വാവിട്ട വാക്കും കൈവിട്ട കല്ലും...

2024 തെരഞ്ഞെടുപ്പിനു ശേഷം ആയിരക്കണക്കിന് ഡയലോഗുകളും ചിത്രങ്ങളും സംഭവങ്ങളും വിവാദങ്ങളും കൗതുകങ്ങളുമൊക്കെ ലോകത്തിന് മുന്നിൽ സർപ്പിക്കപ്പെട്ടിരിക്കുന്നു
വാവിട്ട വാക്കും കൈവിട്ട കല്ലും...
വാവിട്ട വാക്കും കൈവിട്ട കല്ലും...
Updated on

എല്ലാ കാലത്തും തെരഞ്ഞെടുപ്പുകൾ വോട്ടർമാരെ മാത്രമല്ല നേതാക്കളെയും ജയിച്ചവരെയും തോറ്റവരെയും ഒക്കെ ചിന്തിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കാറുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് എല്ലാം മറന്നുള്ള വാചക കസർത്തുകൾ വോട്ടെടുപ്പിന് ശേഷം വിലയിരുത്തുമ്പോൾ വേണ്ടിയിരുന്നില്ല എന്ന് പലർക്കും തോന്നും. വാവിട്ട വാക്കും കൈവിട്ട കല്ലും തിരിച്ചെടുക്കാൻ പറ്റില്ല എന്ന മലയാളം ചൊല്ല് പ്രസിദ്ധമാണല്ലോ. ഇങ്ങനെ ആവേശത്തിൽ പറയുന്ന വാക്കുകളിൽ നിന്ന് ഒട്ടേറെ വിവാദങ്ങൾ ഉണ്ടായത് നമ്മൾ കണ്ടതാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്‍റേയും അടക്കമുള്ള പ്രസ്താവനകൾ തന്നെ എത്രയോ തവണ വിവാദമുണ്ടാക്കി. അദ്ദേഹത്തിന്‍റെ വാക്കുകളിലെ വിവാദങ്ങളിൽ നിന്നു തന്നെ പരിശോധനകൾ ആരംഭിക്കാം. താൻ ബയോളജിക്കൽ ആയി ജനിച്ചതല്ലെന്നും ദൈവം ഇന്ത്യയുടെ രക്ഷകനായി അയച്ചതാണെന്നും മോദി പറഞ്ഞത് രാജ്യം ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു. ഗാന്ധി എന്ന സിനിമ ഇറങ്ങിയ ശേഷമാണ് മഹാത്മാ ഗാന്ധിയെ ലോകം അറിഞ്ഞത് എന്ന് മോദി പറഞ്ഞത് മറ്റൊരു വിവാദത്തിന് കാരണമായി.

2023 മേയിൽ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച "40 ശതമാനം കമ്മിഷൻ' ആരോപണത്തിൽ ബിജെപി എംഎൽസിയും കർണാടക ജനറൽ സെക്രട്ടറിയുമായ കേശവ് പ്രസാദ് നൽകിയ പരാതി ഇത്തവണ പാർലമെന്‍റ് തിരഞ്ഞടുപ്പ് കാലത്ത് ചർച്ചയായി.

മുതിർന്ന കോൺഗ്രസ് നേതാവായ മണിശങ്കർ അയ്യർ ഒരു കാച്ച് കാച്ചിയത് വലിയ വിവാദമായിരുന്നു. പാകിസ്ഥാനുമായി ഇന്ത്യ ചർച്ച നടത്തുകയാണ് വേണ്ടതെന്നും സൈനികബലം കാണിച്ച് പ്രകോപിപ്പിക്കുന്ന പക്ഷം പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരേ അണുവായുധങ്ങൾ പ്രയോഗിച്ചേക്കും എന്നും അദ്ദേഹം പറഞ്ഞു. അയൽരാജ്യത്തെ ബഹുമാനിക്കാതിരുന്നാൽ വലിയ വില കൊടുക്കേണ്ടിവരുമെന്നും അയ്യർ പറഞ്ഞു. ഈ പരാമർശത്തിനെതിരേ വിമർശനവുമായി ഒട്ടേറെപ്പേർ രംഗത്തെത്തി.

വിവാദ പരാമർശങ്ങളിലൂടെ നിരന്തരം കോൺഗ്രസിനെ വെട്ടിലാക്കിയ സാം പിത്രോദ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനം രാജിവച്ചു. ഇന്ത്യയുടെ വൈവിധ്യങ്ങൾക്കിടയിലും ജനങ്ങൾ ഒന്നാണെന്ന് വിശദീകരിക്കുന്നതിനിടയിൽ നടത്തിയ സാം പിത്രോദയുടെ നിരീക്ഷണങ്ങളാണ് ഏറ്റവുമൊടുവിൽ ബിജെപി രാഷ്‌ട്രീയ ആയുധമാക്കിയത്. ഇന്ത്യയുടെ കിഴക്കു ഭാഗത്തുള്ളവർ ചൈനക്കാരേപ്പോലെയും പടിഞ്ഞാറുള്ളവർ അറബികളേപ്പോലെയും ഉത്തരേന്ത്യയിലുള്ളവർ വെള്ളക്കാരേപ്പോലെയും കിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർ ചൈനക്കാരെപ്പോലെയും ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരേപ്പോലെയുമാണെന്നായിരുന്നു പിത്രോദയുടെ വിവാദ പരാമർശം.

ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ ഒരു പരാമർശം വോട്ടെടുപ്പിൽ പാർട്ടിയുടെ വലിയ പതനത്തിന് കാരണമായി എന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. 2014 ബിജെപി അധികാരത്തിൽ എത്തുന്നതിന് ആർഎസ്എസ് വഹിച്ച പങ്ക് വളരെ വലുതാണ്. സമാനമായ പ്രവർത്തനം തന്നെയാണ് 2019ലെ തെരഞ്ഞെടുപ്പിലും ആർഎസ്എസ് നൽകിയത്. എന്നാൽ 2024ലെ തെരഞ്ഞെടുപ്പ് വന്നപ്പോൾ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞത് ആർഎസ്എസിന്‍റെ പിന്തുണയുടെ ആവശ്യം ഇനി തങ്ങൾക്കില്ലെന്നും സ്വന്തമായി ജയിച്ചു വരാനുള്ള സാഹചര്യം ഇപ്പോൾ ബിജെപിക്കുണ്ട് എന്നുമാണ്. ഇത് ബിജെപി പ്രവർത്തകരെ സന്തോഷിപ്പിച്ചെങ്കിലും ആർഎസ്എസ് പ്രവർത്തകരെ ചൊടിപ്പിക്കുകയാണ് ഉണ്ടായത്. ബിജെപിയുടെ ക്ഷീണത്തിന്‍റെ ഒരു കാര്യം അതാണ്.

ഹിന്ദുക്കളുടെ താലി മാല പോലും പൊട്ടിച്ച് കുട്ടികൾ കൂടുതലുള്ള വിഭാഗങ്ങൾക്ക് നൽകി കോൺഗ്രസ് സഹായിക്കുമെന്ന് മോദി പറഞ്ഞത് വിവാദമായി മാറിയത് നമ്മൾ കണ്ടു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന ആരോപണവും വിവാദമായി. ബിജെപി വീണ്ടും വന്നാൽ ഇന്ത്യൻ ഭരണഘടന തിരുത്തപ്പെടും എന്ന പ്രതിപക്ഷ പ്രചാരണം വലിയ ചർച്ചയും വിവാദവും ഉണ്ടാക്കി.

വയനാട്ടിൽ മത്സരിച്ചതിനു ശേഷം രാഹുൽ ഗാന്ധി അടുത്ത വോട്ടടുപ്പു ഘട്ടത്തിൽ യുപിയിലെ റായ്ബറേലിയിൽ നിന്നും മത്സരിച്ചത് വലിയ ചർച്ചയായി. രണ്ടിടത്തു മത്സരിക്കുന്ന കാര്യം അദ്ദേഹം വയനാട്ടിലെ ജനങ്ങളോടു മറച്ചുവച്ചെന്നും, അതു രാഷ്‌ട്രീയ ധാർമികതയ്ക്ക് എതിരാണെന്നും രാജ്യവ്യാപകമായിത്തന്നെ ആരോപണമായി ഉയർന്നു എന്നതു ശ്രദ്ധേയമാണ്. വയനാട് ഉപേക്ഷിക്കാനാണോ രാഹുലിന്‍റെ തീരുമാനം എന്നത് ഇതേവരെ അറിവായിട്ടില്ല. അങ്ങനെ വന്നാൽ കോൺഗ്രസിന്‍റെ കേരള ഘടകത്തിന് അതൊരു ആഘാതമായിരിക്കും.

"ഞാൻ തൃശൂർ ഇങ്ങ് എടുക്കുവാ...' എന്ന സുരേഷ് ഗോപിയുടെ ഡയലോഗ് സൂപ്പർ ഹിറ്റ് സിനിമ പോലെ തന്നെ പ്രശസ്തമായിര. "തൃശൂർ എടുത്താൽ ദേ ഇവിടെ ഇരിക്കും...' എന്ന് നെഞ്ചത്ത് കൈവച്ച് സുരേഷ് ഗോപി പിന്നീടു പറഞ്ഞതും ഡാൻസ് ചെയ്തതും മറക്കാനാവുമോ!

ദുഃഖഭാരം ചുമക്കുന്ന ദുഃശകുനമാണു ഞാൻ... എന്ന പാട്ടിന്‍റെ ചെറിയ ഭാഗം വെട്ടിമുറിച്ച് രമ്യ ഹരിദാസിന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ പടർത്തിയതും വൻ ഹിറ്റായി. അങ്ങിനെ പഴയ വീഞ്ഞുകൾ പലതും പുതിയ കുപ്പിയിലാക്കി എല്ലാവരും എത്തിച്ചു.

പ്രചരണ സമയത്ത് സീറ്റുകളുടെ എണ്ണം 400 കടക്കും എന്ന് പറഞ്ഞത് ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട് എന്നാണ് രാഷ്‌ട്രീയ വിലയിരുത്തൽ. "തീസരാ ബാർ ചാർ സൗ പാർ...' എന്ന മുദ്രാവാക്യവും മോദി കി ഗ്യാരണ്ടിയും ഈ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്തതാണ്. എന്നാൽ അതിനും മേലേ ഹിന്ദുത്വ വിഷയങ്ങളും സംവരണ വിഷയവുമൊക്കെ പിന്നീട് ബിജെപി എടുത്തിട്ടു.

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഒരുപാട് ചിത്രങ്ങൾ ജനങ്ങളുടെ മനസിലേക്ക് ശക്തമായി പതിപ്പിക്കുകയുണ്ടായി. രാഹുൽ ഗാന്ധി ഭരണഘടന പിടിച്ചുകൊണ്ടു നിൽക്കുന്ന ഒരു ചിത്രത്തിനു വലിയ പ്രചാരം കിട്ടി. ബിജെപി സ്ഥാനാർഥിയും നടിയുമായ കങ്കണാ റണാവത്തിനെ യൂണിഫോമിട്ട സിഐഎസ്എഫ് ഉദ്യോഗസ്ഥ വിമാനത്താവളത്തിൽ വച്ച് മുഖത്തടിച്ചത് മറ്റൊരു ചിത്രമാണ്. അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനായി വന്ന ചിത്രവും വ്യാപകമായി പ്രചരിപ്പിച്ചു. വോട്ട് ചെയ്യാനെത്തിയ പദർദ ധരിച്ച സ്ത്രീകളുടെ മുഖാവരണം മാറ്റി നോക്കുന്ന ഹൈദരാബാദിലെ ബിജെപി സ്ഥാനാർഥി മാധവി ലതയുടെ ചിത്രവും ഏറെ ചർച്ച ചെയ്യപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി നാമനിർദേശ പത്രിക പിൻവലിച്ച് ബിജെപി നേതാവിനോടൊപ്പം കാറിൽ യാത്ര ചെയ്യുന്ന ചിത്രവും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ പങ്കുവയ്ക്കപ്പെട്ടു. കോൺഗ്രസ് നേതാക്കളായ കെ. കരുണാകരന്‍റേയും എ.കെ. ആന്‍റണിയുടേയും മക്കൾ പാർട്ടി ഉപേക്ഷിച്ച് ബിജെപിയുടെ ഭാഗമായത് കൗതുകത്തോടെയാണ് രാജ്യം കണ്ടത്.

കേരളത്തിലെ ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പു തോൽവി പരാമർശിക്കവെ സർക്കാരിനെയും പാർട്ടിയെയും വിമർശിച്ച ഓർത്തഡോക്സ് സഭാ മുൻ ബിഷപ് ഡോ. ഗീവർഗീസ് മാർ കൂറിലോസിനെ "വിവരദോഷി' എന്നു മുഖ്യമന്ത്രി പിണറായി വിശേഷിപ്പിച്ചതു വലിയ വിവാദമാണ് സമീപകാലത്ത് ഉയർത്തിയത്. പോരാളി ഷാജി, കൊണ്ടോട്ടി സഖാക്കൾ പോലെയുള്ള കേരളത്തിലെ ഇടതുപക്ഷത്തിന്‍റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളെപ്പറ്റി സിപിഎം നേതാവ് എം.വി. ജയരാജൻ തന്നെ കടുത്ത ഭാഷയിൽ വിമർശിച്ചതാണു പുതിയ രസകരമായ സംഭവവികാസം..!

എന്തായാലും 2024 തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും ഇത്തരം ആയിരക്കണക്കിന് ഡയലോഗുകളും ചിത്രങ്ങളും സംഭവങ്ങളും വിവാദങ്ങളും കൗതുകങ്ങളുമൊക്കെ ലോകത്തിന് മുന്നിൽ സർപ്പിക്കപ്പെട്ടിരിക്കുന്നു. അതിൽ പലതും കൈവിട്ട കല്ലോ വാവിട്ട വാക്കോ ആണ്. തിരിച്ചെടുക്കാൻ പറ്റാത്തതാണ് അവയെല്ലാം... ചിലത് ഗുണവും ചിലത് ദേഷവും ഉണ്ടാക്കുന്നുവെന്നു മാത്രം. ഗുണദോഷ സമ്മിശ്ര പ്രതികരണങ്ങൾ ചിരിയും ചിന്തയും സമ്മാനിക്കുന്നു. അത് വലിയ രാഷ്‌ട്രീയ പാഠമാണ്.

Trending

No stories found.

Latest News

No stories found.