'സ്വിങ് കിങ് ഈസ് ബാക്ക്'; ന‍്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമായി

ന‍്യൂസിലൻഡിനെതിരേ ഒക്റ്റോബർ 22ന് ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് ഭുവനേശ്വർ കുമാറിനെ ഉൾപ്പെടുത്തിയിരിക്കുന്നത്
bhuvneshwar kumar back to indian cricket team after 4 years; squad for nz t20 announced

ഭുവനേശ്വർ കുമാർ‌

Updated on: 

ന‍്യൂഡൽഹി: നാലു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത‍്യൻ ടി20 ടീമിൽ തിരിച്ചെത്തി സ്വിങ് കിങ് ഭുവനേശ്വർ കുമാർ. ന‍്യൂസിലൻഡിനെതിരേ ഒക്റ്റോബർ 22ന് ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് താരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.

2022 ടി20 ലോകകപ്പ് സെമി ഫൈനലിലാണ് ഭുവി അവസാനമായി ഇന്ത‍്യയ്ക്കു വേണ്ടി കളിച്ചത്. ഏറെ നാളുകളായി ഹിറ്റ് ദി ഡെക്ക് പേസർമാർക്ക് പിന്നാലെയായിരുന്നു ഇന്ത‍്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി.

bhuvneshwar kumar back to indian cricket team after 4 years; squad for nz t20 announced
'സ്വിങ്' കിങ്സിനെ വേണ്ട; ഇന്ത്യക്ക് ഇനി 'ഹിറ്റ് ദി ഡെക്ക്' മതി

അജിത് അഗാർക്കറുടെ കാലത്ത് സ്വിങ് ബൗളർമാർക്ക് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ ഭുവനേശ്വർ കുമാറിന്‍റെ സാന്നിധ‍്യം ഉറപ്പായതോടെ ഇന്ത‍്യൻ ടീമിൽ സ്വിങ് ബൗളർമാർക്ക് കൂടുതൽ അവസരം ലഭിച്ചേക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രഖ‍്യാൻ ഓജയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ‍്യാപിച്ചത്.

കഴിഞ്ഞ രണ്ട് ഐപിഎൽ സീസണിലും തകർപ്പൻ പ്രകടനം കാഴ്ചവച്ചിട്ടും താരത്തിന് ഇന്ത‍്യൻ ടീമിൽ അവസരം ലഭിച്ചിരുന്നില്ല. ഭുവിയുടെ നിർണായക ബൗളിങ് പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തുടർച്ചയായി 2 തവണ ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ കാരണം.

ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ തിലക് വർമയാണ് വൈസ് ക‍്യാപ്റ്റൻ. കൗമാര താരം വൈഭവ് സൂര‍്യവംശിയെയും മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. ടി20 ടീമിലേക്ക് സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ ഉൾപ്പെടുത്തിയിട്ടില്ല. താരത്തിന് വിശ്രമം നൽ‌കിയിരിക്കുകയാണ്.

ന‍്യൂസിലൻഡിനെതിരേ ഏകദിനവും ടെസ്റ്റ് മത്സരങ്ങളും താരം കളിക്കും. അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കിടെ പരുക്കേറ്റ മിസ്റ്ററി സ്പിന്നർ‌ കായികക്ഷമത വീണ്ടെടുത്തതിനാൽ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. ന‍്യൂസിലൻഡിനെതിരേ 5 ടി20യും 5 ഏകദിനവും 2 ടെസ്റ്റ് മത്സരങ്ങളും ഇന്ത‍്യ കളിക്കും.

അതേസമയം, ന‍്യൂസിലൻഡ് എ ടീമിനെതിരായ ത്രിദിന മത്സരങ്ങൾക്കുള്ള ഇന്ത‍്യ എ ടീമിനെയും പ്രഖ‍്യാപിച്ചു. കെ.എൽ. രാഹുൽ, മലയാളി താരം ദേവ്ദത്ത് പടിക്കൽ, ഋഷഭ് പന്ത്, ധ്രുവ് ജുറൽ, വാഷിങ്ടൺ സുന്ദർ അടക്കമുള്ള താരങ്ങളാണ് ടീമിൽ ഇടം നേടിയത്. എന്നാൽ കായികക്ഷമത തെളിയിക്കുന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഋഷഭ് പന്ത് കളിക്കുക. ന‍്യൂസിലൻഡ് എ ടീമിനെതിരേ ഒക്റ്റോബർ നാലിനാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്.

ന‍്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീം: ശ്രേയസ് അയ്യർ (ക‍്യാപ്റ്റന്‍), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര‍്യവംശി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ (വൈസ് ക‍്യാപ്റ്റൻ), അക്ഷർ പട്ടേൽ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, പ്രിൻസ് യാദവ്, മായങ്ക് യാദവ്, അർഷ്ദീപ് സിങ്, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്

ഇന്ത‍്യ എ ടീം: യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, ദേവ്ദത്ത് പടിക്കൽ, രവിചന്ദ്രൻ സ്മരൺ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറൽ (ക‍്യാപ്റ്റൻ), വാഷിങ്ടൺ സുന്ദർ, ആക്വിബ് നബി, ആകാശ് ദീപ്, അൻഷുൽ കാംബോജ്, മാനവ് സുതാർ, മുകേഷ് ചൗധരി, സായ് സുദർശൻ, യഷ് റാത്തോഡ്, മുകേഷ് കുമാർ

logo
Metro Vaartha
www.metrovaartha.com