ഐപിഎല്ലിൽ സ്വിങ് കിങ്ങിന് നീലക്കുപ്പായത്തിൽ തിളക്കം മങ്ങി; ഭുവനേശ്വറിന് പിഴച്ചതെവിടെ?

അടുത്തിടെ ന‍്യൂസിലൻഡിനെതിരേ നടന്ന ടി20 പരമ്പരയിൽ 4 മത്സരങ്ങളിൽ നിന്ന് 180 റൺസ് വിട്ടുകൊടുത്ത് ഭുവി വീഴ്ത്തിയത് ഒരേയൊരു വിക്കറ്റാണ്
Bhuvneshwar kumar downfall analysis

ഭുവനേശ്വർ കുമാർ

Updated on: 

2026 ഐപിഎൽ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റ്. ഒരു ബൗളറെ സംബന്ധിച്ച് അസാമാന‍്യ നേട്ടങ്ങളിലൊന്ന്. തിളക്കമാർന്ന പ്രകടനത്തിന്‍റെ മികവിൽ ആ 36 വയസുകാരന് ഇന്ത‍്യയുടെ നീലക്കുപ്പായത്തിൽ കളിക്കാൻ വീണ്ടും അവസരം ലഭിക്കുന്നു. പക്ഷേ, ഐപിഎല്ലിലെ പ്രകടനം അന്താരാഷ്ട്ര തലത്തിൽ പുറത്തെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. 'സ്വിങ് കിങ്' എന്ന് ആരാധകർ വിശേഷണം നൽകിയ ഭുവനേശ്വർ കുമാറിന്‍റെ തിരിച്ചുവരവിന് മുന്നിൽ വലിയൊരു ചോദ‍്യമാണ് ഉയരുന്നത്.

അടുത്തിടെ ന‍്യൂസിലൻഡിനെതിരേ നടന്ന ടി20 പരമ്പരയിൽ 4 മത്സരങ്ങളിൽ നിന്ന് 180 റൺസ് വിട്ടുകൊടുത്ത് ഭുവി വീഴ്ത്തിയത് ഒരേയൊരു വിക്കറ്റാണ്. ഇതിനു പിന്നാലെ താരത്തിനെതിരേ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. ഇന്ത‍്യൻ സെലക്ഷൻ കമ്മിറ്റിക്ക് പറ്റിയ തെറ്റാണ് ഭുവനേശ്വറിനെ ടീമിൽ ഉൾപ്പെടുത്തിയതെന്നായിരുന്നു മുൻ താരം ഇർഫാൻ പഠാന്‍റെ പ്രതികരണം. സത‍്യത്തിൽ എന്താണ് ഭുവിക്ക് സംഭവിച്ചത്. ഇത്ര രൂക്ഷമായ വിമർശനം അദ്ദേഹം അർഹിക്കുന്നുണ്ടോ?

ലെങ്ത്തിലുള്ള നിയന്ത്രണമായിരുന്നു 2026 ഐപിഎൽ സീസണിൽ ഭുവനേശ്വറിന്‍റെ കരുത്ത്. പന്തിനെ ഇരുവശങ്ങളിലേക്ക് തിരിക്കാനും പവർപ്ലേയിൽ സ്ഥിരതയോടെ ഗുഡ്‌ ലെങ്തിൽ പന്തെറിയാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആദ‍്യ 6 ഓവറുകളിൽ 52.94 ശതമാനം ഡെലിവറികളും ഭുവി എറിഞ്ഞിരുന്നത് ഗുഡ് ലെങ്തിലാണ്. എന്നാൽ, ന‍്യൂസിലൻഡ് പരമ്പരയിലെത്തിയപ്പോൾ സ്ഥിതി മാറി.

ഗുഡ് ലെങ്തിനു പകരം ബാക്ക് ഓഫ് ലെങ്ത് ഡെലിവറികളെയാണ് താരം കൂടുതൽ ആശ്രയിച്ചത്. ഭുവി പവർപ്ലേയിലെറിഞ്ഞ 54.35 ശതമാനം പന്തുകളും ബാക്ക് ഓഫ് ലെങ്ത്ത് ആയിരുന്നു. ക്രൈസ്റ്റ് ചർച്ചിൽ നടന്ന രണ്ടാം ടി20 മത്സരത്തിലാണ് പരമ്പരയിൽ ആദ‍്യ വിക്കറ്റ് ലഭിക്കുന്നത്. ന‍്യൂസിലൻഡ് ബാറ്റർ ഡാരിൽ മിച്ചലിനെ പുറത്താക്കിയത് ഒരു സ്ലോവർ ബോളിലൂടെ. ഇതിനു പിന്നാലെ ഫിൻ അലന് നേരെ ഷോർട്ട് ബോൾ പ്രയോഗിച്ചപ്പോൾ സ്കൂപ്പ് ഷോട്ട് കളിച്ചാണ് താരം മറുപടി നൽകിയത്. ഗ്ലെൻ ഫിലിപ്പ്സിനെതിരേ ബൗൺസർ പ്രയോഗിച്ചെങ്കിലും ബൗണ്ടറിയിൽ കലാശിച്ചു. ഇതോടെ തുടക്കത്തിൽ ആദ‍്യ രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇന്ത‍്യയുടെ മുൻതൂക്കം ഭുവി കാരണം ഇല്ലാതായി.

ഗുജറാത്ത് ടൈറ്റൻസിനെതിരേ ഐപിഎല്ലിൽ നടന്ന മത്സരവുമായി ഈ സ്പെല്ലിനെ താരതമ‍്യം ചെയ്യാനാവും. അന്ന് ശുഭ്മൻ ഗിൽ ഭുവിക്കെതിരേ ഒരു ബൗണ്ടറിയും ഒരു സിക്സും പറത്തികൊണ്ടാണ് തുടക്കമിട്ടത്. തൊട്ടടുത്ത പന്തിൽ ഗുഡ്‌ലെങ്ത് പന്തുവച്ച് ബാറ്ററെ പ്രതിരോധത്തിലാക്കാൻ ഭുവിക്കു കഴിഞ്ഞിരുന്നു. തന്‍റെ അടുത്ത ഓവറിൽ സായ് സുദർശൻ ബൗണ്ടറി അടിച്ച് തുടങ്ങിയെങ്കിലും അതേ ഓവറിൽ സായ് സുദർശനെ പുറത്താക്കികൊണ്ടായിരുന്നു ഭുവി മറുപടി നൽകിയത്. ഇന്ത‍്യയിലെ ഫ്ലാറ്റ് പിച്ചുകളെ അപേക്ഷിച്ച് പേസർമാരെ തുണയ്ക്കുന്ന പിച്ചുകളിൽ സ്ഥിരതയോടെ ഗുഡ് ലെങ്തിൽ പന്തെറിയാൻ സാധിക്കാതിരുന്നതാണ് ഭുവിയ്ക്ക് തിരിച്ചടിയായത്.

ന‍്യൂബോളിൽ പന്തിന് മൂവ്മെന്‍റ് ലഭിക്കുന്നതിനാൽ ന‍്യൂസിലൻഡ് ബാറ്റർമാരെ പ്രതിരോധത്തിലാക്കാൻ വേണ്ടി ഭുവി ഷോർട്ട് ബോളുകൾക്ക് ശ്രമിച്ചിരുന്നു. എന്നാൽ, ഇതേ ലെങ്തിൽ മറ്റ് ഇന്ത‍്യൻ ബൗളർമാർ പവർപ്ലേയിൽ 40 ശതമാനത്തോളം പന്തെറിഞ്ഞെങ്കിലും 2.14 മാത്രമായിരുന്നു അവരുടെ ബൗളിങ് എക്കണോമി. വെല്ലിങ്ടണിൽ സ്‌ക്വയർ ബൗണ്ടറികൾ ചെറുതായിരുന്നതിനാൽ പന്ത് ഷോർട്ട് ലെങ്തിൽ എറിയുമ്പോൾ റൺസ് നിയന്ത്രിക്കുന്നത് കൂടുതൽ പ്രയാസമായിരുന്നു.

ഒരോവറിൽ 13 റൺ‌സ് വീതം താരം വിട്ടുകൊടുത്തു. എന്നാൽ, ഗുഡ് ലെങ്ത്തിലേക്ക് തിരിച്ചെത്തിയപ്പോഴെല്ലാം അദ്ദേഹത്തിന്‍റെ എക്കണോമി ഭേദമായിരുന്നുവെന്നാണ് സ്റ്റാറ്റ്സ് പരിശോധിക്കുമ്പോൾ മനസിലാകുന്നത്.

അതേസമയം, 140+ കിലോമീറ്ററിൽ പന്തെറിയുന്ന ഒരുപാട് ബൗളർമാരുള്ള ടി20 ക്രിക്കറ്റിൽ 130 കിലോമീറ്റർ പേസുമായി പിടിച്ചുനിൽക്കുകയെന്നത് അത്ര എളുപ്പമല്ല. ന‍്യൂബോളിലും അല്ലാതെയും ന‍്യൂസിലൻഡ് പരമ്പരയിൽ ഭുവനേശ്വറിന്‍റെ പേസ് കുറഞ്ഞു. പവർപ്ലേയിൽ ഈ പരമ്പരയിൽ 128.11 കിലോമീറ്ററാണ് അദ്ദേഹത്തിന്‍റെ ശരാശരി ബൗളിങ് സ്പീഡ്. 2026 ഐപിഎൽ സീസണിൽ ഇത് 133.12 ആയിരുന്നു.

കൂടാതെ പതിവിന് വിപരീതമായി മൂന്ന് നോബോളുകളും അദ്ദേഹം എറിഞ്ഞിരുന്നു. ഇന്ത‍്യൻ ടീമിലെത്തുന്നതിനു മുൻപ് അദ്ദേഹം ഒരുമാസത്തോളം പരിശീലനം നടത്തിയിരുന്നുവെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരുമ്പോൾ കാര്യങ്ങൾ തീർത്തും വ്യത‍്യസ്തമാണെന്നും അവിടെ ചെറിയ പിഴവുകൾ പോലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നും മത്സരക്രമം കാരണം വേണ്ടത്ര പരിശീലനം ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന് തയാറെടുക്കേണ്ടി വന്നതെന്നും മുഖ‍്യ പരിശീലകൻ മോർണി മോർക്കൽ പറഞ്ഞിരുന്നു.

ഒരുപക്ഷേ ഇതൊരു കാരണമായിരുന്നിരിക്കാം. ഇനി ഭുവിക്ക് അവസരം കിട്ടില്ലെന്നും അന്താരാഷ്ട്ര കരിയർ അവസാനിച്ചെന്നുമൊക്കെയാണ് സോഷ‍്യൽ മീഡിയയുടെ തീർപ്പ്. എന്നാൽ 37ാം വയസിൽ ഇന്ത‍്യൻ ടീമിലേക്ക് വലിയൊരു തിരിച്ചുവരവ് നടത്തിയ ആശിഷ് നെഹ്റയെ പോലെയുള്ള താരങ്ങളുടെ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. പഴയ പ്രതാപം വീണ്ടെടുത്ത് ഭുവി തിരിച്ചുവരുമെന്ന് ഒരിക്കൽക്കൂടി പ്രതീക്ഷിക്കാം.