

ദീർഘകാലം നിലനിൽക്കുന്ന ശക്തമായ സ്ഥാപനങ്ങളിലാണ് ഒരു രാജ്യത്തിന്‍റെ ഭാവി അടങ്ങിയിരിക്കുന്നതെന്ന് ഡോ. മുഖർജി നേരത്തേ മനസിലാക്കി
കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി
ചരിത്രം മഹത്തായ നേതാക്കളെ ഓർമിക്കുന്നത് അവർ നയിച്ച രാഷ്‌ട്രീയ പോരാട്ടങ്ങളിലൂടെയാണ്. എന്നിരുന്നാലും, ഭരണതന്ത്രജ്ഞരുടെ ഏറ്റവും ശാശ്വതമായ സംഭാവനകൾ രാഷ്‌ട്രീയത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. അവർ രൂപീകരിക്കുന്ന സ്ഥാപനങ്ങളിലും, അവർ പോഷിപ്പിക്കുന്ന ആശയങ്ങളിലും, ഭാവി തലമുറകൾക്കായി അവർ കരുതിവയ്ക്കുന്ന മൂല്യങ്ങളിലുമാണ് അവരുടെ യഥാർഥ പാരമ്പര്യം അടങ്ങിയിരിക്കുന്നത്.
ഭാരത കേസരി, ജനസംഘം സ്ഥാപകൻ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125ാം ജന്മവാർഷികം രാജ്യം ആഘോഷിക്കുന്ന ഈ വേളയിൽ, അദ്ദേഹത്തിന്‍റെ പൊതുജീവിതത്തിൽ ഏറെ ശ്രദ്ധ അർഹിക്കുന്ന ഒരു വശത്തെക്കുറിച്ച് വീണ്ടും ചിന്തിക്കേണ്ടതുണ്ട്: രാഷ്‌ട്ര നിർമാണത്തിന്‍റെ അടിത്തറയെന്നോണം സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാൻ അദ്ദേഹം ജീവിതകാലം മുഴുവൻ നൽകിയ സംഭാവനകൾ.
സ്വതന്ത്ര ഇന്ത്യ ഉയർന്നുവന്നത് കേവലം ഒരു രാഷ്‌ട്രീയ പോരാട്ടത്തിൽ നിന്ന് മാത്രമല്ല. പൗരന്മാർക്ക് വിദ്യാഭ്യാസം നൽകാൻ ശേഷിയുള്ള സർവകലാശാലകളും, ശാസ്ത്രീയ വിജ്ഞാനം വർധിപ്പിക്കാൻ കഴിയുന്ന ഗവേഷണ സ്ഥാപനങ്ങളും, സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കുന്ന വ്യവസായങ്ങളും, സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്ന സാംസ്കാരിക സംഘടനകളും, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയുന്ന പൊതുസ്ഥാപനങ്ങളും അതിന് കെട്ടിപ്പടുക്കേണ്ടതുണ്ടായിരുന്നു.
വ്യക്തിഗത നേതാക്കളെക്കാളും ഗവൺമെന്‍റുകളെക്കാളും ദീർഘകാലം നിലനിൽക്കുന്ന ശക്തമായ സ്ഥാപനങ്ങളിലാണ് ഒരു രാജ്യത്തിന്‍റെ ഭാവി അടങ്ങിയിരിക്കുന്നതെന്ന് ഡോ. മുഖർജി നേരത്തേ മനസിലാക്കിയിരുന്നു.
അദ്ദേഹത്തിന്‍റെ അക്കാദമിക ജീവിതം ഈ ബോധ്യത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. കൊൽക്കത്ത സർവകലാശാലയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറായി നിയമിതനായ അദ്ദേഹം, ഇന്ത്യയുടെ ബൗദ്ധിക ഉണർവിന് ഉന്നത വിദ്യാഭ്യാസം കേന്ദ്രബിന്ദുവായി മാറിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ചുമതലയേറ്റത്.
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സർവകലാശാലകൾ കേവലം ബിരുദധാരികളെ സൃഷ്ടിക്കുന്ന സ്ഥലങ്ങൾ മാത്രമായിരുന്നില്ല; പൊതുജീവിതത്തിൽ ഉത്തരവാദിത്തത്തോടെ സംഭാവനകൾ നൽകാൻ ശേഷിയുള്ള ബോധവാന്മാരായ പൗരന്മാരെ രൂപപ്പെടുത്തിയെടുക്കുന്ന സ്ഥാപനങ്ങളായിരുന്നു. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടിൽ വിദ്യാഭ്യാസം രാഷ്‌ട്രനിർമാണമെന്ന വലിയ ദൗത്യത്തിൽ നിന്നും വേർപെടുത്താൻ കഴിയാത്ത ഒന്നായിരുന്നു.
ശാസ്ത്രീയവും സാങ്കേതികവുമായ പുരോഗതിയോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധത സർവകലാശാലാ ക്യാംപസിനും അപ്പുറത്തേക്ക് വ്യാപിച്ചു. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്‍റെ കോർട്ട് ആൻഡ് കൗൺസിൽ അംഗമെന്ന നിലയിൽ ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളിലൊന്നിനെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം സംഭാവനകൾ നൽകി.
സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്ക് എൻജിനീയറിങ് വിദ്യാഭ്യാസവും സാങ്കേതിക ശേഷിയും അനിവാര്യമായി മാറുമെന്ന് തിരിച്ചറിഞ്ഞ് 1947ൽ അദ്ദേഹം ഡിപ്പാർട്ട്മെന്‍റ് ഓഫ് പവർ എൻജിനീയറിങ്ങിന് തറക്കല്ലിട്ടു. നവീകരണം ഒരു പ്രധാന നയപരമായ ലക്ഷ്യമായി മാറുന്നതിന് എത്രയോ മുമ്പേ ശാസ്ത്രീയ മികവും വ്യവസായ വികസനവുമാണ് രാജ്യത്തിന്‍റെ ദീർഘകാല കരുത്ത് നിർണയിക്കുകയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.
സ്വാതന്ത്ര്യാനന്തരം ഡോ. മുഖർജി ഇന്ത്യയുടെ ആദ്യത്തെ വ്യവസായ- വിതരണ മന്ത്രിയായപ്പോൾ ഈ ദീർഘവീക്ഷണത്തിന് പ്രായോഗിക രൂപം കൈവന്നു. രാജ്യം രൂപപ്പെട്ടു വന്നുകൊണ്ടിരുന്ന ആ ആദ്യ വർഷങ്ങളിൽ പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യം ഒന്നുമില്ലായ്മയിൽ നിന്ന് ഒരു വ്യവസായ അടിത്തറ കെട്ടിപ്പടുക്കേണ്ട വലിയ വെല്ലുവിളിയാണ് നേരിട്ടത്.
ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ്, സിന്ദ്രി ഫെർട്ടിലൈസർ ഫാക്റ്ററി തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥാപിതമായത് കേവലം ഉത്പാദന യൂണിറ്റുകളായല്ല, സാങ്കേതിക ശേഷിയും സാമ്പത്തിക സ്വയംപര്യാപ്തതയും കൈവരിക്കാനുള്ള ഇന്ത്യയുടെ നിശ്ചയദാർഢ്യത്തിന്‍റെ പ്രതീകങ്ങളായാണ്. ഡോ. മുഖർജിയെ സംബന്ധിച്ചിടത്തോളം വ്യവസായവത്കരണം ഒരിക്കലും ലക്ഷ്യമായിരുന്നില്ല; അത് ദേശീയ ശേഷിയിലും കൂട്ടായ ആത്മവിശ്വാസത്തിലുമുള്ള ഒരു നിക്ഷേപമായിരുന്നു.
എന്നിരുന്നാലും, സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാൻ ഭൗതികമായ അടിസ്ഥാന സൗകര്യങ്ങളോ ഭരണപരമായ കാര്യക്ഷമതയോ മാത്രം പോരാ. അതിന് കാരുണ്യവും പൊതുജനതാത്പര്യവും ആഴത്തിലുള്ള ധാർമിക ഉത്തരവാദിത്തബോധവും ആവശ്യമാണ്.
20ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മാനുഷിക ദുരന്തങ്ങളിലൊന്നായ 1943ലെ ബംഗാൾ ക്ഷാമകാലത്ത് ദുരിതബാധിതർക്കായി വൻതോതിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ ഡോ. മുഖർജി പൂർണമായി മുഴുകിയപ്പോൾ ഈ ഗുണങ്ങൾ പ്രകടമായിരുന്നു. വിഭജനത്തെത്തുടർന്ന്, രാജ്യത്തിന്‍റെ പുനർനിർമാണം എന്നത് സ്ഥാപനങ്ങൾ പുനഃസ്ഥാപിക്കുന്നതുപോലെ തന്നെ മനുഷ്യരുടെ ദുരിതങ്ങൾ ഇല്ലാതാക്കുന്നതു കൂടിയാണെന്ന് തിരിച്ചറിഞ്ഞ്, പലായനം ചെയ്യേണ്ടി വന്ന ജനങ്ങളുടെ പുനരധിവാസത്തിനായി അദ്ദേഹം വ്യാപകമായി പ്രവർത്തിച്ചു.
അദ്ദേഹത്തിന്‍റെ പൊതുജീവിതം രാജ്യത്തിന്‍റെ സാംസ്കാരിക പൈതൃകത്തോടുള്ള ആഴമേറിയ ആദരവിനെയും പ്രതിഫലിപ്പിക്കുന്നതായിരുന്നു. മഹാബോധി സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ് എന്ന നിലയിൽ ബുദ്ധമത രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സാംസ്കാരികവും ആത്മീയവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു.
ബുദ്ധന്‍റെ പ്രധാന ശിഷ്യന്മാരായ അർഹന്ത് സാരിപുത്രന്‍റെയും അർഹന്ത് മൗദ്ഗല്യായനന്‍റെയും പവിത്രമായ തിരുശേഷിപ്പുകളെ ഇന്ത്യയിലേക്ക് സ്വീകരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം, സാംസ്കാരിക നയതന്ത്രത്തിന്‍റെ ശാശ്വത പ്രാധാന്യത്തെ തിരിച്ചറിഞ്ഞിരുന്നു. മംഗോളിയ പോലുള്ള രാജ്യങ്ങളുമായി ഈ വിശുദ്ധ തിരുശേഷിപ്പുകൾ പങ്കുവയ്ക്കാൻ ഇന്ന് ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ പോലും സാംസ്കാരിക പൈതൃകം എങ്ങനെയാണ് അന്താരാഷ്‌ട്ര സൗഹൃദം ശക്തിപ്പെടുത്തുന്നതിനും ചരിത്രപരമായ ബന്ധങ്ങൾ ആഴത്തിലാക്കുന്നതിനും ഇപ്പോഴും സഹായിക്കുന്നത് എന്ന് തെളിയിക്കുന്നു.
സാഹിത്യത്തോടും പണ്ഡിതന്മാരോടും അദ്ദേഹത്തിനുണ്ടായിരുന്ന താത്പര്യവും ഇതേപോലെ തന്നെ വ്യക്തമാക്കുന്നതായിരുന്നു. പ്രശസ്ത കവി കാസി നസ്റുൽ ഇസ്‌ലാം വ്യക്തിപരമായ ബുദ്ധിമുട്ടുകൾ നേരിട്ട ഒരു കാലഘട്ടത്തിൽ ഡോ. മുഖർജി അദ്ദേഹത്തിന് നൽകിയ സഹായങ്ങൾ അവരുടെ കത്തുകളിൽ നിന്ന് വ്യക്തമാണ്. ഇത്തരം സംഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നത്, പൊതു നേതൃത്വം എന്നത് പലപ്പോഴും അളക്കപ്പെടുന്നത് വലിയ നയപരമായ തീരുമാനങ്ങളാൽ മാത്രമല്ല, പൊതുശ്രദ്ധയിൽ പെടാതെ പോകുന്ന ഇത്തരം ശാന്തമായ കാരുണ്യപ്രവർത്തികളിലൂടെ കൂടിയാണ് എന്നാണ്.
ഭരണഘടനാ നിർമാണ സഭയിലേക്കും ഡോ. മുഖർജി ഇതേ സ്ഥാപനപരമായ കാഴ്ചപ്പാടു തന്നെയാണു കൊണ്ടുവന്നത്. ഭരണഘടന രൂപീകരിക്കുന്നതിനെ "വലിയൊരു ഉത്തരവാദിത്തം' എന്നും "പാവനവും വിശുദ്ധവുമായ ഒരു ചുമതല' എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്, കൂടാതെ ഭരണഘടനാപരമായ ഭരണത്തോടൊപ്പം ഉണ്ടാകേണ്ട ധാർമിക കടമകളെ അടിവരയിട്ടു പറയുകയും ചെയ്തു.
ആ വാക്കുകൾ ഇന്നും പ്രസക്തമായി നിലകൊള്ളുന്നു. ഭരണഘടനയുടെ കരുത്ത് എന്നത് ആത്യന്തികമായി അതിൽ എഴുതിവച്ചിരിക്കുന്ന വ്യവസ്ഥകളിൽ മാത്രമല്ല, പാർലമെന്‍റിന്‍റെ സമഗ്രത, പൊതുസ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം, നിയമവാഴ്ച, പൗരന്മാരുടെ പൗരബോധം എന്നിവയിൽക്കൂടിയാണ് അധിഷ്ഠിതമായിരിക്കുന്നത്. സ്ഥാപനങ്ങൾ പൊതുജനവിശ്വാസം നേടിയെടുക്കുകയും സമഗ്രതയോടെ പ്രവർത്തിക്കുകയും ചെയ്യുമ്പോഴേ ഭരണഘടനാപരമായ ജനാധിപത്യം അഭിവൃദ്ധിപ്പെടൂ.
ഇന്ത്യ ഒരു വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്കു മുന്നേറിക്കൊണ്ടിരിക്കുമ്പോൾ, ഡോ. മുഖർജിയുടെ ദീർഘവീക്ഷണം ഒരു പ്രധാനപ്പെട്ട ഓർമപ്പെടുത്തൽ നൽകുന്നു. സാമ്പത്തിക വളർച്ചയ്ക്ക് മാത്രം ഒരു രാജ്യത്തിന്‍റെ പുരോഗതിയെ നിർവചിക്കാൻ കഴിയില്ല. ശാശ്വതമായ വികസനത്തിന് വിദ്യാഭ്യാസം, ശാസ്ത്രീയ ഗവേഷണം, സാങ്കേതിക നവീകരണം, സാംസ്കാരിക സംരക്ഷണം എന്നിവയിലും പൊതുജനവിശ്വാസം ഉണർത്തുന്ന സ്ഥാപനങ്ങളിലും നിരന്തരമായ നിക്ഷേപം ആവശ്യമാണ്.
റോഡുകളും വിമാനത്താവളങ്ങളും ഫാക്റ്ററികളും അനിവാര്യമാണ്, എന്നാൽ അതോടൊപ്പം അന്വേഷണാത്മകതയെ പ്രോത്സാഹിപ്പിക്കുന്ന സർവകലാശാലകളും, അറിവ് വർധിപ്പിക്കുന്ന ലബോറട്ടറികളും, പൈതൃകം സംരക്ഷിക്കുന്ന മ്യൂസിയങ്ങളും, ഭരണഘടനാ മൂല്യങ്ങൾക്ക് കാവൽ നിൽക്കുന്ന പൊതുസ്ഥാപനങ്ങളും അത്യന്താപേക്ഷിതമാണ്.
സ്ഥാപനങ്ങൾക്ക് സവിശേഷമായ ഒരു ഗുണമുണ്ട്: അവ ഗവൺമെന്‍റുകളെയും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെയും എന്തിന് തലമുറകളെപ്പോലും അതിജീവിച്ച് നിലനിൽക്കുന്നു. അവ ആർജിച്ച അറിവുകളെ സംരക്ഷിക്കുകയും, മാറ്റങ്ങൾക്കിടയിലും തുടർച്ച നൽകുകയും, ദീർഘകാല ദേശീയ ലക്ഷ്യങ്ങൾ പിന്തുടരാൻ സമൂഹങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. നേതാക്കൾ ചരിത്രം സൃഷ്ടിച്ചേക്കാം, എന്നാൽ സ്ഥാപനങ്ങളാണ് സംസ്കാരത്തെ നിലനിർത്തുന്നത്.
ഒരുപക്ഷേ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ പൊതുജീവിതത്തിലെ ഏറ്റവും ശാശ്വതമായ പാഠം ഇതായിരിക്കാം. അദ്ദേഹത്തിന്‍റെ പാരമ്പര്യം അടങ്ങിയിരിക്കുന്നത് അദ്ദേഹം വഹിച്ച പദവികളിലോ അദ്ദേഹം പങ്കെടുത്ത സംവാദങ്ങളിലോ മാത്രമല്ല, മറിച്ച് ശക്തമായ സ്ഥാപനങ്ങളാണ് ഒരു രാജ്യത്തിന്‍റെ ആഗ്രഹങ്ങളുടെ യഥാർഥ കാവൽക്കാർ എന്ന അദ്ദേഹത്തിന്‍റെ അടിയുറച്ച വിശ്വാസത്തിലാണ്.
ഇന്ത്യ അതിന്‍റെ വികസന പ്രയാണം തുടരുമ്പോൾ അറിവ്, ശാസ്ത്രബോധം, സാംസ്കാരിക ആത്മവിശ്വാസം, ഭരണഘടനാ മൂല്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ആ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതായിരിക്കും അദ്ദേഹത്തിന്‍റെ സ്മരണയ്ക്ക് നൽകാൻ കഴിയുന്ന ഏറ്റവും അർഥവത്തായ ശ്രദ്ധാഞ്ജലി.