ഇൻസമാമും യൂനുസ് ഖാനും അടങ്ങുന്ന എലൈറ്റ് പട്ടികയിൽ ഇടംപിടിച്ചു; അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്ര നേട്ടവുമാ‍യി ബാബർ അസം

അന്താരാഷ്ട്ര ക്രിക്കറ്റിൽ 16,000 റൺസ് നേടുന്ന അഞ്ചാമത്തെ പാക്കിസ്ഥാൻ താരമെന്ന നേട്ടമാണ് ബാബർ അസം സ്വന്തമാക്കിയിരിക്കുന്നത്
babar azam joins inzamam and Younis Khan in elite pakistan list

ബാബർ അസം

Updated on: 

ഇസ്‌ലാമാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ 16,000 റൺസ് നേടുന്ന അഞ്ചാമത്തെ പാക്കിസ്ഥാൻ താരമായി ബാബർ അസം. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് ബാബർ ഈ ചരിത്ര നേട്ടത്തിലെത്തിയത്.

7 റൺസ് കൂടി മതിയായിരുന്നു ബാബറിന് 16,000 റൺസ് പൂർത്തിയാക്കാൻ. 2015ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ബാബറിന്‍റെ 355ാം അന്താരാഷ്ട്ര മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. 5 റൺസിന് അർധസെഞ്ചുറി നഷ്ടമായാണ് ബാബർ പുറത്തായത്.

ബാബറിനു മുൻപ് ഇൻസമാം ഉൾ ഹഖ്, യൂനുസ് ഖാൻ, മുഹമ്മദ് യൂസഫ്, ജാവേദ് മിയാൻദാദ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള മറ്റ് പാക്കിസ്ഥാൻ താരങ്ങൾ. 495 മത്സരങ്ങളിൽ നിന്നായി 20,541 റൺസുമായി ഇൻസമാമാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള പാക് താരം. 17,790 റൺസുമായി യൂനുസ് രണ്ടാമതും 17,134 റൺസുമായി മുഹമ്മദ് യൂസഫ് മൂന്നാം സ്ഥാനത്തും 16,213 റൺസുമായി ജാവേദ് മിയാൻദാദ് നാലാം സ്ഥാനത്തും ഇടംപിടിച്ചിരിക്കുന്നു.

1989 മുതൽ 2013 വരെയുള്ള ക്രിക്കറ്റ് കരിയറിൽ 34,357 റൺസ് സ്വന്തമാക്കിയിട്ടുള്ള ഇതിഹാസ താരം സച്ചിൻ ടെൻഡുൾക്കറാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള താരം. 28,527 റൺസുമായി വിരാട് കോലി ഈ പട്ടികയിൽ തൊട്ടുതാഴേയുണ്ട്.

logo
Metro Vaartha
www.metrovaartha.com