കണ്ണീരിൽ വിരിയുന്ന ചിരി

നമുക്ക് ചിരിയുടെ അനുഭവം പകര്‍ന്നു തരുന്ന ഒട്ടുമിക്കവരും ഉള്ളില്‍ കരയുകയാണ് എന്നുള്ള ഒരു യാഥാര്‍ത്ഥ്യം തിരിച്ചറിയപ്പെടേണ്ടതുണ്ട്.
Vijaychowk special article about joker

കണ്ണീരിൽ വിരിയുന്ന ചിരി

Updated on

സുധീര്‍ നാഥ്

"ജീനാ യഹാം മർനാ യഹാം

ഇസ്‌കേ സിവാ ജാനാ കഹാം

ജീ ചാഹേ ജബ് ഹംകോ ആവാസ് ദോ

ഹം ഹെ വഹീം ഹം ഥേ ജഹാം

അപ്നേ യഹീം ദോനോം ജഹാം

ഇസ്കേ സിവാ ജാനാ കഹാം''.

മേരാനാം ജോക്കര്‍ എന്ന പ്രശസ്തമായ ഹിന്ദി സിനിമയിലെ അതിപ്രശസ്തമായ പാട്ടിന്‍റെ വരികളാണ്. ഒരു സര്‍ക്കസ് കൂടാരത്തിലെ ജോക്കര്‍ പാടുന്നതാണ് ഈ ഗാനം. പ്രശസ്ത ഹിന്ദി താരം രാജ്കപൂര്‍ സര്‍ക്കസിലെ ജോക്കറായി വേഷമിട്ടാണ് ഈ പാട്ട് പാടുന്നത്. ശൈലി ശൈലേന്ദ്രയുടെ വരികള്‍ക്ക് ശങ്കര്‍ ജയകൃഷ്ണന്‍ ഈണം നല്‍കി പ്രശസ്ത ഗായകന്‍ മുകേഷ് പാടിയ 1970ലെ ഗാനം ഇന്നും പുതുതലമുറയ്ക്ക് പരിചിതമാണ്. ജനങ്ങളെ സര്‍ക്കസില്‍ ചിരിപ്പിക്കുന്ന ഒരു കോമാളിയുടെ ഹൃദയം തട്ടുന്ന ജീവിത കഥയാണ് മേരാ നാം ജോക്കര്‍ എന്ന സിനിമയിലൂടെ മുഖ്യ കഥാപാത്രമായി വരുന്ന രാജകുമാര്‍ തന്നെ സംവിധാനം ചെയ്ത സിനിമയുടെ ഇതിവൃത്തം. കണ്ണീരില്‍ നിന്ന് ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന ജോക്കറിന്‍റെ ജീവിത കാഴ്ച്ച നമുക്ക് ഈ സിനിമയില്‍ കാണാം.

ചിരിക്കുവാനുള്ള കഴിവ് മനുഷ്യര്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള കഴിവാണ്. പണ്ട് പണ്ട് രാജസദസുകളില്‍ രാജാക്കന്‍മാരും ചക്രവര്‍ത്തികളും മനസിന് ഉന്‍മേഷം ഉണ്ടാകുന്നതിന് തമാശ കേള്‍ക്കാറുണ്ട്. അതിനായി അവര്‍ വിദൂഷകരെ നിയമിക്കാറുമുണ്ട്. മനസറിഞ്ഞ് ചിരിച്ചാല്‍ ഉന്‍മേഷവും ഊര്‍ജ്ജവും ഉണ്ടാകും എന്നാണ് ശാസ്ത്രം പറയുന്നത്. നാടകമായാലും, സിനിമയായാലും, സര്‍ക്കസ്സായാലും വിരസത മാറ്റുന്നതിന് തമാശ രംഗങ്ങള്‍ ചേര്‍ക്കാറുണ്ട്. ഹാസ്യ നടന്‍മാരും, സര്‍ക്കസ്സില്‍ ജോക്കര്‍മാരും ഈ കര്‍മ്മം നിര്‍വ്വഹിക്കുന്നു. പ്രേക്ഷകരുടെ വിരസത മാറ്റുന്നതിനാണ് ഇവരുടെ ദൗത്ത്യം. ടെലിവിഷനും സിനിമയും മനുഷ്യന്‍റെ വിനോദത്തിന്‍റെ ഭാഗമാകുന്നതിന് മുന്‍പ് മേല്‍ പറഞ്ഞ കലാരൂപങ്ങള്‍ മാത്രമായിരുന്നു വിനോദ ഉപാധി. ചിരിപ്പിക്കുന്നവരെ കുറിച്ച് നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. കുഞ്ചന്‍ നമ്പ്യാര്‍ മുതല്‍ നമ്മുടെ ചലച്ചിത്ര ലോകത്ത്, കാര്‍ട്ടൂണ്‍ ലോകത്ത്, ഹാസ്യപ്രകടനങ്ങളുടെ രംഗത്ത് എന്നുവേണ്ട നാടകത്തിലും, നാടോടി ന്യത്തത്തിലും, ഹാസ്യ സാഹിത്യത്തിലും എത്രയോ പേര്‍ ചിരിയുമായി എത്തിയിരിക്കുന്നു. വ്യത്യസ്ത ഭാഷകളില്‍, വ്യത്യസ്ത രാജ്യങ്ങളില്‍ നമ്മളെ ചിരിപ്പിച്ച പ്രമുഖരില്‍ പലരും ഉള്ളില്‍ കരഞ്ഞു കൊണ്ടാണ് മറ്റുള്ളവരെ ചിരിപ്പിച്ചത് എന്നത് ഒരു പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ചാര്‍ളി ചാപ്ലിനും, കുഞ്ചന്‍ നമ്പ്യാരും, സഞ്ജയനും ഒക്കെ ഉള്ളില്‍ കത്തുന്ന വിഷമത്തിന്‍റെ കണ്ണീരുകള്‍ സമൂഹത്തിന് ചിരികളാക്കി മാറ്റുകയായിരുന്നു. നമുക്ക് ചിരിയുടെ അനുഭവം പകര്‍ന്നു തരുന്ന ഒട്ടുമിക്കവരും ഉള്ളില്‍ കരയുകയാണ് എന്നുള്ള ഒരു യാഥാര്‍ത്ഥ്യം തിരിച്ചറിയപ്പെടേണ്ടതുണ്ട്.

ഒരു കുഞ്ഞ് ജനിക്കുന്നത് കരഞ്ഞ് കൊണ്ടാണ്. പക്ഷെ കുഞ്ഞിന്‍റെ വേണ്ടപ്പെട്ടവരൊക്കെ കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് ചിരിക്കുന്നത് കാണാം. സന്തോഷത്തിന്‍റെ പ്രതിഫലനമാണ് ചിരി. പിറന്ന് വീഴുന്ന കുട്ടി പിന്നീട് ചരിക്കുന്നതും നാം കാണുന്നു. മനുഷ്യന്‍ ജനിക്കുന്ന അവസരത്തില്‍ തന്നെ ചിരിയും കരച്ചിലും കൂടെ ഉണ്ടാകും. ചിരി പ്രീതിയുടേയും ആനന്ദത്തിന്‍റേയും ലക്ഷണമായും, കരച്ചില്‍ അപ്രീതിയുടേയും വേദനയുടേയും ലക്ഷണമായായുമാണ് കണക്കാക്കപ്പെടുന്നത്. ജനനം മുതല്‍ മരണം വരെ ചിരിയും കരച്ചിലും മനുഷ്യരില്‍ മാറി മാറി വന്നുകൊണ്ടിരിക്കും. ആനന്ദത്തിന്‍റെ ലക്ഷണമായ ചിരിക്ക് ജീവിത വിജയത്തില്‍ വലിയ പങ്കാണുള്ളത്. ചിരി തന്നെ പല തരത്തിലുണ്ട്. ശത്രുവിനെ മലര്‍ത്തി അടിച്ച് വിജയം ആഘോഷിക്കാന്‍ ചിരിക്കുന്ന ചിരി ഇതില്‍ വേറിട്ടു നില്‍ക്കുന്ന ഒന്നാണ്. അതിനെ അട്ടഹസിച്ച് ചിരിക്കുക എന്ന് നാടന്‍ ഭാഷയില്‍ പറയും. രാക്ഷസന്‍മാരുടെ ചിരി ഈ ഗണത്തില്‍ പെടും എന്നാണ് പറയുന്നത്. കുട്ടികള്‍ പരസ്പരം തമാശ പറഞ്ഞ് ചിരിക്കുന്നതും, മത്സരത്തില്‍ വിജയം ലഭിക്കുന്ന അവസരത്തില്‍ മുഖത്ത് വിരിയുന്ന ചിരിയും, സുഹ്യത്തുക്കളോ, കുടുംബാംഗങ്ങളോ നാളുകള്‍ക്ക് ശേഷം കണ്ടു മുട്ടുന്ന അവസരത്തില്‍ ചരിക്കുന്ന ചരിയും വേറിട്ടതല്ലേ...? കാമുകനും കാമുകിയും, ഭാര്യയും ഭര്‍ത്താവും തമ്മില്‍ ചിരിക്കുന്ന ചിരിയും, നാണം കുണുങ്ങിയുള്ള ചിലരുടെ ചിരിയും വ്യത്യസ്ഥമാണ്. ശബ്ദമില്ലാതെ ചരിക്കുന്നവരുണ്ട്. പല്ല് കാണിക്കാതെ ചിരിക്കുന്നവരുണ്ട്. ഇതിന്‍റെ ഒക്കെ വിപരീതമായി വളരെ ഉച്ചത്തിലും പല്ല് മുഴുവന്‍ കാണിച്ചും ചിലര്‍ ചിരിക്കുന്നു.

'എന്‍റെ വേദന ചിലര്‍ക്ക് ചിരിക്കാനുള്ള വക നല്‍കുന്നു. എന്നാല്‍, എന്‍റെ ചിരി ഒരിക്കലും മറ്റൊരാള്‍ക്ക് വേദനയാകില്ല' എന്ന് പ്രശസ്ത ഹാസ്യ സാമ്രാട്ട് ചാര്‍ളി ചാപ്ലിന്‍ പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ചാര്‍ളി ചാപ്ലിന്‍ ഒരു സദസ്സില്‍ ഒരു തമാശ പറഞ്ഞു അതു കേട്ടു ആളുകള്‍ ചിരിക്കാന്‍ തുടങ്ങി. ചാപ്ലിന്‍ അതേ തമാശ വീണ്ടും ആവര്‍ത്തിച്ചു. ഇത്തവണ കുറച്ചു ആളുകള്‍ മാത്രം ചിരിച്ചു.

പിന്നെയും ചാപ്ലിന്‍ അതേ തമാശ തന്നെ പറഞ്ഞു. എന്നാല്‍ ഇത്തവണ ആരും ചിരിച്ചില്ല. അപ്പോള്‍ ചാപ്ലിന്‍ ഈ മനോഹരമായ വാക്കുകള്‍ പറഞ്ഞു. 'ഒരേ തമാശ കേട്ടു നിങ്ങള്‍ക്ക് വീണ്ടും വീണ്ടും ചിരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് പഴയ ഒരു സങ്കടമോര്‍ത്ത് വീണ്ടും വീണ്ടും കരയുന്നത്? അതുകൊണ്ട്, നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുക. ജീവിതം അത്ര മനോഹരമാണ്!' ചാര്‍ളി ചാപ്ലിന്‍ മറ്റൊരിക്കല്‍ ഇങ്ങനെ പറഞ്ഞു. 'എനിക്കു മഴയത്ത് നടക്കാന്‍ ഇഷ്ടമാണ്. കാരണം, ഞാന്‍ കരഞ്ഞാലും ആരും എന്‍റെ കണ്ണുനീര്‍ കാണില്ല'.

മരണാനന്തരവും ചാര്‍ളി ചാപ്ലിന്‍റെ മ്യതശരീരത്തിന് സംഭവിച്ച ദുരവസ്ഥ കൂടി പറയേണ്ടതുണ്ട്. ചാപ്ലിന്‍ 1977 ഡിസംബര്‍ 25-നു (ക്രിസ്തുമസ് ദിനത്തില്‍) സ്വിറ്റ്സര്‍ലാന്‍റില്‍ വെച്ച് അന്തരിച്ചു. 88-ആം വയസ്സില്‍ ഒരു സ്ട്രോക്ക് വന്നായിരുന്നു മരണം. 1978 മാര്‍ച്ച് 1-നു ഒരു ചെറിയ പോളിഷ് സംഘം ചാപ്ലിന്‍റെ മൃതശരീരം മോഷ്ടിച്ചു. ചാപ്ലിന്‍റെ കുടുംബത്തില്‍ നിന്നും പണം തട്ടുകയായിരുന്നു അവരുടെ ഉദ്ദേശം. ഈ പദ്ധതി നടന്നില്ല. കുറ്റവാളികള്‍ പിടിക്കപ്പെട്ടു. 11 ആഴ്ചയ്ക്കു ശേഷം ജനീവ തടാകത്തിനു സമീപം ചാപ്ലിന്‍റെ മൃതശരീരം കണ്ടെടുത്തു.

ചാര്‍ലി ചാപ്ലിന്‍ എന്ന മഹാ പ്രതിഭയ്ക്ക് ഉണ്ടായ ദുരനുഭവത്തിന് സമാനമായ അനുഭവമാണ് നമ്മുടെ ഹാസ്യ സാമ്രാട്ട് കുഞ്ചന്‍ നമ്പ്യാര്‍ക്ക് ഉണ്ടായത് എന്നുള്ളത് ഇവിടെ എടുത്തു പറയേണ്ടതുണ്ട്. കുഞ്ചന്‍ നമ്പ്യാര്‍ പേപ്പട്ടി കടിച്ചു മരിച്ചു എന്നാണ് പൊതുവെ വിശ്വസിച്ച് വരുന്നത്. പേവിഷബാധയേറ്റ കുഞ്ചന്‍ നമ്പ്യാരെ ജനങ്ങള്‍ അതിക്രൂരമായ കൊലപ്പെടുത്തി കുഴിച്ചിട്ടു എന്നാണ് പറയുന്നത്. ജീവനോടെ കുഴിച്ചുമൂടി എന്നും പറയപ്പെടുന്നുണ്ട്. പേവിഷബാധിതനായിമരണപ്പെട്ടു എന്നും പറയുന്നു. മറ്റൊരു കഥകൂടി കുഞ്ചന്‍ നമ്പ്യാരുടെ മരണത്തെ കുറിച്ചുണ്ട്. കുഞ്ചന്‍ നമ്പ്യാര്‍ ഒരു ക്ഷേത്രത്തില്‍ തുള്ളല്‍ അവതരിപ്പിച്ചപ്പോള്‍ സദസ്സിലുള്ള ഒരു സ്ത്രീയുടെ ശരീരം വര്‍ണ്ണിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ആ പ്രദേശത്തെ രാജാവിന്‍റെ വെപ്പാട്ടിയായിരുന്നു അത്. കുഞ്ചന്‍ നമ്പ്യാരോട് അവരെക്കുറിച്ച് വര്‍ണ്ണിച്ച് പാടരുത് എന്ന് രാജാവ് കല്‍പ്പിച്ചു. പക്ഷെ കുഞ്ചന്‍ നമ്പ്യാര്‍ അത് അനുസരിച്ചില്ല. രാജാവിന്‍റെ ഉത്തരവനുസരിച്ച് കുഞ്ചന്‍ നമ്പ്യാരുടെ തലവെട്ടി എന്ന ഒരു കഥയുണ്ട്. എന്നാല്‍ കുഞ്ചന്‍ നമ്പ്യാരുടെ മരണം പേവിഷബാധിതനായാണെന്നാണ് കൂടുതല്‍ പേര്‍ വിശ്വസിക്കുന്നത്.

പ്രശസ്ത ഹാസ്യ സാഹിത്യകാരന്‍ ഈ. വി. കൃഷ്ണപിള്ള തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി. പി. രാമസ്വാമിക്കെതിരെ നിരവധി ലേഖനങ്ങള്‍ എഴുതുകയുണ്ടായിട്ടുണ്ട്. ഈ. വി. കൃഷ്ണപിള്ള മരണത്തോട് മല്ലടിച്ച് തിരുവനന്തപുരം ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അവസരം. ഈ. വിയോട് ശത്രുതയുണ്ടായ സി. പി. രാമസ്വാമി ആശുപത്രിയിലെ ചികിത്സ മുടക്കുന്നതിന് വേണ്ടി തന്‍റെ സ്വാധീനം ഉപയോഗിച്ച് ഏറെ ബുദ്ധിമുട്ടിച്ചതായി ചരിത്രത്തിന്‍റെ രേഖകളില്‍ ഉണ്ട്. വളരെ വേദനിച്ചും കഷ്ടപ്പെട്ടുമാണ് ഈ. വി. കൃഷ്ണപിള്ള അന്തരിച്ചത്. ഈ. വിയുടെ മകനാണ് അടൂര്‍ ഭാസി. അദ്ദേഹവും മരണപ്പെട്ടത് വളരെ ദുഃഖ സാന്ദ്രമായ സാഹചര്യത്തിലാണ്. വൃക്ക രോഗത്തിന് അടിമയായ അദ്ദേഹം ഒട്ടേറെ സ്വത്തുക്കളുടെ ഉടമയായിരുന്നു. മരണക്കിടക്കയില്‍ പോലും സ്വത്ത് തര്‍ക്കം മൂലം നിരന്തരം വേട്ടയാടി വേദനിച്ചാണ് അടൂര്‍ ഭാസിയും മരിക്കുന്നത്.

'കരളെരിഞ്ഞാലും തലപുകഞ്ഞാലും, ചിരിക്കണമതേ വിദൂഷക ധര്‍മ്മം' എന്ന് സഞ്ജയന്‍ പറഞ്ഞിട്ടുണ്ട്. സഞ്ജയന്‍റെയും കാര്‍ട്ടൂണിസ്റ്റായ പി. ഭാസ്ക്കരനും കാര്യം കൂടി പറയണം. ഇരുവരും ക്ഷയരോഗികള്‍ ആയിരുന്നു. ഭാസ്ക്കരന് കുഷ്ഠരോഗവും ഉണ്ടായിരുന്നു. ഭാസ്ക്കരന് അവസാനകാലത്ത് കുഷ്ഠരോഗം കാരണം വരയ്ക്കുവാന്‍ സാധിച്ചിരുന്നില്ല. 1927 ല്‍ അമ്മാമനായ റിട്ടയേഡ് ഡെപ്യൂട്ടി കളക്ടര്‍ എം. അനന്തന്‍ നായരുടെ ദ്വിതീയ പുത്രി കാര്‍ത്ത്യായനിയമ്മയെ സഞ്ജയന്‍ വിവാഹം ചെയ്തു. 1929 തില്‍ അവര്‍ക്ക് ഒരു പുത്രന്‍ ജനിച്ചു. 1930 തില്‍ ഭാര്യ മരിച്ചു. 1939 തില്‍ ഏക മകന്‍ ബാബുവും മരിച്ചു.

1936 ഏപ്രില്‍ മാസം ആരംഭിച്ച സഞ്ജയന്‍ മാസിക മൂന്നു വര്‍ഷവും, 1940 ല്‍ ആരംഭിച്ച വിശ്വരൂപം മാസിക ഒരു വര്‍ഷവും മാത്രമേ പ്രസിദ്ധീകരിച്ചുള്ളൂ. ഈ രണ്ട് മാസികകളിലും സഞ്ജയന്‍റെ ഒപ്പം ഭാസ്ക്കരനും ഉണ്ടായിരുന്നു എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. ആറ് വയസിന്‍റെ വ്യത്യാസം ഇരുവരും തമ്മില്‍ ഉണ്ടായിരുന്നെങ്കിലും, സഞ്ചയനും ഭാസ്കരനും സഹോദരങ്ങളെ പോലെയായിരുന്നു. സഞ്ജയന്‍ 1943 സെപ്റ്റംബറില്‍ 40 ാം വയസില്‍ അന്തരിച്ചപ്പോള്‍, ഭാസ്ക്കരന്‍ അതെ വര്‍ഷം 34 ാം വയസില്‍ ഡിസംബര്‍ 22 ാം തിയതി അന്തരിച്ചു. ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ കയ്പ്പുനീരിറക്കിയായിരുന്നു ക്ഷയരോഗികളായ ഇരുവരും ഹാസ്യമാസകകളിലൂടെ മറ്റുള്ളവരെ ചിരിപ്പിച്ചത്.

ഒരുകാലത്ത് തിരുവതാംകൂറിലെ പത്രങ്ങളിലും ഹാസ്യ മാസികകളിലും കാര്‍ട്ടൂണുകള്‍ വരച്ച് അത്ഭുതം സ്യഷ്ടിച്ച അനുഗ്രഹീത കാര്‍ട്ടൂണിസ്റ്റായ കെ.എസ്.പിള്ള മലയാള കാര്‍ട്ടൂണിന്‍റെ കുലപതിയാണ്. ഒരേ ദിവസം അഞ്ച് പത്രങ്ങളില്‍ വ്യത്യസ്ഥ ആശയങ്ങള്‍ ഉള്‍കൊണ്ട കാര്‍ട്ടൂണുകള്‍ വിമോചന സമര കാലത്ത് പ്രസിദ്ധീകരിച്ചിരുന്നു. കെ. എസ്. പിള്ളയുടെ അവസാന കാലത്ത് ഒറ്റയ്ക്കായിരുന്നു താമസം. ആദ്യഭാര്യയുമായി പിരിഞ്ഞു. രണ്ടാം ഭാര്യയുടെ ആകസ്മികമായ മരണവും ഏക മകളെ നഷ്ടപ്പെട്ടതിലുള്ള പ്രയാസവും കാരണം ആരോടും മിണ്ടാട്ടമില്ലാതായി. ഒടുവില്‍ തമിഴ്നാട്ടിലെ മധുരമീനാക്ഷീക്ഷേത്രത്തിന് മുന്നിലെ വൃക്ഷച്ചുവട്ടില്‍ താടിയും മുടിയും നീട്ടിവളര്‍ത്തി കെ.എസ്. പിള്ള ഭിക്ഷക്കാരനായി ജീവിച്ചത് രണ്ട് വര്‍ഷം. അവശനായ കെ.എസ്. പിള്ളയുടെ ബന്ധുക്കള്‍ കണ്ടെത്തി നാട്ടിലെത്തിച്ചു. മരണം അനാഥനായി സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു. മലയാള കാര്‍ട്ടൂണിനെ ജനകീയമാക്കിയ കെ.എസ്.പിള്ളയുടെ വിയോഗം പലരും അറിഞ്ഞില്ല. സാധാരണക്കാരന്‍റെ മരണമായി ഈ അസാധാരണക്കാരന്‍റെ മരണം മാറി. അനുശോചന യോഗങ്ങളുണ്ടായില്ല. നല്ലൊരു ആദരവ് അദ്ദേഹത്തിന് മരണത്തില്‍ പോലും ലഭിച്ചില്ല.

വര്‍ത്തമാനകാലത്ത് ഹാസ്യ സാഹിത്യകാരന്മാരുടെയും നടന്മാരുടെയും സമാനമായ കഥകള്‍ നമുക്ക് മുന്നിലുണ്ട്. ഹാസ്യനടന്‍ ഇന്നസെന്‍റ് കാന്‍സറിന്‍റെ വേദന ഉള്ളിലൊതുക്കിയായിരുന്നു നമ്മളെ ചിരിപ്പിച്ചിരുന്നത്. കലാഭവന്‍ മണി ആരോഗ്യപരമായ ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടാണ് ജനങ്ങളെ ചിരിപ്പിച്ചിരുന്നത് എന്ന് വളരെ വൈകിയാണ് സമൂഹം അറിഞ്ഞത്. ജഗതി ശ്രീകുമാറും, സലിംകുമാറും ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. എല്ലാവരെയും ചിരിപ്പിക്കുന്ന പലരുടെ ഉള്ളിലും വേദനയുടെ കണ്ണുനീര്‍ ഉള്ളിലൊതുക്കിയാണ് നമ്മളെ ചിരിപ്പിക്കുന്നത് എന്നുള്ള യാഥാര്‍ത്ഥ്യം നമ്മള്‍ അറിയണം. നല്ല ഹാസ്യം വേദനയില്‍ നിന്നും ദുഖത്തില്‍ നിന്ന് മാത്രമേ ഉണ്ടാകൂ എന്ന് പറയാറുണ്ടല്ലോ...

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com