'സ്വിങ്' കിങ്സിനെ വേണ്ട; ഇന്ത്യക്ക് ഇനി 'ഹിറ്റ് ദി ഡെക്ക്' മതി

2027ലെ ഏകദിന ലോകകപ്പ് മുന്നിൽ കണ്ട് ശക്തമായ പേസ് ആക്രമണ നിരയെ സജ്ജമാക്കാനാണ് ടീമിന്‍റെ മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീറും ചീഫ് സെലക്റ്റർ അജിത് അഗാർക്കറും ശ്രമിക്കുന്നത്.
indian cricket team and hit the deck bowlers analysis

പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, പ്രിൻസ് യാദവ്

Updated on

അശ്വിൻ എ.എം.

Fast bowling is an art, pace is only one colour on its canvas
Wasim Akram

ഒരുകാലത്ത് സ്പിന്നർമാരായിരുന്നു ഇന്ത‍്യൻ ബൗളിങ് നിരയുടെ കരുത്ത്. കപിൽ ദേവിനെ പോലൊരു ഇതിഹാസ താരം ഇന്ത‍്യയ്ക്കുണ്ടായിരുന്നുവെങ്കിലും ഓസ്ട്രേലിയയെ പോലെയോ പാക്കിസ്ഥാനെ പോലയോ മികച്ച പേസ് ആക്രമണമൊന്നും ഇന്ത‍്യയ്ക്ക് അവകാശപ്പെടാനുണ്ടായിരുന്നില്ല. എന്നാൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഈ സ്ഥിതിക്ക് ചെറിയ മാറ്റമുണ്ടായി. വിദേശ പിച്ചുകളിൽ ടെസ്റ്റ് പരമ്പരകൾ വിജയിക്കാൻ തുടങ്ങി.

മികച്ച പേസ് ആക്രമണ നിരയെ ഇന്ത‍്യൻ ടീം പടുത്തുയർത്തി. എന്നാൽ, ആ ബൗളിങ് ആക്രമണത്തിന്‍റെ പ്രത‍്യേകത ആറടിയിലധികം ഉയരമോ മണിക്കൂറിൽ 150 കിലോമീറ്റർ വേഗമോ അല്ലായിരുന്നു. മറിച്ച് വൈവിധ‍്യമായിരുന്നു. സ്വിങ്ങിലൂടെ ബാറ്റർമാരെ പ്രതിരോധത്തിലാക്കാൻ ഭുവന്വേശ്വർ കുമാറും സീം പൊസിഷനിലൂടെ മുഹമ്മദ് ഷമിയും തീപാറുന്ന ബൗൺസറുകളുമായി ഇഷാന്ത് ഷർമയും റിവേഴ്സ് സ്വിങ് എറിയാൻ ഉമേഷ് യാദവും യോർക്കറുക്കൾ എറിയാൻ ജസ്പ്രീത് ബുംറയും ഉണ്ടായിരുന്നു.

എന്നാൽ, ഈ വൈവിധ‍്യത്തെ പൂർണമായി തകർത്തുകൊണ്ട് പുതിയ തന്ത്രവുമായി ഇന്ത‍്യ നീങ്ങുന്നതായാണ് സമീപകാലത്തെ ടീം സെലക്ഷനിൽ നിന്നു മനസിലാകുന്നത്. 2027ലെ ഏകദിന ലോകകപ്പ് മുന്നിൽ കണ്ട് ശക്തമായ പേസ് ആക്രമണനിരയെ സജ്ജമാക്കാനാണ് ടീമിന്‍റെ മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീറും ചീഫ് സെലക്റ്റർ അജിത് അഗാർക്കറും ശ്രമിക്കുന്നത്.

ഹിറ്റ് ദി ഡെക്ക് തന്ത്രം

ഉയർന്ന റിലീസ് പോയിന്‍റുകളിൽ നിന്നു പന്തിനെ പിച്ചിൽ ശക്തമായി പതിപ്പിക്കുമ്പോൾ കിട്ടുന്ന എക്സ്ട്രാ ബൗൺസും പേസും കൊണ്ട് ബാറ്റർമാരെ പ്രതിരോധത്തിലാക്കുന്ന രീതിയെയാണ് ഹിറ്റ് ദി ഡെക്ക് ബൗളിങ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രതാപകാലത്തെ വെസ്റ്റിൻഡീസ് ബൗളർമാരിൽ പലരും ഈ ശ്രേണിയിൽപ്പെടുന്നവരായിരുന്നു. ആധുനിക കാലത്ത് മോണി മോർക്കലും മഖായ എൻടിനിയും ഇഷാന്ത് ശർമയും മികച്ച ഉദാഹരണങ്ങൾ.

അടുത്ത ഏകദിന ലോകകപ്പ് ദക്ഷിണാഫ്രിക്കയിലായതിനാൽ സ്വിങ് ബൗളിങ് കൊണ്ട് മാത്രം ബാറ്റർമാരെ പ്രതിരോധത്തിലാക്കാൻ സാധിക്കില്ല. അതിനാലാണ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് ഇന്ത‍്യ കടക്കുന്നതെന്നു വേണം കരുതാൻ. ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നീ രണ്ട് താരങ്ങൾക്ക് തുടർച്ചയായി ഇന്ത‍്യൻ ടീമിൽ അവസരം ലഭിക്കുമ്പോൾ, ഇത്തവണത്തെ ഐപിഎൽ സീസണിൽ 29 വിക്കറ്റുകൾ വീഴ്ത്തിയ ഭുവന്വേശ്വർ കുമാറിനെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന ചോദ‍്യം ഉയരുന്നത് സ്വാഭാവികമാണ്. എന്നാൽ, അതിന്‍റെ ഉത്തരം ചെന്നെത്തുന്നതും ഇതേ ഹിറ്റ് ദി ഡെക്ക് തന്ത്രത്തിലാണ്.

ഒരു ഘട്ടത്തിൽ ഇന്ത‍്യൻ ടീമിൽ പ്രധാനികളായിരുന്ന സ്വിങ് ബൗളർമാരെ നിലവിൽ ടീം മാനേജ്മെന്‍റ് പരിഗണിക്കുന്നില്ലെന്നു വേണം കരുതാൻ. ഇന്ത‍്യൻ ടീമിലെ ഹിറ്റ് ദി ഡെക്ക് ബൗളർമാരിൽ പ്രധാനികളാണ് ഹർഷിത് റാണയും പ്രസിദ്ധും. മാത്രവുമല്ല ഹർഷിത് റാണയ്ക്ക് ഹിറ്റ് ദി ഡെക്കിനൊപ്പം പന്ത് മികച്ച രീതിയിൽ അതിവേഗത്തിൽ സ്വിങ് ചെയ്യാനും സാധിക്കും. അതിനാലാണ് ഇരുവർക്കും തുടർ‌ച്ചയായി അവസരങ്ങൾ ലഭിക്കുന്നത്. അടുത്തിടെ ഇന്ത‍്യൻ ഏകദിന ടീമിൽ അരങ്ങേറ്റം കുറിച്ച ഗുർനൂർ ബ്രാർ ഇതിന് മികച്ചൊരു ഉദാഹരണമാണ്. 6 അടി 5 ഇഞ്ച് പൊക്കമുള്ളതിനാൽ ഹാർഡ് ലെങ്ത്തിൽ പന്തെറിയുമ്പോൾ എക്സ്ട്രാ ബൗൺസ് ലഭിക്കുന്നു. ഇത് ബാറ്റർമാരെ കുഴപ്പത്തിലാക്കുന്നത് കഴിഞ്ഞ പരമ്പരയിൽ നമ്മൾ കണ്ടു.

സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പരിഗണിച്ചപ്പോഴും മായങ്ക് യാദവിനെയും അശോക് ശർമയെയും ടീമിലെടുത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, ഇതേ ഹിറ്റ് ദി ഡെക്ക് തന്ത്രത്തിന്‍റെ പുറത്താണ് ഇരുവർക്കും സെലക്ഷൻ ലഭിച്ചതെന്നാണ് അനുമാനം. പരുക്കേൽക്കുന്നതിന് മുൻപ് വരെ മായങ്ക് യാദവിന് അസാധ‍്യ പേസുണ്ടായിരുന്നു. തുടർച്ചയായി പന്ത് ശക്തമായി ഷോർട്ട് ഓഫ് ഗുഡ് ലെങ്ത് ഏരിയയിൽ പതിപ്പിച്ച് വിക്കെറ്റെടുക്കാനും കഴിഞ്ഞിരുന്നു.

അശോക് ശർമയാകട്ടെ ഐപിഎല്ലിൽ പേസ് കൊണ്ട് ഞെട്ടിച്ച താരമാണ്. ഇന്ത‍്യയിലെ ഫ്ലാറ്റ് പിച്ചുകളെക്കാൾ കൂടുതൽ പേസിനെ പിന്തുണയ്ക്കുന്നത് വിദേശ പിച്ചുകളായതിനാൽ അവിടെ ഇവർക്ക് തിളങ്ങാൻ കഴിഞ്ഞേക്കും. നിലവിൽ മറ്റ് ഇന്ത‍്യൻ ബൗളർമാരിൽ പ്രിൻസ് യാദവ് ഏറെക്കുറെ അറ്റാക്കിങ് ബൗളറാണ്. ജസ്പ്രീത് ബുംറയാകട്ടെ ഇതെല്ലാം ഒത്തിണങ്ങിയ ഒരു കംപ്ലീറ്റ് ബൗളറും.

ഒരേ ശൈലികൊണ്ട് മാത്രം വിജയിക്കാനാകില്ല

എന്നാൽ ഈ ഹിറ്റ് ദി ഡെക്ക് ബൗളർമാരെ കൊണ്ട് മാത്രം മത്സരങ്ങൾ വിജയിക്കാൻ സാധിക്കില്ല. ഓസ്ട്രേലിയയക്ക് ബ്രെറ്റ് ലീ മാത്രമല്ല, ഗ്ലെൻ മഗ്രാത്തും ഉണ്ടായിരുന്നു. ഇംഗ്ലണ്ടിന് ഡാരൻ ഗഫിനൊപ്പം ആൻഡ്രൂ കാഡ്ഡിക്ക് ഉണ്ടായിരുന്നു. പാക്കിസ്ഥാന് ഹാരിസ് റൗഫിനൊപ്പം ഷഹീൻ അഫ്രീദിയുണ്ട്. വ്യത്യസ്തതയാണ് അവരുടെയൊക്കെ കരുത്ത്. ഇന്ത‍്യയും ലോക ക്രിക്കറ്റിനെ അടക്കിവാണിരുന്നത് ഈ കരുത്ത് കൊണ്ടു തന്നെയാണ്. ഇശാന്ത് ശർമക്കൊപ്പം സഹീർ ഖാനും, അതിനു മുൻപ് ജവഗൽ ശ്രീനാഥിനൊപ്പം വെങ്കടേഷ് പ്രസാദും ഉണ്ടായിരുന്നു.

അടുത്തിടെ അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരേ നടന്ന ടി20 പരമ്പര നോക്കിയാൽ മനസിലാകും ഹിറ്റ് ദി ഡെക്ക് ബൗളർമാർക്ക് അത്ര ഇംപാക്റ്റൊന്നും നേടാൻ കഴിഞ്ഞിട്ടില്ലെന്ന്. അയർലൻഡിനെതിരേ ഒരു മത്സരവും ഇംഗ്ലണ്ടിനെതിരേ 2 മത്സരങ്ങളും കളിച്ച പ്രസിദ്ധ് കൃഷ്ണയ്ക്ക് ആകെ ലഭിച്ചത് ഒരു വിക്കറ്റാണ്. ഹർഷിത് റാണയ്ക്ക് 5 മത്സരങ്ങളിൽ 7 വിക്കറ്റ്. ഹിറ്റ് ദി ഡെക്കിനു പുറമെ സ്വിങ്ങും സ്ഥിരതയുമാണ് ഹർഷിത് റാണയ്ക്ക് ഗുണമായത്. അതേസമയം, സ്വിങ് ബൗളർ അർഷ്ദീപ് സിങ് 6 മത്സരങ്ങളിൽ നിന്നും 8 വിക്കറ്റ് വീഴ്ത്തി.

ഗംഭീർ - അഗാർക്കർ സ്ട്രാറ്റജി

ഗൗതം ഗംഭീറും അജിത് അഗാർക്കറും പ്രധാനമായും അനലിസ്റ്റുകൾ നൽകുന്ന വിജയ തന്ത്രങ്ങളിലാണ് പ്രധാനമായും വിശ്വസിക്കുന്നത്. ടി20യിലും ഏകദിനത്തിലും പവർപ്ലേ പൂർത്തിയായ ശേഷവും ബാറ്റർമാർ ആക്രമണോത്സുകരായി തുടരാറുണ്ട്. ഈ സമയത്ത് പന്ത് സ്വിങ് ചെയ്യുന്നതിനു പകരം ബാറ്ററുടെ ശരീരം ലക്ഷ‍്യമാക്കി പന്തെറിഞ്ഞാൽ വിക്കറ്റുകൾ വീഴ്ത്താൻ സാധ‍ിക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്. ജോഫ്ര ആർച്ചർ അതിനൊരു ഉദാഹരണമാണ്.

പരുക്കിന്‍റെ ഭീഷണി

ഹിറ്റ് ദി ഡെക്ക് തന്ത്രത്തിലേക്ക് ഇന്ത‍്യ മാറുമ്പോൾ ബൗളർമാർക്ക് പരുക്കേൽക്കാനുള്ള സാധ‍്യത വളരെയധികം കൂടുതലാണ്. സ്വിങ് ബൗളർമാർ അവരുടെ റിസ്റ്റിനെയാണ് കൂടുതലും ആശ്രയിക്കുന്നതെങ്കിൽ ഹിറ്റ് ദി ഡെക്ക് ബൗളർമാർ മുതുകും കാൽമുട്ടും ഉൾപ്പെടെ ശരീരത്തിലെ കൂടുതൽ പേശികളെ അത്യധ്വാനം ചെയ്യിക്കുന്നുണ്ട്.

150 കിലോമീറ്റർ വേഗതയിൽ പന്ത് പിച്ചിലേക്ക് ആഞ്ഞടിക്കണമെങ്കിൽ‌ അവരുടെ മുൻകാല് മണ്ണിൽ ശക്തമായി ഉറയ്ക്കണം. ശരീരത്തിന്‍റെ എട്ടിരട്ടിയോളം ഭാരമായിരിക്കും അവരുടെ പുറംഭാഗത്തും കാൽമുട്ടുകളിലും പെട്ടെന്ന് വന്നു കയറുക. തുടർച്ചയായി ഈ ആഘാതം താങ്ങേണ്ടി വരുമ്പോൾ ബൗളർമാർക്ക് പല തരത്തിലുള്ള പരുക്കുകളുണ്ടാകാം. മായങ്ക് യാദവിനു സ്ഥിരമായി പരുക്കേൽക്കുന്നതിനു കാരണം ഇതാണ്.

ഈ തന്ത്രവുമായി മുന്നോട്ടു പോകുമ്പോൾ താരങ്ങളുടെ ജോലി ഭാരം നിയന്ത്രിക്കുക എന്നതാണ് ഗൗതം ഗംഭീറും അജിത് അഗാർക്കറും നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. ഹർഷിത് റാണയും മായങ്കും പ്രിസിദ്ധ് കൃഷ്ണയും ഒരേസമയം ഐപിഎല്ലും ആഭ‍്യന്തര ക്രിക്കറ്റും അന്താരാഷ്ട്ര ക്രിക്കറ്റും കളിച്ചാൽ 2027 ലോകകപ്പ് ആകുമ്പോഴേക്കും പന്തെറിയാൻ വേറേ ആളെ തേടേണ്ടി വന്നേക്കും!

logo
Metro Vaartha
www.metrovaartha.com