

ബ്ലസിങ് മുസറബാനി
ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഒഴിവാക്കി ഐപിഎൽ കളിക്കാൻ തീരുമാനിച്ച സിംബാബ്‌വെൻ താരം ബ്ലസിങ് മുസറബാനിക്കെതിരേ നിയമനടപടിക്കൊരുങ്ങി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. (പിസിബി)
പിഎസ്എല്ലിൽ ഇസ്‌ലാമാബാദ് യുനൈറ്റഡിനു വേണ്ടി കളിക്കാനാണ് താരം കരാർ ഒപ്പുവച്ചിരുന്നത്. എന്നാൽ ഇതേ സമയത്ത് ഐപിഎൽ ടീമായ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് സമീപിച്ചതോടെ മുസറബാനി തന്‍റെ തീരുമാനം മാറ്റുകയായിരുന്നു.
വെസ്റ്റ് ഇൻഡീസ് താരം ഷമാർ ജോസഫിന് പകരക്കാരനായിട്ടായിരുന്നു പിഎസ്എല്ലിൽ മുസറബാനിയെ ടീമിലെടുത്തത്. അതേസമയം, ഐപിഎല്ലിൽ മുസ്താഫിസുർ റഹ്മാന് പകരമായിട്ടാണ് കോൽക്കത്ത മുസറബാനിയെ സമീപിച്ചത്. ഇത് ആദ‍്യമായിട്ടല്ല പിഎസ്എൽ ഒഴിവാക്കി താരങ്ങൾ ഐപിഎല്ലിൽ കളിക്കുന്നത്.
കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കൻ താരം കോർബിൻ ബോഷ് പിഎസ്എൽ ഒഴിവാക്കി ഐപിഎല്ലിൽ മുംബൈ ഇന്ത‍്യൻസിന് വേണ്ടി കളിച്ചിരുന്നു. പ്രധാനപ്പെട്ട ലീഗുകളിൽ ശ്രദ്ധിക്കപ്പെടാതെ പോയ താരമാണ് മുസറബാനി. 2026 ടി20 ലോകകപ്പിൽ 13 വിക്കറ്റുകൾ പിഴുത് മിന്നും ഫോമിലാണ്. കരുത്തരായ ഓസ്ട്രേലിയയെ ഇത്തവണത്തെ ലോകകപ്പിൽ സിംബാബ്‌വെ പരാജയപ്പെടുത്തിയിരുന്നു. അതിൽ നിർണായക പ്രകടനം കാഴ്ചവച്ചത് മുസറബാനിയാണെന്നതാണ് ശ്രദ്ധേയം.