റേഷൻ മുടങ്ങുന്ന നവകേരളം

റേഷൻ സാധനങ്ങൾ കടകളിലെത്തിച്ചതിനു 4 മാസമായി നൽകാനുള്ള കുടിശിക 100 കോടിയിലേക്ക് ഉയർന്നതോടെയാണു കരാറുകാർ പണിമുടക്കിന് നിർബന്ധിതരായത്.
veenduvijaram special column on public distribution
റേഷൻ മുടങ്ങുന്ന നവകേരളം
Updated on

ജോസഫ് എം. പുതുശേരി

റേഷൻ കടകൾ സാധാരണക്കാരന്‍റെ ആശ്രയകേന്ദ്രങ്ങളാണ്. ഏറ്റവും താഴേക്കിടയിലുള്ള മനുഷ്യരാണ് പ്രധാനമായും റേഷൻ കടകളുടെ ഗുണഭോക്താക്കൾ. അവർക്കുള്ള റേഷൻ സാധനങ്ങളുടെ വിതരണം എളുപ്പമാക്കേണ്ടത് ഏതൊരു സർക്കാരിന്‍റെയും പ്രാഥമിക ബാധ്യതയാണ്. എന്നിട്ടും ആ കടകൾ കാലിയാവുകയാണോ? അവയ്ക്ക് പൂട്ട് വീഴുകയാണോ? അനുദിന സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ അങ്ങനെ വേണം അനുമാനിക്കാൻ.

സാധനങ്ങൾ ഗോഡൗണുകളിൽ നിന്നെടുത്തു റേഷൻ കടകളിൽ വിതരണം ചെയ്യുന്ന കേരള ട്രാൻസ്പോർട്ട് കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ പണിമുടക്ക് തുടങ്ങിയിട്ടു രണ്ടാഴ്ച പിന്നിടുന്നു. അതോടെ റേഷൻ കടകളിലേക്കുള്ള "വാതിൽപ്പടി' വിതരണം ഈ മാസം ഒന്നു മുതൽ നിലച്ചു. തുടക്കത്തിൽ ഇതു കടകളെ ഗുരുതരമായി ബാധിച്ചിട്ടില്ല. എന്നാൽ, സ്റ്റോക്ക് തീരുമ്പോൾ പ്രശ്നം ഗുരുതരമാകും. റേഷൻ സാധനങ്ങൾ കടകളിലെത്തിച്ചതിനു 4 മാസമായി നൽകാനുള്ള കുടിശിക 100 കോടിയിലേക്ക് ഉയർന്നതോടെയാണു കരാറുകാർ പണിമുടക്കിന് നിർബന്ധിതരായത്.

ഇതിനു പുറമേയാണ് റേഷൻ വ്യാപാരികളുടെ 4 സംഘടനകൾ ചേർന്ന റേഷൻ കോ-ഓർഡിനേഷൻ സംയുക്ത സമിതി 27 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അതും പോരാഞ്ഞ് റേഷൻ വിതരണത്തിലുള്ള ഇ- പോസ് സംവിധാനത്തിന്‍റെ പരിപാലനം നടത്തുന്ന കമ്പനി ഈ മാസം 31ന് സേവനത്തിൽ നിന്ന് പിന്മാറുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു. സേവന ഫീസ് ഇനത്തിൽ കോടിക്കണക്കിന് രൂപ കുടിശിക നൽകാനും വാർഷിക പരിപാലന കരാർ പുതുക്കാനും സർക്കാർ തയാറാകാത്ത കാരണത്താലാണ് ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയുടെ പിന്മാറ്റം. 9 മാസത്തെ കുടിശിക മാത്രം 2.75 കോടി രൂപയാണ്.

ഒരു ദിവസം അവധി വയ്ക്കാൻ കഴിയാത്ത സാധാരണക്കാരന്‍റെ പ്രശ്നം ഈ വിധത്തിൽ ഇഴയുമ്പോഴാണ് നവ കേരള സദസിന്‍റെ പരസ്യത്തിന് ഫ്ലക്സ് ബോർഡ് വയ്ക്കാൻ മാത്രം 2.86 കോടി രൂപ ചെലവിട്ടെന്ന വാർത്ത പുറത്തുവരുന്നത്.

ചുരുക്കത്തിൽ പൊതുവിതരണ സംവിധാനം പൂർണസ്തഭനത്തിലേക്ക് നീങ്ങുന്നുവെന്നർഥം. പൊതുവിപണിയിലെ വില പിടിച്ചു നിർത്താനും സാധാരണക്കാർക്ക് ന്യായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാനും തുടങ്ങിയ മാവേലി, ത്രിവേണി സ്റ്റോറുകൾ നോക്കുകുത്തിയായിട്ട് നാളെറെയായി. ഒടുവിൽ 13 ആവശ്യസാധനങ്ങളുടെ വില വർധിപ്പിച്ചുകൊണ്ട് സാധാരണക്കാരന്‍റെ പള്ളയ്ക്കടിക്കുകയും ചെയ്തു.

ഇ- പോസ് സംവിധാനത്തിലെ തകരാർ കാരണം റേഷൻ വിതരണം മുടങ്ങാൻ തുടങ്ങിയിട്ട് കാലമേറെയായി. റേഷൻ കടകൾ ദിവസങ്ങളോളം അടച്ചിടേണ്ടി വരെ വന്നിട്ടുണ്ട്. ഇ- പോസ് സംവിധാനം പ്രവർത്തിക്കുന്നത് ആധാർ കാർഡിന്‍റെ ഡേറ്റാബേസിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഇ- പോസിനെയും ആധാറിനെയും ബന്ധിപ്പിക്കുന്ന സെർവർ 4 വർഷത്തിലേറെയായി പല സാങ്കേതിക തടസങ്ങളും നേരിടുന്നു. പ്രതിദിനം 6 മുതൽ 8 വരെ ലക്ഷം ആളുകൾ ഇ- പോസ് വഴി റേഷൻ വാങ്ങാറുണ്ടെങ്കിലും അതിലുണ്ടാകുന്ന സാങ്കേതിക തടസം സാധാരണക്കാരന് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പലപ്പോഴും റേഷൻ വാങ്ങാനാകാതെ തിരികെപ്പോരേണ്ടി വരും. റേഷൻ മുടങ്ങുന്ന സ്ഥിതിവിശേഷമുണ്ടായിട്ടുപോലും പരിഹാരത്തിനുള്ള ശ്രമം നടത്തുന്നില്ല, സർക്കാർ. സെർവറിന്‍റെ ശേഷി വർധിപ്പിക്കാത്തതാണ് കാരണമെന്ന് വിദഗ്ധർ വ്യക്തമാക്കിയിട്ടും ആ വഴിക്കൊരു പരിഹാര നടപടിയുടെ ലാഞ്ഛന പോലുമില്ല.

2023 ഏപ്രിലിൽ തകരാർ കാരണം വിതരണം മുടങ്ങിയ സാഹചര്യത്തിൽ റേഷൻ കടകൾ ഔദ്യോഗികമായിത്തന്നെ അടച്ചിട്ടു. ആയിരക്കണക്കിനാളുകൾക്ക് റേഷൻ മുടങ്ങി. മുൻ മാസങ്ങളിൽ വാങ്ങിയവരുടെയും ഏപ്രിൽ മാസം വാങ്ങിയവരുടെയും കണക്കുകൾ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങൾ റേഷൻ മുടങ്ങിയവരുടെ സംഖ്യ പുറത്തുകൊണ്ടുവന്നു. റേഷൻ കിട്ടാതെ പോയ കാർഡ് ഉടമകൾക്ക് 2015ലെ ഭക്ഷ്യഭദ്രതാ നിയമവും അതിന്‍റെ അലവൻസ് ചട്ടവുമനുസരിച്ച് അലവൻസിന് അർഹതയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഞാൻ ഭക്ഷ്യ കമ്മിഷന്‍റെ അന്നത്തെ ചെയർമാൻ കെ.വി. മോഹൻകുമാറിന് പരാതി നൽകി. അദ്ദേഹം നടപടിക്ക് ഉത്തരവിട്ടെങ്കിലും കമ്മിഷൻ സിഇഒ ആയ മെംബർ സെക്രട്ടറി അത് അട്ടിമറിച്ചു.

എല്ലാ മാസത്തെയും റേഷൻ വിതരണം കഴിയുമ്പോൾ അടുത്ത മാസാദ്യം തന്നെ കണക്കെടുക്കാനും അലവൻസ് നൽകേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അത് നൽകാനും ഡിഎസ്ഒമാർക്കും ഡിജിആർഒമാർക്കും ബാധ്യതയുണ്ട്. സംസ്ഥാന സർക്കാരിന്‍റെയോ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെയോ അലംഭാവം കൊണ്ടോ അപ്രതീക്ഷിത സംഭവങ്ങൾ കൊണ്ടോ റേഷൻ കിട്ടാതെ വന്നാൽ കാർഡ് ഉടമയ്ക്ക് അലവൻസ് നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഭക്ഷ്യഭദ്രതാ നിയമവും ചട്ടങ്ങളും. റേഷൻ കടയിൽ നിന്ന് മുടങ്ങിയ അരി പൊതുവിപണിയിൽ നിന്ന് വാങ്ങുന്നതിനുള്ള തുക അലവൻസ് ആയി നൽകണമെന്നതാണ് ചട്ടം. ഡിഎസ്ആർ ഓരോ മാസത്തെയും കണക്ക് അടുത്ത മാസാദ്യം തന്നെ എടുത്ത് ഡിസ്ട്രിക്റ്റ് ഗ്രീവൻസ് ഓഫിസർമാർക്കു (ഡിജിആർഒ)നൽകണം. അവരാണ് അലവൻസ് നൽകേണ്ടത്. ഓരോ ജില്ലയുടെയും എഡിഎമ്മുമാരെയാണ് ഡിജിആർഒമാരായി നിയമിച്ചിട്ടുള്ളത്.

മൻമോഹൻ സിങ് സർക്കാരിന്‍റെ കാലത്ത് കൊണ്ടുവന്ന ലോകം മുഴുവൻ വാഴ്ത്തി പാടിയ മാതൃകാ നിയമത്തിന്‍റെ സത്തയെയാണ് മന്ത്രി ഓഫിസിന്‍റെ നിർദേശത്തിനു വഴങ്ങി കമ്മിഷൻ മെംബർ സെക്രട്ടറിയും മറ്റും ചേർന്ന് അട്ടിമറിച്ചത്. പരാതിയില്ലെങ്കിൽ പോലും ചെയ്യേണ്ട പ്രവൃത്തിയാണ് പരാതിയുണ്ടായിട്ടും അവഗണിച്ചത്. റേഷൻ മുടങ്ങാതിരിക്കാനും, അഥവാ മുടങ്ങിയാൽ പൊതുവിപണിയിൽ നിന്ന് അതു വാങ്ങാനുള്ള തുക അലവൻസായി അനുവദിക്കാനുമാണു ഭക്ഷ്യ ഭദ്രതാ നിയമം. ഇതുമായി ബന്ധപ്പെട്ട നടപടികൾക്കു വേണ്ടി രൂപീകരിക്കപ്പെട്ട സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍റെ മെംബർ സെക്രട്ടറിയും അംഗങ്ങളുമാണ് നേർവിപരീതമായി പ്രവർത്തിച്ചത്. കമ്മിഷന്‍റെ പേരിലെ പദവിയും പത്രാസും ശമ്പളവും ടിഎയും ഡിഎയും ഒക്കെ കൈപ്പറ്റിയിട്ട് അതേ കമ്മിഷന്‍റെ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നവരെ എന്തു വിളിക്കണം? റേഷൻ മുടങ്ങിയ നാണക്കേടിലും അലവൻസെന്ന അധിക ബാധ്യതയിലും നിന്നു സർക്കാരിനെ രക്ഷിക്കാനാണോ സ്വതന്ത്ര പദവിയുള്ള കമ്മിഷനിൽ തങ്ങളെ നിയമിച്ചതെന്ന് സ്വയം ആലോചിക്കണം.

ഇത്തരത്തിൽ ഇതുവരെ നിലനിന്നിരുന്ന പ്രശ്നങ്ങളേക്കാൾ അതീവ ഗുരുതര സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. സാധനങ്ങൾ കടകളിൽ എത്തിക്കുന്ന സംവിധാനം നിശ്ചലമാകുന്നു, വിതരണത്തിനുള്ള സാങ്കേതിക സംവിധാനം ഇല്ലാതാകുന്നു, ആളുകൾ എത്തിപ്പെടേണ്ട കടകളുടെ തന്നെ പൂട്ടു വീഴുന്നു. ഒന്നുമില്ലാത്ത ശൂന്യാവസ്ഥ.14,000ൽപ്പരം റേഷൻ കടകൾ പ്രവർത്തനരഹിതമാവുമ്പോൾ ഉണ്ടാകുന്ന അവസ്ഥാ വിശേഷം ഭരണാധികാരികൾ ഗൗരവപൂർവം ആലോചിച്ചിട്ടുണ്ടോ?

നാം പൊരുതി നേടിയതാണു സ്റ്റാറ്റ്യൂട്ടറി റേഷനിങ് സംവിധാനം. പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട് ആ പോരാട്ടത്തിന്. 1940കളിലും 60കളിലും ഒക്കെ ഭക്ഷ്യസാധനങ്ങൾക്കു വേണ്ടിയുള്ള മുറവിളികളും പ്രക്ഷോഭങ്ങളും ധാരാളമായി ഉയർന്നുവന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് കടുത്ത ഭക്ഷ്യക്ഷാമമുണ്ടായി. അന്നത്തെ മലബാർ മേഖലയിൽ കർഷകരും തൊഴിലാളികളും വലിയ പ്രക്ഷോഭത്തിൽ ഏർപ്പെട്ടു. 1942ൽ പ്രക്ഷോഭകരുടെ പ്രധാന ആവശ്യം പ്രൊഡ്യൂസേഴ്സ് ആൻഡ് കൺസ്യൂമേഴ്സ് കോ- ഓപ്പറേറ്റിസ് (പിസിസി) രൂപീകരിക്കണമെന്നതായിരുന്നു. സമരക്കാർ വൻകിട ഭൂ ഉടമകളുടെ ഗോഡൗണുകളിലേക്ക് ബലമായി കടന്നുകയറി അവിടെ സൂക്ഷിച്ചിരുന്ന അരിയെടുത്ത് ഈ സംഘങ്ങളിലൂടെ പാവപ്പെട്ടവർക്ക് വിതരണം ചെയ്തു. ഇതിനൊടുവിൽ 1944ൽ റേഷനിങ് സംവിധാനം ഔദ്യോഗികമായി നിലവിൽ വന്നു. തിരുവിതാംകൂർ - കൊച്ചി മേഖലയിൽ കയർ തൊഴിലാളികൾ അടക്കമുള്ള വ്യവസായിക തൊഴിലാളികളാണ് സമരം നടത്തിയത്. ഇതിന്‍റെ പരിണിതഫലമെന്നോണം 1943ൽ ഒരു സ്കെൽട്ടൻ റേഷനിങ് സമ്പ്രദായം തിരുവിതാംകൂർ- കൊച്ചി മേഖലയിലും നിലവിൽ വന്നു.

കേരള രൂപീകരണത്തിനു ശേഷം 1957ൽ അധികാരത്തിൽ വന്ന സർക്കാർ റേഷൻ കടകളെ നിരീക്ഷിക്കാൻ ലോക്കൽ ഫുഡ് കമ്മിറ്റികളെ നിയോഗിച്ചു. എന്നിട്ടും അരി വിതരണം കൂടെക്കൂടെ തടസപ്പെട്ടു. 1964ൽ വീണ്ടും ഉണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമം വലിയ പ്രതിഷേധത്തിനും സമരത്തിനും കാരണമായി. അങ്ങനെ 1965ൽ അനൗദ്യോഗികമായി ഒരു റേഷനിങ് സമ്പ്രദായം കൊണ്ടുവന്നു. ഇതിന്‍റെയെല്ലാം തുടർച്ചയായി 1967ൽ ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരിക്കെയാണ് "മിനിമം യൂണിവേഴ്സൽ സ്റ്റാറ്റ്യൂട്ടറി റേഷൻ' സംവിധാനം സംസ്ഥാനത്തിന് നൽകാൻ തീരുമാനമാകുന്നത്. ആളോഹരി അരിവിഹിതം റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന കേരളത്തിന്‍റെ പബ്ലിക് ഡിസ്ട്രിബ്യൂട്ടിങ് സിസ്റ്റം രൂപപ്പെടുന്നത് അങ്ങനെയാണ്.

അതിന് ജീവശ്വാസം നിലയ്ക്കുന്ന സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. വെന്‍റിലേറ്റർ അടക്കമുള്ള അടിയന്തര സംവിധാനങ്ങൾ ഒരുക്കി അതിന്‍റെ ജീവൻ നിലനിർത്തിയേ കഴിയൂ. കാരണം ഇത് സാധാരണക്കാരന്‍റെ ജീവൽപ്രശ്നമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com