മാറുന്ന മഴയും ജലദുരന്തങ്ങളും

Changing Rainfall Patterns and Water-Related Disasters

മാറുന്ന മഴയും ജലദുരന്തങ്ങളും

Updated on: 

ഓടി ഒഴുകിപ്പോകുന്ന വെള്ളത്തെ നടത്തണം. നടക്കുന്നവയെ നിർത്തണം. നില്‍ക്കുന്നവയെ ഇരുത്തണം. ഇരിക്കുന്നവയെ കിടത്തണം. കിടക്കുന്നവയെ പരമാവധി മണ്ണില്‍ ഇറക്കുക. ഇതാണ് ജല സംരക്ഷണത്തിന്‍റെ അടിസ്ഥാന തത്വം.

ഡോ. വി. സുഭാഷ് ചന്ദ്രബോസ്

ഒക്റ്റോബര്‍ ഒന്നു മുതല്‍ ലഭിക്കേണ്ട തുലാവര്‍ഷ മഴയില്‍ നാളിതുവരെ വിവിധ ജില്ലകളില്‍ വലിയ കുറവാണു കാണുന്നത്. 42 ശതമാനം മഴ കുറവുള്ള മലപ്പുറം ജില്ലയാണ് മുന്നില്‍. കാസർഗോഡ്, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളില്‍ 37 ശതമാനവും കൊല്ലത്ത് 33 ശതമാനവും എറണാകുളത്ത് 32 ശതമാനവും കോട്ടയത്ത് 28 ശതമാനവും കണ്ണൂരില്‍ 27 ശതമാനവും കോഴിക്കോട് 22 ശതമാനവും മഴ കുറച്ചാണ് ലഭിച്ചത്.

20 ശതമാനത്തിലേറെ മഴ കുറഞ്ഞാല്‍ ജല ലഭ്യതയുടെ രൂക്ഷത കൂടും. ഇപ്പോള്‍ തന്നെ കിണറുകളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. നദികള്‍, തോടുകള്‍ എന്നിവയിലും നീരൊഴുക്ക് കുറഞ്ഞു. മണ്‍സൂണ്‍ മഴയുടെ 20 ശതമാനവും ഒക്റ്റോബര്‍, നവംബര്‍ മാസങ്ങളിലാണ് കിട്ടേണ്ടത്. 70 ശതമാനം ലഭിച്ചിരുന്ന ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷമെന്ന മഴയില്‍ 38 ശതമാനം കുറവുണ്ടായി. രണ്ടും കൂടി നോക്കുമ്പോള്‍ നല്ല മഴക്കുറവ് നിലവിലുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ മഴ കുറഞ്ഞാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകും. ഇനി ഒന്നിച്ച് മഴ വന്നാല്‍ പ്രളയ ദുരന്തം വേറെ. നിയതമായ ഇടവേളകളില്‍ ലഭിച്ചിരുന്ന മഴയുടെ രീതികള്‍ ആകെ മാറി.

മാറുന്ന മഴരീതികള്‍

കുറഞ്ഞ സ്ഥലത്ത് ചെറിയ സമയം കൊണ്ട് വലിയ മഴ എന്നതാണ് പുതിയ മഴരീതിയായി കാണുന്നത്. ആഗോള താപനം വലിയ കാലാവസ്ഥാ മാറ്റമാണുണ്ടാക്കുന്നത്. ഹരിതഗൃഹ വാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉള്‍പ്പെടെ അന്തരീക്ഷത്തില്‍ കൂട്ടുന്നതില്‍ മനുഷ്യര്‍ക്കും വലിയ പങ്കാണുള്ളത്. കേരളത്തില്‍ വര്‍ഷം 3,00 മുതല്‍ 5000 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്നു. കാലവര്‍ഷത്തില്‍ 70 ശതമാനവും തുലാവര്‍ഷത്തില്‍ 20 ശതമാനവും വേനലില്‍ 10 ശതമാനവും മഴ കിട്ടുന്നു. ഇതോടൊപ്പം വിന്‍റര്‍ മഴയുമുണ്ട്.

സംസ്ഥാനത്ത് ആഗോളപരവും പ്രദേശികപരവുമായ കാരണങ്ങള്‍ കൊണ്ട് മഴരീതികള്‍ മാറുകയാണ്. മേഘ വിസ്‌ഫോടനo കൂടുതല്‍ വ്യാപിക്കുന്നു. അതുപോലെ ഭൂമിയുടെ രീതികളും മാറുന്നു. വരണ്ട കാലാവസ്ഥയില്‍ മാത്രം കാണുന്ന മയിലുകൾ വ്യാപകമാവുകയാണ്. കണിക്കൊന്നകള്‍ കാലം മാറി പൂക്കുന്നു. തവളകള്‍, മണ്ണിര എന്നിവ കൂട്ടത്തോടെ ഇല്ലാതാകുന്നു. കടലില്‍ ചൂട് കാരണം മത്തി കുറയുന്നു. സസ്യ ജീവജാലങ്ങള്‍ക്ക് വലിയ പ്രതിസന്ധി. കാലാവസ്ഥാ മാറ്റം ഉള്‍പ്പെടെ കൊണ്ടായിരിക്കാം ആനകള്‍ ഉള്‍പ്പെടെ നാട്ടില്‍ ഇറങ്ങുന്നു. മഴരീതികളില്‍ ഉണ്ടാകുന്ന മാറ്റം എല്ലാ മേഖലകളിലും പ്രശ്‌നമാണ്.

എല്‍നിനോ പ്രതിഭാസം

ഭൂമധ്യരേഖയ്ക്കു സമീപം തെക്കേ അമെരിക്കയിലെ പെറുവിന്‍റെ തീരത്തുള്ള പസിഫിക് സമുദ്ര മേഖലയില്‍ ചൂട് കൂടുകയാണ്. അവ ലോകത്തെ ബാധിക്കുന്നതു പോലെ ഇന്ത്യന്‍ മന്‍സൂണിനെയും സ്വാധീനിക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വിധ്രുവ പ്രതിഭാസം കൂടി ഉള്ളത് കൊണ്ട് എല്‍നിനോ എങ്ങനെയൊക്കെ ബാധിക്കുമെന്നത് വലിയ പഠന വിഷയമാണ്.

ഒരു പക്ഷേ എല്‍നിനോ കൊണ്ട് മഴ കുറഞ്ഞ് വരള്‍ച്ചയ്ക്ക് സാധ്യത ഏറെയാണ്. ചിലപ്പോള്‍ വര്‍ധിച്ച മഴയും ആകാം. ഇപ്പോള്‍ മഴക്കുറവാണ് കാണിക്കുന്നത്. അതേസമയം നിരവധി പ്രദേശിക ഘടകങ്ങള്‍ കൂടി ഇന്ത്യന്‍ മണ്‍സൂണിനെ സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ എല്‍നിനോയെ മാത്രം നോക്കിയിരിക്കാന്‍ കഴിയില്ല. മഴക്കുറവ് ഫെബ്രുവരി 2027 വരെ നീളാന്‍ സാധ്യത ഏറെയാണ് എന്നാണ് നിരീക്ഷണം.

അന്‍റാര്‍ട്ടിക്കയിലെ മഞ്ഞുരുകല്‍

ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരത്തുള്ള അന്‍റാര്‍ട്ടിക്കയില്‍ മഞ്ഞ് ഉരുകുന്നത് നമ്മുടെ മന്‍സൂണിനെയും ബാധിക്കുന്നു എന്നാണ് പുതിയ പഠനം പറയുന്നത്. മണ്‍സൂണ്‍ ടെലി കണക്‌ഷന്‍ എന്ന പ്രതിഭാസമുള്ളതു കൊണ്ടു തന്നെ മഴയുടെ അളവിനെ സ്വാധീനിക്കുന്നു

ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ തെക്കു ഭാഗത്ത് മഡഗാസ്‌കറിന് അടുത്ത് രൂപം കൊള്ളുന്ന ഉയര്‍ന്ന മര്‍ദമേഖലയാണ് മസ്‌ക്കരെയിന്‍ ഹൈ. ഇതിനടുത്താണ് കേരളത്തിലെ മണ്‍സൂണ്‍ മഴക്കാറ്റുകള്‍ രൂപപ്പെടുന്നത്. അന്‍റാർട്ടിക്കയിലെ മഞ്ഞിന്‍റെ അളവിലെ വ്യത്യാസം അന്തരീക്ഷ മര്‍ദത്തെയും സ്വാധീനിക്കുന്നു. ഇവയുടെ പ്രതിഫലനം കൊണ്ട് കാറ്റിന്‍റെ ശക്തി കൂടാനും കുറയാനും സാധ്യത ഏറെയാണ്. എന്തായാലും ആഗോള കാലാവസ്ഥാ മാറ്റം കേരളത്തിന്‍റെ കിണറുകളില്‍ കാണുന്ന പുതിയ കാലത്താണ് നാം താമസിക്കുന്നത്.

മഴയുടെ പ്രാദേശിക ഘടകങ്ങള്‍

ഭൂപ്രകൃതി, ഭൂമിയുടെ ചരിവ്, മണ്ണിന്‍റെ ഘടന, ഭൂവിനിയോഗം, വനങ്ങള്‍, മരങ്ങള്‍ എന്നിവയെല്ലാം ജലത്തെ സ്വാധീനിക്കുന്നു. ഒരു ഹെക്റ്റര്‍ വനഭൂമിയില്‍ 32,000 ഘന കിലോമീറ്റര്‍ സ്ഥലത്തെ മഴവെള്ളം ഉള്‍ക്കൊള്ളും.10 സെന്‍റ് വയല്‍ 1,60,000 ലിറ്റര്‍ മഴയെയും നിലനിര്‍ത്തും. മരങ്ങളും കുന്നുകളും ഒത്തുചേർന്നുണ്ടാകുന്ന പര്‍വതജന്യമായ മഴയും കൂടിക്കൊണ്ടാണ് കേരളത്തില്‍ മഴചക്രം പൂര്‍ത്തിയാകുന്നത്. ഭൂവിനിയോഗത്തിലെ മാറ്റങ്ങള്‍, നിര്‍മിതികള്‍ എന്നിവയെല്ലാം സൂക്ഷ്മ കാലാവസ്ഥയെ നിയന്ത്രിക്കുന്നു.

വരള്‍ച്ചയും വെള്ളപ്പൊക്കവും

മഴയുടെ സ്വന്തം നാട്ടില്‍ മഴ കുറഞ്ഞാല്‍ വരള്‍ച്ച, ജലക്ഷാമം. മഴ കൂടിയാലോ വെള്ളപ്പൊക്കം എന്നതാണ് അവസ്ഥ. പെയ്യുന്ന മഴയുടെ വലിയ ഭാഗവും 42 മുതല്‍ 72 വരെ മണിക്കൂർ കൊണ്ട് കടലില്‍ ചെല്ലുന്ന ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. മണ്ണിന് കനം കുറവാണ്. ഒരേ സമയം ഒരുപാട് മഴവെള്ളം കരുതിവയ്ക്കാനുള്ള സാഹചര്യമില്ല. അതുകൊണ്ടു തന്നെ മഴ കൂടിയാല്‍ വെള്ളപ്പൊക്കം ഉണ്ടാകും. ഓരോ തരി മണ്ണിലും 25 ശതമാനം വെള്ളമാണ്. എന്നാല്‍ മണ്ണിന്‍റെ ജലാഗിരണ ശേഷി കുറഞ്ഞു വരികയാണ്.

ഇടനാടന്‍ കുന്നുകള്‍ കുറയുന്നത് നീരൊഴുക്കിനെ ബാധിക്കുന്ന പ്രധാന ഘടകമാണ്. വനങ്ങള്‍, മരങ്ങള്‍, കുളങ്ങള്‍, തണ്ണീര്‍ തടങ്ങള്‍, കാവുകള്‍ എന്നിവയിലെ കുറവും ജലപ്രതിസന്ധി രൂക്ഷമാക്കും. ജലക്ഷാമം പോലെ പ്രധാനമാണ് ജല ഗുണനിലവാരവും. വരള്‍ച്ച നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കുടിവെള്ളം, കൃഷി, ജലസേചനം, ആരോഗ്യം, വൈദ്യുതി, ജല ടൂറിസം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കെല്ലാം ധാരാളം വെള്ളം വേണം. മണ്‍സൂണ്‍ മഴയല്ലാതെ വേറെ മാര്‍ഗമില്ല. ഇടുക്കിയില്‍ മഴ കുറയുമ്പോഴാണ് വൈദ്യുതി വിതരണ സംവിധാനം പ്രശ്‌നമാകുന്നത്.

സമഗ്ര ജല സംരക്ഷണം

സമഗ്രവും ശാസ്ത്രീയവും പ്രദേശികവുമായ ജലസ്രോതസുകളുടെ സംരക്ഷണം വളരെ പ്രധാനമാണ്.1,000 ചതുരശ്ര വിസ്തീര്‍ണമുള്ള ഒരു പുരപ്പുറത്ത് വര്‍ഷത്തില്‍ 3 ലക്ഷം മുതല്‍ 5 ലക്ഷം വരെ ലിറ്റര്‍ വരെയാണ് മഴവെള്ളം കിട്ടുന്നത്. മഴവെള്ള സംഭരണം നിയമം മൂലം നടപ്പിലാക്കിയിട്ടുണ്ട് . എങ്കിലും പ്രായോഗിക തലത്തില്‍ വ്യാപകമായിട്ടില്ല. കൃത്രിമ ഭൂജല പരിപോഷണത്തിലും പ്രത്യേക പദ്ധതി നടപ്പിലാക്കണം. സൂക്ഷ്മ നീര്‍ത്തട അടിസ്ഥാനത്തില്‍ ഓരോ കാര്‍ഷിക കാലാവസ്ഥാ സോണ്‍ കണക്കാക്കി മണ്ണ്, ജല, ജൈവ സംരക്ഷണം ആവശ്യമാണ്. നദീതട സൂക്ഷ്മ നീര്‍ത്തട സംരക്ഷണ നിയമം പ്രധാനമാണ്.

വാട്ടര്‍ അഥോറിറ്റി വെള്ളം തരണമെങ്കില്‍ നദികളില്‍ വെള്ളം വേണം. നദികളുടെ വൃഷ്ടി പ്രദേശങ്ങളില്‍ വെള്ളം ഇറങ്ങിയാല്‍ മാത്രമേ വേനലിലും നദികളില്‍ വെള്ളം കാണുകയുള്ളൂ. ഓരോ നദീതടവും കണക്കാക്കി നീര്‍ത്തടങ്ങളെ വേര്‍തിരിക്കണം. ഓരോയിടത്തും വ്യത്യസ്ത തരം പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. തല്‍സ്ഥല ജല പരിപാലനം വളരെ പ്രധാനമാണ്. ഓടി ഒഴുകിപ്പോകുന്ന വെള്ളത്തെ നടത്തണം. നടക്കുന്നവയെ നിർത്തണം. നില്‍ക്കുന്നവയെ ഇരുത്തണം. ഇരിക്കുന്നവയെ കിടത്തണം. കിടക്കുന്നവയെ പരമാവധി മണ്ണില്‍ ഇറക്കുക. ഇതാണ് ജല സംരക്ഷണത്തിന്‍റെ അടിസ്ഥാന തത്വം. ഇലകള്‍ ഉള്‍പ്പെടെ ഉള്ള വസ്തുക്കൾ കൊണ്ട് മണ്ണില്‍ പുതയിടുക തുടങ്ങി വിവിധ രീതിയില്‍ മണ്ണില്‍ വെള്ളം നിലനിർത്താന്‍ കഴിയും.

പുരപ്പുറത്തെ മഴവെള്ളം കൊണ്ട് കിണര്‍ നിറ ചെയ്യാം. ഇവയ്ക്കായി തൊഴിലുറപ്പ് പദ്ധതിയില്‍ സബ്‌സിഡി ലഭിക്കും. എത്ര മഴക്കുറവ് ഉള്ളപ്പോഴും ഇടക്കിടെ ചെറു മഴ വരാറുണ്ട്. വരുന്ന മഴയെ പരമാവധി സംരക്ഷിക്കാനും ശ്രദ്ധിക്കണം. മഴക്കുഴികള്‍, ട്രഞ്ചുകള്‍, കയ്യാലകള്‍, തടയണകള്‍, അടിയണകള്‍ തുടങ്ങി നിരവധി മാര്‍ഗങ്ങള്‍ മുന്നിലുണ്ട്.

ജല അച്ചടക്കവും പ്രധാനമാണ്. ജലക്ഷാമ കാലത്ത് ശുദ്ധജലം സൂക്ഷിച്ചുപയോഗിക്കാന്‍ ശ്രദ്ധിക്കണം. ജലവിനിയോഗത്തില്‍ ജലസാക്ഷരത വളരെ പ്രധാനമാണ്. എന്തായാലും മുന്നിലുള്ളത് ശുഭ കാലമല്ല. ജല ദുരിതങ്ങള്‍ നോര്‍മല്‍ ആകുന്ന കേരളത്തില്‍ പുതിയ ജല ജാഗ്രത വളരെ പ്രധാനമാണ്. ഓരോ തുള്ളി ജലവും പ്രധാനമാണ്. ഇന്ന് നഷ്ടപ്പെടുത്തുന്ന ഓരോ അവസരവും ഇല്ലാതാക്കുന്നത് നാളെയുടെ കുടിവെള്ളമാണ്. പ്രശ്‌നം ജീവജലമാണ്. ഇവിടെ റീ ടേയ്ക്കുകൾക്ക് അവസരം ഇല്ല. കരുതാം. ഓരോ തുള്ളിയും കരുതലോടെ.

(ലേഖകന്‍ ജല പരിസ്ഥിതി ഗവേഷകനും മുന്‍ ഡയറക്റ്ററുമാണ് - 9847547881)