സ്ത്രീധനത്തിന്‍റെ പേരിലും പെൺകുട്ടികളെ പ്രസവിച്ചതിന്‍റെ പേരിലും മർദനം; ഒടുവിൽ രാജ്യത്തിന്‍റെ അഭിമാനമായി ശർമിള

abuse over dowry and for giving birth to daughters; Sharmila eventually became the pride of the nation

ശർമിള ധൻകർ

Updated on

ന്യൂഡൽഹി: നാൽപ്പതാം വയസിൽ രാജ്യത്തിന്‍റെ അഭിമാനമായി മാറിയിരിക്കുകയാണ് ശർമിള ധൻകർ. ഷോട്ട് പുട്ടിലെ ഗംഭീര പ്രകടനത്തിലൂടെ കോമൺ വെൽത്ത് ഗെയിംസിൽ ‌ സ്വർണം നേടുന്ന ഇന്ത്യയിലെ ആദ്യ പാര അത്‌ലറ്റ്. 9.81 മീറ്റർ ദൂരത്തിൽ എറിഞ്ഞാണ് ശർമിള ചരിത്രം സ്വന്തമാക്കിയത്. രണ്ട് ദശാബ്ദത്തോളമായുള്ള ഇന്ത്യയുടെ കാത്തിരിപ്പാണ് ശർമിളയിലൂടെ ഫലം കണ്ടിരിക്കുന്നത്.

ഹരിയാനയിലെ ചിത്രോലി എന്ന ഗ്രാമത്തിൽ നിന്നും ഗ്ലാസ്ഗോയിലെ മത്സരവേദി വരെയെത്തി നിൽക്കുന്ന ശർമിളയുടെ യാത്ര കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയായിരുന്നു. കൃഷി കൊണ്ട് കുടുംബം നോക്കിയിരുന്ന മാതാപിതാക്കളുടെ മൂന്നു പെൺമക്കളിൽ രണ്ടാമത്തവളാണ് ശർമിള. കുറച്ച് ഭൂമി മാത്രമാണ് അവർക്ക് സ്വന്തമായുണ്ടായിരുന്നത്. വളരെ കുറച്ച് സൗകര്യങ്ങൾ മാത്രമേ അക്കാലത്ത് ഉണ്ടായിരുന്നുള്ളൂ. പ്രതിരോധ മരുന്ന് നൽകാതിരുന്നതു കൊണ്ട് രണ്ടാം വയസിൽ ശർമിളയ്ക്ക് പോളിയോ ബാധിച്ചു. അതോടെ ഇടം കാൽ പൂർണമായും ചലനശേഷിയില്ലാതായി.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതിനു പിന്നാലെ നാട്ടു നടപ്പു പ്രകാരം മാതാപിതാക്കൾ അവളെ വിവാഹം കഴിച്ചയച്ചു യാതനകൾ മാത്രമുള്ളൊരു ദാമ്പത്യമാണ് ശർമിളയ്ക്കായി വിധി കാത്തു വച്ചിരുന്നത്. ഭർത്താവ് പൂർണമായും മദ്യത്തിന് അടിമയായിരുന്നു. ചലിപ്പിക്കാനാകാത്ത ഇടതുകാൽ വച്ച് വയലിൽ പണിയെടുത്തും കാലികളെ നോക്കിയുമാണ് ശർമിള കുടുംബം പോറ്റിയിരുന്നത്. പ്രതീക്ഷിച്ചത്ര സ്ത്രീധനം നൽകിയില്ലെന്ന് ആരോപിച്ച് ഭർത്താവ് മർദിക്കുന്നത് സ്ഥിരമായിരുന്നു. രണ്ട് പെൺകുട്ടികൾക്ക് ജന്മം നൽകിയതോടെ അതിന്‍റെ പേരിലും മർദനം തുടങ്ങി. 26ാം വയസിൽ അയാൾ അവളെ അയൽക്കാർക്കു മുന്നിൽ വച്ച് തുണിയുരിഞ്ഞ് നഗ്നയാക്കി നിർത്തി അപമാനിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

അതോടെ മാതാപിതാക്കൾ വന്ന് തന്നെയും മക്കളെയും വീട്ടിലേക്ക് കൊണ്ടു പോയെന്ന് ശർമിള. പിന്നീട് വീട്ടു പണി ചെയ്തും ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരിയായുമെല്ലാം ജീവിതം മുന്നോട്ടു കൊണ്ടു പോയി. ശമ്പളം കുറവായിരുന്നെങ്കിലും വേദനിപ്പിക്കുന്ന ചിന്തകളിൽ നിന്ന് മോചനം കിട്ടാൻ ആ ജോലികളെല്ലാം സഹായിച്ചിരുന്നുവെന്ന് ശർമിള പറയുന്നു. ഇരുപത്തെട്ടാം വയസിൽ ശർമിള വീണ്ടും വിവാഹിതയായി. ഭർത്താവ് അജിത് സിങ് ശർമിളയെയും മക്കളെയും രേവരിയിലേക്ക് കൊണ്ടു പോകുകയും പാര സ്പോർട്സിൽ പങ്കെടുക്കാൻ നിർബന്ധിക്കുകയുമായിരുന്നു. അതോടെയാണ് ശർമിള ഷോട്ട് പുട്ടിൽ പരിശീലനം തുടങ്ങിയത്.

logo
Metro Vaartha
www.metrovaartha.com