World human rights day
World human rights day

ഉറപ്പാക്കേണ്ടതായ മനുഷ്യാവകാശങ്ങള്‍

ഡിസംബർ 10, ലോക മനുഷ്യാവകാശ ദിനം

ഡോ. പോളി മാത്യു മുരിക്കന്‍

ഡിസംബർ 10 മനുഷ്യാവകാശ ദിനം. 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1948 ഡിസംബര്‍ 10ന് നിലവില്‍ വന്ന ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ സ്മരണ ലോകരാഷ്‌ട്രങ്ങള്‍ നിലനിര്‍ത്തുന്ന ദിവസം. സ്വാതന്ത്ര്യവും തുല്യതയും നീതിയും മനുഷ്യാവകാശ സംരക്ഷണത്തിലൂടെ ഏവര്‍ക്കും ഉറപ്പാക്കണമെന്ന മഹത്തായ സന്ദേശമാണ് ഈ വര്‍ഷത്തെ മനുഷ്യാവകാശ ദിനത്തില്‍ ഐക്യരാഷ്‌ട്രസഭ നമുക്ക് നല്‍കുന്നത്.

സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി വാദിക്കുകയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാകുന്നവരെ സരക്ഷിക്കുകയും ചെയ്യുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇന്ന് രൂക്ഷമായ വെല്ലുവിളികളാണ് നേരിടുന്നത്. അവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്‍റെ ബാദ്ധ്യതയാണ്. ആഗോളതലത്തില്‍ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി ധീരമായി പോരാടിയ ചിലരുടെയെങ്കിലും ചിത്രം നമുക്ക് മുന്നിലുണ്ട്. മൊസാംബെയിലെ സാനിലോ ലംബാഡയും ബോട്സ്വാനയിലെ ഗോത്ര വിഭാഗമായ 'സാന്‍' സമുദായം നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പുറം ലോകത്തെ അറിയിച്ച കേയ്ക്കാബെല്‍ മൊഗോഡുവും ഈ കൂട്ടത്തില്‍പ്പെടും. ഇതോടൊപ്പം സേര്‍ബ്യയിലെ തടവുകാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയ ലിഡിജാ വുക്കോവിക്കും, കംബോഡിയയിലെ ബുദ്ധസന്യാസിനി ലൗണ്‍ സോവത്തും, തെക്കന്‍ ആഫ്രിക്കയിലെ എയ്ഡ്സ് ബാധിതരുടെ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതിയ ലൊണാനെയും മനുഷ്യാവകാശ സംരക്ഷണ രംഗത്ത് ഈ അടുത്ത കാലത്ത് ശ്രദ്ധേയമായ സംഭാവന നല്‍കിയവരാണ്.

1. ഇല്ലാതാവേണ്ട വിവേചനങ്ങള്‍

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നമാണ് സാമൂഹിക വിവേചനവും ഒറ്റപ്പെടുത്തലും. ഇതിന് പ്രധാനമായും വിധേയരാകുന്നവരാകട്ടെ പാരമ്പര്യ മനുഷ്യരും, കുടിയേറ്റക്കാരും, ശാരീരിക വൈകല്യമുളളവരും, സ്ത്രീകളും, ന്യൂനപക്ഷ സമുദായങ്ങളും.

ലോകത്ത് 70 രാജ്യങ്ങളിലായി ഏതാണ്ട് 5000 ആദിവാസി ഗോത്രവര്‍ഗ്ഗ സമുദായങ്ങളുണ്ട്. ഇവരുടെ അംഗസംഖ്യ ഏതാണ്ട് 370 ദശലക്ഷം വരും. ലോകജനസംഖ്യയുടെ 15% ദരിദ്രരും ആദിവാസി ഗോത്രവിഭാഗക്കാരാണ്. അവര്‍ ഇന്ന് വലിയ വെല്ലുവിളികളെ നേരിടുകയാണ്. തങ്ങളുടെ പാരമ്പര്യങ്ങള്‍ക്കും, ആവശ്യങ്ങള്‍ക്കും, പ്രാമുഖ്യങ്ങള്‍ക്കും അനുസൃതമായ വികസനം അവര്‍ക്ക് പലപ്പോഴും നിഷേധിക്കപ്പെടുന്നു. രാഷ്‌ട്രീയമായി വേണ്ടത്രണ്ട പ്രാതിനിധ്യം ലഭിക്കാതെയും സേവന മേഖലകളുമായി ബന്ധം നഷ്ടപ്പെട്ടും ഇവര്‍ കഴിയേണ്ടി വരുന്നു. പ്രകൃതി വിഭവങ്ങളുടെ ചൂഷണ ലക്ഷ്യത്തോടു കൂടി നടപ്പാ ക്കുന്ന കുടിയിറക്കു ഭീഷണികള്‍ അവരെ തങ്ങളുടെ സ്വന്തം തട്ടകത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. ഐക്യരാഷ്‌ട്ര സഭ 2007 സെപ്റ്റംബറില്‍ പുറപ്പെടുവിച്ച പാരമ്പര്യ മനുഷ്യരുടെ അവകാശ പ്രഖ്യാപനത്തിലൂടെ ആദിവാസി ഗോത്രവിഭാഗങ്ങളുടെ അവകാശ സംരക്ഷണ ദൗത്യത്തിന് പുതിയ മാനങ്ങള്‍ കൈവന്നു.

രാജ്യങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലാതെ വിവേചനം നേരിടുന്ന വിഭാഗമാണ് കുടിയേറ്റ ജനത. ലോകത്ത് ഏതാണ്ട് 200 ദശലക്ഷം ജനങ്ങള്‍ കുടിയേറ്റക്കാരാണ്. ലോകജനസംഖ്യയുടെ 3.1 ശതമാനം. പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, സാമൂഹിക സുരക്ഷ എന്നീ മേഖലകളിലാണ് ഇവര്‍ പ്രധാനമായും വിവേചനം നേരിടുന്നത്. വംശീയതയ്ക്കെതിരെയുള്ള ഒരു താക്കീതായിരുന്നു 2001ലെ ഡര്‍ബന്‍ പ്രഖ്യാപനമെങ്കിലും കുടിയേറ്റ വിരുദ്ധ നിലപാടുകളും, വര്‍ഗ്ഗീയ വംശീയ കലാപങ്ങളും ഇന്ന് പല രാജ്യങ്ങളിലും തുടര്‍ക്കഥയാണ്. കുടിയേറ്റ ജനതയെ പ്രത്യേക വിഭാഗമായി കണ്ടുകൊണ്ട് അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് പ്രത്യേകം ശിക്ഷാ വിധികള്‍ പ്രതിപാദിക്കുന്ന നിയമങ്ങള്‍ വരെ പല രാജ്യങ്ങളിലും ഇപ്പോഴും നിലവിലുണ്ട്. ആഗോള സാമ്പത്തിക അനിശ്ചിതത്വവും വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും കുടിയേറ്റ ജനതയെ വ്യത്യസ്തരായി കാണുവാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

ലോകജനസംഖ്യയില്‍ ഏതാണ്ട് 650 ദശലക്ഷം ജനങ്ങള്‍ ശാരീരികമായ അംഗവൈകല്യം ബാധിച്ചവരാണ്. ജീവിതത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ അനുഭവിക്കുവാനോ ആസ്വദിക്കുവാനോ കഴിയാതെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്നും വേറിട്ടു കഴിയുന്നവരാണ് ഇവര്‍. വിദ്യ അഭ്യസിക്കുവാനോ, ജോലി കണ്ടെത്തുവാനോ, സമൂഹവുമായി ബന്ധപ്പെടുവാനോ കഴിയാത്ത അവസ്ഥ. ലോകത്തിലെ ദരിദ്രരുടെ അംഗസംഖ്യയില്‍ 20% ശാരീരിക വൈകല്യ മുളളവരാണ്. വികസ്വര രാജ്യങ്ങളിലെ 98% അംഗവൈകല്യമുളള കുട്ടികളും അടിസ്ഥാന വിദ്യാഭ്യാസം പോലും നടത്തുവാനാവാതെ നിരക്ഷരരായി കഴിയുവാന്‍ വിധിക്കപ്പെട്ടിട്ടുളളവരാണ്. ഇവരുടെ കാര്യത്തില്‍ അംഗവൈകല്യമുളളവരുടെ അവകാശ സംരക്ഷണ ത്തിനായുളള യു.എന്‍ ഉടമ്പടി വെറും പ്രഖ്യാപനമായി നില കൊളളുന്നു.

2. രാഷ്‌ട്രങ്ങളുടെ ചുമതലകള്‍

മനുഷ്യാവകാശം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ജാതി, മത, വര്‍ഗ്ഗ, ലിംഗ, ഭാഷ, രാഷ്‌ട്രീയ വിവേചനങ്ങള്‍ ഇല്ലായ്മ ചെയ്യണം. ഇത് ഓരോ രാജ്യത്തിന്‍റെയും ഉത്തരവാദിത്വമാണ്. ന്യൂനപക്ഷ ഭൂരിപക്ഷ വേര്‍തിരിവിന്‍റെ അകലം കുറക്കേണ്ടതും ഇത്തരത്തിലൊരു സാമൂഹിക ഉത്തരവാദിത്വത്തിന്‍റെ ഭാഗമാണ്. 2009 നവംബറില്‍ ജനീവയില്‍ വച്ചു നടന്ന ഐക്യരാഷ്‌ട്രസഭയുടെ ന്യൂനപക്ഷ കാര്യങ്ങള്‍ക്കായുളള സമിതി പാസ്സാക്കിയ നയരേഖയില്‍ വ്യക്തമാക്കുന്നത് ന്യൂനപക്ഷ അവകാശ സംരക്ഷണം ഭരണകൂടത്തിന്‍റെ ഔദാര്യമല്ല, മറിച്ച് പ്രാഥമിക ഉത്തരവാദിത്വമാണെന്നും, ന്യൂനപക്ഷങ്ങള്‍ക്ക് കാര്യക്ഷമമായ രാഷ്‌ട്രീയ പങ്കാളിത്തം ഉറപ്പു നല്‍കണമെന്നുമാണ്. മനുഷ്യാവകാശ സംരക്ഷണ സ്ഥാപനങ്ങള്‍ ന്യൂനപക്ഷ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടണമെന്നും ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര ബോധവല്‍ക്കരണം നടത്തണമെന്നും കൂടി നയരേഖ നിര്‍ദ്ദേശിക്കുന്നു. ന്യൂനപക്ഷ അവകാശ സംരക്ഷണ ദൗത്യത്തില്‍ നിയമനിര്‍മ്മാണ സഭകളും, ഭരണകൂടവും, മനുഷ്യാ വകാശ സ്ഥാപനങ്ങളും, പൗരസമൂഹവും, മാധ്യമങ്ങളും, യു.എന്‍. ഏജന്‍സികളും, അന്താരാഷ്‌ട്ര സമിതികളും നിര്‍വ്വഹിക്കേണ്ടതായ ഉത്തര വാദിത്വങ്ങള്‍ ന്യൂനപക്ഷ സംബന്ധമായ യു.എന്‍.നയരേഖ പ്രത്യേകം എടുത്തു കാട്ടുന്നുണ്ട്. ഐക്യരാഷ്‌ട്ര സഭയുടെ കീഴിലുളള മനുഷ്യാ വകാശ കൗണ്‍സിലിന്‍റെ തീരുമാന പ്രകാരം 2007ല്‍ നിലവില്‍ വന്നതാണ് ന്യൂനപക്ഷ കാര്യങ്ങള്‍ക്കായുളള യു.എന്‍.സമിതി.

3. കാണാതെ പോകുന്ന ലംഘനങ്ങള്‍

മനുഷ്യാവകാശ ലംഘനങ്ങള്‍ പലപ്പോഴും ഗൗരവമായി കാണപ്പെടുന്നില്ല. സ്ത്രീകളും പെണ്‍കുട്ടികളും ഇപ്പോഴും രണ്ടാം തരം പൗരന്മാരായി കാണപ്പെടുന്ന അവസ്ഥ ചിലപ്പോഴെങ്കിലുമുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, പൗരത്വം, വൈവാഹിക അവാകശങ്ങള്‍, തൊഴില്‍ അവകാശങ്ങള്‍, പിന്തുടര്‍ച്ചാവകാശങ്ങള്‍ എന്നീ കാര്യങ്ങളില്‍ അവര്‍ പലപ്പോഴും വിവേചനം നേരിടുന്നു.സ്ത്രീ ശാക്തീകരണത്തിനായി മുറവിളി ഉയരുമ്പോഴും ഇത്തരം വിവേചനങ്ങള്‍ അവസാനി പ്പിക്കുവാന്‍ നടപടിയെടുക്കേണ്ടിയിരിക്കുന്നു. മൊത്തം ജോലി സമയ ത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗവും സ്ത്രീകള്‍ പണിയെടുക്കുന്നു, ആഹാരത്തിന്‍റെ 50 ശതമാനവും അവര്‍ തയ്യാറാക്കുന്നു. എന്നാല്‍ തൊഴില്‍ വരുമാന ത്തിന്‍റെ പത്ത് ശതമാനം മാത്രമാണ് വേതനമായി അവരുടെ കൈകളി ലെത്തുന്നത്. സ്ത്രീവിവേചനത്തിനെതിരെ സംരക്ഷണം നല്‍കി ക്കൊണ്ട് 186 രാജ്യങ്ങള്‍ അംഗീകരിച്ച ന്യൂയോര്‍ക്ക് പ്രഖ്യാപനവും, സ്ത്രീകളുടെ മനുഷ്യാവകാശ സംരക്ഷണം ലക്ഷ്യമിടുന്ന ബെയ്ജിങ്ങ്, വിയന്ന, കെയ്റോ പ്രഖ്യാപനങ്ങളും നിലവിലിരിക്കുമ്പോഴാണ് സ്ത്രീകള്‍ വിഭിന്നരായി പരിഗണിക്കപ്പെടുന്നത്.

ബാലതൊഴില്‍ നിയമവും, ബാലനീതി നിയമവും, ഫാക്ടറി നിയമവുമെല്ലാം കുട്ടികളുടെ അവകാശ സംരക്ഷണം ലക്ഷ്യം വെച്ചുളള താണെങ്കിലും, ഇന്ത്യയില്‍ കുട്ടികള്‍ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ചൂഷണത്തിനും അനീതിക്കും വിധേയരാകുന്നു. ബാലവേലയ്ക്കും ചൂഷണങ്ങള്‍ക്കും ഇരകളാകുന്ന കുട്ടികള്‍, മുതിര്‍ന്ന കുറ്റവാളികളോ ടെന്നപോലുളള പരുഷമായ പെരുമാറ്റ രീതികള്‍ക്കു വിധേയരാകുന്ന ബാല്യങ്ങള്‍, എയ്ഡ്സ് ബാധിതരുടെ മക്കള്‍ നേരിടുന്ന സാമൂഹിക ഒറ്റപ്പെടുത്തലുകള്‍, ബാഹ്യസാഹചര്യങ്ങള്‍ മൂലം നിരക്ഷരരായി കഴിയേണ്ടിവരുന്ന നിര്‍ദ്ധന കുടുംബങ്ങളിലെ കുട്ടികള്‍ എന്നിവ എടുത്തു പറയത്തക്ക ഉദാഹരണങ്ങളാണ്. വന്‍ നഗരങ്ങളിലെ ചേരി കളില്‍ വസിക്കുന്ന കുട്ടികള്‍ പലപ്പോഴും തടവിലാക്കപ്പെടുകയും, മര്‍ദ്ദനങ്ങള്‍ക്കും പീഢനമുറകള്‍ക്കും വിധേയരാകുന്നതായും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

4. ശാസ്ത്ര സാങ്കേതിക വിധ്യയുടെ അപകടങ്ങള്‍

ജീവശാസ്ത്ര ഗവേഷണത്തിന്‍റെ വികസനവും ശാസ്ത്ര സാങ്കേതിക വിദ്യയുടെ ദുരുപയോഗവും മനുഷ്യനെ ആസ്പദമാക്കി നടത്തുന്ന മെഡിക്കല്‍ പരീക്ഷണങ്ങളും പലപ്പോഴും മനുഷ്യാവകാശ ലംഘനമാകാറുണ്ട്. വാടക ഗര്‍ഭധാരണം, കൃത്രിമ ഗര്‍ഭധാരണ രീതി, ശാസ്ത്ര സഹായത്തോടെയുളള ജനിതക തിരിമറി, പെണ്‍ഭ്രൂണഹത്യ, ഗര്‍ഭനിരോധന ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, വാണിജ്യ വല്‍ക്കരിക്കപ്പെടുന്ന അവയവദാനം, നിരോധിക്കപ്പെട്ട മരുന്നുകളുടെ വിപണനം എന്നിവ പ്രത്യേകം എടുത്തു പറയത്തക്കവയാണ്. സ്ത്രീകളെ നേരിട്ട് ബാധിക്കുകയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ അവരില്‍ ഇവ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. രോഗിയെ ആസ്പദമാക്കി നടത്തുന്ന പരീക്ഷണങ്ങള്‍ക്ക് രോഗിയുടേയോ അടുത്ത ബന്ധുവിന്‍േറയോ സമ്മതം വേണമെന്ന് നിഷ്ക്കര്‍ഷിക്കുന്ന ന്യൂറംബര്‍ഗ് കോഡും, ഹെല്‍സിങ്കി പ്രഖ്യാപനവും, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്‍റെ ബയോ മെഡിക്കല്‍ ഗവേഷണവുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിലവിലിരിക്കെ അവ ലംഘിച്ച് മനുഷ്യരില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ മനുഷ്യാവകാശ ങ്ങളോടുളള കനത്ത വെല്ലുവിളിയാണ്.

5. വേണ്ടത് ശക്തമായ നിലപാടുകള്‍

മനുഷ്യാവകാശ സംരക്ഷണ രംഗത്ത് നാം ഉണര്‍ന്ന് കൂടുതല്‍ ശക്തമായ നിലപാടുകളും സമീപനങ്ങളും സ്വീകരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ അടിത്തറയുളള ജനാധിപത്യ പാരമ്പര്യവും, ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന പൗരസമൂഹവും, ശക്തമായ നിതീന്യായ സംവിധാനവും, മനുഷ്യാവകാശ സംരക്ഷണ ദൗത്യത്തിന് ഉറച്ച പിന്തുണ നല്‍കണം. അവകാശങ്ങളെ പരസ്പരം ബഹുമാനിച്ചും കര്‍ത്തവ്യങ്ങളെ പരസ്പരം ഓര്‍മ്മപ്പെടുത്തിയും നാം മുന്നോട്ട് നീങ്ങണം. അതോടൊപ്പം അവകാശങ്ങളെ മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് പുനര്‍ വ്യാഖ്യാനി ക്കുകയും, ശക്തിപ്പെടുത്തുകയും, പ്രത്യേകം ശ്രദ്ധിക്കേണ്ടതിനെ തിരിച്ചറിഞ്ഞ് മുന്‍ഗണന നിശ്ചയിക്കുകയും വേണം. ലോകജനത ആഗ്രഹി ക്കുന്നതും അതുതന്നെ.

logo
Metro Vaartha
www.metrovaartha.com