
ജോസഫ് എം. പുതുശേരി
വൈദ്യുതി നിരക്ക് വീണ്ടും കൂട്ടി. യൂണിറ്റിന് 16 പൈസയുടെ വർധന ഈ മാസം 5നു പ്രാബല്യത്തിലായി. 2025 ഏപ്രിലിൽ 12 പൈസ കൂടി കൂടും. അതായത്, ഇനി 3 മാസത്തെ ഇടവേള മാത്രം. ഈ 28 പൈസയുടെ വർധനയും ഒരുമിച്ചാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പിണറായി സർക്കാരിന്‍റെ കാലത്തെ അഞ്ചാമത്തെ വൈദ്യുതി ചാർജ് വർധന. ജനങ്ങളെ ഷോക്കടിപ്പിക്കുന്ന ഹൈടെൻഷൻ പ്രസരണം.
2026-27ൽ 9 പൈസ വർധിപ്പിക്കണമെന്ന കെഎസ്ഇബി ശുപാർശ റെഗുലേറ്ററി കമ്മിഷൻ പരിഗണിച്ചില്ലെന്നാണ് വല്യ വർത്തമാനം! "സമ്മർ താരിഫ്' എന്ന നിലയിൽ 10 പൈസ അധികമായി ഈടാക്കാൻ അനുവദിക്കണമെന്നും കണക്റ്റഡ് ലോഡിനെ അടിസ്ഥാനമാക്കി ഗാർഹിക ഉപയോക്താക്കൾക്ക് ഫിക്സഡ് ചാർജ് ഏർപ്പെടുത്തണമെന്ന നിർദേശവും റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചില്ലെന്ന മേനി നടിക്കലുമുണ്ട് ഇതോടൊപ്പം.
2023ലും വൈദ്യുതി ചാർജ് വർധിപ്പിച്ചിരുന്നു. അന്നു നവംബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ചാർജ് വർധിപ്പിക്കാനായിരുന്നു കമ്മിഷന്‍റെ ഉത്തരവ്. 531 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കുന്ന ഹൈ വോൾട്ട് പ്രഹരം തന്നെയാണ് അന്നും സമ്മാനിച്ചത്. അടുത്ത 4 വർഷത്തെ വൈദ്യുതി നിരക്ക് ഒരുമിച്ച് വർധിപ്പിക്കാനുള്ള നിർദേശമാണ് വൈദ്യുതി ബോർഡ്, നൽകിയതെന്നും കമ്മിഷൻ അതംഗീകരിച്ചില്ലെന്നുമായിരുന്നു അന്നത്തെ വീമ്പ് പറച്ചിൽ. ആസന്നമായ പാർലമെന്‍റ് തെരഞ്ഞെടുപ്പായിരുന്നു അന്നത്തെ ഭാഗ്യനക്ഷത്രം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കമ്മിഷന്‍റെ യഥാർഥ സ്വരൂപം കാണുമെന്ന് അന്നേ വിമർശനമുയർന്നിരുന്നു. ഇപ്പോൾ അതു യാഥാർഥ്യമായിരിക്കുന്നു. 4 വർഷത്തേതിൽ മൂന്നും (23, 24, 25 വർഷങ്ങൾ) നിലവിൽ വന്നു കഴിഞ്ഞു. 26-27ലെ വർധന പ്രഖ്യാപിക്കാൻ ഇനിയും സമയമുണ്ടല്ലോ! റെഗുലേറ്ററി കമ്മിഷന്‍റെ പൊള്ളത്തരം വ്യക്തം.
ബോർഡിന്‍റെ കാര്യക്ഷമതയും നിലനിൽപ്പും ഒപ്പം ഉപയോക്താക്കളുടെ താത്പര്യവും കണക്കിലെടുത്ത് സ്വതന്ത്ര സ്വഭാവത്തിൽ ക്വാസി ജുഡീഷ്യൽ ബോഡിയായി പ്രവർത്തിക്കേണ്ട റെഗുലേറ്ററി കമ്മിഷൻ അതിന്‍റെ നിലയും വിലയും ഉത്തരവാദിത്വവും നിയോഗ ബാധ്യതയും കളഞ്ഞു കുളിച്ച് ഭരണ നേതൃത്വത്തിന്‍റെ റബർ സ്റ്റാംപായി തരംതാണതിന്‍റെ നേർചിത്രം.
കമ്മിഷനിലെ ഒരംഗം വൈദ്യുതി മന്ത്രിയായിരുന്ന എം.എം. മണിയുടെ പിഎ ആയിരുന്ന വ്യക്തി. മറ്റൊരാൾ ബോർഡിലെ ഇടതുപക്ഷ ഓഫിസർ സംഘടനയുടെ മുൻ പ്രസിഡന്‍റ്. അടുത്തത് വിരമിച്ച ഐഎഎസ് ഓഫിസർ. വൈദ്യുതി ബോർഡിൽ തന്നെ ജോലി ചെയ്തിരുന്ന ഒരാളിന് കമ്മിഷൻ അംഗമാകാൻ പറ്റുമോ എന്ന നിയമപ്രശ്നം നിലനിൽക്കെയാണ് അതു മറികടന്നുള്ള നിയമനം. നിഷ്പക്ഷ, നീതിയുക്ത തീരുമാനങ്ങളെടുക്കേണ്ട കമ്മിഷൻ സങ്കുചിത രാഷ്‌ട്രീയ താത്പര്യങ്ങളിലേക്ക് വഴുതി വീഴുന്നതിന്‍റെ കാരണം മറ്റൊന്നല്ല. അതുതന്നെയാണ് ബോർഡ് ഇപ്പോൾ എത്തപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ മുഖ്യ കാരണവും. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് ഒപ്പുവച്ച പവർ പർച്ചേസ് കരാർ റദ്ദാക്കാൻ തീരുമാനിച്ചതും ഇപ്പോൾ അതിനേക്കാൾ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി നൽകാൻ നിർബന്ധിതമായതുമെല്ലാം ഇതിന്‍റെ പ്രതിഫലനം. പിഎ ആയിരുന്നയാളും ഇടതു സംഘടനാ പ്രസിഡന്‍റായിരുന്നു ആളും ചേർന്നെടുക്കുന്ന തീരുമാനം ഭരണനേതൃത്വം അറിഞ്ഞില്ലെന്ന് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോ?
യൂണിറ്റിന് 3.60, 4.15, 4.29 രൂപ നിരക്കിൽ 765 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാറാണ് യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ഒപ്പുവച്ചിരുന്നത്. 25 വർഷത്തേക്കുള്ള ദീർഘകാല കരാറുകളാണ് വിവിധ കമ്പനികളുമായി ഉണ്ടാക്കിയത്. 2016ൽ ഇത് നിലവിൽവന്നു. 7 വർഷമായി വൈദ്യുതി വാങ്ങിയിരുന്നത് ഈ കരാർ പ്രകാരമായതിനാൽ വലിയ ബാധ്യതകളുണ്ടായില്ല.
2023 മേയ് 10ന് ഈ കരാർ റദ്ദാക്കാൻ റെഗുലേറ്ററി കമ്മിഷൻ തീരുമാനിച്ചു. ഒരു കരാറിൽ യൂണിറ്റ് ഒന്നിന് 3.60 രൂപ നിരക്കിൽ കിട്ടിയതിനാൽ ബാക്കിക്കും കുറഞ്ഞ നിരക്കു വേണമെന്ന ന്യായവാദം ഉയർത്തിയാണ് 4.15, 4.29 രൂപാ നിരക്കിൽ ഉണ്ടായിരുന്ന കരാറുകൾ റദ്ദാക്കിയത്. നടപടിക്രമത്തിലെ വീഴ്ച്ചയെന്ന വലിയ കുറ്റമാണ് ആരോപിക്കപ്പെട്ടത്. കരാർ തെറ്റായിരുന്നുവെങ്കിൽ തുടക്കത്തിലേ റദ്ദാക്കേണ്ടിയിരുന്നില്ലേ? 7 വർഷത്തിനുശേഷം കരാർ റദ്ദാക്കാൻ തീരുമാനിക്കുമ്പോൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി കിട്ടുമോ എന്ന അന്വേഷിക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും പ്രകടിപ്പിക്കേണ്ടേ? പഴയ കരാർ റദ്ദാക്കിയശേഷം ഇപ്പോൾ ഒരു വർഷത്തേക്ക് 6.88 രൂപ മുതൽ 10 രൂപ വരെ നിരക്കിലാണ് വൈദ്യുതി വാങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. ഓരോ വർഷവും ഈ വില കൂടിക്കൊണ്ടിരിക്കും.
ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്തെ കരാർ പ്രകാരം 25 വർഷത്തേക്ക് ഒരേ നിരക്കിൽ വാങ്ങാൻ കഴിയുമായിരുന്നു. അതും ഇപ്പോൾ തീരുമാനിച്ചതിനെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ. അതാണ് അട്ടിമറിക്കപ്പെട്ടത്. പ്രതിദിനം 7 മുതൽ 10 വരെ കോടി രൂപയുടെ ബാധ്യതയാണ് ഇതുമൂലം ബോർഡിന് ഉണ്ടാകുന്നത്. മുന്നോട്ടുള്ള ഓരോ വർഷവും ഇത് കൂടിക്കൊണ്ടിരിക്കും. ഇതിന് ഉത്തരവാദികളായവരല്ലേ ശിക്ഷിക്കപ്പെടേണ്ടത്? അവരിൽ നിന്നല്ലേ ഈ അധിക ബാധ്യതത്തുക കണ്ടുകെട്ടേണ്ടത്? ആ ഭാരം കൂടി ഉപയോക്താക്കളുടെ മേൽ കെട്ടിവയ്ക്കുന്നതിന് എന്ത് ന്യായീകരണം?
കരാർ റദ്ദാക്കരുതെന്നും റദ്ദാക്കിയാൽ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം രൂക്ഷമാവുകയും കെഎസ്ഇബി സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്യുമെന്നു ചൂണ്ടിക്കാട്ടി ബോർഡ് സിഎംഡിയും പിന്നീട് ചീഫ് സെക്രട്ടറിയുമായ പോൾ ആന്‍റണി 22 ജൂൺ 4നു വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കത്തു നൽകിയിരുന്നു. ആരു കേൾക്കാൻ! മുൻകൂട്ടി നിശ്ചയിച്ച തിരക്കഥ പ്രകാരമായിരുന്നല്ലോ ഇതെല്ലാം.
വൈദ്യുതി നിയമം 108 പ്രകാരം റെഗുലേറ്ററി കമ്മിഷന്‍റെ തീരുമാനത്തെ മറികടക്കാൻ സർക്കാരിന് അധികാരമുണ്ടെങ്കിലും സർക്കാർ അനങ്ങിയില്ല. അവരും കൂടി അറിഞ്ഞാണല്ലോ കരാർ അദാനിക്കു നൽകാനുള്ള കള്ളക്കള്ളി. ഒടുവിൽ പ്രതിഷേധം ശക്തമായപ്പോൾ കരാർ പുനഃസ്ഥാപിക്കാൻ മന്ത്രിസഭ കമ്മിഷനോട് ആവശ്യപ്പെട്ടു. ആ തീരുമാനം റെഗുലേറ്ററി കമ്മിഷനെ അറിയിക്കുന്നതിലും കാലതാമസം ഉണ്ടായി. ബോധപൂർവം ഉണ്ടാക്കിയ താളപ്പിഴ. കത്ത് വഴിയാണോ ഫോണിലൂടെയാണോ അറിയിക്കേണ്ടതെന്ന കാര്യത്തിൽ പോലും തർക്കം നിലനിന്നു! ഒടുവിൽ നാടകത്തിന് തിരശീല വീഴ്ത്തി 2023 ഡിസംബറിൽ കമ്മിഷൻ പഴയ തീരുമാനം തിരുത്തി കരാർ പുനഃസ്ഥാപിച്ചു. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയി. അതിനാവശ്യമായ എല്ലാ വഴികളും ബോർഡ് തന്നെ തുറന്നു വച്ചിരുന്നു. കരാർ പുനഃസ്ഥാപിച്ച തീരുമാനത്തിനെതിരേ കമ്പനികൾ അപ്പലെറ്റ് ട്രൈബ്യൂണലിനെ (അപ് ടെൽ) സമീപിച്ചു. കരാർ പുനഃസ്ഥാപിച്ച കമ്മിഷൻ തീരുമാനം റദ്ദാക്കി അപ് ടെൽ ജൂലൈയിൽ ഉത്തരവിറക്കി. കേസ് നടത്തിപ്പിൽ വേണ്ടത്ര ജാഗ്രത പുലർത്താതെ കമ്പനികളെ സഹായിക്കുന്ന ഒത്തുകളി. കമ്പനികൾക്ക് പുതിയ റേറ്റ് കിട്ടുമെന്ന സാഹചര്യമാണ് ഇവിടെ പാകപ്പെടുത്തിയത്.
ഇതിനിടെ ടെൻഡറിൽ 7.80 രൂപ ക്വോട്ട് ചെയ്തിരുന്ന അദാനിക്കു കരാർ നൽകാൻ വൈദ്യുതി ബോർഡ് സങ്കോചമേതുമില്ലാതെ ശുപാർശ ചെയ്തു. ഒറ്റയടിക്ക് അതങ്ങ് അംഗീകരിച്ചുകൊടുക്കാൻ എന്തായാലും റെഗുലേറ്ററി കമ്മിഷൻ തയാറായില്ല. കൂടിയ നിരക്കും പ്രതിഷേധവും ഭയന്നുള്ള പിന്മാറ്റം. 4.29 കൂടുതലാണെന്ന് പറഞ്ഞു റദ്ദാക്കിയിടത്താണ് 7. 80 എന്ന് ഓർക്കുക! എന്നിട്ടും ചുരുങ്ങിയ സമയത്തേക്ക് താത്കാലിക സപ്ലൈയ്ക്കുള്ള അനുമതി അദാനിക്കു നൽകുകയും ചെയ്തു.
വിവിധ സംസ്ഥാന സർക്കാരുകളിലെ ഉന്നതരുമായി 2,092 കോടി രൂപയുടെ കൈക്കൂലി ഇടപാട് നടത്തിയെന്ന് ആരോപിച്ച് വ്യവസായി ഗൗതം അദാനിയിടക്കം 8 പേർക്കെതിരേ യുഎസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട കാര്യം ഇവിടെയാണ് പ്രസക്തമാവുന്നത്. അദാനി ഗ്രീൻ എനർജി കമ്പനി ഉത്പാദിപ്പിച്ച എനർജി ഉയർന്ന വിലയ്ക്ക് സംസ്ഥാനങ്ങൾ വാങ്ങാനായി കൈക്കൂലി നൽകിയെന്നാണ് കേസ്. കൈക്കൂലിക്കാര്യം മറച്ചുവച്ച് യുഎസിൽ നിന്ന് അദാനി ഗ്രൂപ്പ് നിക്ഷേപ സമാഹരണം നടത്തിയെന്നും ഇത് യുഎസിലെ അഴിമതി വിരുദ്ധ നിയമത്തിനെതിരാണെന്നുമാണ് കുറ്റപത്രം. ഇത് പുറത്തുവന്നതിനെ തുടർന്ന് ഇപ്പോഴത്തെ ആന്ധ്ര സർക്കാർ മുൻ സർക്കാർ അദാനിയുമായി ഉണ്ടാക്കിയ 3 വൈദ്യുതി കരാറുകൾ റദ്ദാക്കുകയും ചെയ്തു.
25 വർഷത്തേക്ക് ചുരുങ്ങിയ റേറ്റിൽ വൈദ്യുതി ലഭിക്കുമായിരുന്ന ലാഭകരമായ കരാർ റദ്ദാക്കാൻ പെടാപ്പാട് പെടുന്നതിന്‍റെ അന്തർധാരകളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഇപ്പോൾത്തന്നെ കൂടിയ നിരക്ക് നൽകേണ്ടി വരുന്നിടത്ത് ഓരോ വർഷവും അത് പുതുക്കുക കൂടി ചെയ്യേണ്ടി വരുമ്പോൾ ഉണ്ടാകുന്ന അധിക ബാധ്യത എത്ര വലുതായിരിക്കും. എന്നിട്ട് ആ ബാധ്യത ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ യാതൊരു ഉളുപ്പുമില്ലാതെ തീരുമാനം എടുക്കുന്നവരുടെ ചർമശേഷി അപാരം! ഇതിനു കാരണക്കാരായവരിൽ നിന്ന് ഈ ബാധ്യത ഈടാക്കുകയാണ് വേണ്ടത്. ബോർഡും റെഗുലേറ്ററി കമ്മിഷനും കമ്പനികളും പവർ ഡിപ്പാർട്ട്മെന്‍റും ഭരണനേതൃത്വവുമാണ് ഇതിന്‍റെ പൂർണ ഉത്തരവാദികൾ. അദാനിയിലേക്ക് വഴി വെട്ടാനുള്ള കുത്സിത നീക്കം. അതുകൊണ്ട് അവരിൽ നിന്നുതന്നെ ഈ തുക ഈടാക്കണം. ഭാവിയിൽ ഇത്തരം കടുംവെട്ടു നടത്താതിരിക്കാനുള്ള പാഠവും മുന്നറിയിപ്പുമായി അതു മാറണം.
2016 വരെയുള്ള വൈദ്യുതി ബോർഡിന്‍റെ കടം 1,083 കോടി ആയിരുന്നത് കഴിഞ്ഞ 7 വർഷം കൊണ്ട് 40,00 കോടിയിലേക്ക് കുതിക്കുമ്പോൾ അത് വളർച്ചയോ തളർച്ചയോ സമ്പൂർണ തകർച്ചയോ എന്ന് കൂടുതൽ പരതേണ്ടതില്ല. പിടിപ്പുകേടും കെടുകാര്യസ്ഥതയും അഴിമതിയും ധൂർത്തും അരങ്ങു വാണതിന്‍റെ ആകെത്തുക!
2011-16 കാലയളവിൽ 3,00 കോടി ഫിക്സഡ് ഡെപ്പോസിറ്റ് ഉണ്ടായിരുന്ന സ്ഥാപനമായിരുന്നു കെഎസ്ഇബി എന്നോർക്കുക. ലാഭത്തിലായതിന്‍റെ പേരിൽ ഗാർഹിക ഉപയോക്താക്കൾക്ക് യൂണിറ്റ് ഒന്നിന് 20 പൈസ കുറച്ചു കൊടുത്ത ചരിത്രവും ഈ കാലയളവിലുണ്ട്. അവിടെനിന്നാണ് ഈ പതനം എന്നത് ഗൗരവം വർധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ രോഗം അറിഞ്ഞുള്ള ചികിത്സയാണ് ആവശ്യം. ചാർജ് വർധന എന്ന ഒറ്റമൂലി പ്രശ്നപരിഹാരത്തിന് ഉതകില്ല എന്ന തിരിച്ചറിവാണ് ബന്ധപ്പെട്ടവർക്ക് ആദ്യം ഉണ്ടാവേണ്ടത്. അല്ലെങ്കിൽ "ഓപ്പറേഷൻ സക്സസ്, ബട്ട് പേഷ്യന്‍റ് ഡെഡ് ' എന്ന അവസ്ഥയിലേക്കായിരിക്കും നാം എത്തപ്പെടുക.