

പുതിയ ഭൂഗർഭ കേന്ദ്രം നിർമിക്കാനുള്ള നീക്കം ഊർജിതമാക്കി ഇറാൻ
'Vanter Technologies'
ഇസ്രയേൽ-യുഎസ് യുദ്ധ സാഹചര്യവും എപ്പോൾ വേണമെങ്കിലും തങ്ങളുടെ ആണവ കേന്ദ്രങ്ങൾ വൻ ആക്രമണത്തിന് ഇരയാകാം എന്ന സാധ്യതയുമാണ് ഇപ്പോൾ ഇറാന്റെ മേലുള്ള "ഡമോക്ലീഷസിന്റെ വാൾ". ഇസ്ഫഹാൻ, നതാൻസ് ആണവ കേന്ദ്രങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന ബെഹ്ജതാബാദിലെ നിർമ്മാണ പ്രവർത്തനങ്ങൾ അസാധാരണ വേഗത്തിൽ പുരോഗമിക്കുന്നതായാണ് പുതിയ ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. ഈ കേന്ദ്രത്തിന്റെ യഥാർഥ ലക്ഷ്യം എന്താണെന്ന് വ്യക്തമായിട്ടില്ല. എങ്കിലും ഇറാന്റെ സൈനിക ശേഷിയും ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും വീണ്ടും സജീവമാക്കുന്നതാണ് പുതിയ കണ്ടെത്തൽ.
'വാന്റർ ടെക്നോളജീസ്' പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്ത ശേഷമാണ് വാഷിങ്ടൺ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ സയൻസ് ആൻഡ് ഇന്റർനാഷണൽ സെക്യൂരിറ്റി (ISIS) ഈ വിവരങ്ങൾ പുറത്തുവിട്ടത്. മലനിരകൾക്കുള്ളിൽ നിർമ്മിക്കുന്ന ഈ കേന്ദ്രത്തിൽ ഭരണനിർവഹണ സംവിധാനങ്ങൾ, പ്രവേശന കവാടങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ സൂചനകൾ ചിത്രങ്ങളിലുണ്ട്.
'Vanter Technologies'
പുതിയ കേന്ദ്രം ബെഹ്ജതാബാദ്
ഇസ്ഫഹാൻ ആണവ കേന്ദ്രത്തിനും നതാൻസിന് സമീപമുള്ള പിക്കാക്സ് മൗണ്ടൻ എന്നറിയപ്പെടുന്ന പ്രദേശത്തിനും ഇടയിലാണ് ബെഹ്ജതാബാദ് സ്ഥിതി ചെയ്യുന്നത്. ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങളുമായി ഭൂമിശാസ്ത്രപരമായി അടുത്തുനിൽക്കുന്ന ഈ സ്ഥാനം കേന്ദ്രത്തിന്റെ തന്ത്രപ്രധാന്യം വർധിപ്പിക്കുന്നു. എന്നാൽ, ഈ സാമീപ്യം മാത്രം കണക്കിലെടുത്ത് കേന്ദ്രം ആണവ ആവശ്യത്തിനുള്ളതാണെന്ന് നിഗമനം ചെയ്യാനാവില്ലെന്ന് വിദഗ്ധ സ്ഥാപനം വ്യക്തമാക്കുന്നു.
പന്ത്രണ്ടായിരം ഏക്കറിലേക്ക് വ്യാപിക്കുന്ന സുരക്ഷാ മേഖല
ബെഹ്ജതാബാദ് കേന്ദ്രത്തിന്റെ നിർമ്മാണത്തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം അതിന്റെ വ്യാപ്തിയും സുരക്ഷാ സംവിധാനങ്ങളുമാണ്. നിർമ്മാണം പൂർത്തിയാകുന്നതോടെ പുറം സുരക്ഷാ അതിർത്തി ഏകദേശം 12,000 ഏക്കർ (ഏകദേശം 5,000 ഹെക്റ്റർ) വിസ്തൃതിയിലേക്ക് വ്യാപിച്ചേക്കുമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിലയിരുത്തൽ. പുറം സുരക്ഷാ വേലി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
2025 ഡിസംബർ 7-നും 12-നും ഇടയിൽ പകർത്തിയ സെന്റിനൽ-2 ഉപഗ്രഹ ചിത്രങ്ങളിലാണ് ഇവിടെ ആദ്യമായി നിർമ്മാണ പ്രവർത്തനങ്ങളുടെ സൂചനകൾ കണ്ടെത്തിയത്. തുടക്കത്തിൽ ഭരണനിർവഹണ വിഭാഗത്തിനും പ്രധാന പ്രവേശന കവാടത്തിനുമായി ഭൂമി നിരപ്പാക്കുന്ന ജോലികളാണ് നടന്നത്. 2026 ജനുവരിയോടെ കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഏപ്രിലിൽ തുരങ്കങ്ങൾക്കായുള്ള മണ്ണ് നീക്കം ചെയ്യൽ വ്യക്തമായി. ജൂണോടെ ഭൂഗർഭ സമുച്ചയത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കും നിർമ്മാണം വ്യാപിച്ചു.
നവംബർ 24-ന് പകർത്തിയ ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നിലധികം തുരങ്ക പ്രവേശന കവാടങ്ങളും അവയുമായി ബന്ധിപ്പിക്കുന്ന റോഡുകളും അനുബന്ധ കെട്ടിടങ്ങളും ദൃശ്യമാണ്. ഇത്രയും വലിയൊരു ഭൂഗർഭ സമുച്ചയം ചുരുങ്ങിയ കാലയളവിനുള്ളിൽ വികസിപ്പിക്കുന്നത് ഇറാന്റെ നിർമ്മാണ ശേഷിയുടെയും പദ്ധതിയുടെ മുൻഗണനയുടെയും സൂചനയായാണ് നിരീക്ഷിക്കപ്പെടുന്നത്.
മിസൈൽ താവളമോ ആണവ കേന്ദ്രമോ?
ബെഹ്ജതാബാദ് കേന്ദ്രത്തിന്റെ യഥാർഥ ഉപയോഗം സംബന്ധിച്ചാണ് ഇപ്പോൾ ഏറ്റവും വലിയ അനിശ്ചിതത്വം നിലനിൽക്കുന്നത്. മിസൈലുകൾ, മറ്റ് പ്രധാന ആയുധ സംവിധാനങ്ങൾ, സൈനിക ഉപകരണങ്ങൾ എന്നിവ സൂക്ഷിക്കുന്നതിനോ പ്രവർത്തിപ്പിക്കുന്നതിനോ ഉള്ള കേന്ദ്രമായിരിക്കാം ഇതെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് മുന്നോട്ടുവയ്ക്കുന്ന ഒരു സാധ്യത. അതേസമയം, ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇതൊരു ആണവ കേന്ദ്രമാണെന്നതിന് നിലവിൽ നേരിട്ടുള്ള തെളിവുകളില്ല. യുറേനിയം സമ്പുഷ്ടീകരണം, സെൻട്രിഫ്യൂജ് നിർമ്മാണം, ആണവായുധ വികസനം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ടെന്നും ഉപഗ്രഹ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നില്ല.
ഭൂമിക്കടിയിലെ നിർമ്മാണത്തിന്റെ പുറംരൂപം നിരീക്ഷിക്കാൻ കഴിയുമെങ്കിലും തുരങ്കങ്ങൾക്കുള്ളിൽ എന്താണ് സ്ഥാപിക്കുന്നതെന്ന് ഉപഗ്രഹ ചിത്രങ്ങളിലൂടെ മാത്രം കണ്ടെത്താനാവില്ല. എന്നാൽ കേന്ദ്രത്തിന്റെ സ്ഥാനം അവഗണിക്കാനാവാത്തതാണ്. ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഇസ്ഫഹാൻ, നതാൻസ് മേഖലകൾക്കിടയിൽ സ്ഥിതി ചെയ്യുന്നതിനാൽ നിലവിലുള്ള സൈനിക–ആണവ ശൃംഖലയുമായി ബന്ധിപ്പിക്കാവുന്ന തന്ത്രപ്രധാനമായ കേന്ദ്രമായി ഇത് മാറിയേക്കാം.
അമേരിക്കൻ–ഇസ്രയേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലെ ഭൂഗർഭ നിർമ്മാണം
ഇറാൻ ഇത്തരം ഭൂഗർഭ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനു പിന്നിലെ പ്രധാന തന്ത്രപരമായ കാരണങ്ങളിലൊന്ന് വിദേശ വ്യോമാക്രമണങ്ങളിൽനിന്ന് സൈനികവും തന്ത്രപ്രധാനവുമായ അടിസ്ഥാന സൗകര്യങ്ങളെ സംരക്ഷിക്കുകയെന്നതാണ്. 2025 ജൂണിലെ ഇസ്രയേൽ–ഇറാൻ യുദ്ധത്തിലും തുടർന്ന് അമേരിക്ക നടത്തിയ ആക്രമണങ്ങളിലും ഇസ്ഫഹാൻ, നതാൻസ്, ഫോർദോ എന്നിവിടങ്ങളിലെ ഇറാന്റെ പ്രധാന ആണവ അടിസ്ഥാന സൗകര്യങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനുശേഷം തകർന്ന കേന്ദ്രങ്ങൾ പുനർനിർമിക്കുന്നതിനും നിലവിലുള്ള സൗകര്യങ്ങൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനുമുള്ള നീക്കങ്ങൾ ഇറാൻ നടത്തിയിരുന്നു. ഭൂഗർഭ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നത് ഈ തന്ത്രത്തിന്റെ തുടർച്ചയായിരിക്കാം.
മലകൾക്കുള്ളിലെ ആഴത്തിലുള്ള തുരങ്കങ്ങൾ, പരിമിതമായ പ്രവേശന കവാടങ്ങൾ, വിപുലമായ സുരക്ഷാ മേഖലകൾ എന്നിവ ശത്രുവിന്റെ നിരീക്ഷണവും ആക്രമണവും കൂടുതൽ സങ്കീർണമാക്കും. പരമ്പരാഗത വ്യോമാക്രമണങ്ങൾകൊണ്ട് മാത്രം ഇത്തരം കേന്ദ്രങ്ങളെ പൂർണമായി തകർക്കുക എളുപ്പമല്ല. ആക്രമണം ഉണ്ടായാലും നിർണായകമായ ഉപകരണങ്ങളും സൈനിക ശേഷികളും സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനും ഇത്തരം സംവിധാനങ്ങൾ സഹായിച്ചേക്കും.
ഇറാന്റെ മറ്റൊരു ഭൂഗർഭ പദ്ധതിയായ നതാൻസിന് സമീപത്തെ പിക്കാക്സ് മൗണ്ടനും ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്. ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള സൗകര്യം വികസിപ്പിക്കാനാണ് ഈ കേന്ദ്രം ഉദ്ദേശിച്ചതെന്ന് ഇറാൻ 2020-ൽ അറിയിച്ചിരുന്നു. ആണവ പദ്ധതിയുടെ ഭാഗങ്ങൾ പുനഃസ്ഥാപിക്കാൻ കഴിയുന്ന സാധ്യതയുള്ള കേന്ദ്രങ്ങളിലൊന്നായി ഇതിനെ ഇൻസ്റ്റിറ്റ്യൂട്ട് വിലയിരുത്തിയിട്ടുണ്ട്.
ആണവ നിരീക്ഷണ സംവിധാനങ്ങൾക്ക് പുതിയ വെല്ലുവിളി
ബെഹ്ജതാബാദ് നിർമ്മാണം പുരോഗമിക്കുന്നതിനൊപ്പം ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള അന്താരാഷ്ട്ര നിരീക്ഷണവും അനിശ്ചിതത്വത്തിലാണ്. അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക് (IAEA) ആക്രമണത്തിൽ തകർന്ന പ്രധാന ആണവ കേന്ദ്രങ്ങളിൽ പൂർണമായ പരിശോധന നടത്താൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോളുള്ളത്.
ഇറാന്റെ കൈവശമുണ്ടായിരുന്ന 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന്റെ കൃത്യമായ സ്ഥിതിയും അന്താരാഷ്ട്ര സമൂഹത്തിന് വ്യക്തമായിട്ടില്ല. ഏകദേശം 440 കിലോഗ്രാം യുറേനിയമാണ് ഈ വിഭാഗത്തിൽ ഉണ്ടായിരുന്നതെന്ന് മുൻകാല കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വസ്തുവിന്റെ നിലവിലെ സ്ഥാനം, അവസ്ഥ, കൃത്യമായ കണക്ക് എന്നിവ സ്ഥിരീകരിക്കുന്നതിൽ പരിശോധനാ നിയന്ത്രണങ്ങൾ വലിയ തടസമാണ്. ഇതിനാൽ പുതിയ ഭൂഗർഭ കേന്ദ്രങ്ങളുടെ നിർമ്മാണം അന്താരാഷ്ട്ര ആണവ നിരീക്ഷണത്തിന് കൂടുതൽ സങ്കീർണത സൃഷ്ടിക്കുന്നു. എന്നാൽ ബെഹ്ജതാബാദിലേക്ക് സമ്പുഷ്ടീകരിച്ച യുറേനിയമോ ആണവ ഉപകരണങ്ങളോ മാറ്റിയതായി നിലവിൽ തെളിവില്ല.
ലക്ഷ്യം ദീർഘകാല യുദ്ധതന്ത്രമോ?
ബെഹ്ജതാബാദ് കേന്ദ്രത്തെ ഒറ്റപ്പെട്ട ഒരു നിർമ്മാണ പദ്ധതിയായി കാണുന്നതിനേക്കാൾ ഇറാന്റെ മാറുന്ന പ്രതിരോധ തന്ത്രത്തിന്റെ ഭാഗമായി പരിശോധിക്കുന്നതാണ് ഉചിതം. അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക മേൽക്കോയ്മ നേരിടാൻ ഇറാൻ പരമ്പരാഗത സൈനിക അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം ഭൂഗർഭ സംവിധാനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നതായി ഈ നീക്കം സൂചിപ്പിക്കുന്നു.
ആണവ കേന്ദ്രങ്ങൾ, മിസൈൽ സംവിധാനങ്ങൾ, ആയുധ സംഭരണശാലകൾ, സൈനിക കമാൻഡ് സംവിധാനങ്ങൾ എന്നിവയെ ഒരൊറ്റ ആക്രമണത്തിലൂടെ തകർക്കാനാവാത്ത വിധം വികേന്ദ്രീകരിക്കുകയും ഭൂഗർഭത്തിലേക്ക് മാറ്റുകയും ചെയ്യുന്നത് ഇറാന്റെ പ്രതിരോധ ശേഷി വർധിപ്പിക്കും. ശത്രുവിന് ആക്രമിക്കേണ്ട ലക്ഷ്യങ്ങളുടെ എണ്ണം വർധിപ്പിക്കുകയും ഓരോ കേന്ദ്രത്തിന്റെയും യഥാർഥ പ്രവർത്തനം കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നതാണ് ഇതിന്റെ മറ്റൊരു തന്ത്രപരമായ നേട്ടം.