ആകാംക്ഷ ഒളിപ്പിച്ച് 6 മണ്ഡലങ്ങൾ

38 വോട്ടുകൾ മുതല്‍ 992 വോട്ടുകൾ വരെയായിരുന്നു 2021ലെ തെരഞ്ഞെടുപ്പിൽ 6 മണ്ഡലങ്ങളിലെ ഭൂരിപക്ഷം.
6 constituencies hiding their excitement

ആകാംക്ഷ ഒളിപ്പിച്ച് 6 മണ്ഡലങ്ങൾ

Updated on

ജിബി സദാശിവൻ

കൊച്ചി: 38 വോട്ടുകൾ മുതല്‍ 992 വോട്ടുകൾ വരെയായിരുന്നു 2021ലെ തെരഞ്ഞെടുപ്പിൽ 6 മണ്ഡലങ്ങളിലെ ഭൂരിപക്ഷം. 1,000ത്തിൽ താഴെ ഭൂരിപക്ഷത്തില്‍ മാത്രം വിജയിച്ച 6 എംഎൽഎമാരാണ് കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്നത്. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ, താനൂര്‍, എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, തൃശൂര്‍ എന്നീ മണ്ഡലങ്ങളിലാണ് കടുത്ത പോരാട്ടത്തിനൊടുവില്‍ നേരിയ ഭൂരിപക്ഷത്തിന് കടന്നുകൂടിയവരുള്ളത്. ഇത്തവണ ഈ മണ്ഡലങ്ങളിലെ ഫലം എങ്ങനെയാകുമെന്നത് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് പാർട്ടികൾ.

ഫോട്ടൊ ഫിനിഷിലെത്തിയ സിറ്റിങ് എംഎല്‍എമാരില്‍ 4 പേര്‍ മാത്രമാണ് ഇത്തവണ മത്സരിച്ചത്. അതില്‍ ഒരാള്‍ മണ്ഡലം മാറിയുമാണ് ജനവിധി തേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗിലെ എ.കെ.എം അഷറഫ് ബിജെപിയിലെ കെ. സുരേന്ദ്രനെ 745 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. ഇക്കുറിയും അഷറഫും കെ. സുരേന്ദ്രനും തമ്മിലായിരുന്നു മത്സരം. 1,72774 പേര്‍ വോട്ട് ചെയ്തതില്‍ 65,758 വോട്ടുകള്‍ എ.കെ.എം. അഷറഫും 65,013 വോട്ടുകള്‍ സുരേന്ദ്രനും നേടിയപ്പോൾ ഭൂരിപക്ഷം 745. മൂന്നാമതെത്തി 40,639 വോട്ട് നേടിയ സിപിഎമ്മിന്‍റെ വി.വി. രമേശന്‍ വലിയ പരാജയത്തിലേക്കു പോയി. 2016ല്‍ ലീഗിലെ പി.ബി. അബ്ദുല്‍ റസാഖ് ബിജെപിയുടെ കെ. സുരേന്ദ്രനെതിരെ വിജയിച്ചതും വെറും 89 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്. എന്നാല്‍ 2019 ല്‍ റസാഖിന്‍റെ മരണത്തെതുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിലെ എം.സി. കമറൂദ്ദീന്‍ 7,923 വോട്ടിന് ബിജെപിയെ പരാജയപ്പെടുത്തി. യുഡിഎഫും എന്‍ഡിഎയും നേര്‍ക്കുനേര്‍ പോരാടുന്ന മഞ്ചേശ്വരത്തെ ഫലം ഇത്തവണയും ശ്രദ്ധാകന്ദ്രമാണ്.

കുറ്റ്യാടിയില്‍ സിപിഎമ്മിലെ കെ.പി. കുഞ്ഞഹമ്മദ് കുട്ടിയും ലീഗിലെ പാറക്കല്‍ അബ്ദുള്ളയും തമ്മിലാണ് ഇത്തവണയും പോരാട്ടം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാറക്കല്‍ അബ്ദുള്ളയ്‌ക്കെതിരേ 333 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമാണ് കുഞ്ഞഹമ്മദിന് നേടാന്‍ കഴിഞ്ഞത്. 2016ല്‍ പാറക്കല്‍ അബ്ദുള്ള സിപിഎമ്മിലെ കെ.കെ. ലതികയെ 1157 വോട്ടിന് പരാജയപ്പെടുത്തിയാണ് മണ്ഡലം പിടിച്ചെടുത്തതും. വെറും 0.19 ശതമാനം വോട്ടുവ്യത്യാസം മാത്രം ഇരുമുന്നണികള്‍ക്കുമിടയിലുള്ള കുറ്റ്യാടിയിലെ ഫലം ഫോട്ടൊ ഫിനിഷിലെത്തുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

2021ല്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയ പെരിന്തല്‍മണ്ണയില്‍ സിറ്റിങ് എംഎല്‍എ മുസ്‌ലിം ലീഗിലെ നജീബ് കാന്തപുരവും സിപിഎമ്മിലെ വി.പി. മുഹമ്മദ് ഹനീഫയും തമ്മിലാണ് ഇത്തവണയും മത്സരം. കഴിഞ്ഞ തവണ എല്‍ഡിഎഫിലെ കെ.പി.എം. മുസ്തഫയുമായുള്ള പോരാട്ടത്തില്‍ ഇരുമുന്നണികളും തമ്മിലുള്ള അന്തരം 0.02 ശതമാനം മാത്രമായിരുന്നു. വെറും 38 വോട്ടുകളായിരുന്നു ഭൂരിപക്ഷം. 2016ലെ ലീഗിലെ മഞ്ഞളാംകുഴി അലി 579 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു ഇവിടെ വിജയിച്ചത്.

താനൂരില്‍ മത്സരിച്ച മന്ത്രി വി. അബ്ദുറഹ്‌മാന് ലീഗിലെ പി.കെ. ഫിറോസിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത് 985 വോട്ടിന് മാത്രമാണ്. 2016ല്‍ 3,918 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ച അബ്ദുറഹ്‌മാന്‍ ഇത്തവണ മണ്ഡലം മാറി തിരൂരിലാണ് ജനവിധി തേടുന്നത്. എല്‍ഡിഎഫ് സ്വതന്ത്രന്‍ പി. മുഹമ്മദ് സമീറും ലീഗിലെ പി.കെ. നവാസും തമ്മിലായിരുന്നു ഇക്കുറി താനൂര്‍ അങ്കം.

കഴിഞ്ഞ തവണ 946 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ സിപിഐയിലെ പി. ബാലചന്ദ്രന്‍ വിജയിച്ച തൃശൂര്‍ മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാര്‍ഥി പ്രമുഖ സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണനും കോണ്‍ഗ്രസിലെ രാജന്‍ പല്ലനും തമ്മിലാണ് മത്സരം. കഴിഞ്ഞ തവണ ബാലചന്ദ്രനോട് നേരിയ വോട്ടിന് പരാജയപ്പെട്ട പദ്മജ വേണുഗോപാല്‍ ഇത്തവണ ബിജെ. സ്ഥാനാര്‍ഥിയായിട്ടാണ് മത്സരിച്ചത്. സുരേഷ് ഗോപിയിലൂടെ 31.30 ശതമാനം വോട്ടാണ് ബിജെപി ഇവിടെ നേടിയത്. എല്‍ഡിഎഫ് 34.25ഉം യുഡിഎഫ് 33.52 ശതമാനം. വിജയമാകട്ടെ 0.33 ശതമാനത്തിന്‍റെ വ്യത്യാസത്തിലും, ഭൂരിപക്ഷം 946.

മുന്‍മന്ത്രി കെ. ബാബു സ്വന്തം തട്ടകമായ തൃപ്പൂണിത്തുറ കഴിഞ്ഞ തവണ സിപിഎമ്മിലെ എം. സ്വരാജില്‍ നിന്ന് തിരിച്ചുപിടിച്ചത് 992 വോട്ടിന്‍റെ മാത്രം ഭൂരിപക്ഷത്തിലാണ്. ഇത്തവണ മത്സരരംഗത്ത് നിന്ന് പിന്മാറിയ കെ. ബാബുവിന് പകരം കോണ്‍ഗ്രസിലെ യുവനേതാവും കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറുമായ ദീപക് ജോയിയും സിപിഎമ്മിന്‍റെ വൈപ്പിന്‍ എംഎല്‍എയായ കെ.എന്‍. ഉണ്ണികൃഷ്ണനും തമ്മിലായിരുന്നു പോരാട്ടം. 23,756 വോട്ട് നേടിയ ബിജെപി ഇത്തവണ സീറ്റ് മുന്നണിയിലെ പുതിയ ഘടകക്ഷിയായ ട്വന്‍റി20ക്കാണ് വിട്ടുനല്‍കിയത്. സിനിമാ താരം അഞ്ജലിയാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി. തൃപ്പൂണിത്തുറ നഗരഭരണം പിടിച്ചെടുത്ത ബിജെപി വലിയ സ്വാധീനമില്ലാത്ത ഘടകക്ഷിക്ക് സീറ്റ് വിട്ടുകൊടുത്തതിനെതിരേ ഡീല്‍ ആരോപണം ഉയരുക കൂടി ചെയ്തത് തൃപ്പൂണിത്തുറയിലെ പോരാട്ടത്തിന്‍റെ ഫലം എന്ത് തന്നെയായാലും മൂന്ന് മുന്നണികളെ സംബന്ധിച്ചും നിർണായകമാണ്.

logo
Metro Vaartha
www.metrovaartha.com