
ദേഷ്യമാകാം, എടുത്തുചാട്ടം വേണ്ടാ...
സുധീര്‍ നാഥ്
പ്രശസ്ത കവി വില്യം ബ്ലെയ്ക് എഴുതിയ "ഒരു വിഷവൃക്ഷം' എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ്.
"എന്‍റെ സുഹൃത്തിനോട്
എനിക്ക് ദേഷ്യം തോന്നി;
എന്‍റെ കോപം ഞാന്‍ പറഞ്ഞു,
എന്‍റെ കോപം അവസാനിച്ചു.
എന്‍റെ ശത്രുവിനോട്
എനിക്ക് ദേഷ്യം വന്നു:
ഞാന്‍ അത് പറഞ്ഞില്ല,
എന്‍റെ കോപം വളര്‍ന്നു'.
ഈ വരികളില്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. ഒരാളുടെ ദേഷ്യം എങ്ങിനെ ശമിപ്പിക്കാം എന്നുണ്ട്. ദേഷ്യം വളരുന്നത് എങ്ങിനെ എന്നും കവി പറയുന്നു.
മനുഷ്യ വികാരങ്ങളില്‍ ഒന്നാണ് ദേഷ്യം അഥവാ കോപം. ഒരാള്‍ക്കു ദേഷ്യം വരിക എന്നത് സ്വാഭാവിക വികാരമാണെന്ന കാര്യത്തില്‍ സംശയമില്ല. ദേഷ്യം വരാത്തവരായ ആരും തന്നെ ഇല്ല. മൃഗങ്ങളില്‍ പോലും ദേഷ്യമുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരു മനുഷ്യന്‍ ചിരിക്കുന്നതു പോലെ തന്നെ, കരയുന്നതു പോലെ തന്നെ, ദേഷ്യപ്പെടുക സ്വാഭാവികമാണ്. ദേഷ്യം എന്ന വികാരം ഒരിക്കലും പാടില്ല എന്ന് പറയുന്നത് ശരിയായ നിലപാടല്ല. ഏതൊരു മനുഷ്യനായാലും സ്നേഹിക്കുന്നതു പോലെ വെറുക്കപ്പെടാനും കഴിയണം. ദേഷ്യപ്പെടാനും കഴിയണം. നമ്മള്‍ എത്രയോ തവണ ദേഷ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ ദേഷ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ചടുലമായ നടപടികളുമായി മുന്നോട്ടു പോകുന്നത് ശരിയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ദേഷ്യം വരുമ്പോള്‍ എടുത്തുചാടി ഒരു കാര്യം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ശരിയാണോ എന്ന് വീണ്ടും വീണ്ടും ആലോചിക്കേണ്ടതുണ്ട്. അങ്ങനെ എടുത്തുചാടി എത്രയോ പേര്‍ പല പല പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോയിരിക്കുന്നു.
ദേഷ്യം പലപ്പാഴും നിയന്ത്രണാതീതമായി പോകുമ്പോഴാണ് പല പ്രശ്നങ്ങളിലേക്കും ഒരാള്‍ വഴുതി വീഴുന്നത്. അത് ഒഴിവാക്കിയാല്‍ നന്നാകും. അതായത് ദേഷ്യം വന്നാല്‍ എടുത്ത് ചാടി ഒരു നടപടി അരുത്. ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ എല്ലായ്പ്പോഴും ദേഷ്യത്തെ സ്വയം നിയന്ത്രിക്കേണ്ടതുണ്ട്. വീട്ടിലായാലും ജോലിസ്ഥലത്തായാലും ബന്ധങ്ങളിലായാലും, അനിയന്ത്രിതമായ കോപം ഒരാളുടെ ജീവിതത്തെ ബാധിച്ചേക്കാം. ദേഷ്യം എന്ന വികാരം സ്വയം നിയന്ത്രിക്കുന്നത് അവരവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സമ്മര്‍ദ നില കുറയ്ക്കുന്നതിനും കാരണമാകും.
ദേഷ്യം ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് വരുമ്പോള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലപ്പോള്‍ ദുഃഖിക്കുമ്പോഴും, അല്ലെങ്കില്‍ ആരെങ്കിലും അതിരു കടന്ന് ശത്രുത പുലര്‍ത്തുമ്പോഴോ ദേഷ്യം അനുഭവപ്പെടാം. ഒരു മനുഷ്യന് സമ്മര്‍ദങ്ങളുടെ സാഹചര്യങ്ങള്‍ കോപത്തെ അല്ലെങ്കില്‍ ദേഷ്യത്തെ വളര്‍ത്തുവാന്‍ കാരണമാകുന്നു. ഇങ്ങനെ ദേഷ്യം ഉണ്ടാകുമ്പോള്‍ അമിതമായ അക്രമാസക്തമാവുക എന്ന അനാരോഗ്യകരമായ കോപ പ്രകടനങ്ങളിലേക്ക് നയിക്കുന്നു.
എന്തുകൊണ്ടാണ് ഇപ്പോള്‍ ദേഷ്യത്തെക്കുറിച്ച് പറയുന്നത് എന്ന് വായനക്കാര്‍ക്ക് മനസിലായിക്കാണും. സമീപകാലത്താണ് കേരള രാഷ്‌ട്രീയത്തിലെ രണ്ട് സുധാകരന്മാര്‍ ദേഷ്യം കൊണ്ട് പറഞ്ഞതൊക്കെ പിന്നീട് വിവാദമാകുകയും പുലിവാലു പിടിച്ചതും. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്ത കോണ്‍ഗ്രസിന്‍റെ നേതാവ് കെ. സുധാകരന്‍ എംപി പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കുന്ന വാചകം പറഞ്ഞത് ദേഷ്യം കൊണ്ടാണ്. അതുപോലെ തന്നെയാണ് കമ്മ്യൂണിസ്റ്റ് നേതാവായ മുൻ മന്ത്രി ജി. സുധാകരന്‍ തപാല്‍ വോട്ടുകളെ കുറിച്ചുള്ള പരാമര്‍ശം നടത്തിയതും ദേഷ്യം കൊണ്ടാണ്. രണ്ടുപേരും ദേഷ്യം അല്ലെങ്കില്‍ കോപം കൊണ്ട് എടുത്തുചാടി നടത്തിയ പ്രസ്ഥാവനകള്‍ വലിയ പ്രതിസന്ധിഘട്ടത്തിലേക്ക് എത്തിച്ചു. അത് ഒഴിവാക്കാമായിരുന്നു.
തിരുവനന്തപുരത്ത് വഞ്ചിയൂര്‍ കോടതിയിലെ ഒരു മുതിര്‍ന്ന അഭിഭാഷകന്‍ അയാള്‍ക്ക് കീഴിലെ ഒരു ജൂനിയര്‍ അഭിഭാഷയെ മര്‍ദിച്ചു എന്ന വാര്‍ത്തയാണ് രണ്ടാമത്. പട്ടാപ്പകല്‍ പന്ത്രണ്ടരയോടെയാണ് ജൂനിയര്‍ അഭിഭാഷക ജെ.വി. ശ്യാമിലിയെ വക്കീല്‍ ഓഫിസില്‍ വച്ച് സീനിയര്‍ അഭിഭാഷകനായ ബെയ്‌ലിന്‍ ദാസ് മര്‍ദിച്ചത്. ശ്യാമിലിയുടെ വലതു കവിള്‍ അടികൊണ്ട് ചതഞ്ഞിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ജൂനിയര്‍ അഭിഭാഷയെ തല്ലുക എന്നത് അംഗീകരിക്കാൻ സമൂഹത്തിന് സാധിക്കുകയില്ല. ഏതു മേഖലയിലായാലും ഒരു സീനിയറും ജൂനിയര്‍മാരെ മര്‍ദിക്കുക എന്നത് വലിയ തെറ്റാണ്. ഇതും ദേഷ്യത്തിന്‍റെ ഉച്ചഭാവത്തില്‍ എടുത്തുചാടി ചെയ്തുപോയ ഒരു വലിയ തെറ്റാണ്. ഇതിന്‍റെ ഫലമായി എന്തു സംഭവിച്ചു എന്നുള്ളത് വര്‍ത്തമാനകാലത്തെ ചര്‍ച്ചാവിഷയമാണ്. സീനിയര്‍ അഭിഭാഷകന്‍ ജയിലിലായി. അയാളുടെ കോടതിയിലെ വരുംനാളുകളെ കുറിച്ച് ആശങ്കകളുണ്ട്. സമൂഹത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റിരിക്കുന്നു. ജൂനിയര്‍ അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകനെതിരെ നടപടിയുമായി ബാര്‍ കൗണ്‍സില്‍ പോകുന്നു. മുന്‍കോപത്തിന്‍റെ പ്രതിഫലനമായി മാത്രമേ ഈ സംഭവം നമുക്ക് കാണുവാന്‍ സാധിക്കൂ.
മൂന്നാമതൊരു സംഭവം എറണാകുളം ജില്ലയില്‍ നെടുമ്പാശേരിയിലാണ് നടന്നത്. അവിടെ നായത്തോട് എന്ന സ്ഥലത്ത് വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ തുടര്‍ന്നുണ്ടായ നിസാരമായ തര്‍ക്കത്തില്‍ ഒരു യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഐവിനും തമ്മില്‍ തര്‍ക്കമുണ്ടാവുകയും വാക്കേറ്റത്തിലും കൈയാങ്കളിയിലും എത്തിയതോടെ, ഐവിന്‍ ഫോണില്‍ വീഡിയൊ ചിത്രീകരിക്കാന്‍ തുടങ്ങിയതാണ് പ്രകോപനമായത്. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാര്‍ മുന്നോട്ടെടുത്തു. കാര്‍ ഇടിച്ച് ബോണറ്റിനു മുകളിലേക്കു വീണ ഐവിൻ എന്ന യുവാവിനെ ഒരു കിലോമീറ്ററോളം വലിച്ചിഴച്ച ശേഷം മതിലിനോട് ചേര്‍ത്ത് ഇടിച്ചു നിര്‍ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഐവിന്‍ പിന്നീട് മരിക്കുകയായിരുന്നു. ദേഷ്യം വന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ നടത്തിയ എടുത്തുചാടിയുള്ള നടപടിയാണ് നിയമം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥര്‍ ചെയ്തത്.
ഒരാള്‍ മനസു കൊണ്ടു വിചാരിച്ചാല്‍ സ്വന്തമായി ദേഷ്യത്തെ ശമിപ്പിക്കാന്‍ സാധിക്കുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. പിരിമുറുക്കമുള്ള ശരീരത്തെയും മനസിനെയും ശാന്തമാക്കാന്‍ ലളിതമായ ഒട്ടേറെ മാര്‍ഗങ്ങളും വൈദ്യശാസ്ത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ദേഷ്യം വരുന്ന സാഹചര്യം ഉണ്ടായാല്‍ ഒന്നു മുതല്‍ നൂറു വരെ മനസില്‍ അക്കങ്ങള്‍ മാത്രം വിചാരിച്ചു കൊണ്ടെണ്ണുമ്പോള്‍ ദേഷ്യം ശമിക്കും എന്നാണ് പറയുന്നത്.
ദേഷ്യം നിയന്ത്രിക്കുന്നതിന് മതിയായ ഉറക്കം അത്യാവശ്യമാണ്. ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഒരു മനുഷ്യന്‍ ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ശരീരത്തിനും മനസിനും വിശ്രമം ഉറപ്പാക്കുക എന്നതാണ് ഉറക്കം കൊണ്ട് ഉദ്ദേശിക്കുന്നത്. ഉറക്കം നഷ്ടപ്പെടുമ്പോള്‍ മനസിന്‍റെ താളങ്ങള്‍ തെറ്റുന്നു. അത് ഒരാളില്‍ കൂടുതല്‍ ദേഷ്യം ഉണ്ടാക്കുന്നു. നന്നായി ഉറങ്ങുക എന്നതാണ് ദേഷ്യം ശമിപ്പിക്കുവാനുള്ള ഒരു മാര്‍ഗം.
വളരെ പെട്ടെന്ന് രക്തസമ്മര്‍ദം ഉയരുന്നവര്‍ക്ക് ദേഷ്യം ഉണ്ടാവുക സ്വാഭാവികം. അങ്ങനെ രക്തസമ്മര്‍ദം ഉയരുന്നവര്‍ക്ക് താന്‍ പെട്ടെന്ന് ദേഷ്യപ്പെടും എന്നത് അവര്‍ക്ക് തന്നെ മുന്‍കൂട്ടി അറിയാം. അത് അവര്‍ക്ക് തന്നെ നിയന്ത്രിക്കുവാനും സാധിക്കേണ്ടതാണ്. അങ്ങനെ സാധിക്കപ്പെടുമ്പോഴാണ് ജീവിതവിജയം ഉണ്ടാകുന്നത്. നമുക്ക് എന്തുകൊണ്ടാണ് ദേഷ്യം വരുന്നതെന്നും, ഈ ദേഷ്യം കൊണ്ട് നമുക്ക് എന്തെല്ലാം മോശം കാര്യങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും, മുന്‍കൂട്ടി ചിന്തിക്കുന്നത് നല്ലതാണ്. രക്തസമ്മര്‍ദം കൂടുതലുള്ളവര്‍ അതുകൊണ്ട് മറ്റൊരാളോട് ദേഷ്യം പ്രകടിപ്പിക്കും മുമ്പ് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കണം. നമ്മുടെ കോപത്തിന്‍റെ കാരണം മനസിലാക്കി ആ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുക എന്നതാണ് ദേഷ്യത്തെ നിയന്ത്രിക്കുവാനുള്ള മറ്റൊരു മാര്‍ഗം. ദേഷ്യം വന്നാല്‍ പ്രതികരിക്കും മുമ്പ് കുറച്ച് സമയം എടുക്കുന്നത് തീരുമാനത്തില്‍ നിന്ന് ചിലപ്പോള്‍ നിങ്ങളെ പിന്തിരിപ്പിച്ചേക്കാം. അതുകൊണ്ടുതന്നെ ദേഷ്യം വരുമ്പോള്‍ അല്പം സമയം കൊടുക്കുന്നതും സമയമെടുക്കുന്നതും നല്ലതാണ്.
എല്ലാവരുടെ ജീവിതത്തിലും ഏറ്റക്കുറച്ചിലുകള്‍ ധാരാളമായി ഉണ്ടാകും. ജീവിതചക്രത്തില്‍ ഉയര്‍ച്ചയും താഴ്ചയും സ്വാഭാവിക പ്രക്രിയയാണ്. എപ്പോഴും വിജയശ്രീലാളിതനായി കഴിയുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. പരാജയങ്ങള്‍ ജീവിതത്തിന്‍റെ ഭാഗമാണെന്ന തിരിച്ചറിവ് ഉണ്ടാകണം. ജീവിതത്തില്‍ ഉണ്ടാകുന്ന നിരാശയാണ് ദേഷ്യവും കോപവുമായി പുറത്തുവരുന്നത. പഴയ ജീവിതത്തിലുണ്ടായ തോല്‍വികളെ കുറിച്ചുള്ള ചിന്ത നമ്മുടെ മനസില്‍ ഉണ്ടാവുന്നതും, നഷ്ടപ്പെട്ടുപോയ അവസരങ്ങളെ കുറിച്ചുള്ള ചിന്ത മനസില്‍ ഉണ്ടാവുന്നതും, പ്രതീക്ഷിച്ച അവസരങ്ങള്‍ ലഭിക്കാതെ പോകുന്നതും ഒരാളെ കൂടുതല്‍ നിരാശയിലേക്കു നയിക്കുന്നു. ഇത് ദേഷ്യം കൂട്ടുവാന്‍ വലിയ സാധ്യത കാണുന്നുണ്ട്.
ജീവിത വിജയം നേടാനുള്ള വഴികള്‍ നമ്മള്‍ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു. എല്ലാം നേടാം എന്നുള്ള ചിന്ത സ്വയം ഒഴിവാക്കുക തന്നെ വേണം. എല്ലാവര്‍ക്കും എല്ലാം നേടാം എന്നുള്ളത് ഒരു മിഥ്യയാണ്. ദേഷ്യത്തെ നിയന്ത്രിക്കുവാന്‍ ദേഷ്യം ഉണ്ടാകുന്നവര്‍ തന്നെ വിചാരിക്കണം. ദേഷ്യം കൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് അവര്‍ തന്നെ തിരിച്ചറിയണം. എടുത്തു ചാടിയുള്ള ഏതൊരു പ്രവൃത്തിയും അപകടത്തിലേക്കാണ് ചെന്നു ചാടുന്നതെന്നു തിരിച്ചറിയപ്പെടേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ദേഷ്യം എന്ന വികാരത്തെ നിയന്ത്രിക്കാന്‍ എല്ലാവരും അവരാല്‍ കഴിയുന്ന മാര്‍ഗങ്ങള്‍ തേടേണ്ടതാണ്. ദേഷ്യം മൂലം സമൂഹത്തില്‍ ഉണ്ടാകുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഒഴിവാക്കാന്‍ ബോധവത്ക്കരണവും ആവശ്യമാണ്.