
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
''മനുഷ്യത്വമുള്ള, മനുഷ്യന്‍റെ വേദനകൾ തിരിച്ചറിയുന്ന കുറേ നേതാക്കൾ പണ്ടും ഇന്നും ആ സംഘടനയിലുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എങ്കിലും നവനേതാക്കളുടെ മട്ടും ഭാവവും സംസാരവും കേട്ടാൽ ഓർമവരിക പഴയ നീലക്കുറുക്കന്‍റെ കഥയാണ്. ഒരു ചാറ്റൽ മഴയിൽ ഒലിച്ചുപോകുന്ന ചായം മാത്രമാണ് ഇവരുടെ മതേതരത്വം. പകൽ ലീഗും രാത്രി പോപ്പുലർ ഫ്രണ്ടുകാരുമാകുന്ന നേതാക്കളും അണികളും കണ്ണുതുറന്നു തന്നെ ഇനി പാലു കുടിക്കുക.''
വെള്ളാപ്പള്ളി നടേശൻ
(എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി)
കേരള രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ 'മതേതര കോമഡി'കളിലൊന്നാണ് മുസ്‌ലിം ലീഗ്. പേരിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും എന്തിന് വേഷത്തിൽ പോലും മതം കുത്തിനിറച്ച മറ്റൊരു രാഷ്‌ട്രീയ കക്ഷി കേരളത്തിലില്ല. അവിഭക്ത ഇന്ത്യയിൽ രൂപീകരിക്കപ്പെട്ട സർവേന്ത്യാ മുസ്‌ലിം ലീഗിന്‍റെ സ്വാതന്ത്ര്യാനന്തര രൂപമാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്. രണ്ടു പ്രസ്ഥാനങ്ങളുടെയും ലക്ഷ്യം മുസ്‌ലിംകളുടെ അവകാശങ്ങൾ നേടിയെടുക്കലാണ്. അല്ലാതെ എല്ലാ ജനങ്ങളുടെയും അവകാശ സംരക്ഷണമല്ല.
ഇന്ത്യാ വിഭജനത്തിന് വഴിയൊരുക്കിയതിൽ സർവേന്ത്യാ മുസ്‌ലിം ലീഗിന്‍റെ പങ്ക് വലുതായിരുന്നു. 1948ൽ ചെന്നൈയിൽ രൂപമെടുത്ത ശേഷം ഇന്നത്തെ ലീഗ് മുൻ ലീഗിന്‍റെ പാതയിലൂടെ തന്നെയാണ് പോകുന്നത്. പഴയ പശ്ചാത്തലമെല്ലാം ജനം മറന്നെന്നാണ് ഇപ്പോഴത്തെ ലീഗ് നേതാക്കളുടെ വിചാരം. മനുഷ്യത്വമുള്ള, മനുഷ്യന്‍റെ വേദനകൾ തിരിച്ചറിയുന്ന കുറേ നേതാക്കൾ പണ്ടും ഇന്നും ആ സംഘടനയിലുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എങ്കിലും നവനേതാക്കളുടെ മട്ടും ഭാവവും സംസാരവും കേട്ടാൽ ഓർമവരിക പഴയ നീലക്കുറുക്കന്‍റെ കഥയാണ്. ഒരു ചാറ്റൽ മഴയിൽ ഒലിച്ചുപോകുന്ന ചായം മാത്രമാണ് ഇവരുടെ മതേതരത്വം.
തീപ്പൊരി പ്രസംഗകനും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം.ഷാജിയെപ്പോലുള്ള "ആദർശധീരന്മാരാ'യ ലീഗ് നേതാക്കളുടെ മതേതരഭാഷണങ്ങൾ കേട്ടാൽ ചിരിക്കാതിരിക്കുന്നതെങ്ങനെ? പകൽ ലീഗും രാത്രി പോപ്പുലർ ഫ്രണ്ടുകാരുമാകുന്ന നേതാക്കളും അണികളും കണ്ണുതുറന്നു തന്നെ ഇനി പാലു കുടിക്കുക. നിങ്ങളുടെ ഇരട്ടമുഖം വെളിച്ചത്തുവന്നു കഴിഞ്ഞു. സംവരണ സീറ്റിൽ മത്സരിപ്പിക്കാൻ മുസ്‌ലിംകൾക്ക് സാധിക്കാത്തതുകൊണ്ടാണ് നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും രണ്ടോ മൂന്നോ പാവപ്പെട്ട പട്ടികജാതിക്കാരെ പച്ചവേഷം കെട്ടിച്ച് ജയിപ്പിച്ച് ലീഗ് മതേതരനാടകം ആടുന്നതെന്ന് മനസിലാക്കാനുള്ള വകതിരിവൊക്കെ മലയാളികൾക്കുണ്ട്. അതിന് കൂടുതൽ ഡെക്കറേഷന്‍റെ ആവശ്യമില്ല.
പൊതുവേദികളിൽ പൂച്ചകളെപ്പോലെ ഇരുന്ന് മതേതരത്വത്തിന്‍റെ മനോഹാരിത വിളമ്പി ഗിരിപ്രഭാഷണം നടത്തുന്ന ലീഗ് നേതാക്കൾ സ്വദേശത്തും വിദേശത്തുമുള്ള മുസ്‌ലിം വേദികളിൽ പുലികളായി, വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും വർഗീയവിഷമാണ് വിതറുന്നത്. ചില മുസ്‌ലിം മതപ്രഭാഷകരുടെ കുപ്രസിദ്ധമായ വിദ്വേഷ പ്രസംഗങ്ങളും മേൽപ്പറഞ്ഞ ലീഗ് നേതാക്കളുടെ പ്രഭാഷണങ്ങളുമായി വലിയ വ്യത്യാസമൊന്നുമില്ല. ഭൂരിപക്ഷ, പിന്നാക്ക ജനവിഭാഗങ്ങൾ കേരളത്തിൽ നേരിടുന്ന വിവേചനങ്ങളെയും അടിച്ചമർത്തലുകളെയും അവരുടെ വേദനകളെയും കുറിച്ച് പറയുന്ന ഞാനുൾപ്പെടെയുള്ളവരെ വർഗീയവാദികളും സമൂഹവിരുദ്ധരുമായി ചിത്രീകരിക്കുന്ന ലീഗിന്‍റെയും കൂട്ടാളികളുടെയും പൊയ്മുഖം ഷാജിയുടെ വർഗീയപ്രസംഗത്തിലൂടെ വലിച്ചുകീറപ്പെട്ടു.
മലപ്പുറത്ത് പിന്നാക്കക്കാർക്ക് ഒരു എയ്ഡഡ് സ്കൂളോ കോളെജോ ഇല്ലെന്നും സാമൂഹ്യനീതി നിഷേധമാണവിടെ നടക്കുന്നതെന്നും പറഞ്ഞപ്പോൾ എന്‍റെ കോലം കത്തിച്ചവരാണ് ലീഗുകാർ. ഇനി കേരളത്തിൽ അധികാരം പിടിക്കേണ്ടത് ഒമ്പതര വർഷത്തെ മുസ്‌ലിംകളുടെ നഷ്ടം തിരിച്ചെടുക്കാനാണെന്നും എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ പുതിയ ബാച്ചുകളും സീറ്റുകളും പിടിച്ചെടുക്കാനാണെന്നും പറഞ്ഞ ഷാജിയത്രെ മതസൗഹാർദത്തിന്‍റെ ഉത്തമമാതൃക. സ്വസമുദായത്തിന്‍റെ അവകാശങ്ങൾക്ക് വേണ്ടിയാണ് താൻ സംസാരിച്ചതെന്നാണ് രാഷ്‌ട്രീയ നേതാവായ ഷാജിയുടെ ന്യായീകരണം. അങ്ങനെയെങ്കിൽ, അന്തസുണ്ടെങ്കിൽ അദ്ദേഹം 'കുമ്പിടി' കളിക്കാതെ രാഷ്‌ട്രീയകുപ്പായം അഴിച്ചുവച്ച്, മുസ്‌ലിംകൾക്ക് വേണ്ടി സംസാരിക്കട്ടെ. അതാണ് മിനിമം രാഷ്‌ട്രീയമര്യാദ.
മുസ്‌ലിംകളുടെ മാത്രം വോട്ടുകൊണ്ടല്ല തങ്ങൾ തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നതെന്ന സാമാന്യസത്യം തിരിച്ചറിയുന്ന കുറച്ചു നേതാക്കൾ മാത്രമേ ആ പാർട്ടിയിലുള്ളൂ. ഷാജിയുടെ 'സത്യപ്രഘോഷണം' കേട്ടാകും, അവരെല്ലാം ഇപ്പോൾ മൗനത്തിലാണ്. ലീഗിനെപ്പോലുള്ള രാഷ്‌ട്രീയ കക്ഷികളാണ് ഭൂരിപക്ഷ സമൂഹത്തിലും മതചിന്തകൾ വളർത്തിയത്. കേരളത്തിലെ മുസ്‌ലിംകളും ക്രൈസ്തവരും അറേബ്യയിൽ നിന്നോ ജറൂസലമിൽ നിന്നോ വന്നവരല്ല. ഇവിടെയുണ്ടായിരുന്ന ഹൈന്ദവർ തന്നെയാണ്. സ്വന്തം സഹോദരങ്ങളാണ്. തങ്ങൾ വിശ്വാസം മാറിയതുകൊണ്ട് അവരെ ചൂഷണം ചെയ്യാമെന്ന വിചാരമാണ് വർഗീയത. അത് ഇനിയും ഉറക്കെ വിളിച്ചുപറയും. പരിഭവിച്ചിട്ട് കാര്യമില്ല.
രാഷ്‌ട്രീയം കൊള്ളലാഭമുണ്ടാക്കാൻ കഴിയുന്ന ബിസിനസാണെന്ന് തെളിയിച്ചവരാണ് ലീഗ് നേതാക്കൾ. മതരാഷ്‌ട്രീയം കളിച്ച് അധികാരം കൈയിൽ കിട്ടുമ്പോൾ സ്വന്തം മതത്തിനും ആളുകൾക്കും വേണ്ടി പൊതുഖജനാവും പദവികളും ദുരുപയോഗിച്ചവരാണിവർ. മൂന്നാം തവണയും അധികാരം നഷ്ടപ്പെടുമോ എന്ന വെപ്രാളത്തിലാണ് ലീഗിന്‍റെ പുതിയ തലമുറ. ഏറ്റവുമധികം ഫണ്ട് മറിയുന്ന വ്യവസായം, വിദ്യാഭ്യാസം, പൊതുമരാമത്ത് തുടങ്ങിയ പ്രധാന വകുപ്പുകളുടെ അട്ടിപ്പേറവകാശികളായിരുന്നു ലീഗ്. താക്കോൽ സ്ഥാനങ്ങളിലെല്ലാം സ്വന്തം ആളുകളെ കുത്തിനിറച്ച് തീവെട്ടിക്കൊള്ള നടത്തിവന്നവരുടെ ഒമ്പതര വർഷത്തെ നഷ്ടത്തിന്‍റെ കനം ഞങ്ങൾക്കും മനസിലാകുന്നുണ്ട്. ഒന്നോ രണ്ടോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടി എസ്എൻഡിപി യോഗവും മറ്റും ഹൈന്ദവ സംഘടനകളും യാചിച്ചു നടക്കുമ്പോൾ സമ്പന്ന മുസ്‌ലിം പ്രമാണിമാർക്കും തട്ടിക്കൂട്ട് മുസ്‌ലിം പ്രസ്ഥാനങ്ങൾക്കും സ്കൂളുകളും കോളെജുകളും വാരിക്കോരി കൊടുത്തവരാണ് നഷ്ടക്കണക്കിൽ വിലപിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന്‍റെ ഉൾപ്പടെ സർക്കാർ കരാറുകാരിൽ വലിയൊരു പങ്കും മുസ്‌ലിംകളായത് എങ്ങനെയെന്ന് രണ്ടുവട്ടം ആലോചിക്കേണ്ടതില്ല. മുസ്‌ലിം മതസ്ഥാപനങ്ങളുടെ മുന്നിലെ സംസ്ഥാന ഹൈവേകൾ ഉൾപ്പെടെ പൊതുമരാമത്ത് റോഡുകളിലുള്ള പതിനായിരക്കണക്കിന് അനധികൃത ഹമ്പുകൾ ചാടുമ്പോൾ തിരിച്ചറിയുക ഇതെല്ലാം മതേതരത്തിന്‍റെ മഹനീയ മാതൃകകളാണെന്ന്.
കേരളത്തിൽ ഉയരുന്ന ഹിജാബ്, സൂംബാ ഡാൻസ്, സ്കൂൾ സമയമാറ്റം തുടങ്ങി പൊതുസമൂഹത്തെ ബാധിക്കുന്ന മുസ്‌ലിം വിഷയങ്ങളിൽ ലീഗ് നേതാക്കൾ പുലർത്തുന്ന മൗനം തന്നെയാണ് അവരുടെ ഇരട്ടത്താപ്പിന് തെളിവ്. സാമൂഹ്യയഥാർഥ്യങ്ങൾ ചൂണ്ടിക്കാട്ടുന്നവരുടെ മേൽ വർഗീയവാദി ചാപ്പ കുത്തുന്ന ലീഗിന്‍റെ നേതാക്കൾ ഓർക്കണം വർഗീയക്കടലിൽ മൂക്കോളം മുങ്ങി നിൽക്കുന്നവരാണ് തങ്ങളെന്ന്. സമ്പന്ന മുസ്‌ലിംകൾക്കു വേണ്ടി സമ്പന്നരായ നേതാക്കൾ നയിക്കുന്ന പാർട്ടിയാണ് ലീഗെന്ന തിരിച്ചറിവ് പാവപ്പെട്ട മുസ്‌ലിംകൾക്കും വേണം. വോട്ടുബാങ്കെന്ന അവരുടെ വിൽപ്പനചരക്കാണ് നിങ്ങൾ. നിങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ടയാണ് മുസ്‌ലിം ലീഗ്. നൂറുകണക്കിന് ഹിന്ദുക്കളെ കൊന്നുതളളിയ, ക്ഷേത്രധ്വസംനങ്ങൾ നടത്തിയ മലബാർ കലാപം നടന്ന മണ്ണിൽ നിന്ന് ഉയർന്നുവന്ന പാർട്ടിയാണ് ലീഗെന്ന ബോധ്യം ഇവിടുത്തെ ഭൂരിപക്ഷ സമൂഹം മറന്നുപോയതാണ് അവർ ചെയ്ത തെറ്റ്. നവതിയിലെത്താറായെങ്കിലും ഇപ്പോഴും ഈ ലീഗിന് കേരളത്തിനപ്പുറം ബാലികേറാമലയായത് അന്യസംസ്ഥാനക്കാർക്ക് ഇവരുടെ തനിനിറം മനസിലാകുന്നതിനാലാണ്.
അവസരവാദരാഷ്‌ട്രീയത്തിന്‍റെ അപ്പോസ്തലന്മാരായ ലീഗ് നാളെ ഇടതുമുന്നണിക്കൊപ്പം കൂടിയാലും ആരും അത്ഭുതപ്പെടില്ല. മുസ്‌ലിം വോട്ടുബാങ്കിന്‍റെ മൊത്തക്കച്ചവടം പേടിച്ചാണ് കേരളത്തിലെ മുന്നണിരാഷ്‌ട്രീയം ലീഗിനെയും ഷാജിയെ പോലുള്ള നേതാക്കളെയും ചുമക്കുന്നത്. നെഹ്റു ചത്തകുതിരയെന്ന് വിശേഷിപ്പിച്ച ലീഗ് വർഗീയതയുടെ ഏണിയിലൂടെ ഉപമുഖ്യമന്ത്രിപദത്തിലേക്കെത്താനുള്ള ശ്രമത്തിലാണിപ്പോൾ. അധികാരത്തിന്‍റെ ശീതളിമയിലും ആർഭാടത്തിലും കൊള്ളയിൽ നിന്നും ഒമ്പതര വർഷം അകന്ന് നിൽക്കുമ്പോഴുള്ള ബുദ്ധിമുട്ട് മറ്റുള്ളവരുടെ നേർക്ക് തീർക്കാൻ ശ്രമിക്കരുതേ ലീഗുകാരേ. കേരളത്തിലെങ്കിലും മതരാഷ്‌ട്രസ്ഥാപനമാണ് നിങ്ങളുടെ സ്വപ്നമെന്ന് ഞങ്ങൾ മനസിലാക്കുന്നുണ്ട്.