പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന് ഒരു പതിറ്റാണ്ട്

പിഎംഎസ്എംഎയുടെ വിജയം മാതൃ ആരോഗ്യ ആവാസ വ്യവസ്ഥയിലുടനീളമുള്ള ഏകോപനത്തിന്‍റെ പ്രാധാന്യത്തെയും ഉയർത്തിക്കാട്ടുന്നു.
 Prime Minister's Safe Motherhood Campaign marks a decade

പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന് ഒരു പതിറ്റാണ്ട്

Updated on

* മാതൃ ആരോഗ്യ പരിവർത്തനം വലിയ മുന്നേറ്റം കൈവരിച്ചു

* സുരക്ഷിത മാതൃത്വത്തിലേക്കുള്ള പ്രയാണം വേഗത്തിലായി

ജഗത് പ്രകാശ് നഡ്ഡ

കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രി

സുരക്ഷിതമായ ഓരോ ഗർഭധാരണവും ഒരു രാജ്യം അവരുടെ സ്ത്രീകളോടു കാട്ടുന്ന പ്രതിജ്ഞാബദ്ധതയുടെ പ്രതിഫലനമാണ്. പ്രതിവർഷം ഏകദേശം 2.9 കോടി ഗർഭധാരണങ്ങൾ നടക്കുന്ന ഒരു രാജ്യത്ത്, സുരക്ഷിതമായ മാതൃത്വം ഉറപ്പാക്കാൻ കരുത്തുറ്റ ആരോഗ്യ സംവിധാനങ്ങൾ, സുസ്ഥിരമായ രാഷ്‌ട്രീയ പ്രതിജ്ഞാബദ്ധത, യഥാസമയ ഇടപെടലുകൾ, ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങളിലേക്കു തുല്യമായ പ്രവേശനം എന്നിവ വലിയ തോതിൽ വേണ്ടതുണ്ട്.

കഴിഞ്ഞ പതിറ്റാണ്ടിൽ മാതൃമരണ നിരക്കിലുണ്ടായ ശ്രദ്ധേയമായ കുറവ് ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ നേട്ടങ്ങളിലൊന്നാണ്. മാതൃ ആരോഗ്യ മേഖലയിലെ സുസ്ഥിരമായ നിക്ഷേപങ്ങൾ, കരുത്തുറ്റ സേവന വിതരണ സംവിധാനങ്ങൾ, സാമൂഹ്യ പങ്കാളിത്തം, ഓരോ സ്ത്രീക്കും ഗർഭകാല യാത്രയിലുടനീളം ഗുണമേന്മയുള്ള പരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നിരന്തര പ്രതിജ്ഞാബദ്ധത എന്നിവയാണ് ഈ പുരോഗതിക്ക് ഉണർവേകിയത്.

ഈ പരിവർത്തനത്തിന്‍റെ കേന്ദ്ര ബിന്ദു ""പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ'' (പിഎംഎസ്എംഎ) ആണ്. 10 വർഷം പൂർത്തിയാക്കുന്ന ഈ പദ്ധതി രാജ്യത്തുടനീളം സുരക്ഷിതമായ മാതൃത്വം പ്രോത്സാഹിപ്പിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവന ചെയ്ത ഈ പദ്ധതിക്കു തുടക്കം കുറിച്ചത് 2016 ജൂൺ 9നാണ്. ഗർഭകാലത്തിന്‍റെ രണ്ടും മൂന്നും ത്രൈമാസ ഘട്ടങ്ങളിലുള്ള എല്ലാ ഗർഭിണികൾക്കും ഓരോ മാസവും 9ാം തീയതി സൗജന്യവും ഗുണമേന്മയുള്ളതുമായ ഗർഭകാല ആരോഗ്യ പരിശോധനയും പരിചരണ സേവനങ്ങളും ഉറപ്പാക്കുക എന്നതാണു ലക്ഷ്യമിടുന്നത്.

9ാം തീയതി തെരഞ്ഞെടുത്തതിനു പിന്നിൽ ഏറെ പ്രാധാന്യമർഹിക്കുന്ന കാരണമുണ്ട്. ഗർഭധാരണം വിലപ്പെട്ട 9 മാസത്തെ യാത്രയാണ്. ഓരോ മാസവും പുതിയ പ്രതീക്ഷയും കാത്തിരിപ്പും ഉത്തരവാദിത്വവുമാണു കൊണ്ടുവരുന്നത്. എല്ലാ മാസവും 9ന് അമ്മമാരുടെ ആരോഗ്യത്തിനായി സമർപ്പിക്കുന്നതിലൂടെ, ഗർഭകാലം മുഴുവൻ അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ നിരന്തര പരിചരണവും ആരോഗ്യ പരിശോധനയും പിന്തുണയും ഉറപ്പാക്കി, ആരോഗ്യമുള്ള കുഞ്ഞിന്‍റെ സുരക്ഷിത ജനനം സാധ്യമാക്കണമെന്ന സന്ദേശമാണ് പിഎംഎസ്എംഎ നൽകുന്നത്.

മാതൃ ആരോഗ്യ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട പാഠങ്ങളിലൊന്ന്, ഒരു ഗർഭധാരണവും അപകട സാധ്യതകളിൽ നിന്നു പൂർണമായും മുക്തമല്ല എന്നതാണ്. ഇന്നു സാധാരണ നിലയിൽ കാണപ്പെടുന്ന ഗർഭധാരണത്തിൽ നാളെ ഗുരുതര സങ്കീർണതകൾ ഉണ്ടായേക്കാം. മുന്നറിയിപ്പുകളില്ലാതെ ഏതു ഗർഭധാരണവും ഉയർന്ന അപകട സാധ്യതയുള്ളതായി മാറാമെന്ന തിരിച്ചറിവിൽ, അപകട സാധ്യതകൾ നേരത്തേ കണ്ടെത്തുകയും അവ കൃത്യമായി നിരീക്ഷിക്കുകയും യഥാസമയം പരിചരണത്തിനു നിർദേശിക്കുകയും പരിചരണം ഉറപ്പാക്കുകയും ചെയ്യുന്ന, ലളിതവും എന്നാൽ പരിവർത്തനാത്മകവുമായ സമീപനമാണ് പിഎംഎസ്എംഎ അവതരിപ്പിച്ചത്.

തിരിച്ചറിയപ്പെടുന്ന ഉയർന്ന അപകടസാധ്യതയുള്ള ഓരോ ഗർഭധാരണവും ഒരു മാതൃ മരണം, പ്രസവസമയത്തെ ശിശു മരണം, നവജാത ശിശുവിനുള്ള സങ്കീർണതകൾ അല്ലെങ്കിൽ ജീവിതാവസാനം വരെയുള്ള വൈകല്യങ്ങൾ എന്നിവ തടയാനുള്ള അവസരത്തെയാണു പ്രതിനിധാനം ചെയ്യുന്നത്. സങ്കീർണതകൾ ഉണ്ടായ ശേഷം ചികിത്സിക്കുന്നതിൽ നിന്ന്, അവ മുൻകൂട്ടി തടയുന്നതിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെ പിഎംഎസ്എംഎ ഇന്ത്യയുടെ മാതൃ ആരോഗ്യ സംരക്ഷണ സംവിധാനത്തിനു കരുത്തേകുകയും കോടിക്കണക്കിനു സ്ത്രീകളുടെ ഗർഭകാലം കൂടുതൽ സുരക്ഷിതമാക്കുകയും ചെയ്തു.

വിദഗ്ധരുടെ നേതൃത്വത്തിലുള്ള പ്രസവപൂർവ പരിചരണത്തിനായി ഒരു നിശ്ചിത ദിവസത്തെ ഉറപ്പുള്ള സംവിധാനം വ്യവസ്ഥാപിതമാക്കി എന്നതാണ് പിഎംഎസ്എംഎയുടെ ശക്തികളിലൊന്ന്. ഇതു രാജ്യത്തുടനീളമുള്ള മാതൃ ആരോഗ്യ സേവനങ്ങൾക്കു കൃത്യതയും ഉത്തരവാദിത്വവും തുടർച്ചയും നൽകി. ഈ പദ്ധതിക്കു കീഴിൽ, ഗർഭിണികളായ സ്ത്രീകളെ കഠിനമായ വിളർച്ച, രക്തസമ്മർദം, ഗർഭകാല പ്രമേഹം, അണുബാധകൾ, നേരത്തേ കണ്ടെത്തിയില്ലെങ്കിൽ അമ്മയുടെയും നവജാത ശിശുവിന്‍റെയും ജീവനു തന്നെ ഭീഷണിയായേക്കാവുന്ന മറ്റു സങ്കീർണതകൾ എന്നിവയുൾപ്പെടെ ഉയർന്ന അപകടസാധ്യതയുള്ള (എച്ച്ആർപി) ഏകദേശം 25 പരിശോധനയ്ക്കു വിധേയരാക്കുന്നു.

ഉയർന്ന അപകട സാധ്യതയുള്ള ഗർഭധാരണങ്ങൾക്ക്, പിഎംഎസ്എംഎ പ്രകാരമുള്ള സ്പെഷ്യലിസ്റ്റ്/ മെഡിക്കൽ ഓഫിസറുടെ പതിവു പ്രസവപൂർവ പരിചരണ സന്ദർശനത്തിനപ്പുറം, നിരന്തര നിരീക്ഷണം ആവശ്യമാണെന്ന കണ്ടെത്തലുകൾ വന്നതോടെ, ഗവണ്മെന്‍റ് 2022ൽ വിപുലീകരിച്ച പിഎംഎസ്എംഎ (ഇ- പിഎംഎസ്എംഎ) തന്ത്രം ആവിഷ്കരിച്ച് ഈ ദൗത്യത്തിനു കൂടുതൽ കരുത്തേകി.

ഇ- പിഎംഎസ്എംഎ പ്രകാരം, ഉയർന്ന അപകട സാധ്യതയുള്ള ഗർഭിണികൾക്ക്, സുരക്ഷിതമായ പ്രസവം വരെ യഥാസമയം പരിചരണം ഉറപ്പാക്കാൻ, സാധാരണ പിഎംഎസ്എംഎ സെഷനുകൾക്കു പുറമെ അധിക "ഫോളോ-അപ്പ് ' സന്ദർശനങ്ങൾ ലഭ്യമാക്കുന്നു. ഉയർന്ന അപകട സാധ്യതയുള്ള ഗർഭധാരണങ്ങൾ പേരുവിവരങ്ങൾ സഹിതം പിന്തുടരുന്ന രീതി ഈ സംരംഭം അവതരിപ്പിച്ചു. പ്രസവ ശേഷം 45ാം ദിവസം വരെ ഫോളോ അപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തി. ഉയർന്ന അപകട സാധ്യതയുള്ള ഗർഭിണികളെ അധിക സന്ദർശനങ്ങൾക്കായി അനുഗമിക്കുന്ന അംഗീകൃത സാമൂഹ്യ ആരോഗ്യ പ്രവർത്തകർക്ക് ("ആശ'മാർ) പ്രോത്സാഹന ധനം നൽകുന്നത്, റഫറൽ നിർദേശങ്ങൾ പാലിക്കുന്നതിനും പരിചരണത്തിന്‍റെ തുടർച്ച ഉറപ്പാക്കുന്നതിനും കൂടുതൽ കരുത്തുപകർന്നു.

പദ്ധതി നടപ്പാക്കൽ, നിരീക്ഷണം, ഉത്തരവാദിത്വം എന്നിവ കൂടുതൽ ശക്തിപ്പെടുത്താൻ രാജ്യത്തുടനീളമുള്ള പദ്ധതി പരിപാലനത്തിന്‍റെ നട്ടെല്ലായി വർത്തിക്കുന്ന പിഎംഎസ്എംഎ ഡിജിറ്റൽ പോർട്ടൽ ഗവണ്മെന്‍റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. സേവന വിതരണത്തിന്‍റെ തത്സമയ റിപ്പോർട്ടിങ്, ഉയർന്ന അപകട സാധ്യതയുള്ള ഗർഭധാരണങ്ങളുടെ പേരുവിവരങ്ങൾ സഹിതമുള്ള ട്രാക്കിങ്, പദ്ധതിയുടെ പ്രകടനം വിലയിരുത്തൽ, ദേശീയ- സംസ്ഥാന തലങ്ങളിൽ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള തീരുമാനമെടുക്കൽ എന്നിവ ഈ പോർട്ടൽ സാധ്യമാക്കുന്നു. സ്വകാര്യ മേഖലയിലെ വിദഗ്ധർക്കും കമ്യൂണിറ്റി വോളന്‍റിയർമാർക്കും രജിസ്റ്റർ ചെയ്യാനും പദ്ധതിയിലേക്കു സംഭാവന നൽകാനും ഈ സംവിധാനം അവസരമൊരുക്കുന്നു. ഇതു ജനപങ്കാളിത്തം എന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിന് അടിവരയിടുന്നു. പിഎംഎസ്എംഎയുടെ കേന്ദ്ര ബിന്ദുവാണു ജനപങ്കാളിത്തം.

പിഎംഎസ്എംഎയുടെ വിജയം മാതൃ ആരോഗ്യ ആവാസ വ്യവസ്ഥയിലുടനീളമുള്ള ഏകോപനത്തിന്‍റെ പ്രാധാന്യത്തെയും ഉയർത്തിക്കാട്ടുന്നു. ജനനി സുരക്ഷാ യോജന (ജഎസ്‌വൈ), ജനനി ശിശു സുരക്ഷാ കാര്യക്രം (ജെഎസ്എസ്കെ), സുരക്ഷിത് മാതൃത്വ ആശ്വാസൻ (സുമൻ), നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ്, പോഷൺ അഭിയാൻ, പ്രധാൻ മന്ത്രി മാതൃ വന്ദന യോജന, ആയുഷ്മാൻ ഭാരത്, മിഡ്‌വൈഫറി സേവനങ്ങൾ, പ്രസവാനന്തര ആരോഗ്യപരിചരണവും തുടർപരിപാലനവും തുടങ്ങിയ സംരംഭങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നതിലൂടെ, ഗർഭകാലത്തും പ്രസവസമയത്തും പ്രസവാനന്തര കാലയളവിലും സ്ത്രീകൾക്കു കൂടുതൽ കരുത്തുറ്റതും തുടർച്ചയായതുമായ പരിചരണം ഉറപ്പാക്കുന്നതിൽ പിഎംഎസ്എംഎ സംഭാവന നൽകി.

മുൻനിര ആരോഗ്യപ്രവർത്തകരായ അംഗീകൃത സാമൂഹ്യ ആരോഗ്യപ്രവർത്തകർ (ആശ), അങ്കണവാടി ജീവനക്കാർ, ഓക്സിലറി നേഴ്സ് മിഡ്‌വൈഫുമാർ, കമ്മ്യൂണിറ്റി ഹെൽത്ത് ഓഫിസർമാർ, നഴ്സുമാർ, മിഡ്‌വൈഫുമാർ, മെഡിക്കൽ ഓഫിസർമാർ എന്നിവരാണ് ഈ പരിവർത്തനത്തിന്‍റെ കേന്ദ്ര ബിന്ദു. സാമൂഹ്യതലത്തിൽ പദ്ധതി ജനകീയമാക്കൽ, കൗൺസിലിങ്, പരിശോധന, റഫറൽ, ഫോളോ അപ്പ് എന്നിവയിലെ ഇവരുടെ അക്ഷീണ പരിശ്രമങ്ങൾ, രാജ്യത്തെ ഏറ്റവും വിദൂരവും സേവന ലഭ്യത കുറഞ്ഞതുമായ പ്രദേശങ്ങളിലെ സ്ത്രീകളിലേക്കു പോലും മാതൃ ആരോഗ്യ സേവനങ്ങൾ എത്തുന്നു എന്ന് ഉറപ്പാക്കി.

ഈ കൂട്ടായ പരിശ്രമങ്ങളുടെ സ്വാധീനം ദേശീയ ആരോഗ്യ ഫലങ്ങളിൽ കൂടുതൽ ദൃശ്യമാകുകയാണ്. 2022-24 കാലയളവിലെ ഏറ്റവും പുതിയ സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം കണക്കുകൾ പ്രകാരം ഇന്ത്യയിലെ മാതൃ മരണ നിരക്ക് ഒരു ലക്ഷം പ്രസവങ്ങൾക്ക് 87 എന്ന നിലയിൽ കുറഞ്ഞു. 2030ഓടെ ഒരു ലക്ഷം പ്രസവങ്ങൾക്ക് മാതൃ മരണ നിരക്ക് 70ൽ താഴെയായി കുറയ്ക്കുക എന്ന സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക് രാജ്യം വേഗം കുതിക്കുകയാണ്.

ഈ നേട്ടങ്ങൾ കൂടുതൽ വിപുലമായ മാതൃ ആരോഗ്യ സൂചകങ്ങളിലും പ്രതിഫലിക്കുന്നു. അടുത്തിടെ പുറത്തുവിട്ട ദേശീയ കുടുംബാരോഗ്യ സർവെ (എൻഎഫ്എച്ച്എസ്- 6, 2023-24) പ്രകാരം, ആശുപത്രി പ്രസവങ്ങൾ എൻഎഫ്എച്ച്എസ്- 5ലെ (2019-21) 88.6 ശതമാനത്തിൽ നിന്ന് 90.6 ശതമാനമായി വർധിച്ചു. അതേസമയം, പ്രസവപൂർവ പരിചരണത്തിന്‍റെ വ്യാപ്തി എൻഎഫ്എച്ച്എസ്- 5ലെ 92.6 ശതമാനത്തിൽ നിന്ന് എൻഎഫ്എച്ച്എസ്- 6ൽ 95.9 ശതമാനമായി മെച്ചപ്പെട്ടു. മുമ്പെന്നത്തേക്കാളും കൂടുതൽ സ്ത്രീകൾ അത്യാവശ്യ മാതൃ ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുവെന്ന് ഈ നേട്ടങ്ങൾ തെളിയിക്കുന്നു. സങ്കീർണതകൾ നേരത്തേ കണ്ടെത്തുന്നതിനും യഥാസമയം ഇടപെടുന്നതിനുമുള്ള വിലപ്പെട്ട അവസരങ്ങൾ ഇതിലൂടെ ലഭിക്കുന്നു. ലോകത്തെ ഏറ്റവും വലിയ വാർഷിക ജനന നിരക്കുകളിലൊന്നു കൈകാര്യം ചെയ്യുമ്പോഴും ഇത്തരം പുരോഗതി നേടാനായത് ഇന്ത്യയുടെ മാതൃ ആരോഗ്യ പദ്ധതികളുടെ വ്യാപ്തിയും ഫലപ്രാപ്തിയും അടിവരയിടുന്നു.

സ്വാധീനത്തിന്‍റെ ഒരു പതിറ്റാണ്ട്

ഒരു പതിറ്റാണ്ടിൽ പിഎംഎസ്എംഎയുടെ വ്യാപ്തിയും സ്വാധീനവും അഭൂതപൂർവമായിരുന്നു. 2016ൽ ആരംഭിച്ചതു മുതൽ രാജ്യത്തുടനീളം ഈ പദ്ധതിക്കു കീഴിൽ 7.5 കോടിയിലധികം പ്രസവപൂർവ പരിശോധനകൾ നടത്തി. പ്രധാനമായും, ഉയർന്ന അപകടസാധ്യതയുള്ള 1.17 കോടിയിലധികം ഗർഭധാരണങ്ങൾ കണ്ടെത്താൻ സാധിച്ചു.

ഈ നേട്ടങ്ങൾ വെറും കണക്കുകൾ മാത്രമല്ല. സമയോചിതമായ ആരോഗ്യപരിചരണം ലഭിച്ച, ആരോഗ്യ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തപ്പെട്ട, സുരക്ഷിതമായ പ്രസവം സാധ്യമായ ലക്ഷക്കണക്കിന് അമ്മമാരുടെ ജീവിതങ്ങളെയാണ്, ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങളിലൂടെ സംരക്ഷിക്കപ്പെട്ട അനേകം നവജാത ശിശുക്കളുടെ ആരോഗ്യവും സുരക്ഷിതത്വവും കൂടിയാണ് ഈ നേട്ടങ്ങൾ സൂചിപ്പിക്കുന്നത്.

ലോകമെമ്പാടുമുള്ള നിരവധി സ്ത്രീകൾ ഇന്നും ഗർഭകാലത്ത് ഒഴിവാക്കാനാകുന്ന അപകട സാധ്യതകൾ നേരിടുന്നുണ്ട്. പുതിയ ജീവനു ജന്മം നൽകുന്നതിനിടെ ഒരു സ്ത്രീക്കും ജീവൻ നഷ്ടപ്പെടരുതെന്നും, ഗർഭധാരണവുമായി ബന്ധപ്പെട്ട് തടയാനാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കാരണം ഒരു കുടുംബത്തിനും അമ്മയെ നഷ്ടപ്പെടരുതെന്നുമുള്ള ലളിതവും ശക്തവുമായ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് പിഎംഎസ്എംഎ കെട്ടിപ്പടുത്തിരിക്കുന്നത്.

പിഎംഎസ്എംഎയുടെ 10 വർഷങ്ങൾ ആഘോഷിക്കുന്ന ഈ വേളയിൽ, ഇന്ത്യ ഒരു പൊതുജനാരോഗ്യ പദ്ധതിയുടെ വിജയം മാത്രമല്ല ആഘോഷിക്കുന്നത്. സുരക്ഷിതമായ ലക്ഷക്കണക്കിനു ഗർഭധാരണങ്ങളെയും, കൂടുതൽ ആരോഗ്യവതികളായ അമ്മമാരെയും, നവജാത ശിശുക്കൾക്കു ലഭിച്ച മികച്ച തുടക്കങ്ങളെയും, ഈ മാറ്റം സാധ്യമാക്കിയ ആരോഗ്യ പ്രവർത്തകരുടെയും സമൂഹങ്ങളുടെയും കുടുംബങ്ങളുടെയും കൂട്ടായ പരിശ്രമങ്ങളെയും കൂടിയാണു രാജ്യം ആഘോഷമാക്കുന്നത്.

ഓരോ സ്ത്രീക്കും സമയബന്ധിതവും അന്തസുറ്റതും ഗുണമേന്മയുള്ളതുമായ ആരോഗ്യ പരിചരണം ലഭ്യമാക്കുകയും ചെയ്താൽ മാതൃ മരണങ്ങൾ ഒഴിവാക്കാം. അതുകൊണ്ടു തന്നെ, പിഎംഎസ്എംഎയുടെ 10 വർഷം എന്നത് ഒരു പദ്ധതിയുടെ ആഘോഷം മാത്രമല്ല. കരുത്തുറ്റ രാഷ്‌ട്രീയ പ്രതിജ്ഞാബദ്ധതയും ശാക്തീകരിക്കപ്പെട്ട ആരോഗ്യ പ്രവർത്തകരും ഡിജിറ്റൽ നൂതനാവിഷ്കാരങ്ങളും സമൂഹത്തിന്‍റെ പങ്കാളിത്തവും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങളും ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ എന്തെല്ലാം കൈവരിക്കാനാകും എന്നു തെളിയിക്കുന്ന സാക്ഷ്യപത്രമാണിത്. ഓരോ അമ്മയുടെയും ജീവൻ സുരക്ഷിതമാക്കുകയും ഓരോ നവജാത ശിശുവിന്‍റെയും ആരോഗ്യകരമായ വളർച്ച ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലേക്കുള്ള കൂട്ടായ പരിശ്രമത്തിന്‍റെ വിജയഗാഥ കൂടിയാണിത്.

സുരക്ഷിത മാതൃത്വത്തിന് കേരളം മാതൃക

ഓരോ ഗർഭധാരണവും നിരീക്ഷണത്തിൽ, ഓരോ ആരോഗ്യ അപകടസാധ്യതയും നിയന്ത്രണത്തിൽ. കരുത്തുറ്റ ഗർഭകാല പരിചരണ സംവിധാനങ്ങൾ, ഉയർന്ന ആരോഗ്യ അപകട സാധ്യതയുള്ള ഗർഭിണികളെ നേരത്തേ തന്നെ തിരിച്ചറിയൽ, 100 ശതമാനത്തിനടുത്തുള്ള ആശുപത്രി പ്രസവങ്ങൾ എന്നിവയിലൂടെ രാജ്യത്തെ ഏറ്റവും മികച്ച രീതിയിൽ മാതൃ ആരോഗ്യ നേട്ടങ്ങൾ എങ്ങനെ കൈവരിക്കാമെന്ന് കേരളത്തിന്‍റെ മുന്നേറ്റം തെളിയിക്കുന്നു.

ഗർഭകാല പരിചരണത്തിന്‍റെ തുടർച്ച ശക്തമാക്കാൻ സംസ്ഥാനത്തിന് നിരന്തരം സാധിക്കുന്നു. നാലോ അതിലധികമോ തവണ ഗർഭകാല പരിശോധനകൾ നടത്തുന്ന സ്ത്രീകളുടെ അനുപാതം എൻഎഫ്എച്ച്എസ്- 5ലെ 81.3%ൽ നിന്ന് എൻഎഫ്എച്ച്എസ്- 6ൽ 88.6% ആയി ഉയർന്നു. എൻഎഫ്എച്ച്എസ്- 6 പ്രകാരം ആശുപത്രി പ്രസവങ്ങൾ 99.7% എന്ന ശ്രദ്ധേയമായ നിരക്കിൽ എത്തി. ഇത് മിക്കവാറും എല്ലാ സ്ത്രീകൾക്കും പ്രസവസമയത്ത് വിദഗ്ധ പരിചരണം ഉറപ്പാക്കാൻ സഹായകമാകുന്നു.

പ്രധാൻമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാനും (പിഎംഎസ്എംഎ) വിപുലീകൃത പിഎംഎസ്എംഎയും നടപ്പിലാക്കിയതാണ് ഈ വിജയത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. പദ്ധതി ആരംഭിച്ചതു മുതൽ, വിദഗ്ധ ഡോക്റ്റർമാരുടെ നേതൃത്വത്തിൽ നടത്തുന്ന ഗർഭകാല പരിശോധനയിലൂടെ 13.8% നിരക്കിൽ ഉയർന്ന ആരോഗ്യഅപകടസാധ്യതയുള്ള ഗർഭധാരണങ്ങൾ (High Risk Pregnancies- HRPs) തിരിച്ചറിഞ്ഞിട്ടുണ്ട്. രക്തസമ്മർദം, പ്രമേഹം, ഗുരുതരമായ വിളർച്ച, മറ്റ് പ്രസവ സംബന്ധമായ സങ്കീർണതകൾ എന്നിവ നേരത്തേ കണ്ടെത്തുന്നതു വഴി അടിയന്തിര ഘട്ടങ്ങൾ ഉണ്ടാകും മുമ്പു തന്നെ കൃത്യസമയത്ത് റഫർ ചെയ്യാനും സൂക്ഷ്മമായി നിരീക്ഷിക്കാനും ഉചിതമായ പരിചരണം നൽകാനും സാധിച്ചു.

സമഗ്രമായ എഎൻസി കവറേജ്, വ്യവസ്ഥാപിതമായ രീതിയിൽ ആരോഗ്യ അപകടസാധ്യത കണ്ടെത്തൽ, ഗുണനിലവാരമുള്ള പരിചരണം കൃത്യസമയത്ത് ലഭ്യമാക്കൽ എന്നിവ സമന്വയിപ്പിച്ച് ഓരോ ഗർഭിണിക്കും വ്യക്തിഗത പരിചരണം നൽകാനുള്ള ശേഷി കേരളം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ പ്രതിഫലനം മാതൃ ജീവൻ രക്ഷിക്കുന്നതിൽ സംസ്ഥാനം കൈവരിക്കുന്ന തുടർച്ചയായ പുരോഗതിയിൽ ദൃശ്യമാണ്. മാതൃമരണ നിരക്ക് പ്രതിവർഷം ഒരു ലക്ഷം പ്രസവങ്ങളിൽ 30 എന്നതിൽ (2021–23) നിന്ന് 24 ആയി (2022–24) വീണ്ടും കുറഞ്ഞു. ഇത് രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ്.

logo
Metro Vaartha
www.metrovaartha.com