നവരാത്രി: അക്ഷരത്തിൽ തെളിയുന്ന വെളിച്ചം

ഐതിഹ്യവും ആചാരവും വിശ്വാസവും ജീവിതദർശനവും ഇഴചേർന്ന നവരാത്രിയുടെ നാൾവഴികളിലൂടെ ഒരു സഞ്ചാരം
article about navaratri celebration

നവരാത്രി: അക്ഷരത്തിൽ തെളിയുന്ന വെളിച്ചം

Updated on: 

ജയൻ പോത്തൻകോട്

ഒൻപതു രാത്രികളും പത്താം നാളിലെ വിജയവും ചേർന്നുനിൽക്കുന്ന നവരാത്രി ഭാരതീയ സംസ്കാരത്തിന്‍റെ ആത്മീയവും സാംസ്കാരികവുമായ വൈവിധ്യത്തിന്‍റെ നേർക്കാഴ്ചയാണ്. ദുർഗാഷ്ടമിയിലെ പൂജ വയ്പിൽ നിന്നും വിജയദശമിയിലെ വിദ്യാരംഭത്തിലേക്കെത്തുമ്പോൾ, ഈ ആഘോഷം ശക്തിയുടെയും ജ്ഞാനത്തിന്‍റെയും അധ്വാനത്തിന്‍റെയും നന്മയുടെയും സന്ദേശമാണു പകരുന്നത്. ഐതിഹ്യവും ആചാരവും വിശ്വാസവും ജീവിതദർശനവും ഇഴചേർന്ന നവരാത്രിയുടെ നാൾവഴികളിലൂടെ ഒരു സഞ്ചാരം.

ഒൻപതു രാത്രികളുടെ ഉത്സവം

"നവരാത്രി' എന്ന വാക്കിന്‍റെ അർഥം ഒൻപതു രാത്രികൾ എന്നാണ്. ഭാരതത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത രീതികളിലാണ് ഈ ആഘോഷം നടക്കുന്നത്. പശ്ചിമ ബംഗാളിൽ ദുർഗാ പൂജയും ഗുജറാത്തിൽ ഗർബയും കർണാടകയിൽ ദസറയും തമിഴ്നാട്ടിൽ ബൊമ്മ കൊലുവും നവരാത്രിക്കു വ്യത്യസ്ത സാംസ്കാരിക മുഖങ്ങൾ നൽകുന്നു.

കേരളത്തിൽ നവരാത്രിയുടെ അവസാന മൂന്നു ദിവസങ്ങളായ ദുർഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയ്ക്കാണു പ്രത്യേക പ്രാധാന്യം. സരസ്വതീ പൂജ, പൂജ വയ്പ്, ആയുധ പൂജ, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവയാണ് ഈ ദിവസങ്ങളിലെ പ്രധാന ആചാരങ്ങൾ. രൂപങ്ങൾ വ്യത്യസ്തമാണെങ്കിലും ആഘോഷത്തിൽ ഒരു പൊതുസന്ദേശമുണ്ട് . അധർമത്തിനു മേൽ ധർമത്തിന്‍റെ വിജയം, അജ്ഞാനത്തിനു മേൽ ജ്ഞാനത്തിന്‍റെ വിജയം.

ഐതിഹ്യത്തിന്‍റെ വഴിയിൽ

നവരാത്രിയുടെ പ്രധാന ഐതിഹ്യങ്ങളിലൊന്ന് മഹിഷാസുര മർദിനിയായ ദുർഗാ ദേവിയുമായി ബന്ധപ്പെട്ടതാണ്. പുരാണ കഥ പ്രകാരം മഹിഷാസുരൻ കഠിനമായ തപസിലൂടെ വരം നേടി ശക്തനായ അസുരനായി മാറി. ദേവന്മാരെപ്പോലും പരാജയപ്പെടുത്താൻ കഴിഞ്ഞ അവൻ ലോകത്ത് ഭീതിയും അധർമവും വിതച്ചു. അവനെ നേരിടാൻ ദേവന്മാരുടെ ശക്തികൾ ഒന്നിച്ചു ചേർന്നു. മഹിഷാസുരനെ വധിക്കാൻ ദുർഗാ ദേവി പ്രത്യക്ഷപ്പെട്ടെന്നാണ് വിശ്വാസം.

സിംഹവാഹിനിയായ ദേവി മഹിഷാസുരനുമായി യുദ്ധം ചെയ്യുകയും ഒടുവിൽ അവനെ വധിക്കുകയും ചെയ്തു. അതുകൊണ്ടാണ് ദുർഗയെ മഹിഷാസുര മർദിനിയായി ആരാധിക്കുന്നത്. ഈ ഐതിഹ്യത്തിന് ആന്തരികമായ ഒരു വായന കൂടിയുണ്ട്. മഹിഷാസുരൻ മനുഷ്യന്‍റെ ഉള്ളിലെ അഹങ്കാരത്തിന്‍റെയും ക്രോധത്തിന്‍റെയും ലോഭത്തിന്‍റെയും അജ്ഞാനത്തിന്‍റെയും പ്രതീകമാണ്. ദുർഗാദേവി അവയെ അതിജീവിക്കാനുള്ള ആത്മശക്തിയുടെയും ധൈര്യത്തിന്‍റെയും പ്രതീകവും.

അതുകൊണ്ട് ദുർഗയുടെ വിജയം പുറത്തുനടക്കുന്ന ഒരു യുദ്ധത്തിന്‍റെ മാത്രം കഥയല്ല; ഓരോ മനുഷ്യന്‍റെയും ഉള്ളിൽ നടക്കുന്ന നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിന്‍റെ പ്രതീകം കൂടിയാണ്.

വിജയ ദശമിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന ഐതിഹ്യം രാമായണത്തിലേതാണ്. രാവണനെ പരാജയപ്പെടുത്തി ശ്രീരാമൻ സീതയെ വീണ്ടെടുത്തതും ധർമം അധർമത്തിനു മേൽ വിജയം നേടിയതും ഈ ദിവസത്തിന്‍റെ സ്മരണകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഐതിഹ്യങ്ങൾ വ്യത്യസ്തമായാലും അവയുടെ സന്ദേശം ഒന്നാണ്. തിന്മ എത്ര ശക്തമായാലും നന്മയുടെ വിജയം സാധ്യമാണെന്ന സത്യം.

ദുർഗാഷ്ടമി: ശക്തിയുടെ സ്മരണ

നവരാത്രിയിലെ എട്ടാം ദിവസമാണ് ദുർഗാഷ്ടമി. കേരളീയ പാരമ്പര്യത്തിൽ ഈ ദിവസം പ്രധാനമായും പൂജ വയ്പിനോടാണ് ബന്ധപ്പെട്ടിരിക്കുന്നത്. വൈകുന്നേരത്തോടെ വീടുകളിലും ക്ഷേത്രങ്ങളിലും വിദ്യാലയങ്ങളിലും പുസ്തകങ്ങളും പഠനോപകരണങ്ങളും സംഗീതോപകരണങ്ങളും തൊഴിൽ ഉപകരണങ്ങളും മറ്റും പൂജയ്ക്കായി സമർപ്പിക്കുന്നു.

പുസ്തകം ഇവിടെ വെറും കടലാസിന്‍റെ കെട്ടല്ല. അതു തലമുറകളിലൂടെ കൈമാറിയ അറിവിന്‍റെ പ്രതീകമാണ്. പേന ചിന്തയെ അക്ഷരമാക്കുന്ന ഉപകരണമാണ്. സംഗീതോപകരണം മനുഷ്യന്‍റെ ഉള്ളിലെ വികാരങ്ങളെ സ്വരമാക്കുന്നു. തൊഴിൽ ഉപകരണം മനുഷ്യന്‍റെ അധ്വാനത്തിനു കരുത്തേകുന്നു. അതിനാൽ പൂജവയ്പ് വസ്തുക്കളെ ആരാധിക്കുന്ന ചടങ്ങ് എന്നതിനപ്പുറം അറിവിനെയും അധ്വാനത്തെയും കഴിവിനെയും ആദരിക്കുന്ന സംസ്കാരത്തിന്‍റെ പ്രതീകമായി കാണാം.

മഹാനവമി: ജ്ഞാനോപാസന

ദുർഗാഷ്ടമിയുടെ പിറ്റേന്ന് മഹാനവമി. പൂജയ്ക്കു വച്ച പുസ്തകങ്ങൾക്കും ഉപകരണങ്ങൾക്കും പ്രത്യേക പൂജകൾ നടത്തുന്നു. പഠനം, എഴുത്ത്, തൊഴിൽ തുടങ്ങിയവയിൽ നിന്ന് വിട്ടുനിൽക്കുന്ന ഈ ദിവസം ജ്ഞാനത്തോടും അധ്വാനത്തോടുമുള്ള ആദരവിന്‍റെ പ്രതീകമാണ്. പുസ്തകത്തെ പൂജയ്ക്കു വയ്ക്കുന്നതിന്‍റെ അർഥം പുസ്തകത്തെ ദൈവമാക്കുക എന്നതല്ല. അറിവിന്‍റെ മൂല്യം തിരിച്ചറിയുകയും അതിനോടു വിനയം പുലർത്തുകയും ചെയ്യുക എന്നതാണ്.

കേരളീയ നവരാത്രിയിൽ സരസ്വതീപൂജയ്ക്കു പ്രത്യേക സ്ഥാനമുണ്ട്. വീണയും പുസ്തകവും ധരിച്ച സരസ്വതി ജ്ഞാനം, സംഗീതം, ഭാഷ, കല എന്നിവയുടെ പ്രതീകമാണ്.

ആയുധ പൂജ: അധ്വാനത്തിനു വന്ദനം

നവരാത്രിയോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങാണ് ആയുധപൂജ. "ആയുധം' എന്നത് യുദ്ധോപകരണം എന്ന അർഥത്തിൽ മാത്രം കാണേണ്ടതില്ല. മനുഷ്യന്‍റെ തൊഴിലും ഉപജീവനവും സൃഷ്ടിയും സാധ്യമാക്കുന്ന ഉപകരണങ്ങളെയും ഈ സങ്കൽപ്പത്തിൽ ഉൾപ്പെടുത്താം.

കർഷകന്‍റെ പണിയായുധം മുതൽ സംഗീതോപകരണങ്ങൾ വരെ പൂജയ്ക്കായി സമർപ്പിക്കപ്പെടുന്നു. ഇന്നത്തെ കാലത്ത് തൊഴിൽ മേഖലകളിൽ ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങൾക്കും ഇതേ അർഥത്തിൽ പ്രാധാന്യമുണ്ട്. അധ്വാനത്തെ ആദരിക്കുക, തൊഴിൽ ചെയ്യുന്ന മനുഷ്യനെ ആദരിക്കുക എന്നതാണ് ആയുധ പൂജയുടെ ആഴത്തിലുള്ള സന്ദേശം.

വിജയത്തിന്‍റെ പത്താം നാൾ

നവരാത്രിയുടെ പത്താം ദിവസമാണ് വിജയദശമി. നന്മ തിന്മയെ കീഴടക്കിയതിന്‍റെ പ്രതീകമായാണ് ഈ ദിവസം പൊതുവെ കണക്കാക്കപ്പെടുന്നത്. രാമായണ പാരമ്പര്യത്തിൽ ശ്രീരാമന്‍റെ രാവണ വിജയവും ദുർഗാപാരമ്പര്യത്തിൽ മഹിഷാസുരവധവും ഈ വിജയസങ്കൽപ്പവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ വിജയദശമിയുടെ വിജയം പുറത്തെ ശത്രുവിനെ കീഴടക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. സ്വന്തം അഹങ്കാരത്തെ ജയിക്കുക, അജ്ഞാനത്തെ അതിജീവിക്കുക, തെറ്റിൽ നിന്നും ശരിയിലേക്കു മാറുക . അതാണു യഥാർഥ വിജയം.

വിദ്യാരംഭം: ആദ്യക്ഷര പുണ്യം

വിജയദശമിയുടെ ഏറ്റവും ഹൃദയസ്പർശിയായ ചടങ്ങാണ് വിദ്യാരംഭം അഥവാ എഴുത്തിനിരുത്ത്. ഒരു കുഞ്ഞ് ഗുരുവിന്‍റെയോ മുതിർന്നവരുടെയോ കൈപിടിച്ചാദ്യമായി അക്ഷരം കുറിക്കുന്നു. അരിത്തട്ടിൽ "ഹരിശ്രീ' എഴുതിക്കുന്നതാണ് കേരളത്തിലെ പ്രധാന പാരമ്പര്യങ്ങളിലൊന്ന്. സ്വർണംകൊണ്ട് നാവിൽ അക്ഷരം കുറിക്കുന്ന ചടങ്ങും കാണാം. വിദ്യാരംഭം ഒരു ചടങ്ങിനപ്പുറം മനുഷ്യനാകാനുള്ള യാത്രയുടെ ആദ്യ ചുവടാണ്.

ഗുരുവിന്‍റെ മഹത്വം

വിദ്യാരംഭത്തിൽ ഗുരുവിനു പ്രത്യേക സ്ഥാനമുണ്ട്.അറിവ് പുസ്തകത്തിൽ മാത്രം അടങ്ങിയിരിക്കുന്ന ഒന്നല്ല. അതു മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കു പകരുന്ന വെളിച്ചമാണ്. ഒരു ഗുരു കുഞ്ഞിന്‍റെ വിരലിൽ ആദ്യാക്ഷരം കുറിക്കുമ്പോൾ ഒരു തലമുറ അടുത്ത തലമുറയ്ക്ക് അറിവിന്‍റെ വിളക്ക് കൈമാറുകയാണ്. അതുകൊണ്ടുതന്നെ വിജയദശമി ഗുരുവിനോടുള്ള നന്ദിയുടെ ദിനം കൂടിയാണ്. അജ്ഞാനത്തിന്‍റെ ഇരുട്ടിൽ നിന്ന് അറിവിന്‍റെ വെളിച്ചത്തിലേക്കു നയിക്കുന്ന ഏവരും ഒരു അർഥത്തിൽ ഗുരുവാണ്.

കേരളത്തിന്‍റെ പാരമ്പര്യം

കേരളത്തിൽ നവരാത്രി, ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. വീടുകളിലും വിദ്യാലയങ്ങളിലും സംഗീത-നൃത്ത സ്ഥാപനങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ആഘോഷങ്ങൾ നടക്കുന്നു. കേരളത്തിലെ വിവിധക്ഷേത്രങ്ങളിലും നവരാത്രി ആഘോഷങ്ങൾക്കു ദീർഘമായ പാരമ്പര്യമുണ്ട്. ക്ഷേത്രങ്ങളിലെ പൂജകൾക്കൊപ്പം വീടുകളിൽ പുസ്തകങ്ങൾ പൂജയ്ക്കു വയ്ക്കുകയും കുട്ടികളെ എഴുത്തിനിരുത്തുകയും ചെയ്യുന്ന പാരമ്പര്യം കേരളീയ നവരാത്രിക്കു സവിശേഷമായ ഒരു കുടുംബഭാവം നൽകുന്നു.

സ്ത്രീശക്തിയുടെ സന്ദേശം

നവരാത്രിയുടെ മറ്റൊരു പ്രധാന സങ്കൽപ്പമാണ് സ്ത്രീശക്തിയുടെ ആരാധന. ദുർഗ ശക്തിയുടെ പ്രതീകം. ലക്ഷ്മി സമൃദ്ധിയുടെ പ്രതീകം. സരസ്വതി ജ്ഞാനത്തിന്‍റെ പ്രതീകം. സ്ത്രീയെ ദേവതയായി ആരാധിക്കുന്ന ഈ പാരമ്പര്യം ഒരു സാമൂഹിക സന്ദേശവും മുന്നോട്ടുവയ്ക്കുന്നു. സ്ത്രീയുടെ മാനവും സ്വാതന്ത്ര്യവും സുരക്ഷയും തുല്യതയും സംരക്ഷിക്കപ്പെടുമ്പോഴാണ് സ്ത്രീശക്തിയുടെ ആരാധനയ്ക്ക് യഥാർഥ അർഥം ലഭിക്കുന്നത്. ക്ഷേത്രത്തിലെ ദേവിയോടുള്ള ഭക്തി ജീവിതത്തിലെ സ്ത്രീയോടുള്ള ബഹുമാനമായി മാറേണ്ടതുണ്ട്.

വെളിച്ചത്തിലേക്കുള്ള യാത്ര

നവരാത്രി ഒൻപതു രാത്രികളുടെ ആഘോഷം മാത്രമല്ല; അജ്ഞാനത്തിൽ നിന്നു അറിവിലേക്കും, ദൗർബല്യത്തിൽ നിന്നു ശക്തിയിലേക്കും, ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്കും മനുഷ്യൻ നടത്തുന്ന യാത്രയുടെ പ്രതീകമാണ്.

വിജയദശമി

പ്രഭാതത്തിൽ ഒരു കുഞ്ഞിന്‍റെ വിരൽ അരിത്തട്ടിൽ "ഹരിശ്രീ' കുറിക്കുമ്പോൾ, അവിടെ ഒരു അക്ഷരം മാത്രമല്ല പിറക്കുന്നത്. ഒരു സംസ്കാരത്തിന്‍റെ തുടർച്ചയാണ് ആ ചെറിയ വരയിൽ തെളിയുന്നത്.

അക്ഷരത്തിൽ നിന്ന് വാക്ക്.

വാക്കിൽ നിന്ന് അറിവ്.

അറിവിൽ നിന്ന് വിവേകം.

വിവേകത്തിൽ നിന്ന് മനുഷ്യത്വം.

അതാണ് നവരാത്രിയുടെ ഏറ്റവും വലിയ സന്ദേശം.

ദുർഗയുടെ ശക്തിയും സരസ്വതിയുടെ ജ്ഞാനവും വിജയദശമിയുടെ വെളിച്ചവും നമ്മുടെ ജീവിതത്തിൽ നിറയട്ടെ. അക്ഷരത്തിന്‍റെ ആദ്യരേഖയിൽ നിന്നും മനുഷ്യസ്നേഹത്തിന്‍റെ അനന്തമായ വെളിച്ചത്തിലേക്കു നമ്മുടെ യാത്രയും തുടരട്ടെ.

(9446559210)

logo
Metro Vaartha
www.metrovaartha.com