ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് കാലത്തിന്‍റെ ആവശ്യം

കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ഗിരിരാജ് സിങ് എഴുതുന്നു
union minister writes about one nation one election
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് കാലത്തിന്‍റെ ആവശ്യം
Updated on

ഉന്നതതല സമിതിയുടെ "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ശുപാര്‍ശയ്ക്കു കേന്ദ്ര മന്ത്രിസഭ അംഗീകാരമേകി. 5 വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം ഇതു നടപ്പാക്കാനാണു ഗവണ്മെന്‍റ് ഉദ്ദേശിക്കുന്നത്. ഇത് വെറും രാഷ്‌ട്രീയ വിഷയമല്ല; മറിച്ച്, രാഷ്‌ട്രത്തിന്‍റെ ഈ കാലത്തെ ആവശ്യമാണ്. ഉദ്യോഗസ്ഥകാര്യം, പൊതുപരാതി പരിഹാരം, നിയമം, നീതി എന്നിവയുമായി ബന്ധപ്പെട്ട പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ 2015ലെ റിപ്പോര്‍ട്ടിലും ഇക്കാര്യത്തിന് ഊന്നൽ നൽകിയിട്ടുണ്ട്.

നിതി ആയോഗ്, നിയമ കമ്മിഷന്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നിവയും ഒരേസമയം തെരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. രാഷ്‌ട്രപതിയുടെ പ്രസംഗത്തിലും പ്രധാനമന്ത്രിയുടെ പ്രസ്താവനകളിലും ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’എന്ന വിഷയത്തില്‍ മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തില്‍ എട്ടംഗ ഉന്നതതല സമിതി സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ട് ഗവണ്‍മെന്‍റ് അംഗീകരിച്ചു.

ഈ നിർദേശങ്ങളുടെ വിത്തുകൾ പാകിയത് 1983ലെ തെരഞ്ഞെടുപ്പ് കമ്മിഷനായിരുന്നു. എന്നാൽ, അന്നത്തെ ഗവണ്‍മെന്‍റ് അതു തള്ളിക്കളഞ്ഞു. നിയമ കമ്മിഷന്‍ 99ല്‍ ഈ ആശയം അവതരിപ്പിക്കുകയും 2002ല്‍ ബിജെപി ഗവണ്‍മെന്‍റ് രൂപംനൽകിയ വെങ്കടാചലയ്യ കമ്മിഷന്‍ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. 2014ല്‍ ഞങ്ങളുടെ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നപ്പോള്‍ ഈ വിഷയം വീണ്ടും ഉയര്‍ന്നുവന്നു. ഒടുവിലത്, മുന്‍ രാഷ്‌ട്രപതി കോവിന്ദിന്‍റെ നേതൃത്വത്തിലുള്ള സമിതിയുടെ നിർദേശങ്ങളിലും തുടര്‍ന്ന് കേന്ദ്രമന്ത്രിസഭ അംഗീകരിക്കുന്നതിലും കലാശിച്ചു.

എന്താണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്?

ഇന്ത്യയെപ്പോലുള്ള വലിയ രാജ്യത്ത് തടസമില്ലാതെ തെരഞ്ഞെടുപ്പ് നടത്തുക എന്നത് എല്ലായ്‌പ്പോഴും വെല്ലുവിളിയാണ്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് കൃത്യമായ സമയപരിധിയില്ല. അത് ഗവണ്‍മെന്‍റിന്‍റെ ഇച്ഛയെയോ എംപിമാരുടെയും എംഎല്‍എമാരുടെയും വിശ്വാസ വോട്ടെടുപ്പിനെയോ ആശ്രയിച്ചിരിക്കുന്നു. പഞ്ചായത്ത്, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ കൂടി കണക്കിലെടുത്താൽ രാജ്യം തെരഞ്ഞെടുപ്പിന്‍റെ ദുഷിച്ച വലയത്തില്‍ അകപ്പെട്ടിരിക്കുകയാണെന്നാണു തോന്നുക. ഇതു ഭരണപരവും നയപരവുമായ തീരുമാനങ്ങളെ ബാധിക്കുക മാത്രമല്ല, ദേശീയ സ്വത്തും നികുതിദായകരുടെ പണവും നഷ്ടപ്പെടുന്നതിനും ഇടയാക്കുന്നു. അതിനാല്‍, ലോക്സഭ, സംസ്ഥാന നിയമസഭകള്‍, പഞ്ചായത്തുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നതാണ് ഉചിതമെന്ന് നയആസൂത്രകർ കരുതുന്നു. ഇതാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ചര്‍ച്ചയിലേക്ക് നയിച്ചത്.

മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി രണ്ടുഘട്ടങ്ങളിലായി ഒരേസമയം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ശുപാര്‍ശ ചെയ്തു. ലോക്സഭാ, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ആദ്യഘട്ടത്തില്‍ തന്നെ നടത്തണം. ആദ്യഘട്ടം കഴിഞ്ഞ് 100 ദിവസത്തിനുള്ളില്‍ രണ്ടാം ഘട്ടമായി പഞ്ചായത്ത്, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ നടത്തണം. ഇതിന് ചില സംസ്ഥാന നിയമസഭകളുടെ കാലാവധി നീട്ടുകയും മറ്റ് ചില നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്ക്കുകയും വേണം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ ഉന്നതതല സമിതി 57 രാഷ്‌ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടെ 15 പാര്‍ട്ടികള്‍ ഈ ആശയത്തെ എതിര്‍ത്തപ്പോള്‍ 32 പാര്‍ട്ടികള്‍ ഇതിനെ പിന്തുണച്ചു. എന്നാല്‍ എന്തുകൊണ്ടാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഇത്ര പ്രാധാന്യമര്‍ഹിക്കുന്നത് എന്ന ചോദ്യം അവശേഷിക്കുന്നു.

എന്തുകൊണ്ട് ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ്?

ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകൾക്ക്, ഓരോ തെരഞ്ഞെടുപ്പിനും മാതൃകാ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തേണ്ടതുണ്ട്. ഇത് ഗവണ്മെന്‍റിന്‍റെ നയരൂപീകരണ തീരുമാനങ്ങൾക്കു വിഘാതമാകുന്നു. വിവിധ പദ്ധതികളുടെയും പരിപാടികളുടെയും നടത്തിപ്പിനെ തടസപ്പെടുത്തുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പുകളിൽ തുല്യത ഉറപ്പാക്കുന്നതിന്, പുതിയ പദ്ധതികളുടെ പ്രഖ്യാപനം, നയപരമായ ബജറ്റ് വിഹിതം, ഭരണകക്ഷിയുടെയോ മന്ത്രിമാരുടെയോ പൊതു അധികാരികളുടെയോ നിയമനങ്ങൾ എന്നിവ മാതൃകാ പെരുമാറ്റച്ചട്ടം തടയുന്നു.

രാജ്യത്ത് പതിവായി തെരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ, വിവിധ പദ്ധതികളുടെയും പരിപാടികളുടെയും കീഴിൽ ആസൂത്രണം ചെയ്ത വികസന പ്രവർത്തനങ്ങളെ ഇത് തടസപ്പെടുത്തുന്നു. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തിയാൽ, മാതൃകാ പെരുമാറ്റച്ചട്ടം 3 മാസത്തേക്കു മാത്രമേ പ്രാബല്യത്തിൽ വരൂ. തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്‍റിന്‍റെ ശേഷിക്കുന്ന കാലാവധി വിവിധ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഫലപ്രദമായി ഉപയോഗിക്കാനാകും. അതിനാൽ, രാജ്യം വികസനത്തിന്‍റെ പാതയിലേക്ക് അതിവേഗം നീങ്ങുന്നുവെന്ന് ഉറപ്പാക്കാൻ ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് പ്രധാനമാണ്.

ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന് അനുകൂലമായ മറ്റൊരു പ്രധാന വാദം, ഇത് ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനുള്ള ചെലവ് ഗണ്യമായി കുറയ്ക്കുമെന്നതാണ്. വർഷങ്ങളായി തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ചെലവിലെ തുടർച്ചയായ വർധന രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. 1952ൽ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ചെലവ് വെറും 10 കോടി രൂപയായിരുന്നെങ്കിൽ, 2009ലെ പൊതു തെരഞ്ഞെടുപ്പിനുള്ള ചെലവ് 1,100 കോടി രൂപയായി. ഇത് 2014ലെത്തിയപ്പോൾ 4,000 കോടി രൂപയായി.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 2019ലെ പൊതുതെരഞ്ഞെടുപ്പ് നടത്താൻ 55,000 കോടി മുതൽ 60,000 കോടി രൂപ വരെയും 2024ലെ തെരഞ്ഞെടുപ്പിന് ഏകദേശം 1.35 ലക്ഷം കോടി രൂപയും ചെലവഴിച്ചു. ലോകമാകെ പരിശോധിച്ചാൽ തെരഞ്ഞെടുപ്പു പ്രക്രിയക്കായി ചെലവാക്കുന്ന ഏറ്റവും വലിയ തുകയാണിത്. കണക്കനുസരിച്ച് ലോക്‌സഭ, സംസ്ഥാന നിയമസഭകൾ, പഞ്ചായത്ത്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നടത്താൻ 5 വർഷത്തിനുള്ളിൽ ഏകദേശം 2.5 ലക്ഷം കോടി മുതൽ 3 ലക്ഷം കോടി രൂപ വരെ ചെലവഴിക്കുന്നു. ഈ ഭീമമായ ചെലവ് കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാരമാണ് ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ്.

മൂന്നാമതായി, ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് കള്ളപ്പണത്തിന്‍റെയും അഴിമതിയുടെയും ഭീഷണി നിയന്ത്രിക്കാൻ സഹായിക്കും. രാജ്യത്ത് തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾക്കുള്ള ഫലപ്രദമായ ചുവടുവയ്പ്പു കൂടിയാണിത്.

നാലാമതായി, ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ്, ഗവണ്മെന്‍റ് ജീവനക്കാരുടെ അടിസ്ഥാന പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും പൊതുജീവിതത്തിലെ തടസങ്ങൾ കുറയ്ക്കുകയും ചെയ്യും. അധ്യാപകരെയും മറ്റ് ഗവണ്മെന്‍റ് ജീവനക്കാരെയും തെരഞ്ഞെടുപ്പ് പ്രക്രിയക്കായി വിന്യസിക്കുന്നത് അവരുടെ അടിസ്ഥാന പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് ഏവർക്കുമറിയാം. മാത്രമല്ല, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ഏകദേശം 1.5 കോടി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ഇത് രാജ്യത്തിന്‍റെ വിദ്യാഭ്യാസ- സുരക്ഷാ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുകയും പ്രധാനപ്പെട്ട ജോലികളെ തടസപ്പെടുത്തുകയും ചെയ്യുന്നു. കർശനമായ സുരക്ഷാക്രമീകരണങ്ങൾ അവശ്യസേവനങ്ങൾ തടസപ്പെടുന്നതിനും പണപ്പെരുപ്പം വർധിക്കുന്നതിനും കാരണമാകുന്നു. പാർട്ടികളും സ്ഥാനാർഥികളും നടത്തുന്ന പ്രചാരണങ്ങളും പൊതു റാലികളും ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർധിക്കുന്നതിലേക്ക് നയിക്കുന്നു. അതിനാൽ, തെരഞ്ഞെടുപ്പുകൾ ഒരേസമയം നടന്നാൽ അതു രാജ്യത്തെ പൗരന്മാരുടെ മാനവ വിഭവശേഷിയുടെ ഫലപ്രദമായ ഉപയോഗത്തിനും പൊതുജീവിതം സുഗമമാക്കുന്നതിനും കാരണമാകും.

ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിന് അനുകൂലമായ അഞ്ചാമത്തെ വാദം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള കുറഞ്ഞ തുക എന്ന പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ചെറുകിട രാഷ്‌ട്രീയ പാർട്ടികളെയും സ്വതന്ത്ര സ്ഥാനാർഥികളെയും സഹായിക്കുമെന്നതാണ്. ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകൾ വോട്ടർമാരിൽ തെരഞ്ഞെടുപ്പിനോടുള്ള മടുപ്പിന് ഇടയാക്കുന്നു. ഇത് വോട്ടർമാരുടെ എണ്ണം കുറയുന്നതിനു കാരണമാകുന്നു. 5 വർഷത്തിനുള്ളിൽ ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ടർമാരുടെ താൽപ്പര്യം വർധിപ്പിക്കുകയും പോളിങ് നിരക്കു വർധിപ്പിക്കുകയും ചെയ്യും.

ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് എന്നത് പുതിയതും അതുല്യവുമായ പരീക്ഷണമല്ല എന്നതാണ് ആറാമത്തെയും അവസാനത്തേതുമായ കാര്യം. രാജ്യത്തെ ആദ്യത്തെ 4 പൊതുതെരഞ്ഞെടുപ്പുകൾക്ക് ഈ പ്രക്രിയ വിജയകരമായി സ്വീകരിച്ചിട്ടുണ്ട്, ഇതിനെ എതിർക്കുന്നവർ 1952, 1957, 1962, 1967 വർഷങ്ങളിൽ നടന്ന പൊതുതെരഞ്ഞെടുപ്പുകൾ പരിശോധിക്കണം. അന്ന് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ നടന്നു. ഒഡിഷ, ആന്ധ്ര പ്രദേശ്, സിക്കിം, അരുണാചൽ പ്രദേശ് എന്നീ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളും 18ാം ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താൻ കഴിയുമെങ്കിൽ, മറ്റ് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ എന്തുകൊണ്ട് നടത്തിക്കൂടാ?

മുന്നോട്ടുള്ള പാത

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രമായ ഇന്ത്യ തെരഞ്ഞെടുപ്പ് കുരുക്കിൽ അകപ്പെട്ടിരിക്കുന്നു എന്നതിൽ സംശയമില്ല. ഈ കുരുക്കിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിന് കരുത്തുറ്റ തെരഞ്ഞെടുപ്പ് പരിഷ്കാര പ്രചാരണം അടിയന്തിര ആവശ്യമാണ്. ഇതിനായി പൊതുജന പ്രാതിനിധ്യ പ്രവാഹം കൂടുതൽ കാലികമാക്കുക, കള്ളപ്പണം തടയുക, രാഷ്‌ട്രീയത്തിലെ കുറ്റകൃത്യവൽക്കരണത്തിനെതിരേ കർശന നിയമങ്ങൾ നിർമിക്കുക, ജനങ്ങളിൽ രാഷ്‌ട്രീയ അവബോധം വികസിപ്പിക്കുക തുടങ്ങിയ സുപ്രധാന നടപടികൾ ഗവണ്മെന്‍റ് സ്വീകരിച്ചുവരികയാണ്.

ഒരു രാഷ്‌ട്രം ഒരു നികുതി ഫലപ്രദമായി നടപ്പിലാക്കാൻ കഴിയുമെങ്കിൽ ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പരീക്ഷിക്കുന്നതിൽ എന്താണ് ദോഷം. ഈ രീതി സ്വീകരിക്കുന്ന ആദ്യത്തെ രാജ്യമല്ല ഇന്ത്യ. ബെൽജിയം, സ്വീഡൻ, ദക്ഷിണാഫ്രിക്ക എന്നിവ പതിവായി ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നു. രാഷ്‌ട്രീയ പാർട്ടികളും ഈ വിഷയത്തിൽ തുറന്ന മനസോടെ മുന്നോട്ടു വരണം. രാജ്യത്തിന്‍റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ രാഷ്‌ട്രീയ സംവിധാനം പരിഷ്കരിച്ചില്ലെങ്കിൽ അത് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിനാൽ, ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് എന്നത് പുരോഗമനപരമായ നടപടിയാണ്. അതു രാജ്യത്തിന്‍റെ ആവശ്യങ്ങൾക്ക് അനുയോജ്യമാണ്; മാത്രമല്ല, കാലഘട്ടത്തിന്‍റെ ആവശ്യകത കൂടിയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com