പ്രായം തലയിലേറ്റുന്നവർ

"എത്ര നിരാശയിലും മനുഷ്യജീവിതം ദുരന്തമല്ല'- ഇംഗ്ലീഷ് തത്വജ്ഞാനി ജോൺ ഗ്രേ
"Human life, no matter how hopeless, is not a tragedy." - English philosopher John Gray

"എത്ര നിരാശയിലും മനുഷ്യജീവിതം ദുരന്തമല്ല'- ഇംഗ്ലീഷ് തത്വജ്ഞാനി ജോൺ ഗ്രേ

Updated on

അക്ഷരജാലകം|എം. കെ. ഹരികുമാർ

"എത്ര നിരാശയിലും മനുഷ്യജീവിതം ദുരന്തമല്ല; അത് അർഥശൂന്യമായേക്കാം. മനസിൽ വേദനയുണ്ടെങ്കിലും ജീവിതം തുടരുകയാണ്. മനഃശക്തിയില്ലാതായാൽ ദുരന്തത്തിന്‍റെ മുഖപടം താഴെ വീഴും. പിന്നെയുള്ളത് യാതനയാണ്. ഒടുവിലത്തെ ദുഃഖം പറഞ്ഞറിയിക്കാനാവില്ല'- ഇംഗ്ലീഷ് തത്വജ്ഞാനി ജോൺ ഗ്രേ എഴുതി.

ഇതാണ് പ്രായത്തെക്കുറിച്ചുള്ള ബോധം നമ്മളിലുണ്ടാക്കുന്ന ഭവിഷ്യത്ത്. കാലം കടന്നു പോകുന്നതിനെക്കുറിച്ചുള്ള ആധിയാണ് ഇവിടെ തെളിയുന്നത്. ബോധപൂർവം പ്രായമാകാൻ ശ്രമിക്കുന്നത് വിനാശകരമാണ്. പ്രായത്തെയല്ല ആരാധിക്കേണ്ടത്, പ്രവൃത്തികളെയും സന്തോഷ നിമിഷങ്ങളെയും ലക്ഷ്യങ്ങളെയുമാണ്. എത്ര ശ്രമിച്ചാലും ശരീരത്തിന് പ്രായമാകാതിരിക്കാനാവില്ല. എന്നാൽ പ്രായമാകുന്നത് മറച്ചുപിടിക്കുന്നത് ഒരു ചെറിയ വിഭാഗം മാത്രം. ഭൂരിപക്ഷവും പ്രായത്തെ അതിന്‍റെ വഴിക്ക് വിടും. പ്രായത്തെക്കുറിച്ച് അമിതമായി ഉത്ക്കണ്ഠപ്പെടുന്നതും എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നതും ഒരാളെ അസ്തിത്വത്തിന്‍റെ മറ്റൊരു ഇടത്തിലേക്ക് മാറ്റിക്കൊണ്ടുപോകും. പ്രായത്തെ നാം ആരാധിക്കുകയാണെങ്കിൽ അതിനെ തലയിലേറ്റി നടക്കും. പ്രായമായെന്ന് ബോധ്യപ്പെടുത്താൻ ഓടി നടക്കും. ഓരോ ദിവസവും പ്രായമാണ്. അത് നമ്മെ ഫിനിഷിങ് പോയിന്‍റിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുകയാണ്.

എന്തിനാണ് ഓട്ടം

എന്തിനാണ് ഒരു ഫിനിഷിങ് പോയിന്‍റ് ഉണ്ടെന്ന് കരുതി അതിന്‍റെയടുത്തേക്ക് ഓടുന്നത്? ഓട്ടമത്സരത്തിലെ വൈരുധ്യം ഇതാണ്. ഒരു ഫിനിഷിങ് പോയിന്‍റ് ഉണ്ടെന്നത് ഓട്ടക്കാർക്ക് ആവേശം പകരും. അവർക്ക് ഓടിത്തീർത്താൽ പോരാ; വേഗത്തിൽ ഓടി ഒന്നാമതെത്തണം. ഓരോ ഓട്ടവും മരണത്തെയാണ് ഓർമിപ്പിക്കുന്നത്. ഫിനിഷിങ് പോയിന്‍റ് കവർന്നെടുക്കാൻ ഭ്രാന്ത് പിടിച്ചോടുകയാണ്. ഒരു മൃഗം മനുഷ്യരുടെ ഓട്ടമത്സരം കാണുകയാണെങ്കിൽ എങ്ങനെയായിരിക്കും ചിന്തിക്കുക? ഒരു ബിന്ദുവിലെത്തി അവസാനിക്കാൻ അതിവേഗം ഓടുന്നു! എത്ര അസംബന്ധം!

എന്തിനാണ് ഒരു ഫിനിഷിങ് പോയിന്‍റ്? അത് നിലവിലുണ്ടെന്ന് കരുതി ജീവിക്കുന്നത് ജീവിതത്തെ ആകെ ഡിസൈൻ ചെയ്യുന്നത് പോലെയാണ്. വസ്ത്രം ഡിസൈൻ ചെയ്യാം; വീട് ഡിസൈൻ ചെയ്യാം. പക്ഷേ ജീവിതം അനിയന്ത്രിതവും യുക്തിരഹിതവും അദൃശ്യവുമാണ്. ഒരു നിമിഷത്തിൽ അസംബന്ധമായി തീർന്നേക്കാവുന്ന യുക്തിയാണ് അതിനെ നിയന്ത്രിക്കുന്നത്. നാം ജീവിക്കുന്നത് നാം കാണുന്നില്ല, മറ്റുള്ളവരാണ് കാണുന്നത്. നാം സിനിമ കാണുന്നത് നാം കാണുന്നില്ല, മറ്റുള്ളവരാണു കാണുന്നത്. ഒരു കൂട്ടമാളുകൾ ഒരുമിച്ചിരുന്നു സിനിമ കാണുമ്പോൾ അവരും ഓടുകയാണ്, അന്തിമ റീലിന്‍റെ അവസാനത്തിലെത്താൻ. അവിടെയെത്തിയാലോ മനസ് തകർന്നുപോകുന്നു. പിന്നെയൊന്നുമില്ല.

ഒരു കഥ അവസാനിക്കുന്നത് വായനക്കാരനെ, കാണിയെ ക്ഷീണിപ്പിക്കും. കഥയില്ലാതാകുന്നതോടെ കാണികൾ അവരുടെ ജീവിതത്തിലെ അസുഖകരവും പൊരുത്തപ്പെടാനാവാത്തതുമായ യാഥാർഥ്യങ്ങളിലേക്ക് തിരിച്ചെത്തുന്നു. കൂട്ടമായിരുന്ന് സിനിമ കാണുമ്പോൾ ആരും പരസ്പരം നോക്കുന്നില്ല. അപ്പോൾ അവർ സ്ക്രീനിൽ മാത്രമാണ് നോക്കുക. എങ്കിൽ സ്ക്രീൻ മൃത്യുവാണ്. കാരണം അതിന് ഒരു അന്ത്യമാണ് സ്ഥാപിക്കാനുള്ളത്. കാണികൾ കാണുന്നത് അവർ സ്വയം കാണുന്നില്ല. അവർ കാണുന്നത് സ്ക്രീനിലെ ഓട്ടമാണ്. രണ്ട് ഓട്ടം അവിടെ സന്ധിക്കുന്നു. ഒരാൾ ജീവിതത്തിൽ പ്രായമാകാൻ വേണ്ടിയുള്ള ഓട്ടം. മറ്റൊന്ന് സ്ക്രീനിൽ ഒരു കഥയുടെ ഫിനിഷിങ് പോയിന്‍റ് കാണാനുള്ള ഓട്ടം. ഏത് ഓട്ടമാണ് ഒഴിവാക്കാനാവുന്നത്? അതുകൊണ്ട് ഫിനിഷിങ് പോയിന്‍റ് എടുത്തു തലയിൽ വയ്ക്കേണ്ടതില്ല. പ്രായം അതിന്‍റെ വഴിക്ക് പോകട്ടെ. പ്രായത്തെ ഒരു മഹാസംഭവമെന്ന മട്ടിൽ എടുത്ത് തലയിൽ കയറ്റി ലോകത്തെ അറിയിക്കേണ്ടതില്ല. അത് നമ്മുടെ ശബ്ദത്തെയും രൂപത്തെയും ലക്ഷ്യത്തെയും ശക്തിയെയും മാറ്റിമറിക്കും.

ഗായകർക്ക് എന്തിന് വാർധക്യം?

ഒരു ഗായകന് വാർധക്യത്തിന്‍റെ ശബ്ദം ഉണ്ടാകേണ്ട ആവശ്യമില്ല. അയാളുടെ ചെറുപ്പത്തിലെ ശബ്ദം തന്നെയാണ് വയസാവുമ്പോഴും ഉള്ളത്. എന്നാൽ ചിലർ തങ്ങൾക്ക് പ്രായമേറി എന്ന് കാണിക്കാൻ അടയാളങ്ങൾ കണ്ടെത്താൻ തുടങ്ങും. അനാവശ്യമായി പുതിയ രൂപം കണ്ടുപിടിക്കും. ചില ഗായകർ തങ്ങൾ പ്രായാധിക്യമുള്ളവരാണെന്ന് കാണിക്കാൻ പരുക്കൻ ശബ്ദത്തിലേക്കു മാറും. ഇത് കലയെ നശിപ്പിക്കും.

ജോൺ ഗ്രേ പറഞ്ഞു: "മനുഷ്യർക്ക് മിഥ്യകളില്ലാതെ ജീവിക്കാനാകില്ല'. പ്രായം ഒരു മിഥ്യയായി കൊണ്ടുനടക്കുകയാണ്. പ്രായം പ്രകൃതിയുടേതാണ്; ജീവിതത്തിന്‍റേതല്ല. ശരീരത്തിനാണ് പ്രായം, മനസിനല്ല. നല്ല ചിന്തകൾക്ക് പ്രായമില്ല. ചിന്തകൾ യുവാക്കളെ പോലെയാണ് ജീവിക്കുന്നത്. ലോകത്ത് തൊഴിലാളികളെല്ലാം സംഘടിക്കണമെന്ന് കാൾ മാർക്സ് പറയുന്നത് ഇപ്പോഴും യുവത്വമുള്ള വാചകമാണ്. അതിന് പ്രായമാകില്ല. പ്രായമായാൽ യുവാക്കൾ സംഘടിക്കണമെന്നില്ല; അവർക്ക് വേറെ ലക്ഷ്യങ്ങൾ വന്നു ചേരും. പ്രായമേറുന്നു എന്ന ചിന്ത മനുഷ്യർക്ക് യാതനയാണ് നൽകുന്നത്. പ്രായത്തിനനുസരിച്ചുള്ള രൂപം മാറൽ, വേഷം മാറൽ സംഭവിക്കുന്നു. അത് ഒരു പുതിയ ജീവിതരീതിയാണ് സൃഷ്ടിക്കുന്നത്. അത് തീർച്ചയായും മറവി കൊണ്ടുവരും. പ്രായം, മറക്കാൻ ആന്തരികമായി നിർബന്ധിക്കുന്നു. ഷഷ്ഠിപൂർത്തിയായാൽ പിന്നെ സ്കൂൾ കാലം മറക്കണമെന്ന് വിചാരിക്കുന്നു. സുഹൃത്തുക്കളെ കണ്ടാൽ ഓടിമറയണമെന്ന് ചിന്തിക്കും.

മനുഷ്യനു തത്ത്വചിന്ത കൊണ്ട് ജീവിക്കാനൊക്കുമോ? ജോണ്‍ ഗ്രേ അങ്ങനെ ചിന്തിച്ചു. മനുഷ്യന്‍റെ തത്വചിന്ത എങ്ങനെയാണ് ഉണ്ടാവുന്നതെന്ന് നിഷ്‌കളങ്കമായി അദ്ദേഹം സ്വയം ചോദിച്ചു. ഒരു വിഷണ്ണതയുടെ വൃത്തത്തില്‍ അകപ്പെടുമ്പോള്‍ മനുഷ്യനു ഒരു താത്വിക സമീപനം നല്ലതാണ്. ഇംഗ്ലീഷ് കവി ഷെല്ലി കവിതയെ തന്നെ തത്ത്വചിന്താപരമാക്കി, സ്വന്തം ജീവിതത്തിനുണ്ടായ തിരിച്ചടികളെ അതിജീവിച്ചു. അദ്ദേഹം എഴുതി: "കവി ഒരു രാപ്പാടിയാണ്; രാത്രിയില്‍ തനിച്ചിരുന്ന് മധുരമായ ശബ്ദത്തില്‍ സ്വന്തം ഏകാന്തതയെ ദീപ്തമാക്കാനായി പാടുകയാണ്'.

ഈ തത്ത്വചിന്ത ഷെല്ലി എന്ന വ്യക്തിയുടെ മനസിന്‍റെ ആവശ്യമാണ്. ആത്മാവിന്‍റെ കേന്ദ്രത്തിലേക്ക് ചെന്ന് മനുഷ്യന്‍ സ്വയം കാണുകയാണ്. എന്നാല്‍ എപ്പോഴും വിഷമവൃത്തങ്ങളുണ്ടാക്കുന്നത് മനുഷ്യന്‍റെ സ്വഭാവമാകയാല്‍ ചിന്തയും അവന്‍റെ വിധിയാണ്. പലതരം ആകുലതകള്‍ മനുഷ്യന്‍ കണ്ടുപിടിച്ചിട്ടുണ്ട്. പുതിയത് കണ്ടുപിടിച്ചുകൊണ്ടിരിക്കുകയാണ്. അതിനെ ചെറുക്കാനുള്ള മാനവികാവസ്ഥകളും ജീവിതരീതികളും ഉണ്ടാകുന്നു. വീണ്ടും പുതിയ പുതിയ വ്യഥകളും സംഘര്‍ഷങ്ങളും കണ്ടെത്തുകയാണ്. അതുകൊണ്ട് ശാന്തി തേടാനുള്ള ഇടങ്ങള്‍ കുറയുകയാണ്. അശാന്തി കൂടുതല്‍ ശക്തിയോടെ ഭൂരിപക്ഷം ഇടങ്ങളിലേക്കും വ്യാപിക്കുകയാണ്. നമ്മൾ സംഭാഷണം നടത്തുന്നത് മൃഗങ്ങളുടെ പ്രകൃതിയിലല്ലല്ലോ; നമ്മളോടു തന്നെയാണ്. എന്നാല്‍ അതും തത്വചിന്താപരമാണ്.

പൂച്ചയുടെ തത്വചിന്ത

ജോണ്‍ ഗ്രേയുടെ "ദ് സൈലൻസ് ഓഫ് അനിമൽസ്: ഓൺ പ്രോഗ്രസ് ആൻഡ് അതർ മോഡേൺ മിത്ത്സ്' എന്ന പുസ്തകം തത്ത്വചിന്തയുടെ മറ്റൊരു വഴിയാണ് കാണിച്ചുതരുന്നത്. മൃഗങ്ങളുടെ നിശബ്ദത മനുഷ്യന്‍റെ പുരോഗതിക്കും സങ്കല്‍പങ്ങള്‍ക്കും ഒരു ബദല്‍ നിര്‍മിക്കുകയാണെന്ന് അദ്ദേഹം വ്യാഖ്യാനിക്കുന്നു. നിശബ്ദതയ്ക്ക് മൃഗങ്ങള്‍ അർഥം നിര്‍മിക്കുന്നില്ല. എന്നാലത് ഫലത്തില്‍ മനുഷ്യന്‍റെ വ്യർഥതകളെയും അർഥങ്ങള്‍ക്ക് വേണ്ടിയുള്ള അലച്ചിലുകളെയും റദ്ദാക്കിക്കളയുകയാണ്.

തെരുവു പട്ടികളെക്കുറിച്ച് തത്ത്വചിന്താപരമായി എന്താണ് ആലോചിക്കാനുള്ളതെന്ന് ചോദിച്ചേക്കാം. സ്വന്തം ജീവിതത്തെ തെറ്റായി വിലയിരുത്തുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ അവയില്‍ നിന്നും പലതും കിട്ടിയേക്കും. ജോണ്‍ ഗ്രേയുടെ "സ്ട്രേ ഡോഗ് : തോട്ട്സ് ഓൺ ഹ്യൂമൻ ആൻഡ് അതർ അനിമൽസ്' എന്ന ഗ്രന്ഥം ഈ വിഷയത്തിലുള്ള അന്വേഷണമാണ്. സമകാല തത്ത്വചിന്തയിലെ മഹത്തായ ഒരു ശബ്ദമായിത്തീര്‍ന്നിരിക്കുകയാണ് ജോണ്‍ ഗ്രേ. അദ്ദേഹത്തിന്‍റെ ആലോചനയുടെ വിഷയങ്ങള്‍ സന്ധിക്കുന്നത് തത്ത്വചിന്ത, രാഷ്‌ട്രീയം, സമ്പദ്ശാസ്ത്രം എന്നീ വ്യവഹാര മേഖലകളിലൂടെ സഞ്ചരിച്ചുകൊണ്ടാണ്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്സില്‍ നിന്ന് വിരമിച്ച ഗ്രേ ഇപ്പോള്‍ മുഴുവന്‍ സമയ പുസ്തക രചനയില്‍ മുഴുകിയിരിക്കയാണ്.

ഗ്രേയുടെ പുതിയ പുസ്തകം "ഫെലിൻ ഫിലോസഫി: ക്യാറ്റ്സ് ആൻഡ് ദ് മീനിങ്സ് ഓഫ് ലൈഫ് ' ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ പൂച്ചയുടെ തത്ത്വചിന്തയെ അപഗ്രഥിക്കുകയാണ്, മനുഷ്യന്‍റെ ജീവിതാർഥ വിചാരങ്ങളെ പരിശോധിക്കുന്നതിനു. പൂച്ച ഒരു തത്ത്വജ്ഞാനിയാണ്, ആലങ്കാരികമായിട്ടാണെങ്കിലും. പൂച്ച മനുഷ്യനെ നോക്കി ചിരിക്കുകയാണോ? ഇല്ലാത്ത പ്രശ്‌നമുണ്ടാക്കി മനുഷ്യന്‍ വ്യഥയുടെ സംഘര്‍ഷമനുഭവിക്കുമ്പോള്‍ പൂച്ച അലസമായി നടക്കുകയോ, എവിടെയെങ്കിലുമിരുന്ന് മുഖം മിനുക്കി വാലിട്ടിളക്കുകയോ ചെയ്ത് ജീവിതത്തിന്‍റെ സ്വാഭാവികമായ രസം വീണ്ടെടുത്ത് കാണിച്ചുതരുന്നു.

മനുഷ്യനു ഭയങ്കര അസ്തിത്വദുഃഖമാണ്. ഒരിക്കലും ഇരിക്കപ്പൊറുതിയില്ല. അവന്‍റെ ഓര്‍മകള്‍ അവനെ ചതിക്കുകയോ വേട്ടയാടുകയോ ചെയ്യുകയാണ്. അതുകൊണ്ട് സ്വന്തം ചിന്തകളുടെ പേരില്‍ അവനു നരകയാതന അനുഭവിക്കേണ്ടി വരുന്നു. അതില്‍ നിന്ന് രക്ഷപ്പെടാന്‍ അവന്‍ കണ്ടുപിടിച്ച ഉപായമാണ് അതീന്ദ്രിയമായ വിശ്വാസങ്ങള്‍. ജീവിതത്തിന്‍റെ അഭൗമമായ ഒരു ഇടനാഴിയില്‍ എല്ലാത്തിനും പരിഹാരവും സുരക്ഷയും ലഭിക്കുമെന്ന വിശ്വാസമാണ് താത്വിക കവചമായി മനുഷ്യന്‍ ഉപയോഗിക്കുന്നത്. അവന്‍റെ വിഷാദങ്ങള്‍ ജ്വാലകളാകുന്ന ചിറകുകള്‍ ഒതുക്കി, ഒരു പ്രാവിനെ പോലെ ആ ചിന്തയില്‍ കയറി പതുങ്ങിയിരിക്കും.

""പൂച്ചകള്‍ ഒന്നും ആസൂത്രണം ചെയ്യുന്നില്ല. അത് ജീവിതത്തെ അതിന്‍റെ വഴിയില്‍ തന്നെ നേരിടുന്നു''- ഗ്രേ എഴുതുന്നു. പൂച്ചയ്ക്ക് അസ്തിത്വദു:ഖമില്ല. അതിനു മനുഷ്യനെ പോലെ ഉത്ക്കണ്ഠയോ, മരണ ഭയമോ, ഭാവിയെക്കുറിച്ചുള്ള ആധിയോ, ഭാവനയിലുള്ള ജീവിതമോ ഇല്ല. അത് താരതമ്യേന സ്വതന്ത്രയാണ്. അസ്തിത്വത്തിന്‍റെ ഭാരമില്ലാത്തതു കൊണ്ട് ജീവിതത്തെ ഉള്‍ക്കൊള്ളുന്ന ലാഘവത്തോടെ വാലാട്ടാന്‍ കഴിയുന്നു. വാല്‍ ജൈവ സമതുലിതാവസ്ഥയുടെ ക്രമീകരണ ഉപകരണമാണ്. അത് സംഘര്‍ഷങ്ങളെ ലഘൂകരിച്ചു കളയുന്നു.

പൂച്ചയ്ക്ക് പ്രതിഛായ വേണ്ട

ഗ്രേയുടെ ജൂലിയന്‍ എന്ന പൂച്ചയില്‍ നിന്നാണ് അദ്ദേഹം മനുഷ്യസ്വഭാവത്തിലെ അപകടകരമായ സൂചനകള്‍ പിടിച്ചെടുത്തത്. മനുഷ്യന്‍ വീണുകിടക്കുമ്പോഴും ജീവിതത്തിന്‍റെ അർഥം തേടുന്നത് അവന്‍റെ മനസിനെ ഇരട്ടി ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. അർഥം തേടി ജീവിതം കുഴപ്പിക്കാതിരിക്കാന്‍ പൂച്ചകളെ നോക്കാന്‍ ഗ്രേ ആഹ്വാനം ചെയ്യുന്നു. സ്വന്തം പ്രതിഛായ പൂച്ചയ്ക്ക് വേണ്ട. എന്നാല്‍ സ്വന്തം പ്രതിഛായകള്‍ക്കനുസരിച്ച് മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് ചിന്തിക്കുന്ന, അതിന്‍റെ പേരില്‍ വേദന അനുഭവിക്കുന്ന മനുഷ്യന്‍ ഏതുതരം മാനസികാവസ്ഥയാണ് വഹിക്കുന്നത്? അവനു സ്വസ്ഥത കിട്ടുമോ? പൂച്ചയാകട്ടെ കണ്ണാടിയില്‍ നോക്കി താനാരാണെന്ന് ഉറപ്പു വരുത്തുന്നില്ല. അതിന് ആ ശീലത്തിന്‍റെ അപായക്കളിയില്‍ വിശ്വാസമില്ല. പൂച്ച താനാരാണെന്ന് ചോദിക്കാത്തതു കൊണ്ട് അതിനു മാനസിക സമ്മര്‍ദമില്ല. അസ്തിത്വത്തെക്കുറിച്ചുള്ള വേറിട്ട ചിന്തകള്‍ക്കായി പൂച്ച ഉഴറുന്നില്ല. മാത്രമല്ല, ജീവിച്ചിരിക്കുക എന്ന അമൂല്യമായ അവസ്ഥയെ മനുഷ്യന്‍ അതിതീവ്രമായ ചിന്തകള്‍കൊണ്ട് കലുഷിതമാക്കുമ്പോള്‍ പൂച്ച നൈസര്‍ഗികമായി ആ അനുഭവത്തിലെത്തുന്നു.

പ്രായം വലിച്ചു തലയിൽ കയറ്റാൻ അവസരം നോക്കിയിരിക്കുകയാണ് മനഷ്യൻ. ഇനിയും എത്ര ഭാരം വേണമെങ്കിലും അവന്‍ കയറ്റി വയ്ക്കും. പ്രായത്തിന്‍റെ ഭാരം ചുമക്കുന്നത് തന്‍റെ ഉത്തരവാദിത്വമാണെന്ന് മനുഷ്യനെ പോലെ തിരിച്ചറിയുന്ന വേറൊരു ജീവി ഉണ്ടാകില്ല. എന്നാല്‍ ഇതിന്‍റെ പേരില്‍ എല്ലാം തകരുന്നുവെന്ന തോന്നലുണ്ടായാല്‍ മറക്കരുത്, പൂച്ചയെ പോലെ വെറുതെ നടക്കുക; ഒന്നിന്‍റെയും ഭാരമില്ലാതെ.

"ദി സൈലന്‍സ് ഓഫ് അനിമല്‍സ് ' എന്ന ഗ്രന്ഥത്തിലെ ഒരു ഭാഗം ഉദ്ധരിക്കാം: ഉത്പത്തിക്കഥ പ്രകാരം നമ്മുടെ അറിവ് നമ്മെ രക്ഷിക്കാന്‍ പര്യാപ്തമല്ല. മുമ്പത്തേക്കാള്‍ നാം അറിഞ്ഞിട്ടുണ്ടെങ്കില്‍, നമ്മുടെ ഭ്രാന്ത് ഉപയോഗപ്പെടുത്തുന്നതില്‍ കൂടുതല്‍ അവസരങ്ങളുണ്ടായി എന്നാണ് സാരം. നമുക്കറിയാവുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്ന് ഉത്പത്തിക്കഥ പഠിപ്പിക്കുന്നു. ഉത്പത്തിയുടെ സന്ദേശം ഇതാണ്, മനുഷ്യന്‍റെ ഏറ്റവും പ്രധാന ജൈവ മേഖലകളില്‍ ഒരു പുരോഗതിയുമില്ല; നമ്മുടെ തന്നെ പ്രകൃതിയുമായുള്ള നിലയ്ക്കാത്ത ഏറ്റുമുട്ടല്‍ മാത്രമേയുള്ളൂ.

രജതരേഖകൾ

1) ഗണേഷ് പുത്തൂർ

നഷ്ടപ്പെട്ട കാലത്തെ, വഴിവിളക്കുകളായി, തിരക്കുള്ള വീഥികളായി, വഴിവാണിഭക്കാരായി, ദേശാടകരായി, കുട്ടികളായി വന്ന് അസ്വസ്ഥപ്പെടുത്തുന്നതിനെ കുറിച്ചാണ് ഗണേഷ് പുത്തൂർ "തിരക്ക് ' (കലാപൂർണ, ഓഗസ്റ്റ്) എന്ന കവിതയിലെഴുതുന്നത്. തിരക്ക് കാരണം ഭൂതകാലത്തെ അറിയില്ല. നഷ്ടങ്ങൾക്കിടയിൽ ഏകാകിയാവുന്നതാണ് വിവരിക്കുന്നത്.

"കുറച്ച് നേരമായ് ഭൂതകാലത്ത് നിന്ന്

ഒരാൾ ഫോൺ വിളിക്കുന്നു.

ആദ്യം എടുക്കാതിരുന്നു.

വീണ്ടും വിളിച്ചപ്പോൾ സംസാരിച്ചു.

ഒന്ന് നേരിൽ കാണാനാകുമോ

എന്ന് അയാളുടെ ആഗ്രഹം.

തിരക്കൊഴിഞ്ഞിട്ടാവാം എന്ന് എന്‍റെ മറുപടി

പഴയ സ്നേഹിതാ,

ക്ഷമിക്കുക ഇനി നമ്മൾ കണ്ടുമുട്ടില്ല'.

2) ആചാര്യ നരേന്ദ്രഭൂഷൻ

ശബരിമല തീർഥാടകർക്ക് സന്യാസതുല്യമായ ഗുണങ്ങളുണ്ടായിരുന്നുവെന്ന് അന്തരിച്ച ആചാര്യ നരേന്ദ്രഭൂഷന്‍റെ "അയ്യപ്പ നിർണയം' (ആർഷനാദം, ഓഗസ്റ്റ്) എന്ന ലേഖനത്തിൽ എഴുതുന്നു. അദ്ദേഹത്തിന്‍റെ വാദങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം: "ഭിക്ഷാംദേഹികളായ സന്യാസിമാർ വേദകാലത്തുണ്ടായിരുന്നില്ല. ജ്ഞാനദാനം, പരോപകാരം എന്നിവയായിരുന്നു മൂല്യങ്ങൾ. ശങ്കരാചാര്യർ അയോഗ്യരായ സന്യാസിമാരുടെ കാവി ഊരിച്ചിട്ടുണ്ട്. സന്യാസത്തിന് യോഗ്യത വേണം. വേദത്തിൽ ഹിംസ വിധിച്ചിട്ടുണ്ട് '.

3) ആനന്ദ്

ആനന്ദിനെക്കുറിച്ച് ഏതാനും പേർ എഴുതിയ ലേഖനങ്ങൾ ഈ ലക്കം "ഗ്രന്ഥാലോക'ത്തിൽ (ഓഗസ്റ്റ്) വായിക്കാം. മലയാള നോവലിനെ നവീകരിച്ചത് ആനന്ദാണ്. അദ്ദേഹത്തിന്‍റെ ക്രാഫ്റ്റ്, ദർശനം, കലാരൂപത്തെയുള്ള അവബോധം പിന്നീട് വന്ന എഴുത്തുകാരിൽ കണ്ടിട്ടില്ല.

4) സദാനന്ദൻ പാണാവള്ളി

സദാനന്ദൻ പാണാവള്ളിയുടെ ഏതാനും കുറുങ്കഥകൾ ഗ്രന്ഥാലോകത്തിൽ (ഓഗസ്റ്റ്) ഉണ്ട്. "സെൽഫി' എന്ന കഥ ഇങ്ങനെയാണ്: "യാത്രയ്ക്കിടയിൽ ബസിൽ ആരും അറിയാതെ അവളെടുത്ത സെൽഫി "സെൽ' ജീവിതത്തിനായുള്ള ഫ്രീ പാസ് ആകുമെന്ന് അവൾ ഒരിക്കലും വിചാരിച്ചില്ല. ' സമീപകാലത്ത് ബസിൽ ഒരു യുവാവ് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന് പറയുകയും അതിന്‍റെ സെൽഫി എടുത്ത് ജയിലിലാവുകയും ചെയ്ത ഒരു വനിതയുടെ സംഭവമാണ് കഥയ്ക്കാധാരം.

5) അയ്യപ്പപ്പണിക്കർ

90കളിൽ ഡോ. കെ. അയ്യപ്പപ്പണിക്കരുടെ വീട്ടിൽ വൈകുന്നേരങ്ങളിൽ സാഹിത്യ ചർച്ച നടത്തുമായിരുന്നു. അത് തികച്ചും അനൗപചാരികമായിരുന്നു. കളർകോട് വാസുദേവൻ നായർ, എൻ.ആർ.എസ്. ബാബു തുടങ്ങിയവർ പങ്കുകൊള്ളുമായിരുന്നു. ഒരു സംവാദത്തിനിടയിൽ അയ്യപ്പപ്പണിക്കർ ആനന്ദിന്‍റെ "വ്യാസനും വിഘ്നേശ്വരനും' എന്ന നോവലിനെക്കുറിച്ച് വളരെ താല്പര്യത്തോടെ സംസാരിച്ചത് ഓർക്കുകയാണ്.

6) എ. അയ്യപ്പൻ

ആത്മനൊമ്പരങ്ങളിൽ സ്വയം അലഞ്ഞുതീർന്ന കവി എ. അയ്യപ്പൻ ഇങ്ങനെ എഴുതി:

"ഞാനെന്‍റെ ജീവിതത്തെ

ഒരാഘോഷമാക്കുകയാണ്.

ആഹ്ലാദങ്ങൾ ഒടുങ്ങിപ്പോയതുകൊണ്ട്

ജീവന്‍റെ വ്യഥകളും വ്യാകുലതകളും

ഞാൻ ആഘോഷങ്ങളാക്കുന്നു,

എന്‍റെ ആഘോഷങ്ങളിൽ,

ഞാൻ തന്നെ കോമാളിയും

ബലിമൃഗവുമാകുന്നു'.

അയ്യപ്പൻ ജീവിതത്തെ അതിന്‍റെ വഴിക്ക് വിട്ടു. എന്തിന്? ജീവിതം എന്താണ് ശരിക്കും നമുക്ക് തരുന്നതെന്ന്, അല്ലെങ്കിൽ ജീവിതത്തിന്‍റെ തനി രൂപം എന്താണെന്ന് അറിയുന്നതിന്. അയ്യപ്പന്‍റെ മുന്നിൽ ജീവിതം ഒട്ടും നടിച്ചില്ല. ജീവിതം നഗ്നമേനി കാട്ടി നൃത്തം ചെയ്തു, അല്ലെങ്കിൽ കബളിപ്പിച്ചുകൊണ്ട് കെട്ടിവരിഞ്ഞു.

7) അഥൊന അർത്തോ

വർഷങ്ങൾ ഇടവിട്ട് പല തവണ മാനസിക രോഗാശുപത്രിയിൽ കിടന്ന ഫ്രഞ്ച് നാടകകാരനും സൈദ്ധാന്തികനുമായിരുന്നു അഥൊന അർത്തോ. അദ്ദേഹമാണ് "ക്രൂരതയുടെ നാടകവേദി'യുടെ ഉപജ്ഞാതാവ്. അദ്ദേഹം ഇങ്ങനെ എഴുതി: "യഥാർഥത്തിൽ സത്യസന്ധമായ എല്ലാ വികാരങ്ങളും പരിഭാഷപ്പെടുത്താൻ പറ്റുന്നതല്ല. അതു പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത് അതിനെ വഞ്ചിക്കുന്നതിന്, മറച്ചുപിടിക്കുന്നതിന് തുല്യമാണ്.

8) ഗാർസിയ മാർകേസ്

1950കളിൽ കൊളംബിയൻ സാഹിത്യകാരൻ ഗാർസിയ മാർകേസ് നാലുനിലയുള്ള വേശ്യാലയത്തിലെ ഒരു മുറിയിലാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന് അത് വലിയ പ്രചോദനമായി. പരിമിതമായ സാഹചര്യങ്ങളും സുരക്ഷിതത്വരാഹിത്യവും ആയിരുന്നു കാരണം. അദ്ദേഹത്തിന്‍റെ ആദ്യ നോവല്ല - ലീഫ് സ്റ്റോം - എഴുതിയത് അവിടെവച്ചാണ്. എന്നാൽ അതിന് ഒരു പ്രസാധകനെ തേടി 7 വർഷമാണ് അലഞ്ഞത്. ഒരു മുറിയിൽ അരമണിക്കൂറിൽ സംഭവിക്കുന്ന കഥയാണ് ഇതിൽ വിവരിക്കുന്നത്. അതാണ് പ്രസാധകനെ കിട്ടാൻ വൈകിപ്പിച്ചത്.

logo
Metro Vaartha
www.metrovaartha.com