

വ്യോമസുരക്ഷയിൽ ഇന്ത്യ അഭിമാനപദ്ധതിയായി കരുതുന്ന സുദർശൻ ചക്ര സംയുക്തമായി വികസിപ്പിക്കാമെന്നു റഷ്യ
സുദർശൻ ചക്ര പദ്ധതിക്കു കീഴിൽ എസ് 500നെ അടിസ്ഥാനമാക്കി കരുത്തുറ്റതും നൂതനവുമായ വ്യോമപ്രതിരോധ സംവിധാനം വികസിപ്പിക്കാൻ റഷ്യ താത്പര്യം അറിയിച്ചതായി റിപ്പോർട്ട്
വ്യോമസുരക്ഷയിൽ ഇന്ത്യ അഭിമാനപദ്ധതിയായി കരുതുന്ന സുദർശൻ ചക്ര സംയുക്തമായി വികസിപ്പിക്കാമെന്നു റഷ്യ. റഷ്യയുടെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം എസ് 500 അടിസ്ഥാനമാക്കി നൂതന പ്രതിരോധ സംവിധാനം വികസിപ്പിക്കാൻ റഷ്യ താത്പര്യമറിയിച്ചതായി ഒരു അന്താരാഷ്‌ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു. നേരത്തേ, എസ് 500 വാങ്ങാൻ ഇന്ത്യ താത്പര്യം അറിയിച്ചിരുന്നെങ്കിലും തത്കാലം തങ്ങളുടെ ആവശ്യത്തിനുള്ളവയെ ഉള്ളൂവെന്നും വിൽക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി റഷ്യ നിരസിച്ചിരുന്നു.
നിലവിൽ റഷ്യയുടെ എസ് 400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയ്ക്കുണ്ട്. ഇതു കൂടുതൽ ബലപ്പെടുത്താനാണ് എസ് 500 കൂടി വാങ്ങാൻ ഇന്ത്യ ആലോചിച്ചത്. എന്നാൽ, റഷ്യൻ സേനയ്ക്ക് ആവശ്യമുള്ളത്ര എസ് 500 മാത്രമേ ഇപ്പോൾ നിർമിക്കാൻ ശേഷിയുള്ളൂ എന്നു ചൂണ്ടിക്കാട്ടി റഷ്യ പിന്മാറി. ഇതിനുശേഷമാണു സുദർശൻ ചക്ര പദ്ധതിക്കു കീഴിൽ എസ് 500നെ അടിസ്ഥാനമാക്കി കരുത്തുറ്റതും നൂതനവുമായ വ്യോമപ്രതിരോധ സംവിധാനം വികസിപ്പിക്കാൻ റഷ്യ താത്പര്യം അറിയിച്ചത്.
എസ്400ന്‍റെ ഏറെ പരിഷ്കരിച്ച പിൻഗാമിയെന്നാണ് എസ് 500നെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് എസ് 400ന് ഒപ്പം നിലവിലുള്ളതും വികസിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ എസ് 500നോടു സംയോജിപ്പിച്ച് ബഹുതല വ്യോമപ്രതിരോധ സംവിധാനം കൂടുതൽ കരുത്തുപകരാൻ ഈ പദ്ധതി സഹായിക്കും. കൂടാതെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന പ്രൊജക്റ്റ് കുശ ദീർഘദൂര വ്യോമപ്രതിരോധ വ്യൂഹത്തിൽ എസ്-500ന്‍റെ അത്യാധുനിക സാങ്കേതികവിദ്യകൾ കൂടി ഉപയോഗപ്പെടുത്താൻ സാധിക്കും.
ദീർഘദൂര ഭൂതല- വ്യോമ മിസൈൽ, ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം, സെൻസറുകൾ, റഡാറുകൾ, ഏകീകൃത രൂപത്തിലുള്ള കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനം എന്നിവയെല്ലാം ചേർന്ന സംയോജിത- ബഹുതല വ്യോമപ്രതിരോധ സംവിധാനമാണു സുദർശൻ ചക്ര എന്നതിൽ വിഭാവനം ചെയ്യുന്നത്. റഷ്യയുടെ നിർദേശം അംഗീകരിച്ചാൽ ഇന്ത്യ നേരിടുന്ന വ്യോമസുരക്ഷാ വെല്ലുവിളികൾ വിപുലമായ തോതിൽ ചെറുക്കാനാവുന്ന സംവിധാനമാകും യാഥാർഥ്യമാകുക. യുദ്ധവിമാനം, ക്രൂസ് മിസൈൽ, ഹൈപ്പർസോണിക് ആയുഘങ്ങൾ, ഇന്‍റർമീഡിയറ്റ് റെയ്ഞ്ച് ബാലിസ്റ്റിക് മിസൈലുകൾ തുടങ്ങിയവയെയെല്ലാം ചെറുക്കാൻ കഴിയുന്നതാകും സുദർശൻ ചക്ര.
എസ് 400ന് ഏകദേശം സമാനമായ ദീർഘദൂര വ്യോമപ്രതിരോധ സംവിധാനമാണ് ഡിആർഡിഒ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രോജക്റ്റ് കുശ. പുതിയ കാലത്തിനനുസരിച്ച് വർധിച്ചുവരുന്ന വെല്ലുവിളികൾ നേരിടുന്നതിനൊപ്പം പ്രതിരോധ ഇറക്കുമതി പരമാവധി കുറയ്ക്കാനും പ്രതിരോധ നിർമാണത്തിൽ സ്വയം പര്യാപ്ത കൈവരിക്കാനുമുള്ള ഇന്ത്യയുടെ ശ്രമത്തിന്‍റെ ഭാഗമാണു പ്രോജക്റ്റ് കുശ.
ഇതിനൊപ്പം തന്നെ ഇന്ത്യ തദ്ദേശീയമായ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ (ബിഎംഡി) പദ്ധതിയും നടപ്പാക്കിവരികയാണ്. അന്തരീക്ഷത്തിന് അകത്തും വച്ച് ശത്രുക്കളുടെ ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള 'ബിഎംഡി ഒന്നാം ഘട്ടം' രാജ്യം ഇതിനകം തന്നെ വിന്യസിച്ചുകഴിഞ്ഞു. ഇതിന് പുറമെ, ദൂരപരിധി കൂടിയ മിസൈൽ ഭീഷണികളെ കൂടുതൽ ശക്തമായി നേരിടാൻ ലക്ഷ്യമിട്ടുള്ള 'ബിഎംഡി രണ്ടാം ഘട്ടം' പദ്ധതിക്ക് അടുത്തിടെ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതിന്‍റെ മൂന്നാം ഘട്ടത്തിനുള്ള പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. ചൈനയും പാക്കിസ്ഥാനുമുൾപ്പെടെ അതിർത്തിയിൽ ഉയർത്തുന്ന ഭീഷണികൾ മുന്നിൽക്കണ്ടാണ് ത്വരിതവേഗത്തിൽ ബിഎംഡി വികസനം.
പ്രതിരോധ സാങ്കേതിക വിദ്യയിൽ ഇന്ത്യയോടു സഹകരിക്കാനുള്ള റഷ്യയ്ക്കുള്ള താത്പര്യം കൂടിയാണ് പുതിയ വ്യോമപ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിൽ പങ്കുചേരാമെന്ന നിർദേശം സൂചിപ്പിക്കുന്നത്.
ആത്മനിർഭർ ഭാരത് പദ്ധതിക്ക് കീഴിൽ രാജ്യത്തിനകത്ത് തന്നെ രൂപകൽപ്പനയും നിർമാണവും ഭാവിയിലെ നവീകരണ പ്രവർത്തനങ്ങളും വിപുലീകരിക്കുക എന്ന ന്യൂഡൽഹിയുടെ വിപുലമായ പ്രതിരോധ വ്യാവസായിക നയത്തിന് അനുയോജ്യമായിരിക്കും ഇത്തരം ഒരു സംയുക്ത വികസന മാതൃക.
അതേസമയം, പങ്കാളിത്തത്തിലേക്കു കടക്കുന്നതിനു മുൻപ് മുൻപ് ഇരു സർക്കാരുകളും സാങ്കേതികവും സാമ്പത്തികവും തന്ത്രപരവുമായ വശങ്ങൾ വിലയിരുത്തുന്നതടക്കം ഏറെ കടമ്പകൾ ബാക്കിയുണ്ട്. പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് സാധാരണ ആയുധ കയറ്റുമതിക്കപ്പുറം, ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സംയോജിത വ്യോമ-മിസൈൽ പ്രതിരോധ സംവിധാനത്തിന്‍റെ ഭാഗമാകാൻ റഷ്യ തയാറായേക്കുമെന്നാണ്.
സഹകരണം യാഥാർഥ്യമായാൽ, അത് തന്ത്രപരമായ വ്യോമപ്രതിരോധ രംഗത്തെ റഷ്യയുടെ വൈദഗ്ധ്യവും ഇന്ത്യയുടെ വളർന്നുവരുന്ന തദ്ദേശീയ മിസൈൽ പ്രതിരോധ പദ്ധതികളും തമ്മിലുള്ള കൂട്ടിച്ചേർക്കലിന് വഴിയൊരുക്കും. ഇതിലൂടെ 'പ്രൊജക്റ്റ് കുശ' പോലുള്ള തദ്ദേശീയ സംവിധാനങ്ങൾ, ഭാവിയിലെ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സാങ്കേതികവിദ്യകൾ എന്നിവയെല്ലാം 'പ്രൊജക്റ്റ് സുദർശൻ ചക്ര' എന്ന പ്രധാന സുരക്ഷാ ചട്ടക്കൂടിന് കീഴിൽ അണിനിരത്തി, കൂടുതൽ ശക്തവും സുരക്ഷിതവുമായ ഒരു ബഹുതല പ്രതിരോധ കവചം സൃഷ്ടിക്കാൻ ഇന്ത്യക്കും സാധിക്കും.