ഐഐടി കാൺപുരിൽ നിന്നും ബിരുദം, ജോലി തേടി ജപ്പാനിലെത്തി; ഒടുവിൽ ക്രിക്കറ്റ് താരമായി, ബിഹാർ സ്വദേശി ശ്രദ്ധ നേടുന്നു

28കാരനും ബിഹാറിലെ റോഹ്താസ് സ്വദേശിയാണ് അഭിഷേക് ആനന്ദ്
Graduated from IIT Kanpur, went to Japan in search of a job, and eventually became a cricketer—who is Abhishek Anand?

അഭിഷേക് ആനന്ദ്

Updated on

സെപ്റ്റംബർ 22നാണ് ഇന്ത‍്യയും ജപ്പാനും തമ്മിലുള്ള ഏക ടി20 മത്സരം ആരംഭിക്കാനിരിക്കുന്നത്. ലോകോത്തര ടീമായ ഇന്ത‍്യയുമായി ഏറ്റുമുട്ടുന്നതിന്‍റെ ആവേശത്തിലാണ് ജപ്പാൻ. ഇന്ത‍്യയ്ക്കെതിരേ കളിക്കുന്ന ഏക ടി20 ടീമിൽ ഇടംപിടിച്ചിട്ടില്ലെങ്കിലും ജപ്പാൻ ദേശീയ ടീമിലൊരു ഇന്ത‍്യൻ താരമുണ്ട്. 28കാരനും ബിഹാറിലെ റോഹ്താസ് സ്വദേശിയുമായ അഭിഷേക് ആനന്ദാണ് ഈ പറഞ്ഞ കക്ഷി.

ഐഐടി കാൺപുരിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടിയ ശേഷമാണ് അഭിഷേക് ജോലി തേടി ജപ്പാനിലെത്തിയത്. തന്‍റെ കരിയറിനൊപ്പം ക്രിക്കറ്റും അഭിഷേക് മുന്നോട്ട് കൊണ്ടുപോയിരുന്നു. ഇതിന്‍റെ ഫലമായി ജപ്പാൻ ദേശീയ ടീമിൽ അവസരം ലഭിച്ചു. ജപ്പാനിലെ ക്ലബ്ബ് ക്രിക്കറ്റിലൂടെയാണ് അഭിഷേക് തുടക്കം കുറിച്ചത്. മികച്ച പ്രകടനം പുറത്തെടുത്തതോടെ ദേശീയ ടീമിലേക്ക് വിളിയെത്തി.

2025 മേയ് 9ന് കുക്ക് ഐലൻഡിനെതിരേയായിരുന്നു അഭിഷേകിന്‍റെ അരങ്ങേറ്റം. ശേഷം 18 ടി20 മത്സരങ്ങൾ കളിച്ച താരം 275 റൺസ് അടിച്ചെടുത്തിട്ടുണ്ട്. 55 റൺസാണ് താരത്തിന്‍റെ ഉയർന്ന വ‍്യക്തിഗത സ്കോർ. ഒരു വിക്കറ്റും താരത്തിന്‍റെ പേരിലുണ്ട്.

ടി20 മത്സരത്തിനായി ഇന്ത‍്യൻ താരങ്ങൾ ജപ്പാനിലെത്തുമ്പോൾ ബിഹാർ സ്വദേശികളായ ഇഷാൻ കിഷൻ, വൈഭവ് സൂര‍്യവംശി എന്നിവരെ കാണണമെന്ന ആഗ്രഹവും താരം പ്രകടിപ്പിച്ചിട്ടുണ്ട്. വൈഭവാണ് നിലവിലെ തന്‍റെ ഇഷ്ടതാരമെന്നും അഭിഷേക് മാധ‍്യമങ്ങളോട് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com