നവീൻ പി. സിങ്
കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുമായി നടപ്പു സാമ്പത്തിക വര്‍ഷം കേന്ദ്ര ബജറ്റില്‍ ഏകദേശം 1.52 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇന്ത്യൻ കർഷകരുടെ പ്രതീക്ഷകളെ പുനരുജ്ജീവിപ്പിക്കാന്‍ വിവിധ വരുമാന- പിന്തുണാ നടപടികളിലൂടെ വർഷങ്ങളായി സുപ്രധാന ശ്രമങ്ങൾ നടത്തിവരുന്നു. കൃഷിയ്ക്കും അനുബന്ധ മേഖലകൾക്കുമുള്ള ബജറ്റ് വിഹിതം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ക്രമാനുഗതമായി വർധിക്കുകയും ഈ മേഖലകളിൽ സാങ്കേതിക മുന്നേറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭങ്ങൾ പുരോഗമിക്കുകയും ചെയ്തിട്ടുണ്ട്.
അനിവാര്യമായ പിന്തുണ
ഒന്നാമതായി, കഴിഞ്ഞ കുറേ വർഷങ്ങളായി ഭക്ഷ്യധാന്യ സംഭരണത്തിലൂടെ നല്‍കുന്ന താങ്ങുവില കാർഷികോൽപന്നങ്ങൾക്ക് ലാഭകരമായ വില ഉറപ്പാക്കുന്നതില്‍ മുഖ്യഘടകമായി മാറിയിരിക്കുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തെ ബജറ്റിൽ, പിഎം ആശ (പ്രധാനമന്ത്രി അന്നദാതാ ആയ് സംരക്ഷണ്‍ അഭിയാൻ) എന്ന വിശാലമായ പദ്ധതിയുടെ വിഹിതം 2,200 കോടിയിൽ നിന്ന് 6400 കോടിയാക്കി ഉയര്‍ത്തി. മതിയായ താങ്ങുവില നൽകാനും ഭക്ഷ്യധാന്യങ്ങള്‍ പാഴാക്കുന്നത് കുറയ്ക്കാനും കച്ചവടക്കാരുടെ അനാവശ്യ വിപണി സ്വാധീനം പരിമിതപ്പെടുത്താനുമുള്ള പ്രതിബദ്ധതയെ ഇത് അടിവരയിടുന്നു. കൂടാതെ വിള ഇൻഷ്വറൻസ്, പലിശ ധനസഹായം, RKVY എന്നീ മുൻനിര കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന ഫണ്ട് (AIDF) പ്രകാരമുള്ള വിശാലമായ ചട്ടങ്ങളിലൂടെ അവയുടെ വിഹിതത്തിൽ 10 മുതല്‍ 15 ശതമാനം വരെ വർധനയുണ്ടായി.
രണ്ടാമതായി, കര്‍ഷക തൊഴിലാളികളില്‍ 30 ശതമാനവും സ്ത്രീകളാണ്. സാമ്പത്തികമായി സജീവമായ സ്ത്രീകളിൽ 80 ശതമാനവും കാർഷികവൃത്തിയിൽ ഏർപ്പെടുന്നുവെങ്കിലും അവരുടെ സമ്പാദ്യം പുരുഷന്മാരെക്കാള്‍ 20 മുതല്‍ 30 ശതമാനം വരെ കുറവാണ്. ധനകാര്യസ്ഥാപനങ്ങള്‍ വഴി വായ്പ ലഭിക്കുന്നത് 6% പേർക്ക് മാത്രമാണ്. അവരുടെ വരുമാനത്തില്‍ വൈവിധ്യം കൊണ്ടുവരാനും മതിയായ പങ്കാളിത്തം ഉറപ്പാക്കാനുമായി നമോ ഡ്രോണ്‍ ദീദി പദ്ധതിയിലൂടെ 15,000 ഡ്രോണുകള്‍ നൽകാന്‍ നടപ്പുസാമ്പത്തികവര്‍ഷം ബജറ്റിൽ 500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് കാര്‍ഷികരംഗത്തെ ഗ്രാമീണ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുകയും അവരുടെ സാമ്പത്തിക നില ശക്തിപ്പെടുത്തുകയും ചെയ്യും.
മൂന്നാമതായി, നടപ്പുസാമ്പത്തിക വർഷത്തെ ബജറ്റിൽ അവതരിപ്പിച്ചതുപോലെ കാർഷിക ഗവേഷണത്തിന്‍റെ സമഗ്ര അവലോകനം വളരെയധികം ആവശ്യമായ ഒന്നാണ്. നിലവിൽ സംസ്ഥാന കാര്‍ഷിക സര്‍വകലാശാലകള്‍ക്കൊപ്പം (SAUs) ഈ രംഗത്തെ പരമോന്നത കേന്ദ്രമായ ICAR-ഉം അനുബന്ധ സ്ഥാപനങ്ങളുമാണ് കാർഷിക ഗവേഷണത്തിൽ ആധിപത്യം പുലർത്തുന്നത്. യഥാർത്ഥ ഗവേഷണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതിനും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ സാധ്യത പരിമിതമായതിനാൽ ഈ ആധിപത്യം പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നു. ഗവേഷണവും അനുബന്ധ പ്രവര്‍ത്തനങ്ങളും അല്ലെങ്കിൽ ഈ സേവനങ്ങളും സ്വകാര്യമേഖലയും തമ്മിലെ ബന്ധം അപര്യാപ്തമാണന്ന് ഒരു ദശകം മുന്‍പ് ലോകബാങ്ക് അഭിപ്രായപ്പെട്ടിരുന്നു. അതിനാൽ, ചലഞ്ച്-ബേസ്ഡ് റിവാർഡ് സിസ്റ്റത്തിലൂടെ (CBRS) സ്വകാര്യ മേഖലയെ സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം ഉൾപ്പെടുത്തുന്നത് കാർഷിക ഗവേഷണ- വികസനത്തിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും. പ്രധാന ഭക്ഷ്യ ഉത്പാദകരായിരുന്നിട്ടും, കാർഷിക ജിഡിപിയിൽ കാർഷിക ഗവേഷണ- വികസന രംഗത്തെ നിക്ഷേപത്തിന്‍റെ കാര്യത്തിൽ 4ാം സ്ഥാനത്താണ്. കാർഷിക ഗവേഷണ-വിദ്യാഭ്യാസ വകുപ്പുമായി (DARE) ബന്ധപ്പെട്ട ബജറ്റ് വ്യവസ്ഥകൾ കൂടുതൽ ഉയർന്നതാകണമായിരുന്നു. കർഷകർ നേരിടുന്ന ദൈനംദിന വെല്ലുവിളികൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും പ്രായോഗിക പരിഹാരം നല്‍കുന്നതിനും GST കൗൺസിലിന്‍റെ മാതൃകയില്‍ ഒരു സ്വതന്ത്ര കേന്ദ്ര സംഘടനയോ സംവിധാനമോ (കാർഷിക വികസന കൗൺസിൽ) സ്ഥാപിക്കേണ്ടത് നിര്‍ണായകമാണ്.
നാലാമതായി, കൃഷിയിലെ ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിന് വിഭവശേഷി കൂട്ടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. കൃഷിയോഗ്യമായ 45% ഭൂമി ഉപയോഗിക്കുന്ന ഏകദേശം 84% ജലത്തില്‍ 80 ശതമാനത്തിലധികവും ഉപയോഗിക്കുന്നത് ഏറ്റവും കൂടുതല്‍ ജലം ആവശ്യമുള്ള മൂന്ന് വിളകളായ കരിമ്പും അരിയും ഗോതമ്പുമാണ്. കഴിഞ്ഞ ദശകത്തിൽ ചൈന, അമേരിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ഉത്പാദനക്ഷമത വർധിച്ചുവെന്നത് ശ്രദ്ധേയമാണ്. ഉത്പാദനക്ഷമതയിലെ നേട്ടത്തിന്‍റെ ഫലമായുണ്ടാകുന്ന അധികവിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഫലപ്രദമായി ക്രമീകരിക്കേണ്ടതും നിർണായകമാണ്. കാലാവസ്ഥാ ദൗര്‍ബല്യത്തിന്‍റെയും തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും പശ്ചാത്തലത്തിൽ വിളവ് വർധിപ്പിക്കുന്നതിനൊപ്പം ഭക്ഷ്യ-പോഷക സുരക്ഷ ഉറപ്പാക്കാന്‍ കാലാവസ്ഥാ പ്രതിരോധ വിള ഇനങ്ങൾ (CRCVs) വികസിപ്പിക്കേണ്ടതും പ്രയോഗിക്കേണ്ടതും അനിവാര്യമാണ്. KVK ചട്ടക്കൂടിനനുസൃതമായുള്ള കാലാവസ്ഥാ പ്രതിരോധ ക്ലസ്റ്റർ (CRC) സമീപനം ഇത്തരം വിളകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാനമാണ്. കൂടാതെ, 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDG) 11-ഉം കൃഷിയുടെയും അനുബന്ധ മേഖലകളുടെയും പ്രകടനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ വിള ഉത്പാദനക്ഷമതയിലെ സുസ്ഥിര വർധനയും പ്രധാനമാണ്.
അഞ്ചാമതായി, ബജറ്റിലെ നിര്‍ദിഷ്ട ബയോ- ഇൻപുട്ട് റിസോഴ്സ് സെന്‍ററുകൾ (BIRCs) കാർഷിക മേഖലയില്‍ ജൈവസാമഗ്രികളുടെ ഉപയോഗം ഗണ്യമായി വർധിപ്പിക്കുകയും അതുവഴി മറ്റ് സാമഗ്രികള്‍ക്ക് സബ്‌സിഡികളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ഭൂമിയുടെ പുനഃസ്ഥാപനം, അവബോധം സൃഷ്ടിക്കൽ, പോഷണം, അഭിവൃദ്ധി എന്നിവ ലക്ഷ്യമിടുന്ന PM-PRANAM പദ്ധതി കാര്‍ഷികരംഗത്തെ രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിന് സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും, BIRC നൽകുന്ന ജൈവസാമഗ്രികള്‍ കാര്‍ഷികമേഖലയില്‍ പ്രയോഗിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി FPOകളുടെയും സഹകരണ സംഘങ്ങളുടെയും പിന്തുണയോടെ PM-PRANAMന്‍റെ കീഴില്‍ ഒരു പ്രത്യേക പ്രോത്സാഹന സംവിധാനം പരിഗണിക്കേണ്ടതുണ്ട്. കൂടാതെ, BIRCകള്‍ക്ക് കീഴില്‍ കാലിത്തീറ്റ ഉൾപ്പെടുത്തുന്നതിലും വലിയ സാധ്യതയുണ്ട്.
ആറാമതായി, 2023-24 ലെ ഭക്ഷ്യ വിലപ്പെരുപ്പത്തിന്‍റെ മൂന്നിലൊന്നും 29.3 ശതമാനം വില വര്‍ധിച്ച പച്ചക്കറികളാണെന്നത് ശ്രദ്ധേയമാണ്. പച്ചക്കറി വിലയിലെ സമീപകാല വർധനയുടെ പശ്ചാത്തലത്തില്‍ പച്ചക്കറി വിതരണ ശൃംഖലയുടെ പ്രോത്സാഹനവും പ്രധാന ഉത്പാദന- ഉപഭോഗ കേന്ദ്രങ്ങൾ കണ്ടെത്തലും നിർണായകമാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ഈ സമീപനം ഉപഭോക്താക്കളുടെ വരുമാനലാഭം വർധിപ്പിക്കുന്നതിനൊപ്പം ഉപഭോക്തൃ വരുമാനത്തിലെ ഉല്‍പാദകവിഹിതവും വർധിപ്പിക്കുന്നു. കാർഷികോൽപന്ന മൂല്യ ശൃംഖലയിലെ സ്റ്റാർട്ടപ്പുകൾക്കും ഗ്രാമീണ സംരംഭങ്ങൾക്കും മാത്രമായി ബജറ്റില്‍ 62.5 കോടി രൂപയുടെ മൂലധന സഹായ നടപടികള്‍ വാഗ്ദാനം ചെയ്തിരിക്കുന്നതും ഒരു നിർണായക ചുവടുവെയ്പ്പാണ്.
കൂട്ടിച്ചേര്‍ക്കേണ്ട കണ്ണികള്‍
ഒന്നാമതായി, ഇന്ത്യയുടെ കാർഷികരംഗത്തെയും അനുബന്ധ മേഖലകളിലെയും കാര്യമായ പരിവർത്തനം കണക്കിലെടുക്കുമ്പോൾ ചെറുകിട- നാമമാത്ര കർഷകരുടെ വരുമാനം വർധിപ്പിക്കാന്‍ നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്. പരമ്പരാഗത വിളകളിൽ നിന്ന് മാറി, മൂല്യവര്‍ധിത പഴങ്ങൾ, പച്ചക്കറികൾ, അനുബന്ധ സംരംഭങ്ങൾ തുടങ്ങിയവയിലേക്കുള്ള വൈവിധ്യവല്‍ക്കരണത്തിലൂടെ കര്‍ഷകരുടെ വരുമാനം വർധിപ്പിക്കാനാവുമെന്നത് സുവ്യക്തമാണ്. ഇതുവഴി സമീപഭാവിയിൽ ഉല്പന്നങ്ങളുടെ ആവശ്യകത വീണ്ടും വർധിപ്പിക്കാനും സാമ്പത്തിക വളർച്ചയിലേക്ക് നയിക്കാനും കഴിയുമെന്നതിനാല്‍ അത്തരം നടപടികൾ 2024-ലെ ബജറ്റിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു.
രണ്ടാമതായി, വിള ഉത്പാദനം വർധിപ്പിക്കുന്നതിന് നിലവില്‍ സ്വീകരിച്ചുവരുന്ന പിന്തുണാ നടപടികൾ കാര്‍ഷികരംഗത്തെ വിഭവങ്ങളെ തുടർച്ചയായി ചൂഷണം ചെയ്യുകയും കാലാവസ്ഥാ ദൗര്‍ബല്യം വർധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ, കാര്‍ഷിക-കാലാവസ്ഥ മേഖലകള്‍ (AEZ), പ്രാദേശിക വിള ആസൂത്രണം എന്നീ ആശയങ്ങള്‍ പുനഃപരിശോധിക്കേണ്ടത് നിർണായകമാണ്. വ്യത്യസ്‌ത മേഖലകളിലെ ഉൽപാദന രീതികളെയും സമ്പ്രദായങ്ങളെയും സ്വാധീനിക്കാനും സമന്വയിപ്പിക്കാനും ഈ സമീപനത്തിലൂടെ സാധിക്കും.
മൂന്നാമതായി, കാർഷികോൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ വിപണി പരിഷ്‌കാരങ്ങൾ അനിവാര്യമാണ്. സംസ്ഥാനങ്ങളിലെ കാർഷിക വിപണന സംവിധാനം നവീകരിക്കുന്നതിനാവശ്യമായ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കാന്‍ 15ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. അതിനാൽ, വിപണി നവീകരണ ശ്രമങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങളെ വിലയിരുത്തുന്നതിനുള്ള സൂചകങ്ങളും നിരീക്ഷണ ചട്ടക്കൂടും വികസിപ്പിക്കേണ്ടതുണ്ട്. ഇത് കാര്‍ഷിക വിപണനത്തിനായുള്ള സംയോജിത പദ്ധതിയുടെ (ISAM) ഭാഗമായ കാര്‍ഷിക അടിസ്ഥാന സൗകര്യ ഫണ്ടില്‍ (AIF) ഉൾപ്പെടുത്തണം.
നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വ്യവസ്ഥകളും നിർദ്ദിഷ്ട സംരംഭങ്ങളും കാർഷികരംഗത്തെ കാര്യക്ഷമതയും ശേഷിയും മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന മാറ്റത്തെ അടയാളപ്പെടുത്തുന്നുവെങ്കിലും നവീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നാണ് ഗവേഷണ- വികസനരംഗത്തെ ധനവിനിയോഗം കാണിക്കുന്നത്. ചെറുകിട, നാമമാത്ര കർഷകരിൽ കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന പ്രത്യക്ഷ ആഘാതം തിരിച്ചറിഞ്ഞ്, ഈ അടിയന്തര ആവശ്യങ്ങളെ ബജറ്റ് അഭിമുഖീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഈ സുപ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് കാർഷികരംഗത്തെ പരിവർത്തനം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാനും ഈ മേഖലയിലെ ദീർഘകാല വളർച്ചയും സുസ്ഥിരതയും ഉറപ്പാക്കാനും സാധിക്കും.