ബാബേൽ ഗോപുരവും ജറുസലേമിന്‍റെ മതിലുകളും മറക്കരുത്

സാങ്കേതിക വിദ്യ എത്ര വളർന്നാലും മനുഷ്യത്വവും ദൈവ വിശ്വാസവും പരസ്പര സ്നേഹവുമാണ് ലോകത്തെ നിലനിർത്തേണ്ടത് എന്ന ശക്തമായ ഓർമപ്പെടുത്തലാണ് ഈ ചാക്രിക ലേഖനം.
Don't forget the Tower of Babel and the walls of Jerusalem.

ബാബേൽ ഗോപുരവും ജറുസലേമിന്‍റെ മതിലുകളും മറക്കരുത്

Updated on

പ്രൊഫ കെ.വി. തോമസ്

മുൻ കേന്ദ്ര- സംസ്ഥാന മന്ത്രി

ആഗോള ക്രൈസ്തവ സഭയുടെ തലവനായ മാർപാപ്പയ്ക്ക് തെറ്റാവരമുണ്ടെന്ന ഉറച്ച വിശ്വാസമാണു വിശ്വാസികൾക്കുള്ളത്. പരിശുദ്ധാത്മാവിന്‍റെ കൃപയാലാണ് ഇങ്ങിനെയൊരു വരം മാർപാപ്പയ്ക്ക് ലഭിക്കുന്നത്. മാത്രവുമല്ല, യേശുവിന്‍റെ പ്രഥമ ശിഷ്യനായ മത്സ്യത്തൊഴിലാളി ഗലീലിയേക്കാരൻ പത്രോസിന്‍റെ പിൻഗാമികളാണ് മാർപാപ്പമാർ. ""പത്രോസേ നീ പാറയാകുന്നു. ഈ പാറ മേൽ ഞാൻ എന്‍റെ പള്ളി പണിയും. മാത്രമല്ല. നീ ഭൂമിയിൽ കെട്ടുന്നത് സ്വർഗത്തിലും കെട്ടപ്പെടും, നീ ഭൂമിയിൽ തുറക്കുന്നത് സ്വർഗത്തിലും തുറക്കപ്പെടും'' എന്ന് അരുളിച്ചെയ്ത് ആ പൗരോഹിത്യത്തെ മഹത്വപ്പെടുത്തിയത് യേശു ക്രിസ്തു തന്നെയാണ്.

കാലാകാലങ്ങളിൽ അജഗണങ്ങളുടെ സംരക്ഷണത്തിനും ശരിയായ മാർഗത്തിലൂടെ ചലിക്കാനുമുള്ള വെളിച്ചമായി മാർപാപ്പമാർ ചാക്രിക ലേഖനങ്ങൾ ഇറക്കാറുണ്ട്. ആത്മീയ ജീവിതത്തിൽ മാത്രമല്ല, മനുഷ്യന്‍റെ അനുദിന ജീവിതത്തിലും യേശുവിന്‍റെ ഭൂമിയിൽ ജീവിച്ചിരിക്കുന്ന പ്രതിനിധിയായ മാർപാപ്പ തന്‍റെ അജഗണങ്ങൾക്കു വേണ്ടി നടത്തുന്ന ഇടിമിന്നുകളാണ് ചാക്രിക ലേഖനങ്ങൾ.

1891ൽ വ്യാവസായിക വിപ്ലവം മൂലം തൊഴിലാളി വർഗം അതിരൂക്ഷമായ ചൂഷണങ്ങൾ നേരിട്ടപ്പോൾ, വിയർക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും വേണ്ടി ലിയോ പതിമൂന്നാമൻ മാർപാപ്പ എഴുതിയ "റേരും നൊവാരും' എന്ന ചാക്രിക ലേഖനം വലിയൊരു വിപ്ലവമായിരുന്നു. 135 വർഷങ്ങൾക്കിപ്പുറം, 2026ൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വൈജ്ഞാനിക വിപ്ലവമായ നിർമ്മിത ബുദ്ധി (എഐ) ലോകത്തെ മാറ്റിമറിക്കുമ്പോൾ, ലിയോ പതിനാലാമൻ മാർപാപ്പ പുറപ്പെടുവിച്ച ""മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്'' (മഹത്തായ മനുഷ്യകുലം) എന്ന പുതിയ ചാക്രിക ലേഖനം ഇതേ ധർമമാണ് നിർവഹിക്കുന്നത്.

വ്യവസായ വിപ്ലവം ശാരീരിക അധ്വാനത്തെ ബാധിച്ചപ്പോൾ, ഇന്നത്തെ കൃത്രിമ ബുദ്ധി മനുഷ്യന്‍റെ ചിന്തകളെയും വിവേകത്തെയുമാണ് സ്വാധീനിക്കുന്നത്. ഇത് മനുഷ്യനിൽ ഉണ്ടാക്കുന്ന മാനസികവിഭ്രാന്തി അവനെ ദൈവത്തിൽ നിന്നും ആത്മീയതയിൽ നിന്നും സ്വന്തം സഹോദരങ്ങളിൽ നിന്നും അകറ്റുന്നു എന്ന തിരിച്ചറിവാണ് ഈ തിരുവെഴുത്തിനു പിന്നിൽ.

വിശുദ്ധ ഗ്രന്ഥത്തിലെ രണ്ടു പ്രധാന ചരിത്രസംഭവങ്ങളെ ആധാരമാക്കിയാണ് മാർപാപ്പ ഈ മുന്നറിയിപ്പു നൽകുന്നത്. ദൈവത്തെ മറന്ന്, തങ്ങളുടെ അഹങ്കാരം പ്രകടിപ്പിക്കാൻ ആകാശം മുട്ടുന്ന ഗോപുരം പണിയാൻ ശ്രമിച്ച് ഒടുവിൽ ചിതറിക്കപ്പെട്ടു പോയ ബാബേൽ ഗോപുരത്തിന്‍റെ കഥ ഇന്നത്തെ മനുഷ്യന്‍റെ സാങ്കേതിക അഹങ്കാരത്തിനു വലിയൊരു മുന്നറിയിപ്പാണ്. നേരേ മറിച്ച്, തകർന്നടിഞ്ഞ ജെറുസലേം മതിലുകൾ നെഹമ്യയുടെ നേതൃത്വത്തിൽ ജനങ്ങൾ ഒത്തൊരുമയോടെ പണിതുയർത്തിയത് മനുഷ്യന്‍റെ ഐക്യത്തിന്‍റെയും ദൈവത്തോടുള്ള അനുസരണത്തിന്‍റെയും പ്രതീകവുമാണ്. ഈ രണ്ടു സംഭവങ്ങളെ ചൂണ്ടിക്കാണിച്ചാണ് മഹത്തായ മനുഷ്യകുലം എന്ന ചാക്രിക ലേഖനം ലിയോ പതിനാലാമൻ പുറപ്പെടുവിച്ചിട്ടുള്ളത്.

യുദ്ധങ്ങളും മഹാമാരികളും, സാമ്പത്തിക അസമത്വങ്ങളും ധാർമിക അധഃപതനവും കൊണ്ട് ഉലയുന്ന ഇന്നത്തെ ലോകത്ത്, വിവേചനമില്ലാതെ നിർമിത ബുദ്ധി ഉപയോഗിച്ചാൽ അത് കൂടുതൽ ഭയാനകമായ അവസ്ഥയിലേക്ക് മനുഷ്യനെ എത്തിക്കും. സാങ്കേതിക വിദ്യ എത്ര വളർന്നാലും മനുഷ്യത്വവും ദൈവ വിശ്വാസവും പരസ്പര സ്നേഹവുമാണ് ലോകത്തെ നിലനിർത്തേണ്ടത് എന്ന ശക്തമായ ഓർമപ്പെടുത്തലാണ് ഈ ചാക്രിക ലേഖനം.

logo
Metro Vaartha
www.metrovaartha.com