- മേലധ്യക്ഷന്മാരും ഈശ്വരവിശ്വാസിയായ മുഖ്യനെ മനസാ നമിച്ചുകാണും എന്നതിൽ തർക്കമില്ല. സർവശക്തനായ ഈശ്വരനെ മുൻനിർത്തിയാണല്ലോ എല്ലാവരും കളിക്കുന്നത്.
അപ്പോഴൊരു സംശയമുണരുന്നു - സതീശൻ മുൻകൂട്ടി തന്ത്രപരമായി ദൈവത്തെ കൂട്ടുപിടിച്ചതാണോ? ഓരോ വാക്കും അളന്നു തൂക്കി സംസാരിക്കുന്ന അദ്ദേഹം വെറുതെ ഒരു കാര്യവും പറയാറില്ലല്ലോ.
ഇതിനു മുമ്പ് കേരളം ഭരിച്ച കമ്യൂണിസ്റ്റ് നിയന്ത്രിത മന്ത്രിസഭയിലുള്ളവർ മിക്കവരും അവിശ്വാസികളായിരുന്നു എന്നതും മറക്കരുത്. അവർക്ക് ശബരിമലയിലെയും ഗുരുവായൂരിലെയും ഭണ്ഡാരങ്ങളിൽ കണ്ണുണ്ടായിരുന്നെങ്കിലും അയ്യപ്പനിലും ഗുരുവായൂരപ്പനിലും തരിമ്പും വിശ്വാസമില്ലായിരുന്നു. ഇതിനു മുമ്പ് തമിഴകം ഭരിച്ച ദ്രാവിഡന്മാരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തവരല്ലായിരുന്നു. മാത്രമല്ല, മുതലമൈച്ച്യരായിരുന്ന സ്റ്റാലിന്‍റെ മകന് സനാതന ധർമം എന്ന് കേൾക്കുമ്പോൾത്തന്നെ ഈറ വരാറുണ്ട്. സനാതനികളുടെ ഉന്മൂലനമാണല്ലോ സൽപ്പുത്രന്‍റെ അവതാരലക്ഷ്യം.
ദൈവം ഒരു കരുതലാണ്
പുതിയ ഭരണ മുന്നണിക്കാർ കരുതലോടെയയാണ് ദൈവത്തെ കണക്കാക്കുന്നതെന്ന കാര്യം ദൈവത്തിനും ദൈവങ്ങൾക്കും ആശ്വാസകരമാണ്. നമ്മുടെ ചെന്നിത്തലയും മുരളീധരനുമൊക്കെ മന്ത്രിപദത്തിന് നറുക്കു വീഴും മുമ്പ് ഗ്രൂപ്പു നോക്കാതെ ഗുരുവായൂരിൽ പോയത് വെറുതെയല്ല. ഇനി വേളാങ്കണ്ണിക്കും ഗുരുവായൂരിനും മറ്റും വീണ്ടും പ്രാധാന്യം കൈവരും.
പക്ഷേ, മന്ത്രിസഭാ രൂപീകരണം എന്ന കീറാമുട്ടി വന്നപ്പോൾ ഈശ്വരനും ബ്രഹ്മനും വിചാരിച്ചാലും രക്ഷയില്ല എന്നതായിരുന്നു സ്ഥിതി. എല്ലാവരും ചാനലുകളിൽ വന്ന് അവരവരുടെ ആളുകളെക്കുറിച്ച് അപദാനങ്ങൾ കീർത്തിക്കുകയായിരുന്നു. പറയാൻ ആരുമില്ലാത്ത ചില സ്ഥാനമോഹികൾ സ്വയം മുമ്പോട്ടു വന്ന് തങ്ങളുടെ മഹത്വം ക്യാമറകൾക്കു മുമ്പിൽ വിളമ്പി. രണ്ടര വർഷം കിട്ടുന്നില്ലെങ്കിൽ രണ്ടര മാസമെങ്കിലും മന്ത്രിയായിരിക്കണമെന്ന് പലരും ദയനീയമായി ആഗ്രഹിച്ചു. ഇതിനൊക്കെ നമ്മുടെ ദൈവങ്ങൾ എന്തു ചെയ്യാനാണ്? ആർത്തിക്കും ഒരു പരിധിയൊക്കെയില്ലേ? ഇതൊക്കെ കാണുമ്പോൾ സതീശനോട് വിരോധമുള്ളവർക്കു പോലും അദ്ദേഹത്തോട് സഹതാപം തോന്നിയേക്കും. അദ്ദേഹം ഒരുവിധം തട്ടിക്കൂട്ടിയ മന്ത്രിസഭ എങ്ങനെ അഞ്ചുവർഷം നിലനിൽക്കുമെന്ന് സാക്ഷാൽ ദൈവം തമ്പുരാനു പോലും ഉറപ്പുപറയാൻ സാധിക്കുമോ? അല്ലെങ്കിൽ ഹൈക്കമാൻഡ് ഇടപെടണം.
ഒരുപക്ഷേ, ഈശ്വരനെക്കാളും പവർഫുള്ളാണ് ഇപ്പോഴത്തെ ഹൈക്കമാൻഡെന്നു തോന്നുന്നു. സോണിയയും പ്രിയങ്കയും കണവനും രാഹുലും ചേർന്നാൽ ശരിക്കും ഈശ്വരനെ കടത്തിവെട്ടുന്ന ജീവബ്രഹ്മം തന്നെയാകുമല്ലോ. അവർ ചേർന്ന് ഒരു കാര്യം തീരുമാനിച്ചാൽപ്പിന്നെ പാവം ഈശ്വരനും ഒന്നും മിണ്ടാനാവില്ല. അവർക്ക് ഈശ്വരൻ ബഹുവചനമല്ല, ഏകവചനമാണെന്നൊരു നേട്ടവും കൂടിയുണ്ട്. ഭാരതത്തിലെ മുപ്പത്തെട്ടുമുക്കോടി ദൈവങ്ങളെയൊന്നും അവർക്ക് ഭയക്കേണ്ട കാര്യമില്ല. ഏകദൈവത്തിന്‍റെ മുമ്പിൽ വിളക്കു കത്തിച്ചാൽ കാര്യങ്ങളെല്ലാം ഈസിയായി ശരിയാകുമെന്നാണ് വയ്പ്പ്.
കറുത്ത കാറും സാത്താനും
എല്ലാം ദൈവത്തിന്‍റെ പെടലിക്കു വയ്ക്കുന്നത് രാജ്യതന്ത്രത്തിലും പൊളിറ്റിക്സിലും സുരക്ഷിതമായ ഒരടവാണ്. ഇതൊരു ഗാന്ധിയൻ തന്ത്രമെന്നും പറയാം. മൂപ്പരുടെ "രഘുപതി രാഘവ രാജാറാം' എന്ന കീർത്തനത്തിൽപ്പോലും ഈ അടവു കാണാം.
രാജ്യതന്ത്രത്തിൽ മാർത്താണ്ഡ വർമയുടെ "തൃപ്പടിദാനം' ദൈവത്തെ ആയുധമാക്കിയുള്ള പഴയ ട്രിക്കല്ലായിരുന്നുവോ?
ഈശ്വരന്‍റെ പേരിൽ നമ്പരുകളിറക്കുമ്പോൾ ഒരു ചെകുത്താനും ഒന്നും പറയാൻ സാധിക്കില്ലെന്നതാണ് ഏറ്റവും വലിയ സൗകര്യം. ദൈവമുണ്ടോ എന്ന കാര്യം തന്നെ സംശയത്തിലായതിനാൽ ഒരു ദൈവത്തെയും ഭയക്കേണ്ട കാര്യവുമില്ല. ഇനി, സാത്താനെ പേടിയാണെങ്കിൽ രണ്ടു സിംപിൾ കാര്യം ചെയ്താൽ മതി - കറുത്ത കാർ ഒഴിവാക്കുക, പതിമൂന്നാം നമ്പരും വേണ്ടെന്നു വയ്ക്കുക!
അധികാര വടംവലി നടക്കുന്ന നേരത്ത് വടത്തിന് നല്ല ബലമില്ലെങ്കിൽ വടം പൊട്ടുമെന്നും ഇതിൽ ദൈവത്തിന് ഒരു പങ്കുമില്ലെന്നതുമാണ് മറ്റൊരു യാഥാർഥ്യം. അല്ലെങ്കിലും ദൈവം എന്ന പേരു കേട്ട് നമ്മൾ പേടിക്കുകയൊന്നും വേണ്ട. ഒരു പേരിലെന്തിരിക്കുന്നു? "റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി' എന്ന കിടിലൻ പേര് ആർഎസ്പിക്കില്ലേ? അതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ? അത്രയൊക്കെയേ ഉള്ളൂ ദൈവം എന്നു പറയുന്നതും!
സഗൗരവം എന്ന "ഗും'
പൊതുരംഗത്തെ ദൈവസാന്നിധ്യം നമ്മൾ ശരിക്കും തിരിച്ചറിയുന്നത് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ വേളയിലാണ്. ദൈവനാമത്തിലുള്ള പ്രതിജ്ഞയാണ് പ്രധാന രീതി. ദൈവത്തെപ്പോലും പേടിയില്ലാത്തവർ "സഗൗരവം' ദൃഢ പ്രതിജ്ഞയെടുക്കും.
എത്രപേർ ദൈവനാമത്തിൽ ആണയിടുന്നുണ്ടെന്നും എത്രയാളുകൾ "സഗൗരവം' നിലകൊളുന്നുണ്ടെന്നും സമൂഹം ഗോപ്യമായി ശ്രദ്ധിക്കും. എങ്കിലും "സഗൗരവം' എന്നു പറയുന്നതിൽ ഒരു "ഗും' ഉണ്ട്. അവരെ ജനം ആരാധനയോടെ അടയാളപ്പെടുത്തും. ഏറെ തന്ത്രങ്ങൾ പ്രയോഗിച്ച് ഒരു വിധം മന്ത്രിസ്ഥാനം പിടിച്ചെടുത്തിട്ടും ഇവറ്റകൾക്ക് ദൈവത്തെ പേടിയില്ലല്ലോയെന്ന് കരുതി "സഗൗരവി'കളെ നോക്കി പൗരവർഗം അത്ഭുതം കൂറും. ഇക്കുറി രണ്ടു മന്ത്രിമാരാണ് ഈവിധം ധൈര്യം കാട്ടിയത്.
സ്രഷ്ടാവ്, ദൈവം, ഈശ്വരൻ, വന്ദേമാതരം, മേനോൻ തുടങ്ങിയ സംഗതികൾ എടുത്തുകാട്ടി ചില ചാനലുകൾ ഇതിനിടയിൽ കുത്തിത്തിരിപ്പിന് യത്നിച്ചെങ്കിലും നിർഭാഗ്യവശാൻ ഈ ശങ്കാവിഷം അത്രയേശിയില്ല.
എന്തായാലും സത്യപ്രതിജ്ഞാച്ചടങ്ങിനു വന്ന അമ്മാളുവമ്മ എന്ന മുത്തശ്ശി സത്യപ്രതിജ്ഞാ പന്തലിൽ വച്ച് ചാനലുകളോട് പറഞ്ഞത് ഇങ്ങനെ: "ദൈവം നമ്മുടെ കൂടെയുണ്ട്. അതുകൊണ്ട് എന്‍റെ മകൻ ജയിച്ച് മുഖ്യമന്ത്രിയാകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു'. ഒരു ജനപ്രിയ സീരിയലിലെ കണ്ണീർരംഗം പോലെ ദുഃഖസംഗീതത്തിന്‍റെ അകമ്പടിയോടെ ഈ ഭാഗം ചാനലുകാർ സംപ്രേഷണം ചെയ്തു. മുഖ്യന്‍റെ മാതൃസ്നേഹവും ഭൂതദയയും കണ്ടറിഞ്ഞ പ്രേക്ഷകർ മുണ്ടു മുറുക്കിയുടുത്തു കണ്ണീർ പൊഴിച്ചു.
വേണം, പൂജാവിഗ്രഹങ്ങൾ!
അതെ!
ഇങ്ങനെയാണ് വിഗ്രഹങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ഒരു മനുഷ്യൻ അയാൾ പോലും അറിയാതെ വിഗ്രഹമാക്കപ്പെടുന്നു.
പിന്നെയൊരു തിരിച്ചുപോക്കില്ല!
ധീരോദത്തനും അതിപ്രതാപ ഗുണവാനും അമാനുഷനുമായ ഒരു ജനനായകനെ, ഒരു രക്ഷകനെ - നമ്മൾ, സാധാരണക്കാരുടെ അബോധ മനസ് പ്രതീക്ഷിക്കുന്നു. അയാൾ ക്യാമറ ഫേസുള്ള, സുന്ദരകളേബരനും ഉന്നതകുല ജാതനും കൂടിയായ മേനോനായതിനാൽ നമ്മളിപ്പോൾ നല്ല തൃപ്തനാണ്.
അദ്ദേഹം (മേനോനല്ല, ദൈവം) എല്ലാവരെയും കാത്തുരക്ഷിക്കട്ടെ!
9447809631.