മരണമില്ലാത്ത മാന്ത്രിക വിരലുകൾ...

എട്ട് വിരൽ കൊണ്ട് വായിക്കേണ്ട തബലയിൽ സാക്കിർ ഹുസൈന്‍റെ പത്ത് വിരലും പതിഞ്ഞപ്പോൾ സംഗീതരംഗത്ത് അത് ഒരേസമയം വിവാദവും വിപ്ലവവുമായിരുന്നു
Zakir Hussain
സാക്കിർ ഹുസൈൻ
Updated on

വി.കെ. സഞ്ജു

എട്ട് വിരൽ കൊണ്ട് വായിക്കേണ്ട തബലയിൽ സാക്കിർ ഹുസൈന്‍റെ പത്ത് വിരലും പതിഞ്ഞപ്പോൾ സംഗീതരംഗത്ത് അത് ഒരേസമയം വിവാദവും വിപ്ലവവുമായിരുന്നു. പക്ഷേ, ഇന്ത്യൻ താളവാദ്യത്തെ ലോക സംഗീതവേദിയുടെ അവിഭാജ്യഘടകമായി പ്രാണപ്രതിഷ്ഠ നടത്തുമ്പോൾ, ഉസ്താദ് സാക്കിർ ഹുസൈൻ അല്ലാരാഖ ഖുറേഷിക്ക് ഒരു പാരമ്പര്യവും ഒരു കീഴ്‌വഴക്കവും, ലിഖിതമോ അലിഖിതമോ ആയ ഒരു നിയമവും തടസമായില്ല.

ജാസ് ഫ്യൂഷന്‍ അടക്കമുള്ള ലോക സംഗീതശൈലികൾ ഹിന്ദുസ്ഥാനി ഖരാനയിലേക്ക് സാക്കിർ ഹുസൈൻ സമന്വയിപ്പിച്ചപ്പോൾ, ഇന്ത്യൻ താളവാദ്യ പ്രസ്ഥാനത്തിന്‍റെ തന്നെ രൂപഭാവങ്ങളാണ് തിരുത്തിയെഴുതപ്പെട്ടത്. ഒപ്പം, ഇന്ത്യൻ സംഗീതം അന്താരാഷ്ട്ര വേദികളിൽ കൂടുതൽ അംഗീകരിക്കപ്പെടാനും ഉസ്താദിന്‍റെ പരീക്ഷണങ്ങൾ വഴിതെളിച്ചു. ഇന്ത്യൻ സംഗീതത്തിന് അപ്രാപ്യമെന്നോ അപൂർവതയെന്നോ കരുതപ്പെട്ട ഗ്രാമി അവാർഡുകൾ അഞ്ച് വട്ടമാണ് അദ്ദേഹത്തെ തേടിയെത്തിയത്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച തബലവാദകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉസ്താദ് അല്ലാരാഖയുടെ മകന് തബല പഠിക്കാൻ മറ്റു ഗുരുക്കന്മാരുടെ ആവശ്യം വന്നില്ല. മൂന്നാം വയസിൽ തുടങ്ങിയ അഭ്യാസം കൗമാരം കടക്കും മുൻപേ പണ്ഡിറ്റ് രവിശങ്കറെ പോലുള്ളവരുടെ അകമ്പടിക്കാരൻ വരെയാക്കി. രവിശങ്കറാണ് സക്കീർ ഹുസൈനെ യുഎസിലേക്ക് ക്ഷണിക്കുന്നതും സിയാറ്റിൽ യൂണിവേഴ്സിറ്റിൽ സംഗീത അധ്യാപകനാകാൻ പ്രേരിപ്പിക്കുന്നതും. പിൽക്കാലത്ത് അദ്ദേഹം അവിടെ തന്നെ സ്ഥിരതാമസമാക്കിയത് ഇന്ത്യൻ സംഗീതത്തെ ലോക സംഗീതത്തിന്‍റെ അവിഭാജ്യ ഘടകമാക്കി മാറ്റാൻ ഏറെ സഹായിച്ചു.

യാദൃച്ഛികമായി സാക്കിർ ഹുസൈനെ പരിചയപ്പെട്ട മിക്കി ഹാർട്ട് അദ്ദേഹത്തിന്‍റെ താളവൈഭവം ആദ്യം തിരിച്ചറിയുന്നത് അടുക്കളയുടെ മേശപ്പുറത്തെ താളപ്പെരുക്കത്തിലാണ്. അവിടെവച്ച് അവർ ഒരുമിച്ച പ്ലാനറ്റ് ഡ്രം എന്ന ബാൻഡിൽ സികിരു അഡിപൊജുവും ജിയോവാനി ഹിഡാൽഗോയും കൂടി അംഗങ്ങളായി. 1992ൽ ഈ ബാൻഡിന്‍റെ ആദ്യ ആൽബം തന്നെ ബെസ്റ്റ് വേൾഡ് മ്യൂസിക് ആൽബം കാറ്റഗറിയിൽ ഗ്രാമി പുരസ്കാരം സ്വന്തമാക്കി.

പതിനഞ്ച് വർഷത്തിനു ശേഷം വീണ്ടും ഒരുമിച്ച നാൽവർ സംഘം ഒരുക്കിയ പ്ലാനറ്റ് ഡ്രം പ്രോജക്റ്റ് എന്ന ആൽബം ബെസ്റ്റ് വേൾഡ് മ്യൂസിക് ആൽബത്തിനുള്ള ഗ്രാമി പുരസ്കാരവും സ്വന്തമാക്കി. പിന്നീട് മൂന്ന് ഗ്രാമി അവാർഡുകൾ നേടുന്നത് 2024ലാണ്. അങ്ങനെ ഒറ്റ രാത്രി മൂന്ന് ഗ്രാമി പുരസ്കാരങ്ങൾക്ക് അർഹനാകുന്ന ആദ്യ ഇന്ത്യൻ സംഗീജ്ഞൻ എന്ന അപൂർവതയും സാക്കിർ ഹുസൈനെ തേടിയെത്തി.

ഹിന്ദി സിനിമകൾക്കു വേണ്ടി സംഗീതത്തിലും അഭിനയത്തിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, ബോളിവുഡിന്‍റെ മായികലോകത്തേക്ക് അധികം കടക്കാൻ കൂട്ടാക്കാതെ, സ്വതന്ത്ര സംഗീതവുമായി ലോകം ചുറ്റുകയായിരുന്നു സാക്കിർ ഹുസൈൻ. ഇതിനിടെ വാനപ്രസ്ഥം എന്ന ഷാജി എൻ. കരുൺ - മോഹലൻലാൽ ചിത്രത്തിന്‍റെ സംഗീത വിഭാഗം ഉപദേശകനായും പ്രവർത്തിച്ചിരുന്നു.

പണ്ഡിറ്റ് ഭീംസെൻ ജോഷിക്കും പണ്ഡിറ്റ് ശിവകുമാർ ശർമയ്ക്കും ഹരിപ്രസാദ് ചൗരസ്യക്കും പണ്ഡിറ്റ് രവിശങ്കറിനും ഉസ്താദ് ബിസ്മില്ലാ ഖാനുമൊക്കെ സമകാലികനായി കണക്കാക്കാവുന്നത് ഉസ്താദ് അല്ലാരാഖയെ ആയിരുന്നെങ്കിലും, മകൻ സക്കീർ ഹുസൈനും അവരുടെ കാലഘട്ടത്തിൽ തന്നെ ഇന്ത്യൻ സംഗീത സമ്രാട്ടുകളുടെ ഗണത്തിലേക്കുയർന്നു.‌

പല തലമുറകളെ ത്രസിപ്പിച്ച ആ മാന്ത്രിക വിരലുകൾ നിലയ്ക്കുമ്പോൾ ഒരു മാത്ര നേരത്തേക്ക് തബല നിശബ്ദമാവുകയാണ്, ഒരു നിമഷത്തേക്ക് ഇന്ത്യൻ താളവാദ്യങ്ങളാകെ വിറങ്ങലിക്കുകയാണ്.... പക്ഷേ, ആ വിരലുകൾക്ക് മരണമില്ല, അവയിൽനിന്നുതിർന്ന നാദതരംഗങ്ങൾ ഭൂമിയിൽ സംഗീതമുള്ളിടത്തോളം ശേഷിക്കും.

Zakir Hussain
തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com