മൂന്നാമനായി ഇറങ്ങി കാവെം ഹോഡ്ജിന് സെഞ്ചുറി; സിൽഹെറ്റ് ടെസ്റ്റിൽ കൂറ്റൻ ലീഡെടുത്ത് വിൻഡീസ്

നാലാം ദിനം പൂർത്തിയായപ്പോൾ 315 റൺസ് ലീഡുണ്ട് വിൻഡീസിന്
Bangladesh vs west indies 2nd test match updates

കാവെം ഹോഡ്ജ്

Updated on: 

സിൽഹെറ്റ്: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ നാലാം ദിനം പൂർത്തി‍യായപ്പോൾ കൂറ്റൻ ലീഡെടുത്ത് വെസ്റ്റ് ഇൻഡീസ്. 3 വിക്കറ്റ് നഷ്ടത്തിൽ‌ 345 റൺസെന്ന നില‍യിലാണ് ടീം. ഇതോടെ 315 റൺസ് ലീഡായി. 140 റൺസുമായി കാവെം ഹോഡ്ജും 20 റൺസുമായി അമീർ ജാംഗൂവുമാണ് ക്രീസിൽ.

സിൽഹെറ്റ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെഞ്ചുറി നേടിയ കാവെം ഹോഡ്ജിന്‍റെ തകർപ്പൻ പ്രകടനമാണ് ടീമിനെ കൂറ്റൻ ലീഡിലേക്ക് നയിച്ചത്. മൂന്നാമനായി ബാറ്റിങ്ങിനിറങ്ങിയ കാവെം ഹോഡ്ജ് കെവിൻ വിക്ഹാമിനൊപ്പം (78) മൂന്നാം വിക്കറ്റിൽ‌ 165 റൺസിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

അതേസമയം, കെവിൻ വിക്ഹാം അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ കഴിഞ്ഞ 48 വർഷത്തിനിടെ രണ്ട് ഇന്നിങ്സുകളിലും അർധസെഞ്ചുറി നേടുന്ന താരമായി മാറി. പിന്നീട് കെവിൻ ടീം സ്കോർ 284 റൺസിൽ‌ നിൽക്കെ മടങ്ങിയെങ്കിലും കാവെം ഹോഡ്ജ് നാലാം വിക്കറ്റിൽ അമീർ ജാംഗൂവിനൊപ്പം ചേർന്ന് 61 റൺസ് സഖ‍്യമുണ്ടാക്കിയത് ടീം സ്കോർ ഉയരാൻ സഹായകരമായി.

ഓപ്പണിങ്ങിറങ്ങിയ ബ്രാണ്ടൻ കിങ് (61), ജോഷ്വാ ഡി സിൽവ (36) എന്നിവർ ഒന്നാം വിക്കറ്റിൽ 85 റൺസ് അടിച്ചെടുത്ത് തുടക്കത്തിൽ തന്നെ ആധിപത‍്യം സ്ഥാപിച്ചിരുന്നു. ഹസൻ മഹ്മൂദ്, ടാസ്കിൻ അഹ്മദ്, നായീം ഹസൻ എന്നിവരെ ബൗണ്ടറി പായിച്ചാണ് സ്കോർ ബോർഡ് ഉയർത്തിയത്. ഒടുവിൽ തായ്ജുൾ ഇസ്‌ലാമാണ് കൂട്ടുകെട്ട് പൊളിച്ചത്. ജോഷ്വാ ഡി സിൽവ ആറാം തവണയാണ് തന്‍റെ കരിയറിൽ തായ്ജുൾ ഇസ്‌ലാമിന് വിക്കറ്റ് നൽകി മടങ്ങുന്നത്. പിന്നീട് ബ്രാണ്ടൻ കിങ്ങിനെ മഹ്ദി ഹസൻ മടക്കി അയച്ചു. രണ്ടാം സെഷനിൽ കെവിൻ വിക്ഹാം തകർപ്പൻ പ്രകടനം കാഴ്ചവച്ചതോടെയാണ് 300 റൺസിന് മുകളിൽ ലീഡ് ഉയർന്നത്.

ബംഗ്ലാദേശിനു വേണ്ടി തായ്‌ജുൾ ഇസ്‌ലാം രണ്ടും മഹ്ദി ഹസൻ മിറാസ് ഒരുവിക്കറ്റും വീഴ്ത്തി. മത്സരത്തിന്‍റെ മൂന്നാം ദിനത്തിൽ തൗഹിദ് ഹൃദോയ്‌യുടെ (242) ഇരട്ടസെഞ്ചുറിക്കു പുറമെ മറ്റുതാരങ്ങൾ നിരാശപ്പെടുത്തി. തൻസിദ് ഹസൻ (16), മഹ്ദി ഹസൻ മിറാസ് (16), തായ്ജുൾ ഇസ്‌ലാം (22), ടാസ്കിൻ അഹ്മദ് (12) നജ്മുൾ ഹൊസൈൻ ഷാന്‍റോ (18) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.