

അജിത് അഗാർക്കർ
ന‍്യൂഡൽഹി: മുൻ ഇന്ത‍്യൻ താരം ചേതൻ ശർമ ഒളി ക‍്യാമറ ഓപ്പറേഷനിലെ വെളിപ്പെടുത്തലിനെത്തുടർന്ന് രാജിവച്ചതിനെത്തുടർന്ന് ഇന്ത‍്യൻ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് അജിത് അഗാർക്കർ.
ചാംപ‍്യൻസ് ട്രോഫിയും ടി20 ലോകകപ്പും അടക്കം നിരവധി കിരീടം അദ്ദേഹം സെലക്റ്ററായിരിക്കെ ഇന്ത‍്യൻ ടീമിന് നേടാൻ സാധിച്ചു. എന്നാൽ നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്‍റെ കരാർ സെപ്റ്റംബർ 2026ൽ അവസാനിക്കുമെന്നാണ്.
വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. ഏകദിന ലോകകപ്പ് 2027ൽ വരാനിരിക്കെ അദ്ദേഹത്തിന്‍റെ കരാർ ബിസിസി നീട്ടുമോയെന്നാണ് കണ്ടറിയേണ്ടത്. 2026 ടി20 ലോകകപ്പിനു ശേഷം കരാർ നീട്ടി നൽകണമെന്ന് ആവശ‍്യപ്പെട്ട് അഗാർക്കർ ബിസിസിഐയെ സമീപിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് ബിസിസിയിലെ ഉന്നതർ പറയുന്നത്.
സീനിയർ സെലക്റ്ററായ അഗാർക്കറിന് കരാർ നീട്ടണമെന്ന് ആവശ‍്യപ്പെടേണ്ട കാര‍്യമില്ലെന്നും ഭരണഘടന പ്രകാരം 4 വർഷം വരെ തുടരാമെന്നും ബിസിസിഐ അധികൃതർ പറഞ്ഞു. ബിസിസിഐ സെക്രട്ടറിയും അജിത് അഗാർക്കറും ചേർന്നായിരിക്കും ഇക്കാര‍്യത്തിൽ ഒരു അന്തിമ തീരുമാനം സ്വീകരിക്കുക. ഏകദിനത്തിലും ടി20യിലും അഗാർക്കർ സെലക്ഷൻ കമ്മിറ്റി ചെയർമാനായി തുടരുന്ന കാലത്ത് ഇന്ത‍്യൻ ടീമിന് മികച്ച നേട്ടമാണ് ഉണ്ടായിട്ടുള്ളതെങ്കിലും ടെസ്റ്റ് ക്രിക്കറ്റിലെ സ്ഥിതി അത്ര മികച്ചതായിരുന്നില്ല.
ന‍്യൂസിലൻഡിനെതിരേയും ദക്ഷിണാഫ്രിക്കയ്ക്കെതിരേയും ഇന്ത‍്യക്ക് സ്വന്തം നാട്ടിൽ പരമ്പര നഷ്ടമായി. ഫോമിലല്ലാതിരുന്ന ശുഭ്മൻ ഗില്ലിനെ ടി20 ലോകകപ്പിലേക്കുള്ള ഇന്ത‍്യൻ ടീമിലേക്ക് പരിഗണിക്കാതിരുന്നതും പകരം ഇഷാൻ കിഷനെ ടീമിലെടുത്തതും സെലക്ഷൻ കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ അജിത് അഗാർക്കറിന്‍റെ നിർണായക തീരുമാനങ്ങളിൽ ഒന്നായിരുന്നു.