
ബോബ് സിംപ്സൺ
മെൽബൺ: മുൻ ഓസ്ട്രേലിയൻ ക‍്യാപ്റ്റനും പരിശീലകനുമായിരുന്ന ബോബ് സിംപ്സൺ അന്തരിച്ചു. 89 വയസായിരുന്നു. ഓപ്പണിങ് ബാറ്ററായിരുന്ന സിംപ്സൺ ഓസ്ട്രേലിയക്കു വേണ്ടി 62 ടെസ്റ്റ് മത്സരങ്ങളും 2 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
10 സെഞ്ചുറികളും 27 അർധസെഞ്ചുറികളുമടക്കം 4,869 റൺസും 71 വിക്കറ്റുകളും അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നേടിയിട്ടുണ്ട്. 311 റൺസാണ് സിംപ്സന്‍റെ ടെസ്റ്റിലെ ഉയർന്ന വ‍്യക്തിഗത സ്കോർ. 1957ൽ ഓസീസിനു വേണ്ടി അരങ്ങേറ്റം കുറിച്ച സിംപ്സൺ 1978ൽ ക്രിക്കറ്റ് കരിയർ മതിയാക്കി.
1986 മുതൽ 1996 വരെയുള്ള കാലയളവിൽ അദ്ദേഹം ഓസ്ട്രേലിയൻ ടീമിനെ പരിശീലിപ്പിച്ചു. സിംപ്സൺ പരിശീലകനായിരുന്ന സമയത്തായിരുന്നു ഓസ്ട്രേലിയ പ്രതാപകാലത്തിലേക്ക് മടങ്ങിയത്. 1989ലെ ആഷസ് പരമ്പര വിജയം, 1995ലെ വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പര വിജയം എന്നിവ പരിശീലകനെന്ന നിലയിൽ സിംപ്സന്‍റെ സുപ്രധാന നേട്ടങ്ങളാണ്.