തുള്ളിക്കൊരു കുടം പേമാരി

1924ലെ പ്രളയത്തിനുശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയമെന്നാണ് 2018ലെ വെള്ളപ്പൊക്കത്തെ വിശേഷിപ്പിക്കപ്പെടുന്നത്. മലയാളമാസ കണക്കിൽ ""99ലെ വെള്ളപ്പൊക്കം'' എന്നു പഴമക്കാർ പറയും..!
തുള്ളിക്കൊരു കുടം പേമാരി
തുള്ളിക്കൊരു കുടം പേമാരി
Updated on

സുധീര്‍നാഥ്

തുള്ളിക്കൊരു കുടം പേമാരി

ഉള്ളിലൊരു തുടം തേന്മാരി

മാനത്തിരിക്കണ കുളിരും കോരി

മണ്ണില് വന്ന വിരുന്നുകാരി...

1978ല്‍ ഐ.വി. ശശി സംവിധാനം ചെയ്ത ഈറ്റ എന്ന ചിത്രത്തിന് വേണ്ടി യൂസഫലി കേച്ചേരി എഴുതിയ ഹിറ്റ് ഗാനത്തിലെ വരികളാണിത്. മഴത്തുള്ളികള്‍ കേരളത്തിലും രാജ്യത്തിന്‍റെ വടക്കു പ്രദേശങ്ങളിലും ഭൂമിയിലേക്ക് പതിക്കുകയാണ്. മഴത്തുള്ളികള്‍ ശക്തമായി ഭൂമിയില്‍ പതിക്കുന്നതിനെ അടുത്ത കാലത്ത് ഭയപ്പാടോടെയാണ് സമൂഹം കാണുന്നത് എന്ന് പറയാതിരിക്കാനും സാധിക്കില്ല.

ഇതേ മഴത്തുള്ളിയെ തന്നെയാണ് യൂസഫലി കച്ചേരി തന്‍റെ കവിതകയില്‍ മനോഹരിയായി വര്‍ണിച്ചിരിക്കുന്നത്. മഴത്തുള്ളികളെ വിരുന്നുകാരിയായാണ് അദ്ദേഹം ഈ കവിതയില്‍ അവതരിപ്പിക്കുന്നത്. മഴ പെയ്യുമ്പോള്‍ കുളിരുണ്ടാവുക സ്വാഭാവികം. തണുപ്പ് മനുഷ്യനെ ഒരു പ്രത്യേക മാനസികാവസ്ഥയില്‍ എത്തിക്കുമെന്നതില്‍ സംശയവുമില്ല. എന്നാല്‍ മഴത്തുള്ളികളുടെ എണ്ണം കൂടിയാല്‍ പ്രളയമാകുന്നു. നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നു. ഇപ്പോള്‍ ജനങ്ങള്‍ ഭയക്കുന്നതും പ്രളയത്തെയാണ്. മഴ ഇപ്പോള്‍ മനുഷ്യനെ ഭയപ്പെടുത്തുന്ന ഒന്നായി മാറിയിട്ടുണ്ട് എന്ന് പരാമര്‍ശിക്കുന്നതില്‍ തെറ്റുണ്ടാകില്ല.

ജീവന്‍ നിലനിര്‍ത്താന്‍ ഏറ്റവും അത്യാവശ്യമായ ഒന്നാണ് ജലം. ഭൂമിയില്‍ മഴയിലൂടെയാണ് ജലം എത്തുന്നത്. മഴ ഉണ്ടാകണമെങ്കില്‍ ജലം ഉണ്ടാകണം. ഭൂമിയിലെ ജലം ആവിയായി പോയിട്ടാണ് മഴയായി തിരിച്ച് ഭൂമിയിലേക്കു തന്നെ എത്തുന്നത്. സമുദ്രവും, കടലും, നദികളും, പുഴകളുമാണ് ഭൂമിയിലെ പ്രധാനപ്പെട്ട ജല സ്രോതസുകള്‍. ഇവിടുത്ത ജലമാണ് സൂര്യന്‍റെ ചൂടേറ്റ് ഭൗമോപരിതലത്തില്‍ നിന്ന് നീരാവിയായി മാറും. ഈ നീരാവിയും വഹിച്ചു കൊണ്ടുള്ള വായു അന്തരീക്ഷത്തിന്‍റെ മുകള്‍ത്തട്ടിലേക്ക് എത്തുന്നതോടെ അവിടുത്ത താപനില കാരണം മഞ്ഞുകണങ്ങളായി മാറും. ഇവയെ നമ്മള്‍ മേഘങ്ങള്‍ എന്നാണ് വിശേഷിപ്പിക്കാറ്. ഈ മേഘങ്ങള്‍ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തില്‍ പതിക്കുന്നതാണ് മഴ.

ചില പ്രദേശങ്ങളില്‍ മഴ മുഴുവനായും ഭൂമിയില്‍ എത്താത്ത സാഹചര്യങ്ങളുണ്ട്. ചിലപ്പോള്‍ താഴേക്ക് പതിക്കുന്ന മഴത്തുള്ളികള്‍ അന്തരീക്ഷത്തിലെ വരണ്ട വായുവിലൂടെ സഞ്ചരിക്കുമ്പോള്‍ അവിടെ വച്ചു തന്നെ നീരാവിയായി മാറുന്നു. ഇങ്ങനെ ഒരു തുള്ളി പോലും താഴേയ്ക്കു വീഴാത്ത മഴയെ വിര്‍ഗ എന്നുവിളിക്കുന്നു. ചൂടുള്ള, വരണ്ട, മരുപ്രദേശങ്ങളിലാണ് ഈ പ്രതിഭാസം കാണപ്പെടുന്നത്. മരുഭൂമികളില്‍ ഈ പ്രതിഭാസം എപ്പോഴും ഉണ്ടാകുന്നു. മഴത്തുള്ളികള്‍ കൂടുതലായി ഉണ്ടാകുന്ന സമയത്ത് മരുഭൂമിയിലും മഴ പെയ്യും.

മഴ പല തരത്തിലാണ് ഉണ്ടാകുന്നത്. തീവ്രത കുറഞ്ഞ മഴയും തീവ്രത കൂടിയ മഴയുമായി രണ്ട് വിഭാഗമുണ്ട്. മഴയുടെ തീവ്രത അളക്കുന്നത് മി.മീ./ മണിക്കൂര്‍ എന്ന കണക്കിലാണ്. സാധാരണ ഏറ്റവും തീവ്രത കുറഞ്ഞ മഴയാണ് ഏറ്റവും അധികം നേരം പെയ്യുന്നത്. തീവ്രത കൂടിയ മഴ പെയ്യുന്നത് ക്യുമുലസും ക്യമുലോനിംബസും പോലെ ഉയരമുള്ള മേഘങ്ങളില്‍ നിന്നാണ്. സ്റ്റ്രാറ്റസും സ്റ്റ്രാറ്റോക്യുമുലസും പോലെയുള്ള പരന്ന മേഘങ്ങളില്‍ നിന്ന് മണിക്കൂറില്‍ 10-15 മില്ലിമീറ്ററില്‍ കൂടുതല്‍ തീവ്രതയുള്ള മഴ ഉണ്ടാകാറില്ല.

വളരെ ചെറിയ മഴ മുതല്‍ അതീവ ശക്തമായ മഴ വരെ ഉണ്ടാകാം. മഴയുടെ തീവ്രത കുറഞ്ഞ മഴയില്‍ നിന്നുള്ള ജലം മിക്കവാറും ഭൂമിയിലേക്ക് ഇറങ്ങി ചെല്ലുന്നു എന്നാണ് കാണുന്നത്. എന്നാല്‍ ശക്തമായ മഴയുള്ളപ്പോള്‍ സംഭവിക്കുന്നത് മറ്റൊന്നാണ്. പ്രളയവും മറ്റും സംഭവിക്കുന്നത് തീവ്രത കൂടിയ മഴയുള്ള സമയങ്ങളിലാണ് എന്ന് കാണാം. തീവ്രത കൂടിയ മഴയുള്ളപ്പോള്‍ അതു ഭൂമിയിലേക്ക് ഇറങ്ങി ചെല്ലാതെ ശക്തമായി ഒലിച്ചു പോകുന്ന കാഴ്ചയാണ് സാധാരണ കാണുന്നത്. ഇങ്ങനെ ഒലിച്ചു പോകുമ്പോള്‍ മേല്‍മണ്ണിന്‍റെ ഒരു ഭാഗം എടുത്തു കൊണ്ടു പോകുകയും മണ്ണൊലിപ്പ് ശക്തമാവുകയും ചെയ്യും. ചെടികള്‍ ധാരാളമില്ലാത്ത ഇടങ്ങളില്‍ ഇത്തരം മണ്ണൊലിപ്പ് ശക്തമായി അനുഭവപ്പെടുന്നുണ്ട്.

2018ലെ വെള്ളപ്പെക്കം ശക്തമായ മഴയെ തുടര്‍ന്ന് ഉണ്ടായതാണ്. അത് വര്‍ത്തമാനകാലത്തെ സംഭവമായതിനാല്‍ ജനങ്ങള്‍ ഓര്‍ത്തിരിക്കുന്നു. 1924ലെ പ്രളയത്തിനുശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയമെന്നാണ് 2018ലെ വെള്ളപ്പൊക്കത്തെ വിശേഷിപ്പിക്കപ്പെടുന്നത്. മലയാളമാസ കണക്കിൽ ""99ലെ വെള്ളപ്പൊക്കം'' എന്നു പഴമക്കാർ പറയും..!

കേരളത്തില്‍ 1924 ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലായി ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ് 99ലെ വെള്ളപ്പൊക്കം. കൊല്ലവര്‍ഷം 1099ലാണ് അത് സംഭവിക്കുന്നത്. അതുകൊണ്ടാണ് 99ലെ വെള്ളപ്പൊക്കം എന്ന പേരില്‍ അത് അറിയപ്പെടുന്നത്. 20ാം നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു ഇത്. അന്ന് മരിച്ചവര്‍ എത്രയെന്ന കണക്കുണ്ടായിരുന്നില്ല. അങ്ങനെ ഒരു കണക്കെടുക്കാനുള്ള സംവിധാനം അക്കാലത്ത് ഉണ്ടായിരുന്നില്ല. അന്നത്തെ പത്രവാര്‍ത്തകളും മറ്റു രേഖകളും പ്രളയത്തിന്‍റെ ഒരു ഏകദേശ ചിത്രം നമുക്ക് തരുന്നുണ്ട് എന്ന് മാത്രം. നാടൊട്ടുക്കും ജനജീവിതം സ്ഥംഭിക്കുകയും, ഗതാഗതം മുടങ്ങുകയുമാണ്ടായി. ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം അഭയാര്‍ഥികളെക്കൊണ്ട് നിറഞ്ഞതായി ചരിത്ര രേഖകളില്‍ ഉണ്ട്. അന്ന് വെള്ളത്തോടൊപ്പം പട്ടിണിയും ജനങ്ങളെ വലച്ചിരുന്നു. 99ലെ വെള്ളപ്പൊക്കത്തോളം വരില്ലെങ്കിലും 1939, 1961, 2018 എന്നീ വര്‍ഷങ്ങളിലും കനത്ത വെള്ളപ്പൊക്കങ്ങള്‍ കേരളത്തിലുണ്ടായി.

2018 ജൂലൈ- ഓഗസ്റ്റ് മാസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷകാലത്ത് ഉയര്‍ന്ന അളവില്‍ മഴ പെയ്തതിന്‍റെ ഫലമായാണ് 2018ലെ കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടര്‍ന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ അവയുടെ ഷട്ടറുകള്‍ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്‍റെ ആഘാതം വര്‍ധിപ്പിച്ചു. ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ 54 അണക്കെട്ടുകളില്‍ 35 എണ്ണവും തുറന്നുവിടേണ്ടി വന്നത്. 26 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെറുതോണി അണക്കെട്ടിന്‍റെ 5 ഷട്ടറുകള്‍ ഒരുമിച്ചു തുറന്നത്. വേലിയേറ്റ സമയത്താണ് ഷട്ടറുകള്‍ തുറന്നത് എന്നത് വലിയ പ്രതിഷേധത്തിന് കാരണമായി. വേണ്ട രീതിയിലുള്ള മുന്നറിയിപ്പ് സര്‍ക്കാര്‍ ഭാഗത്തു നിന്ന് ഉണ്ടാകാത്തതും നഷ്ടങ്ങള്‍ വര്‍ധിപ്പിച്ചു.

സമീപകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് മേഘ വിസ്‌ഫോടനം. വളരെച്ചെറിയ സമയത്തിനുള്ളില്‍, ഒരു പ്രദേശത്ത് മാത്രം പെയ്തിറങ്ങുന്ന അതിശക്തമായ മഴയെയാണ് മേഘസ്‌ഫോടനം (കെട്ടിപ്പെയ്ത്ത്) എന്നു വിളിക്കുന്നത്. പലപ്പോഴും മിനിറ്റുകള്‍ മാത്രം നീളുന്ന ഈ പ്രതിഭാസം വലിയ വെള്ളപ്പൊക്കങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കുമിടയാക്കാറുണ്ട്. കാറ്റിന്‍റെയും ഇടിമുഴക്കത്തിന്‍റെയും അകമ്പടിയോടെ ആരംഭിക്കുന്ന മഴ, പെട്ടെന്നു ശക്തി പ്രാപിക്കുകയും ആ പ്രദേശത്തെയാകെ പ്രളയത്തിലാക്കുകയും ചെയ്യും. പൊതുവേ പറഞ്ഞാല്‍, മണിക്കൂറില്‍ 100 മില്ലീമീറ്ററിൽ കൂടുതല്‍ മഴ ഒരു സ്ഥലത്തു ലഭിച്ചാല്‍, അതിനെ മേഘ സ്‌ഫോടനമെന്നു കരുതാം.

മുന്‍കാലങ്ങളില്‍ നിന്ന് ഇപ്പോള്‍ മഴ പെയ്യുമ്പോള്‍ ജനങ്ങള്‍ ഭയപ്പെടുന്നതിന്‍റെ മുഖ്യകാരണം ശക്തമായ വെള്ളക്കെട്ടും പ്രളയവുമാണ്. ഓരോ മഴയത്തും പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ പ്രളയമുണ്ടാകുന്നു. മണ്ണിടിച്ചിലും, ഉരുള്‍പ്പൊട്ടലും ഉണ്ടാകുന്നു. മഴ താഴ്ന്ന പ്രദേശങ്ങളെ മാത്രമല്ല ഭീതിയിലാക്കുന്നത് എന്ന് ചുരുക്കം. 2018 ലെ പ്രളയം ജനങ്ങളെ ആകെ ഭയപ്പെടുത്തിയിട്ടുണ്ട് എന്നുള്ള കാര്യത്തില്‍ സംശയമില്ല. അന്നത്തെ ഓര്‍മകള്‍ പലപ്പോഴും എല്ലാ മഴക്കാലത്തും ജനങ്ങളിലേക്ക് ഓടിയെത്തുന്നു എന്നതു യാഥാര്‍ഥ്യമാണ്. അതുപോലെത ന്നെയാണ് വടക്കേ ഇന്ത്യയിലെ വെള്ളക്കെട്ടും മണ്ണൊലിപ്പും മണ്ണിടിച്ചിലും. മഴയത്ത് ശക്തമായ ചൂടിന് ഒരു ശമനം ഉണ്ടാകുന്നു എന്നുള്ള ഒരു ആശ്വാസം ജനങ്ങളില്‍ ഉള്ളപ്പോള്‍ തന്നെ ജനജീവിതം നിശ്ചലമാക്കുന്ന പ്രളയവും മണ്ണൊലിപ്പും മണ്ണിടിച്ചിലും ഭയപ്പെടുത്തുന്ന സംഭവങ്ങളായി ജനങ്ങള്‍ക്കൊപ്പമുണ്ട്.

ശക്തമായ മഴയില്‍ ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കെട്ടിടത്തിന്‍റെ മേല്‍ക്കൂര താഴേക്ക് വീണ് അപകടമുണ്ടായത് കഴിഞ്ഞ ദിവസമാണ്. റോഡുകളില്‍ വാഹനങ്ങള്‍ ഒഴുകി നടക്കുന്നത് കണ്ടതും കഴിഞ്ഞ ദിവസമാണ്. കേരളത്തിലും സ്ഥിതി മറ്റൊന്നല്ല. പ്രളയത്തില്‍ എത്രയോ ജീവനുകളാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നുള്ളത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

ബ്രിട്ടീഷ് ഭരണകാലത്ത് ല്യൂട്ടൻ സായിപ്പ് ന്യൂഡല്‍ഹി നഗരം വിഭാവനം ചെയ്യുമ്പോള്‍ മഴവെള്ളവും മറ്റും അവരുടെ നിര്‍മാണ സമയത്ത് വിഷയമാക്കിയിരുന്നു. അതുകൊണ്ടുതന്നെ അക്കാലത്ത് യാതൊരുവിധ വെള്ളക്കെട്ടും രാജ്യ തലസ്ഥാനത്ത് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് രാജ്യതലസ്ഥാനത്ത് ഒരു മഴ പെയ്താല്‍ വെള്ളം കെട്ടുന്നു. കേരളത്തിലെ പട്ടണങ്ങളില്‍ വെള്ളം കെട്ടുന്നു. ആസൂത്രണത്തിന്‍റെ അപാകതയായി മാത്രം നമുക്ക് ഇതിനെ കണക്കാക്കാം. അതിന് അടിയന്തര പരിഹാരം കാണേണ്ടതുമുണ്ട്.

Trending

No stories found.

Latest News

No stories found.