ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: സൂര്യകുമാർ ഇല്ല, സഞ്ജുവും സൂര്യവംശിയും സാധ്യതാ പട്ടികയിൽ

വെസ്റ്റ് ഇൻഡീസ് പരമ്പരയും ഏഷ്യൻ ഗെയിംസും ഒരേസമയം; ശുഭ്മൻ ഗിൽ ഏകദിന നായകനാകുന്നതിനാൽ പുറത്തായി, സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി ഉൾപ്പെടെ 30 പേരുടെ പട്ടിക സമർപ്പിച്ചു
Sanju Samson in Asian Games cricket team long list

സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ.

File

Updated on

ന്യൂഡൽഹി: സെപ്റ്റംബർ 19 മുതൽ ഒക്റ്റോബർ 4 വരെ ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള 30 അംഗ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് സാധ്യതാ പട്ടിക ബിസിസിഐ ഇന്ത്യൻ ഒളിംപിക് അസോസിയേഷന് (IOA) സമർപ്പിച്ചു. ഇന്ത്യയുടെ ഇപ്പോഴത്തെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ടെസ്റ്റ്-ഏകദിന നായകൻ ശുഭ്മാൻ ഗിൽ എന്നിവർ പട്ടികയിൽ ഇല്ല. അതേസമയം, കൗമാര വിസ്മയം വൈഭവ് സൂര്യവംശിയും മലയാളി താരം സഞ്ജു സാംസണും സാധ്യതാ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ഏഷ്യൻ ഗെയിംസ് നടക്കുന്ന അതേ സമയത്തുതന്നെ വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ വൈറ്റ് ബോൾ പരമ്പരയും നടക്കുന്നുണ്ട്. സെപ്റ്റംബർ 27 മുതൽ ഒക്റ്റോബർ 17 വരെ നീളുന്ന വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണുള്ളത്. സെപ്റ്റംബർ 24 മുതൽ ഒക്റ്റോബർ 3 വരെയാണ് ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങൾ. മത്സരങ്ങൾ ഒരേ സമയം വരുന്നതിനാൽ രണ്ട് വ്യത്യസ്ത ടി20 ടീമുകളെ തെരഞ്ഞെടുക്കാൻ ബിസിസിഐ തീരുമാനിച്ചിരുന്നു. ഏകദിന പരമ്പരയിൽ ഇന്ത്യയെ ഗിൽ നയിക്കുന്നതിനാലാണ് അദ്ദേഹത്തെ ഏഷ്യൻ ഗെയിംസ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

സഞ്ജു ക്യാപ്റ്റൻ സ്ഥാനത്തേക്ക്?

2028 ഒളിംപിക്സും അടുത്ത ടി20 ലോകകപ്പും ലക്ഷ്യമിട്ടുള്ള ബിസിസിഐയുടെ ദീർഘകാല പദ്ധതികളിൽ സൂര്യകുമാർ യാദവ് ഉൾപ്പെടുന്നില്ലെന്ന സൂചനയാണ് ഏഷ്യൻ ഗെയിംസ് പട്ടികയിൽ നിന്ന് ലഭിക്കുന്നത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ സാധ്യതയുള്ളവരിൽ ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, തിലക് വർമ എന്നിവർ ഉൾപ്പെടുന്നു.

ഋഷഭ് പന്ത്, ഇഷാൻ കിഷൻ, ധ്രുവ് ജുറെൽ എന്നിവരും വിക്കറ്റ് കീപ്പർമാരായി പട്ടികയിലുണ്ട്. ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, യശസ്വി ജയ്സ്വാൾ, അഭിഷേക് ശർമ എന്നിവരും 30 അംഗ സംഘത്തിലുണ്ട്. മുൻപ് ഹാങ്ഷൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സ്വർണം നേടിത്തന്ന ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദും പട്ടികയിൽ ഇടംപിടിച്ചു.

ബുംറയും സ്പിൻ നിരയും

2027 ലോകകപ്പ് കണക്കിലെടുത്ത് ഏകദിന മത്സരങ്ങൾക്കാണ് മുൻഗണനയെങ്കിലും ജസ്പ്രീത് ബുംറയുടെ പേരും ബിസിസിഐ പട്ടികയിൽ ഉൾപ്പെടുത്തി. പരുക്കിനു ശേഷം തിരിച്ചെത്തുന്ന ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ് എന്നിവരാണ് മറ്റ് പ്രധാന പേസർമാർ. സ്പിന്നർമാരിൽ കുൽദീപ് യാദവ്, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി എന്നീ സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടുന്നു. സ്പിൻ ബൗളിങ് ഓൾറൗണ്ടർമാരായ അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ഹർഷ് ദുബെ, ഷഹബാസ് അഹമ്മദ്, വിപ്രജ് നിഗം എന്നിവരും പട്ടികയിലുണ്ട്.

സാധ്യതാ പട്ടിക:

യശസ്വി ജയ്സ്വാൾ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, തിലക് വർമ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ, വരുൺ ചക്രവർത്തി, അനുകുൽ റോയ്, ആയുഷ് ബദോനി, ഹർഷ് ദുബെ, ധ്രുവ് ജുറെൽ, ഖലീൽ അഹമ്മദ്, ഋതുരാജ് ഗെയ്ക്‌വാദ്, രവി ബിഷ്ണോയ്, ഷഹബാസ് അഹമ്മദ്, ശിവം ദുബെ, വിപ്രജ് നിഗം, ഹർഷിത് റാണ, യഷ് ഠാക്കൂർ, വാഷിങ്ടൺ സുന്ദർ.

logo
Metro Vaartha
www.metrovaartha.com