

മാത്യു വാൻഡൈക്ക്
ന്യൂഡൽഹി: ഭീകരപ്രവർത്തന കേസിൽ അറസ്റ്റിലായി ആറ് മാസത്തോളം തിഹാർ ജയിലിൽ കഴിഞ്ഞ അമെരിക്കൻ പൗരനും സ്വയം കൂലിപ്പട്ടാളക്കാരനെന്ന് വിശേഷിപ്പിക്കുന്നയാളുമായ മാത്യു ആരോൺ വാൻഡൈക്കിന് ഒരു മാസത്തേക്ക് യുഎസിലേക്ക് പോകാൻ പ്രത്യേക എൻഐഎ കോടതി അനുമതി നൽകിയിരിക്കുന്നത് ഇപ്പോൾ ദേശീയ തലത്തിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. കുടുംബത്തെ കാണുന്നതിനായാണ് കോടതി ജാമ്യം നൽകിയത്. അദ്ദേഹത്തോടൊപ്പം അറസ്റ്റിലായ ആറ് യുക്രൈൻ പൗരന്മാർക്കും സമാനമായ അനുമതി ലഭിച്ചു. എന്നാൽ വാൻഡൈക്ക് ഉൾപ്പെടെയുള്ള പ്രതികൾ ജാമ്യ കാലാവധിക്ക് ശേഷം ഇന്ത്യയിലേക്ക് മടങ്ങിവരുമോ എന്നതാണ് ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾ അടക്കം ഉയർത്തുന്ന ചോദ്യം. എന്നാൽ മടങ്ങി വരാൻ സാധ്യതയില്ലെന്നാണ് മുൻകാല അനുഭവങ്ങൾ വ്യക്തമാക്കുന്നത്.
വാറൻ ആൻഡേഴ്സൺ: ഭോപ്പാൽ വാതക ദുരന്തം
1984 ഡിസംബർ രണ്ടിന് രാത്രിയിലാണ് ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡിന്‍റെ കീടനാശിനി പ്ലാന്‍റിൽ വാതക ചോർച്ചയുണ്ടായത്. മീഥൈൽ ഐസോസയനേറ്റ് വാതകം ചോർന്ന ദുരന്തത്തിൽ അഞ്ച് ലക്ഷത്തിലധികം ആളുകൾ വിഷവാതകത്തിന് ഇരയായെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 3,700 പേർ മരിച്ചു. മരണസംഖ്യ യഥാർഥത്തിൽ ഇതിലും കൂടുതലായിരുന്നുവെന്ന വാദങ്ങളും ഉയർന്നിരുന്നു.
യൂണിയൻ കാർബൈഡിന്‍റെ അന്നത്തെ മേധാവിയായിരുന്ന വാറൻ ആൻഡേഴ്സൺ ദുരന്തത്തിന് നാല് ദിവസത്തിന് ശേഷം ഭോപ്പാലിൽ അറസ്റ്റിലായി. എന്നാൽ ജാമ്യം ലഭിച്ചതിന് പിന്നാലെ അദ്ദേഹം ഇന്ത്യ വിട്ടു. പിന്നീട് വിചാരണ നേരിടാൻ ഇന്ത്യയിലേക്ക് തിരിച്ചെത്തിയില്ല. വിദേശത്ത് വച്ചാണ് പിന്നീട് അദ്ദേഹം മരിച്ചത്.
ഇറ്റാലിയൻ നാവികർ: കേരള തീരത്തെ മത്സ്യത്തൊഴിലാളികളുടെ മരണം
2012 ഫെബ്രുവരിയിൽ കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികൾ വെടിയേറ്റ് മരിച്ചതാണ് ഇറ്റാലിയൻ നാവികരുടെ കേസ്. തമിഴ്നാട്ടിലെ കന്യാകുമാരി സ്വദേശികളായ ജെലസ്റ്റിൻ, അജീഷ് പിങ്കു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇറ്റാലിയൻ എണ്ണക്കപ്പലായ എൻറിക്ക ലെക്സിയുടെ സുരക്ഷാ ജീവനക്കാർ കടൽക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിവച്ചതെന്നാണ് ഇറ്റലിയുടെ വിശദീകരണം.
ഇറ്റാലിയൻ നാവികരായ മാസിമിലിയാനോ ലത്തോറെ, സാൽവത്തോറെ ജിറോനെ എന്നിവരെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. കേസ് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര തർക്കമായി മാറി. വെടിവയ്പ് അന്താരാഷ്ട്ര ജലപരിധിയിലായതിനാൽ നാവികർക്ക് ഇറ്റാലിയൻ നിയമപ്രകാരമുള്ള സംരക്ഷണമുണ്ടെന്നായിരുന്നു ഇറ്റലിയുടെ വാദം. ഇന്ത്യ ഇത് അംഗീകരിച്ചില്ല.
2012 മേയിൽ ജാമ്യം ലഭിച്ച നാവികർ പിന്നീട് ഇറ്റലിയിലേക്ക് പോകാൻ അനുമതി നേടി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 2014ൽ ലത്തോറെ ഇറ്റലിയിൽ തന്നെ തുടരുകയും തിരിച്ചെത്താതിരിക്കുകയും ചെയ്തു. 2016ൽ ജിറോണിനും ഇറ്റലിയിലേക്ക് പോകാൻ അനുമതി ലഭിച്ചു.
തുടർന്ന് കേസ് അന്താരാഷ്ട്ര മധ്യസ്ഥതയിലേക്ക് നീങ്ങി. 2020ൽ ഹേഗിലെ ട്രൈബ്യൂണൽ ഇന്ത്യയിൽ നാവികർക്കെതിരേ ക്രിമിനൽ വിചാരണ നടത്താൻ കഴിയില്ലെന്നും ഇറ്റലിയിൽ നടപടികൾ സ്വീകരിക്കണമെന്നും വിധിച്ചു. മരണത്തിനും നാശനഷ്ടങ്ങൾക്കും ഇറ്റലി ഇന്ത്യയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും നിർദേശിച്ചു. തുടർന്ന് 2021ൽ സുപ്രീം കോടതി കേസ് അവസാനിപ്പിച്ചു. ഇന്ത്യയിൽ ഇരുവരും വിചാരണ നേരിട്ടില്ല.
ഒട്ടാവിയോ ക്വത്രോച്ചി: ബോഫോഴ്സ് കേസ്
1986ൽ ഇന്ത്യൻ സൈന്യത്തിനായി 400 ഹോവിറ്റ്സർ തോക്കുകൾ വാങ്ങാൻ സ്വീഡിഷ് കമ്പനിയായ ബോഫോഴ്സുമായി ഇന്ത്യ 1,437 കോടി രൂപയുടെ കരാർ ഒപ്പിട്ടു. കരാറിൽ അഴിമതി നടന്നുവെന്ന ആരോപണം പിന്നീട് വലിയ രാഷ്ട്രീയ വിവാദമായി.
ഇറ്റാലിയൻ വ്യവസായി ഒട്ടാവിയോ ക്വത്രോച്ചിക്ക് ബോഫോഴ്സ് ഇടപാടിൽ ഇടനിലക്കാരനായി പ്രവർത്തിച്ചെന്നും ഏകദേശം 70 ലക്ഷം ഡോളർ കമ്മിഷനായി ലഭിച്ചെന്നും ആരോപണമുയർന്നു. 1999ൽ സിബിഐ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ ക്വത്രോച്ചിയുടെ പേരും ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ അറസ്റ്റ് ഒഴിവാക്കുന്നതിനായി 1993ൽ ക്വത്രോച്ചി ഇന്ത്യ വിട്ടു. പിന്നീട് അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. 2011ൽ പ്രത്യേക സിബിഐ കോടതി അദ്ദേഹത്തിനെതിരായ കേസ് അവസാനിപ്പിച്ചു. 2013ൽ മിലാനിൽ ഹൃദയാഘാതത്തെ തുടർന്ന് ക്വത്രോച്ചി മരിച്ചു. ഇന്ത്യയിലെ കോടതിയിൽ അദ്ദേഹത്തിനും വിചാരണ നേരിടേണ്ടി വന്നില്ല.
വാൻഡൈക്കിന്‍റെ അറസ്റ്റിന്‍റെ ചരിത്രം
2026 മാർച്ചിലാണ് എൻഐഎയുടെ ഭീകരവിരുദ്ധ അന്വേഷണത്തിന്‍റെ ഭാഗമായി വാൻഡൈക്കിനെയും ആറ് യുക്രൈൻ പൗരന്മാരെയും അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരമാണ് ആദ്യം കേസെടുത്തത്. സാധുവായ യാത്രാരേഖകളുമായി ഇന്ത്യയിലെത്തിയ സംഘം ആവശ്യമായ പ്രത്യേക അനുമതിയില്ലാതെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പോകുകയും മിസോറം വഴി മ്യാൻമറിലേക്ക് കടക്കുകയും ചെയ്തെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്ന് മ്യാൻമറിലെ സായുധ വംശീയ സംഘടനകൾക്ക് ഡ്രോൺ യുദ്ധം, ഡ്രോൺ നിർമാണം, ഡ്രോൺ ജാമിങ് തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നൽകിയെന്നുമാണ് ഇവരുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം. കോൽക്കത്ത വിമാനത്താവളത്തിൽ നിന്നാണ് വാൻഡൈക്കിനെ പിടികൂടിയത്. മറ്റുള്ളവരെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
കുറ്റപത്രം സമർപ്പിച്ചപ്പോൾ ഗുരുതരമായ യുഎപിഎ വകുപ്പുകൾ എൻഐഎ ഒഴിവാക്കി. സംഘത്തിന്‍റെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ സുരക്ഷയ്ക്കോ ജനങ്ങൾക്കോ നേരിട്ട് ദോഷം വരുത്തിയതായി തെളിയിക്കുന്ന ശക്തമായ തെളിവുകൾ ലഭിച്ചില്ലെന്നായിരുന്നു അന്വേഷണ ഏജൻസിയുടെ നിലപാട്. പകരം ഇമിഗ്രേഷൻ ആൻഡ് ഫോറിൻേഴ്സ് ആക്റ്റിലെ 21, 23 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. അനധികൃത പ്രവേശനം, വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് ഈ വകുപ്പുകൾ.
എന്നാൽ നിശ്ചിത സമയപരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ കഴിയാതിരുന്നതിനാൽ വാൻഡൈക്കിനും മറ്റുള്ളവർക്കും ഡിഫോൾട്ട് ജാമ്യം ലഭിച്ചു. പിന്നീട് ഫോറിൻേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് വഴി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയതിനെ തുടർന്ന് നാട്ടിലേക്ക് പോകാൻ അനുമതി തേടി വാൻഡൈക്കിന്‍റെ അഭിഭാഷകർ കോടതിയെ സമീപിച്ചു.
പ്രത്യേക എൻഐഎ ജഡ്ജി പ്രശാന്ത് ശർമ ഒരു മാസത്തേക്ക് ഇന്ത്യ വിടാൻ അനുമതി നൽകുകയും യാത്രയ്ക്കായി പാസ്പോർട്ട് അൺബ്ലോക്ക് ചെയ്യുകയും ചെയ്തു. ആറ് യുക്രൈൻ പൗരന്മാർക്കും ഇതേ അനുമതിയാണ് ലഭിച്ചത്. അന്വേഷണം ഇപ്പോഴും തുടരുകയാണ്.