ഏഷ്യൻ പാരാ ഗെയിംസ് സ്വർണ മെഡൽ ജേതാവായ കായികതാരം ജീവനൊടുക്കി

ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ടതിനെ തുടർന്ന് വിലക്ക് ലഭിച്ചിരിക്കുകയായിരുന്നു
Neeraj Yadav

നീരജ് യാദവ്

Updated on: 

ന്യൂഡൽഹി: ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണ മെഡൽ ജേതാവായ കായികതാരം ആത്മഹത്യ ചെയ്തു. നീരജ് യാദവ് (42) ആണ് വീട്ടിൽ വച്ച് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഇന്ത്യൻ പാരാ അത്ലലറ്റിക്സ് ടീം മുഖ്യ പരിശീലകൻ എസ്. സത്യനാരായണ സംഭവം സ്ഥിരീകരിച്ചു.

ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ട് വിലക്ക് ലഭിച്ചതോടെ 2026 ഒക്റ്റോബർ ആദ്യം ജപ്പാനിലെ ഐച്ചി-നഗോയയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ പങ്കെടുക്കാൻ നീരജിന് സാധിച്ചിരുന്നില്ല. ഇതേ തുടർന്ന് നീരജ് മാനസിക വിഷമത്തിലായിരുന്നുവെന്നാണ് വിവരം. ഷോട്ട് പുട്ട്, ഡിസ്കസ്, ജാവലിൻ തുടങ്ങിയവ അടങ്ങുന്ന എഫ് 55 വിഭാഗത്തിലാണ് നീരജ് മത്സരിച്ചിരുന്നത്.

2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ നീരജ് മൂന്ന് സ്വർണ മെഡലുകൾ നേടിയിരുന്നു. തുടർന്ന് 2023 ചൈനയിലെ ഹാങ്ഷൂവിൽ നടന്ന പാരാ ഗെയിംസിലും രണ്ട് സ്വർണ മെഡലുകൾ കരസ്ഥമാക്കി.

എന്നാൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതോടെ 2023ൽ നേടിയ രണ്ട് സ്വർണ മെഡലുകൾ ഏഷ്യൻ പാരാലിംപിക് കമ്മിറ്റി തിരിച്ചുവാങ്ങിയിരുന്നു. ഇതോടെ സർക്കാരിൽ നിന്ന് ക്യാഷ് അവാർഡും നീരജിന് ലഭിച്ചിരുന്നില്ല. ഏഴാം വയസിൽ പോളിയോ ബാധിച്ചതിനെ തുടർന്ന് വീൽചെയറിലാണ് നീരജ് കായിക മത്സരങ്ങളിൽ പങ്കെടുത്തിരുന്നത്.

logo
Metro Vaartha
www.metrovaartha.com